Image

എഞ്ചല... മൈ എഞ്ചല (നോവല്‍-1: നീന പനയ്ക്കല്‍)

Published on 13 March, 2019
 എഞ്ചല... മൈ എഞ്ചല (നോവല്‍-1: നീന പനയ്ക്കല്‍)
ഹായ് മൈ ഫ്രെണ്ഡ്‌സ്,ഐ ആം ലീസാ.ലീസാബെല്‍. ഞാന്‍ എന്റെ ലാസ്റ്റ് നെയിമോ, മിഡില്‍ ഇന്‍ഷ്യലോ ഇവിടെ മെന്‍ഷന്‍ ചെയ്യുന്നില്ല. ഓഫീസ് കാര്യങ്ങള്‍ക്കു മാത്രമേ അവ ഉപയോഗിക്കാറുള്ളു..അതും നിയമം അനുശാസിക്കുന്നതു കൊണ്‍ടുമാത്രം. ഡാഡിയുടെയോ, ഭര്‍ത്താവിന്റെയോ പേരു ചേര്‍ത്ത് ആരും എന്നെ വിളിക്കരുത് എന്നെനിക്ക് നിര്‍ബന്ധമുണ്ട്. ഞാന്‍ ഞാനാണ്. ഞാന്‍ മാത്രം.
ഇന്നു ഞാന്‍ എന്റെ ഏഞ്ചലയുടെ കഥ പറയാന്‍ ആഗ്രഹിക്കുകയാണ്. എന്റെ മറ്റു കുടുംബാംഗങ്ങളും കൂട്ടത്തില്‍ വരും. പ്ലീസ് ബി പേഷ്യന്റ് വിത്ത് മി. ക്ഷമിക്കണം കേട്ടോ
സാഹചര്യങ്ങളാണ് മനുഷ്യനെ നല്ലവനോതീയവനോ ആക്കുന്നത് എന്നാണെന്റെ വിശ്വാസം. നിങ്ങള്‍ക്കും ഇതേ അഭിപ്രായം തന്നെയല്ലേ? എന്റെ കഥ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ചിലപ്പോള്‍ ചിന്തിച്ചേക്കാം ഞാനൊരുകഠിന ഹൃദയആണെന്ന്.
അതില്‍ യാതൊരു തെറ്റുമില്ല. കാരണംഞാനൊരു ഹാര്‍ഷ് വുമണ്‍ തന്നെയാണ്. മന:പൂര്‍വ്വമല്ല.അങ്ങനെ
ആയതാണ്, സാഹചര്യം എന്നെ ആക്കിയതാണ്
കുട്ടിക്കാലത്ത്എന്റെ സാഹചര്യം സുന്ദര സുരഭിലമൊന്നുമായിരുന്നില്ല.ചിലര്‍ പറയുന്നതു പോലെ, റോസാപ്പൂമെത്ത ആയിരുന്നില്ലെന്നു സാരം.
കുട്ടിയായിരുന്നപ്പോള്‍ഡാഡിയോടും, മമ്മിയോടുംമാത്രമല്ല , സമൂഹത്തോട് മുഴുവനുംവൈരമായിരുന്നു , വെറുപ്പായിരുന്നു എനിക്ക്.
യുവതിയായപ്പോള്‍ ദുരിതം എന്റെ ജീവിതത്തില്‍ ക്ഷണിക്കപ്പെട്ട അതിഥിയായി. ശരിക്കും പറഞ്ഞാല്‍ ഞാന്‍ ക്ഷണിച്ചു വരുത്തിയ അതിഥി.
പരീക്ഷണങ്ങളുടെയും നിലനില്പ്പിനു വേണ്‍ടിയുള്ള യുദ്ധത്തിന്റെയും ഒരു പോരാട്ടവുംതേരോട്ടവുമായിരുന്നു എന്റെ ജീവിതം.
എന്റെ ഭര്‍ത്താവ് ഗ്രെഗ്ഗ് നല്ലവനല്ല എന്നു ഞാന്‍ പറയില്ല. ഞാന്‍ കണ്‍ടിട്ടുള്ളവരില്‍വച്ച് അടുത്തറിഞ്ഞവരില്‍ വച്ച് ഏറ്റവും നല്ലവനാണവന്‍. എന്നോട് കരുണയുള്ളവന്‍, ജീവനുള്ള ഒന്നിനെയുംദ്രോഹിക്കാത്തവന്‍, ദയാലു.
ഞങ്ങളുടെ വീടിന്റെ യാര്‍ഡില്‍ വളരുന്ന ആപ്പിളിന്റെയും, പെയറിന്റെയും ചെറിയുടെയും ഫലങ്ങള്‍ കട്ടുതിന്നാന്‍ വരുന്ന മരപ്പട്ടികളെയും, അണ്ണാന്മാരെയും ഒക്കെ അവന്‍ വലയിലാക്കിയും ട്രാപ്പിലാക്കിയും പിടിക്കാറുണ്ട്. പക്ഷെ ഉപദ്രവിക്കില്ല.അവയെ ഞങ്ങളൂടെ വീടിന്റെ നാലഞ്ചു മൈലകലെയുള്ള കാട്ടില്‍ കൊണ്‍ ടുപോയി തുറന്നു വിടുകയൊ, വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍കൊണ്‍ടുപോയി ആക്കുകയോ ചെയ്യും. അതാണവന്റെ സ്വഭാവം.
എന്റെ ഏഞ്ചലയെ അവന്‍ ഒരിക്കലും നോവിച്ചിട്ടില്ല. ആരെയും അവന്‍ നോവിക്കില്ല, ദ്രോഹിക്കില്ല. എങ്കിലും ഞങ്ങളുടെ ജീവിതത്തിലുണ്‍ടായ തിക്താനുഭവങ്ങള്‍ക്ക് കാരണക്കാരന്‍ അവന്‍ തന്നെയായിരുന്നു.കാരണം ഹെല്പിംഗ്മെന്റാലിറ്റിയാവാം, മനുഷ്യരോട് നന്നായി പെരുമാറാനുള്ള കഴിവാകാം.
ഒരു ത്രീ ബെഡ് റൂം കോണ്‍ടോ യില്‍ താമസിച്ചിരുന്ന ഞങ്ങള്‍ക്ക് സ്വന്തമായി ഒരുനല്ലസിങ്കിള്‍ഹൗസ് വാങ്ങണമെന്ന് ആഗ്രഹമുണ്‍ടായിട്ട് വര്‍ഷങ്ങളായി.ഒന്നിനു പിറകെ മറ്റൊന്നായി പ്രതിബന്ധങ്ങള്‍ ഞങ്ങളുടെ മുന്നില്‍ ക്യൂ നിന്നു, മക്കളുടെ രൂപത്തില്‍.
''മാം പ്ലീസ്, എന്റെ വീടിനു ഡൗണ്‍ പേമെന്റിടാന്‍ ഒരു ഇരുപതിനായിരം ഡോളര്‍ തന്നു സഹായിക്കുമോ?'''ലിലിയന്‍.
''എന്റെ ജോലി പോയി മാം. തൊഴിലില്ലായ്മ വേതനം കൊണ്ട് ഒന്നും ഭംഗിയായി നടക്കുന്നില്ല. കുട്ടികള്‍ മൂന്നുപേരാണ്.എനിക്കൊരു നല്ല ജോലി കിട്ടുന്നതു വരെ എന്നെ സഹായിക്കു മാം. ഞങ്ങളും കൂടി അവിടെ വന്നു താമസിച്ചോട്ടെ?'' ലോറന്‍.
അഞ്ചു പേരെ കൂടിഈത്രീ ബെഡ് റൂം കോണ്‍ടോയില്‍ താമസിപ്പിക്കാനോ?സാധ്യമല്ല. അവള്‍ക്ക് ഒരു നല്ല ജോലി കിട്ടുന്നതു വരെ ധനസഹായം ചെയ്ത് സഹായിക്കയേ നിവര്‍ത്തിയുണ്‍ടായിരുന്നുള്ളു.
''മാം പോക്കറ്റ് മണി തീര്‍ന്നു. ഹെയര്‍ ഡ്രെസ്സറുടെ അടുത്തു പോകണം, ലങ്കാസ്റ്ററില്‍ സൈറ്റ് ആന്‍ഡ് സൗ ണ്ട് ഷോ കാണാന്‍ എല്ലാവരും പോകുന്നു. എനിക്കും പോകണം.''ഏഞ്ചല. എന്റെ മക്കളില്‍ മൂത്തവള്‍
ഡോളറിന്റെ മിത വ്യയം എന്റെ പെണ്മക്കള്‍ക്കറിയില്ല. ഇല്ലായ്മയിലും ആര്‍ഭാടത്തോടാണവര്‍ക്ക് പ്രതിപ
ത്തി. മക്കള്‍ ചോദിച്ചാല്‍ എനിക്ക് കൊടുക്കാതിരിക്കാനാവില്ല. കുട്ടിക്കാലത്ത്പലതും ഞാന്‍ ആഗ്രഹിച്ചിട്ടുണ്‍ ട്.
ലഭിക്കാതിരുന്നപ്പോള്‍ നിക്ഷേധിക്കപ്പെട്ടപ്പോള്‍ഉള്ളില്‍ പതച്ചുയര്‍ന്നിരുന്ന വെറുപ്പും പകയുമൊക്കെഇന്നും എന്നിലുറഞ്ഞു കിടക്കുന്നുമുണ്ട്.
അങ്ങനെ ആഗ്രഹിച്ച് ആഗ്രഹിച്ച്, വളരെവര്‍ഷങ്ങള്‍ക്കു ശേഷം എനിക്ക് അന്‍പതിലധികം വയസുള്ളപ്പോള്‍ ,വലിയ പലിശനിരക്കില്‍ ബാങ്കില്‍ നിന്ന് പണം കടമെടുത്ത് ഞങ്ങള്‍ മനോഹരമായ ഒരു സിങ്കിള്‍ ഹൗസ് വാങ്ങി. ഒറ്റനില വീട്. ഗ്രെഗ്ഗിനു വലിയ സന്തോഷമായി.മുകളിലേക്കും താഴേക്കും പടികള്‍ കയറുകയും ഇറങ്ങുകയും വേണ്‍ട എന്ന സന്തോഷം.
പുതിയ വീടിന്റെ ലിവിങ്ങ് റൂമില്‍ ഭംഗിയുള്ള പെയിന്റിങ്ങുകള്‍ വാങ്ങി തൂക്കിയത് ഗ്രെഗ്ഗ് ആണ്.''സ്റ്റാര്‍വിങ്ങ് ആര്‍ട്ടിസ്റ്റ്'' കളുടെചിത്രപ്രദര്‍ശനം കണ്‍ വെന്‍ഷന്‍ സെന്ററില്‍ വരുമ്പോഴെല്ലാം ഗ്രെഗ്ഗ് അവന്റെ കൂട്ടുകാരുമായി ചേര്‍ന്ന് കാണാന്‍ പോകും. കുറഞ്ഞ വില കൊടുത്ത് മനോഹരമായ ഒറിജിനലുകള്‍ വാങ്ങിക്കൊണ്‍ ടുവന്ന് ചുവരില്‍ പ്രതിഷ്ഠിക്കും. ഒപ്പം ലോക പ്രസിദ്ധരായ ആര്‍ട്ടിസ്റ്റുകളുടെ വിലപിടിച്ച പെയിന്റിങ്ങ് കളുടെപ്രതികളും.
സോഫാ കുഷനുകളും കിടക്കമുറിയിലെ തലയിണകളും മേശ വിരികളും ഞാന്‍ എംബ്രോയിഡറി ചെയ്ത് മനോഹരമാക്കി.
ഇണക്കുരുവികളുംചിത്രശലഭങ്ങളും, മാന്‍പേടകളുംഞങ്ങളുടെ ലിവിങ്ങ് റൂമിലും കിടക്കമുറിയിലും പാറിനടന്നു. വീടിനത് വല്ലാത്തൊരു പ്രൗഡി നല്കി. അതായിരുന്നു ഗ്രെഗ്ഗിന്റെ ആഗ്രഹവും .
പുതിയ വീട് വാങ്ങിയിട്ട് ഇന്നുവരെ ഒരു പാര്‍ട്ടി ഈ വീട്ടില്‍ വച്ച് നടത്താന്‍ഗ്രെഗ്ഗ് താല്പ്പര്യം കാട്ടിയിട്ടില്ല. വീടിന്റെ കടം തീര്‍ന്നിട്ടു മതി പാര്‍ട്ടിയും ആഘോഷങ്ങളും എന്ന്തീര്‍ത്തു പറഞ്ഞപ്പോള്‍ അവനോട് വഴക്കിടാന്‍എനിക്കും തോന്നിയില്ല.കിട്ടുന്ന ശമ്പളത്തിന്റെ വലിയൊരു ഭാഗം ഹൗസ് ലോണ്‍ അടയ്ക്കണം. പിന്നെ ഏഞ്ചലയുടെ ആവശ്യങ്ങള്‍.അവളോടു ''നോ'' പറയാനാവില്ല.
ഈ വര്‍ഷത്തെ താങ്ക്‌സ്ഗിവിങ്ങ് നമ്മുടെ വീട്ടിലാവട്ടെ എന്നു ഗ്രെഗ്ഗ് അഭിപ്രായപ്പെട്ടപ്പോള്‍ അതിശയം തോന്നി എങ്കിലും , അങ്ങനെയാവട്ടെ എന്നു ഞാനും പുഞ്ചിരിച്ചു. മക്കളെ മാത്രമെ ക്ഷണിച്ചുള്ളു. കൂട്ടുകാരെ ആരെയും ക്ഷണിച്ചില്ല, മന:പൂര്‍വ്വം.
ചുവരില്‍ തൂക്കിയിരിക്കുന്ന പെയിന്റിങ്ങുകള്‍ അസൂയയോടെ നോക്കുക മാത്രമല്ല , ഇതൊക്കെ 'ഫേക്ക് ' അല്ലേ എന്നു ചോദിച്ചു പരിഹസിക്കാന്‍ ശ്രമിക്കയും ചെയ്യുന്നവരെഗ്രെഗ്ഗിനു ഇഷ്ടമല്ല... കുഷനുകളിലെ എംബ്രോയ്ഡറിഞാന്‍ തന്നെ ചെയ്തതാണെന്നു പറയുമ്പോള്‍ നെറ്റി ചുളിക്കുന്ന ചിലരുണ്‍ട്. അങ്ങനെയെങ്കില്‍ എന്റെ കുഷന്‍ കവറില്‍ എംബ്രോയ്ഡറിചെയ്തു തന്ന് എന്നെ വിശ്വസിപ്പിക്ക് എന്ന ഭാവത്തില്‍ സംസാരിക്കുന്നവര്‍.
എനിക്ക് വെറുപ്പാണവരെ.
 വളരെ സന്തോഷവതിയായിരുന്നു എന്റെ എഞ്ചല. അവളുടെ സന്തോഷം എന്നിലും ആഹ്ലാദം പകറ്ന്നു.
ഇന്ന് താങ്ക്‌സ്ഗിവിങ്ങ് ഡേ ആണ്.
ഒരു വലിയ ടര്‍ക്കിയെ മുഴുവനായി റോസ്റ്റ് ചെയ്തതും അതിന്റെ സൈഡ് ഡിഷുകളും കൊണ്‍ട് ഞങ്ങളുടെ ഊണുമേശ നിറഞ്ഞു കവിഞ്ഞിട്ടുണ്‍ട്.
ഓഫീസിലേക്ക് പോകുമ്പോഴും വരുമ്പോഴും ബസ്സിലും ട്രെയിനിലുമിരുന്നും, ലഞ്ച് ബ്രേക്കിലും ഞാന്‍ എംബ്രോയ്ഡറി ചെയ്ത് മനോഹരമാക്കിയ തൂവെള്ള മേശവിരിയെ വിടര്‍ന്ന ചെറിയ വട്ടക്കണ്ണുകള്‍ കൊണ്‍ ട് നോക്കുകയും നീളമില്ലാത്ത വിരലുകള്‍ കൊണ്‍ ട് തലോടുകയും ചെയ്യുന്ന ഏഞ്ചലയെ ഞാന്‍ നിര്‍ന്നിമേഷം നോക്കി.
നരകയറിത്തുടങ്ങിയ അവളൂടെ തലമുടിയെ ഹെയര്‍ കളറിനു നൂറു ശതമാനം ഒളിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കണ്ണിനു ചുറ്റും കണ്‍ടിരുന്ന ചുളിവുകള്‍ കഴുത്തിലേക്ക് പടര്‍ന്നിരിക്കുന്നതു ഫെയിഷ്യലിനും. അവള്‍ തലയുയര്‍ത്തി എന്റെ നേര്‍ക്ക് നോക്കി. '' മാം, എനിക്കും എംബ്രോയ്ഡറി ചെയ്യാന്‍ പഠിക്കണം.''
'അതിനെന്താ ഏഞ്ചലാ, ഞാന്‍ പഠിപ്പിച്ചു തരാമല്ലൊ.' ഞാനവളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞു. 'നിനക്ക് താല്പ്പര്യമുണ്‍ടെന്ന് ഞാനറിഞ്ഞില്ല. എന്തേ നീയെന്നോടിതുവരെ പറഞ്ഞില്ല?'
എനിക്കറിയാം ഏഞ്ചല വെറുതേ പറയുന്നതാണെന്ന്. അവള്‍ക്ക് സൂചി കാണുന്നതു പോലും പേടിയാണ്. സൂചിയുടെ ചാരത്തു കൂടി നടന്നാല്‍ മാത്രം മതി അവളുടെ വിരലുകളിലേക്കത് തറച്ചു കയറാന്‍.
''ഞാന്‍ സൂചിയില്‍ തൊട്ടതേയില്ല മാം. സത്യം.'' അവള്‍ അങ്ങനെ നൂറു സത്യം ചെയ്യും. '' എങ്ങനെ അതെന്റെ വിരലില്‍ തറച്ചു കയറി എന്ന് എനിക്ക് ഒരു രൂപവുമില്ല.''
'നിന്റെ കൈ മാഗ്‌നെറ്റ് ആണ് ഏഞ്ചലാ. ' ഞാനവളെ കളിയാക്കും. ' അതാണ് എന്റെ സ്യൂയിങ്ങ് ബാസ്ക്കറ്റിലിരുന്ന സൂചി നീ അടുത്തു കൂടി പോയപ്പോള്‍ വിരലിലേക്ക് ചാടിക്കയറിയത്. വിരലില്‍ കുത്തിക്കയറിയത്.'
അപ്പോഴത്തെ അവളുടെ കള്ളച്ചിരിക്ക് ഒരു പ്രത്യേകതയുണ്‍ട്. അത് എന്നിലേക്കും പടര്‍ത്താനുള്ള കഴിവ്. അവള്‍ സത്യമല്ല പറഞ്ഞതെന്ന് ഞാന്‍ മനസ്സിലാക്കിക്കളഞ്ഞല്ലൊ എന്ന അര്‍ത്ഥമാണാ ചിരിക്ക്.
''ഞാന്‍ വെറുതെ കൗതുകം കൊണ്‍ ട്.......''
'ശരി. ശരി. എനിക്കു മനസ്സിലായി.'
ഊണു മേശക്കു ചുറ്റുമിരിക്കുന്ന എന്റെ കുടുംബത്തിന്റെ നേര്‍ക്ക് ഞാന്‍ കണ്ണോടിച്ചു. മേശയുടെ ഒരു തലയ്ക്കല്‍ എന്റെ ഭര്‍ത്താവ് ഗ്രെഗ്ഗ് ഇരിക്കുന്നു. ഗ്രെഗ്ഗ് കാരണമാണ് ഞാന്‍ ക്രിസ്തു മതം സ്വീകരിച്ചത്. ഞാനൊരു യഹൂദ സ്ത്രീയായിരുന്നു. യഹൂദാ ന്യായപ്രമാണങ്ങളൊന്നും പാലിക്കാത്ത ജറമിയ ഹോഫ്മാന്റെയും അയാളുടെ ഭാര്യ ആനാബെല്‍ ഹോഫ്മാന്റെയും മൂത്ത മകള്‍. ലീസാബെല്‍.
ഗ്രെഗ്ഗിന്റെ ഇടതു വശത്ത് എന്റെ രണ്‍ ടാമത്തെ മകള്‍ ലിലിയന്‍. അവള്‍ ഗ്രെഗ്ഗിനെ ഡാഡി എന്നല്ല, ഗ്രെഗ്ഗ് എന്നു തന്നെയാണു വിളിക്കുന്നത്. കാരണം, ഗ്രെഗ്ഗ് അവളുടെ ഡാഡി അല്ലാത്തതു തന്നെ.
കമ്മ്യൂണിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ ഞാന്‍ പരിചയപ്പെട്ട്, വിവാഹം കഴിച്ച ജാക്കിന്റെ മകളാണ് ലിലിയന്‍.. ലിലിയന്റെ ഒന്നാം പിറന്നാളാഘോഷം നടന്ന ദിവസം. ജാക്കിന്റെ കൂട്ടുകാരും എന്റെ കൂട്ടുകാരും മറ്റ് ക്ഷണിക്കപ്പെട്ട അതിഥികളും വീട്ടുമുറ്റത്ത് വലിച്ചു കെട്ടിയ ടെന്റിലിരുന്ന് വെടി പറഞ്ഞ് രസിച്ച് ഭക്ഷണം കഴിക്കയായിരുന്നു.
ജാക്കിനെ ഇടയ്ക്ക് കാണാതായി.
എന്റെ അന്വേഷണം ഞങ്ങളുടെ ബെഡ് റൂം വരെ എത്തി. അവിടെ, ഞങ്ങളോടൊപ്പം കമ്മ്യൂണിറ്റി കോളേജില്‍ പഠിച്ച, എന്റെ െ്രെബഡ്‌സ് മെയിഡ് ആയിരുന്ന വിക്കി എന്നു വിളിക്കുന്ന വിക്ടോറിയായോടൊപ്പം എന്റെ ഭര്‍ത്താവെന്നു പറയുന്നവന്‍, ജാക്കി കോളിന്‍സിന്റെ ഡേര്‍ട്ടി നോവലുകളിലെ വിവിധ രംഗങ്ങള്‍ അരങ്ങേറുകയായിരുന്നു. അന്നു തന്നെ ഞാന്‍ രണ്‍ടിനെയും എന്റെ ജീവിതത്തില്‍ നിന്ന് 'അടിച്ചു ' പുറത്താക്കി , അക്ഷരാര്‍ഥത്തില്‍. ജാക്കിന്റെ കൈകാലുകളും, വിക്കിയുടെ കാല്‍ മുട്ടും, നടുവും ഒടിഞ്ഞതെങ്ങനെയെന്ന് ആരുംഎന്നോടു ചോദിക്കാന്‍ ധൈര്യപ്പെട്ടില്ല. ഞാനല്പം ഇഞ്ചി ആയിരുന്നല്ലൊ.' പാര്‍ട്‌നര്‍ ഇന്‍ െ്രെകം' (കുറ്റകൃത്യത്തിലെ കൂട്ടാളി), ആയി എന്റെ കൂടെയുണ്‍ടായിരുന്ന ബെയിസ് ബാള്‍ ബാറ്റ് കുറെനാള്‍ ഒളിവിലായിരുന്നു.
എന്റെ മൂന്നാമത്തെ മകള്‍ ലോറന്‍ അവളുടെ ഡാഡിയുടെ വലതു വശത്താണ് ഇരിക്കുന്നത്.. ഗ്രെഗ്ഗിന്റെ ഒരേ ഒരു മകള്‍. ലോറനും അവളുടെ ഭര്‍ത്താവ് ബഞ്ചമിനും, അയാളുടെ ആദ്യ ഭാര്യയിലെ രണ്‍ട് ആണ്മക്കളും അടുത്തടുത്താണിരുന്നത്.
ലോറനും ബഞ്ചമിനും വിവാഹിതരായിട്ട് ആറു വര്‍ഷമേ ആയുള്ളു. അവര്‍ക്കൊരു മകളുണ്‍ട്. ലിബി.
എന്റെ ആദ്യത്തെ പേരക്കുട്ടി. ദി ആപ്പിള്‍ ഓഫ് മൈ ഐ. അവള്‍ എന്റെ വലതുവശത്താണിരുന്നത്, വായ് തോരാതെ ചിലച്ചും കൊണ്‍ട്. ചിലയ്ക്കലിനിടയില്‍ എന്നെ നോക്കി അര്‍ഥം വച്ച് ചിരിക്കുന്നുമുണ്‍ട്. ക്രിസ്തുമസ്സിന് എന്തു സമ്മാനമാണു താന്‍ പ്രതീക്ഷിക്കുന്നതെന്ന് അവള്‍ എനിക്കൊരു ക്ലൂ തന്നിരുന്നു. ആ സാധനത്തിനു വിലക്കൂടുതലാണെന്നും ഒരു അഞ്ചു വയസ്സുകാരിക്ക് അത്രയും വിലകൂടിയ സമ്മാനത്തിന്റെ ആവശ്യമില്ലെന്നും ഞാന്‍ പറയുമെന്നവള്‍ പ്രതീക്ഷിച്ചു കാണും. അങ്ങനെ സംഭവിക്കാതിരുന്നതിന്റെ പുഞ്ചിരിയാവണം അവളെനിക്ക് ഇടയ്ക്കിടെ എറിഞ്ഞു തരുന്നത്.
ഹാ. അവളെന്തറിഞ്ഞു?
ബഞ്ചമിന്റെ ആദ്യ ഭാര്യയിലെ കുട്ടികളുടെ മുഖത്ത് തീരെ സന്തോഷം കാണാനുണ്‍ടായിരുന്നില്ല. ഈ ഗ്രാന്‍ഡ്മായുടെ വീട്ടില്‍ താങ്ക്‌സ്ഗിവിങ്ങ് ആഘോഷിക്കാനവര്‍ക്ക് താല്പ്പര്യം ഇല്ലായിരിക്കും. അവര്‍ക്ക് വേറെയും ഗ്രാന്‍ഡ്മാമാരുണ്‍ടല്ലൊ. ഡാഡിയുടെ മമ്മിയും മമ്മിയുടെ മമ്മിയും ജീവിച്ചിരിപ്പുണ്‍ട്. അവരില്‍ ആരുടെയെങ്കിലും വീട്ടില്‍ പോകുന്നതാവും അവര്‍ക്കിഷ്ടം.
സത്യം പറയട്ടെ. ഐ റീയലി ഡോണ്‍ട് കെയര്‍. ഞാന്‍ ആരെയും ഇങ്ങോട്ടു വരാന്‍ നിര്‍ബന്ധിച്ചില്ല. ഇഷ്ടമില്ലാത്തവര്‍ ആരും ഇങ്ങോട്ട് വരേണ്‍ടതില്ലായിരുന്നു.
മേശയുടെ മറ്റേ തലക്കല്‍ ഗ്രെഗ്ഗിന്റെ മുഖത്തോടു മുഖം നോക്കിയാണ് ഞാനിരുന്നത്. ഞങ്ങള്‍ രണ്‍ടുപേരും ഇവിടെ 'ഹെഡ് ഓഫ് ദി ഫാമിലി ' യാണ്. ഈ വീട്ടില്‍ സമത്വം മുഖ്യമാണ്. ഭാര്യയും ഭര്‍ത്താവും സമര്‍.
'ആരാണ് ഡിന്നറിനു മുന്‍പ് 'ഗ്രേസ്' പറയുന്നത്? ഗ്രെഗ്ഗ് ചോദിച്ചു.
ഓരോരുത്തരും പരസ്പരം നോക്കുകയാണ് , എന്തു ഗ്രേസ് എന്ന മട്ടില്‍.
   'എല്ലാവരും ഗ്രേസ് പറയണം.' ഞാന്‍ ചുറ്റും നോക്കി. 'ഇക്കഴിഞ്ഞ വര്‍ഷം എന്തെല്ലാം നന്മകള്‍ ദൈവം നമുക്കോരോരുത്തറ്ക്കും നല്കി.
അതിന് ദൈവത്തോട് നന്ദി പറഞ്ഞേ മതിയാവൂ. ഞാന്‍ തന്നെ തുടങ്ങിയേക്കാം നമുക്ക് കണ്ണുകളടയ്ക്കാം.' എല്ലാവരും കണ്ണുകളടച്ചോ എന്നു
ഉളിഞ്ഞു നോക്കിയ ശേഷം ശബ്ദമുയര്‍ത്തി കുറച്ചു വാചകങ്ങളില്‍ ഞാന്‍ ഗ്രേസ് പറഞ്ഞു. ''ഡീയര്‍ ജീസസ്, താങ്ക് യൂ ഫോര്‍ ആള്‍
യുവര്‍ കൈന്‍ഡ്‌നസ്. താങ്ക് യൂ ഫോര്‍ മൈ ഫാമിലി. താങ്ക്‌സ് ഫോര്‍ അവര്‍ ഹെല്ത്ത്.........''
ബഞ്ചമിനും എന്റെ പെണ്മക്കളും ഒറ്റ വാചകത്തില്‍ ദൈവത്തിനു നന്ദി പറഞ്ഞു എന്നു വരുത്തി.
ഏറ്റവുമൊടുവില്‍ ലിബി പുഞ്ചിരിയോടെ കൈ കൂപ്പി. ''പ്രിയ യേശുവേ, ഇത്ര നല്ല ഗ്രാന്‍ഡ്മായെ എനിക്കുതന്നതിനായി താങ്ക്‌സ്. എനിക്ക് ക്രിസ്ത് മസ് പ്രസന്റായി ലഭിക്കാന്‍ പോകുന്ന ആപ്പിള്‍ ഐഫോണിനായി നന്ദി.''
പെട്ടെന്ന് ഞാനുള്‍പ്പടെ എല്ലാവരുടെയും കണ്ണുകള്‍ ടപ്പെന്നു തുറന്നു. എല്ലാ കണ്ണുകളും എന്റെ നേര്‍ക്ക്
ഞാന്‍ ലിബിയെ നോക്കി തലയാട്ടി. ''നോ''. ലിബിയുടെ മുഖം വാടുന്നതും ചുണ്‍ ടുകള്‍ കൂര്‍ത്തു വരുന്നതും കണ്‍കോണുകളിലൂടെ
ഞാന്‍ കണ്‍ ടു..
'ഐ ഹെയിറ്റ് യൂ ഗ്രാന്‍ഡ്മാ'. അവള്‍ എന്റെ നേര്‍ക്ക് ചുണ്‍ ടുകള്‍ അനക്കി.
'നോ പ്രോബ്ലം ബേബി.' ഞാന്‍ ചിരിച്ചു.
ഇനി ടര്‍ക്കി കാര്‍വ് ചെയ്യണം. കുടുംബത്തിലെ കാരണവര്‍ എന്ന നിലയില്‍ എനിക്കും ഗ്രെഗ്ഗിനും കാര്‍വ് ചെയ്യാമെങ്കിലും ഗ്രെഗ്ഗ് ആണ് ഈ വീട്ടില്‍ ടര്‍ക്കി കാര്‍വ് ചെയ്യുന്നത്. സറേറ്റെഡ് നൈഫ് ഉപയോഗിച്ച് , റോസ്റ്റ് ചെയ്ത ടര്‍ക്കിയെ കനം കുറച്ച് ഒരേ അളവില്‍ മുറിക്കാന്‍ എന്നേക്കാള്‍ മിടുക്കന്‍ അവന്‍ തന്നെയാണ്.
'ബഞ്ചമിന്‍,' ഗ്രെഗ്ഗ് വിളിച്ചു. ' വുഡ് യു ഡു അസ് ദി ഓണര്‍? നിനക്കിന്ന് ഈ ടര്‍ക്കിയെ സ്ലൈസുകളാക്കാമൊ?'
വീട്ടിലെ മരുമകന് കാരണവര്‍ സ്ഥാനം നല്കിയതില്‍ സന്തോഷിച്ച് അഭിമാനപൂര്‍വ്വം ബഞ്ചമിന്‍ ചാടിയെണീറ്റു.
''മൈ പ്ലഷര്‍ ഡാഡ്. എനിക്കതില്‍ ആനന്ദമേയുള്ളു.''
മുന്തിയ ഇനം വീഞ്ഞ് മേശപ്പുറത്ത് വച്ചിരുന്നത് എപ്പോഴേ തീര്‍ന്നിരുന്നു. കുപ്പികള്‍ റി സൈക്കിള്‍ ബിന്നില്‍ ഇടുമ്പോള്‍ സന്തോഷം തോന്നി. ഗ്രെഗ്ഗ് വലിയ വില കൊടുത്ത് വാങ്ങിയതാണ്. എല്ലാവരും ഇഷ്ടത്തോടെ കഴിച്ചു.
ഞങ്ങളുടെ വീട്ടില്‍ വീഞ്ഞും മദ്യവും വാങ്ങി സൂക്ഷിക്കാറില്ല. എങ്കിലും ആഴ്ചയിലൊരിക്കല്‍ ഞങ്ങള്‍ രണ്‍ടുപേരും ബാറില്‍ പോകും. ഒന്നാംതരം സ്‌റ്റെയ്ക്കും ബീയറും കഴിക്കും. പക്ഷെ വീട്ടില്‍ മദ്യമില്ല, വീഞ്ഞില്ല, ഗ്രെഗ്ഗ് വീട്ടില്‍ കൂട്ടുകാരെ വിളിച്ച് കമ്പനി കൂടാറുമില്ല.
ആറാം വയസ്സു മുതല്‍ ഡയബെറ്റിക്ക് ആണ് അവന്‍. ദിവസം ആറുനേരം ബ്ലഡ് ഷുഗര്‍ മോണിട്ടര്‍ എന്ന ഭീകരനെ അഭിമുഖീകരിക്കുന്നു. അന്‍പത് വയസ്സാവും മുന്‍പ് വലതു കാലിന്റെ രണ്‍ ടു വിരലുകള്‍ മുറിച്ചു മാറ്റേണ്‍ ടി വന്നതു കാരണം അവന്‍ ജോലി രാജി വച്ചു. 'സോഷ്യല്‍ സെക്യൂരിറ്റി ഡിസെബിലിറ്റി' കിട്ടുന്നു. പിന്നെ ചില ഇന്‍വെസ്റ്റ്‌മെന്റ് കളുടെ ഡിവിഡെന്റുകളും. ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ നല്ല ഹെല്ത്ത് ഇന്‍ഷ്വറന്‍സ് കിട്ടുന്നതു കാരണം അവനത് ഉപയോഗിക്കാം.
ഇന്‍ഫോര്‍മേഷന്‍ ടെക്ക്‌നോളൊജി ഉള്‍പ്പടെ ഏതു വിഷയത്തിലും നല്ല ജ്ഞാനമാണ് ഗ്രെഗ്ഗിന്. പക്ഷെ 'മണിയെത്രയായി?' എന്നു ചോദിച്ചാല്‍ ക്ലോക്ക് ഉണ്‍ടാക്കുന്ന വിധം മുതല്‍ പറഞ്ഞു തുടങ്ങുമെന്നേയുള്ളു. പാചകത്തില്‍ നൈപുണ്യമുണ്‍ട്, താല്പ്പര്യവും. കോഫി പോട്ടില്‍ വെള്ളമൊഴിക്കാനും കൃത്യ അളവില്‍ കാപ്പിപ്പൊടി ചേര്‍ക്കാനും ഉള്ള വൈദഗ്ദ്യം എനിക്കുമുണ്‍ടെന്ന് ഗ്രെഗ്ഗ് സമ്മതിച്ചിട്ടുണ്‍ട്.
കുട്ടിക്കാലത്ത് ജ്യൂയിഷ് പലഹാരങ്ങളുണ്‍ടാക്കി വില്ക്കാന്‍ മമ്മിയെ സഹായിക്കുമായിരുന്നതും , എന്റെ അനുജത്തി കാറബെലിന്റെ
ബേക്കറിയില്‍ ഒവന്റെ ചൂടില്‍ കഷ്ടപ്പെട്ട് ജോലിചെയ്തതും, ഞാന്‍ ആദ്യമൊന്നും അവനുമായി പങ്കുവച്ചില്ല . ഞാന്‍ ഓര്‍ക്കാന്‍ വെറുക്കുന്ന പ
ഴയ കാലങ്ങളിലേക്ക് തിരിഞ്ഞു നോക്കാന്‍ എനിക്ക് ഇഷ്ടമല്ലാത്തതു തന്നെയായിരുന്നു അതിനു കാരണം. ' പോയ
കാലങ്ങളെക്കുറിച്ച് സംസാരിക്കാന്‍ എനിക്കിഷ്ടമല്ല ഗ്രെഗ്ഗ് ' ഞാന്‍ അവനോട് പറഞ്ഞിരുന്നു 'നീ എന്നോട് ഒന്നും ചോദിക്കരുത്, ഞാന്‍ നിന്നോടും ഒന്നും ചോദിക്കില്ല.'
''എഗ്രീഡ് ''
ഒരു ഐറിഷ് ബാറില്‍ വച്ചാണ് ഞാന്‍ ഗ്രെഗ്ഗിനെ ആദ്യമായി കണ്‍ടു മുട്ടിയത്. അതീവയോഗ്യനായിരുന്നു കാണാന്‍. ഒരു വലിയ മഗ്ഗ് ബീയര്‍ വെയിറ്ററെ കൊണ്‍ട് എന്റെ മുന്നില്‍ വയ്പ്പിച്ചിട്ട് എന്റെ അടുത്ത കസേരയില്‍ വന്ന് ഇരുന്നോട്ടെ എന്ന് അയാളെക്കൊണ്‍ ് ചോദിപ്പിച്ചത് ഇന്നലെയെന്നോണം ഞാന്‍ ഓറ്ക്കുന്നു. പച്ച നിറത്തിലുള്ള ആ കണ്ണുകള്‍ ഒറ്റനോട്ടത്തില്‍ എന്നെ വശീകരിച്ചു.
'ഞാന്‍ ഗ്രെഗ്ഗ്.' അവന്‍ സ്വയം പരിചയപ്പെടുത്തി.
'ലീസബെല്‍. താങ്ക്‌സ് ഫോര്‍ ദി ബീയര്‍.'
'പതിവായി ഇവിടെ വരാറുണ്‍ടോ?'
'ശനിയാഴ്ച്ചയൊഴികെ. ഐ ആം ജ്യൂയിഷ്.'
' ഞാനൊരു ക്രിസ്ത്യാനിയാണ്. ഞായറാഴ്ച്ചയും ബാറില്‍ വരുന്ന ക്രിസ്ത്യാനി. ബാറിനും മതത്തിനുമിടയില്‍ ഇടങ്കോലിടുന്ന സ്വഭാവം
എനിക്കില്ല. കൃത്യമായ അളവിലാണെങ്കില്‍ മതം മനസ്സിനെയും മദ്യം ശരീരത്തെയും പോഷിപ്പിക്കുന്നു എന്നാണെന്റെ മതം.'
വീക്കെന്‍ഡുകളില്‍ ഞങ്ങള്‍ ബാറില്‍ ഒന്നിച്ചു.
'എന്നോടൊപ്പം ഒരു ഞായറാഴ്ച്ച ഞാന്‍ പോകുന്ന പള്ളിയില്‍ വരുന്നോ ലീസ?' ഓര്‍ക്കാപ്പുറത്ത് ഒരു സന്ധ്യയില്‍ അവന്‍ ചോദിച്ചു. '
ചിലപ്പോള്‍ നിനക്കെന്റെ പള്ളി ഇഷ്ടമായേക്കും.'
ഞാന്‍ അവന്റെ കണ്ണുകളിലേക്ക് നോക്കി. അവയിലെ ഭാവം എനിക്കിഷ്ടമായി.
'വരാം.' ഞാന്‍ പറഞ്ഞു. 'ഒരു വ്യവസ്ഥയില്‍. ഞാന്‍ പള്ളിയില്‍ വരുന്ന ദിവസം വൈകിട്ട് നീ എന്റെ വീട്ടില്‍ വന്ന് ഡിന്നര്‍ കഴിക്കണം.. ഞാനൊരു വലിയ പാചകക്കാരിയല്ല. നമുക്ക് പീസ്സാ ഓര്‍ഡര്‍ ചെയ്യാം.'
'ഐ ലവ് ടു കുക്ക് ലീസാ.. നീ എന്നോടൊപ്പം പള്ളിയില്‍ വരുന്ന ദിവസം, വൈകിട്ട് ഞാന്‍ ഗ്രോസറിയുമായി നിന്റെ വീട്ടില്‍ വന്നു നിനക്കു വേണ്‍ടി കുക്ക് ചെയ്തു തരാം. എന്തു പറയുന്നു?'
'യു ഷൂര്‍? നിനക്ക് തീര്‍ച്ചയാണോ' എനിക്ക് വിശ്വസിക്കാന്‍ പ്രയാസം തോന്നി.
'ആബ്‌സൊലൂട്‌ലി'
ഒരു ഞായറാഴ്ച്ച രാവിലേ ഞാന്‍ കുട്ടികളെ ബേബിസിറ്ററുടെ വീട്ടിലാക്കി, പിറ്റേന്ന് രാവിലേ വിളിച്ചോളാമെന്ന കരാറില്‍. എന്നിട്ട് ഗ്രെഗ്ഗിനോടൊപ്പം അവന്റെ പള്ളിയില്‍ പോയി. വൈകുന്നേരം അവന്‍ എന്റെ വീട്ടില്‍ വന്നു, ബ്രൗണ്‍ ബാഗില്‍ ഗ്രോസറിയുമായി. വാഗ്ദാന പ്രകാരം എനിക്കു വേണ്‍ടിയവന്‍രുചികരമായ ഡിന്നര്‍ ഉണ്‍ ടാക്കി . കഴിച്ചു കഴിഞ്ഞ് പോകാനിറങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു. 'രാവേറെയായി ഗ്രെഗ്ഗ്. ഇവിടെ ഒരു ഗസ്റ്റ് റൂമുണ്‍ട്.'
'താങ്ക്‌സ് ലീസാ. വിവാഹശേഷം. എല്ലാം വിവാഹശേഷം.' അവന്റെ കണ്ണുകളിലൊരു കള്ളച്ചിരി പടര്‍ന്നിരുന്നു.ഉള്ളിലെ നിരാശ പുറത്തു കാട്ടാതെ ഞാനവനെ യാത്രയാക്കി.
നിന്റെ പാചകത്തിലുള്ള നൈപുണ്യം പോലെ കിടക്കയിലും എന്നെ തൃപ്തയാക്കാന്‍ നിനക്കാവുമെങ്കില്‍ ഗ്രെഗ്ഗ്, എന്റെ ജീവിതകാലം മുഴുവന്‍ നീ എന്നോടൊപ്പം ഉണ്‍ടാവും, ഞാന്‍ മനസില്‍ പറഞ്ഞു. ഇന്നു വരെ ഞാന്‍ ഒരാളെയുംവഞ്ചിച്ചിട്ടില്ല.പക്ഷേ, നീ വിവാഹശേഷം എന്നെ വഞ്ചിച്ചാല്‍,ഐ വില്‍ കട്ട് യുവര്‍ ബാള്‍സ് ഓഫ്......'ഫൊര്‍ഗിവ്‌മൈ ലാങ്ക്വേജ് കൂട്ടുകാരെ. ഞാന്‍ പറഞ്ഞിരുന്നു, ഞാനൊരു ഹാര്‍ഷ് വുമണ്‍ ആണെന്ന്.
താങ്ക്‌സ്ഗിവിങ്ങ് ഡിന്നറും ഡെസെര്‍ട്ടും കഴിച്ച ശേഷം ഭക്ഷണ ശേഷിപ്പുകള്‍ ചെറിയ പാത്രങ്ങളിലാക്കി ഫ്രിഡ്ജില്‍ വക്കാന്‍ മക്കളെല്ലാവരും ഒത്തുകൂടി.
'ഡിന്നര്‍ മുഴുവന്‍ പാകം ചെയ്തത്‌നിങ്ങള്‍ രണ്‍ടു പേരുമാണല്ലൊ. ക്ലീന്‍ അപ്പ് ഞങ്ങള്‍ ചെയ്‌തോളാം.'
ടര്‍ക്കിയുടെയുംസൈഡ് ഡിഷുകളുടെയും രുചിവിശേഷത്തെയും ഗ്രെഗ്ഗിന്റെകൈപ്പുണ്യത്തേയും വാനോളം പുകഴ്ത്തിയ ശേഷമാണ് ലിലിയനും ലോറനും ഗുഡ്‌ബൈ പറഞ്ഞ് പിരിഞ്ഞത്. ന്യൂജേഴ്‌സിയില്‍ പുതുതായി ആരംഭിച്ച കേറ്ററിങ്ങ് കമ്പനിയില്‍ നിന്നുമാണ് ടര്‍ക്കിയുള്‍പ്പടെയുള്ള വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് വാങ്ങിയതെന്ന് ഞങ്ങള്‍ ആരോടും പറഞ്ഞില്ല. എല്ലാമൊന്നും എല്ലാവരോടും പറയേണ്‍ ട കാര്യമില്ലല്ലൊ.
'വീഞ്ഞിനോടൊപ്പം കുറച്ചു റമ്മോ വോഡ്കയോ ഒക്കെ കൂടി മേശപ്പുറത്ത് വക്കേണ്‍ടതായിരുന്നു..' പോകുന്നതിനു മുന്‍പ് ലോറന്‍ കുറ്റപ്പെടുത്തി. ' ഒരു വിശേഷ ദിവസത്തില്‍ ഇഷ്ടം പോലെ മദ്യം വിളമ്പേണ്‍ടത് ആതിഥേയരുടെ കടമയാണ്. മേശപ്പുറത്തു വച്ചിരുന്ന വൈന്‍ നാവില്‍ തേക്കാന്‍ തികഞ്ഞില്ല. 'ലോറന് ഒന്നിലും ഒരു തൃപ്തിയും കാട്ടാനറിയില്ല. അവള്‍ ഫാമിലിക്കുവേണ്‍ടി ഒന്നും ചെയ്യാറുമില്ല.
ലിലിയന്‍ വിവാഹം കഴിച്ചിട്ടേയില്ല. അവളൂടെ ഒരു ഗേള്‍ ഫ്രണ്‍ഡിനോടൊപ്പം ആണു താമസം .മോനിക്കയ്ക്ക് രണ്‍ടു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞുണ്‍ട്. അവള്‍ വിവാഹിതയാണോ എന്നൊന്നും ഞാന്‍ അന്വേഷിച്ചിട്ടില്ല. ലിലിയന്റെ വീട്ടില്‍ അവള്‍ക്കോരു കൂട്ടാണല്ലൊ മോനിക്ക. മറ്റു കാര്യങ്ങളൊന്നും എന്റെ ബിസിനസ്സ് അല്ല.
ലിലിയന് അവളുടെ ഡാഡിയുടെ അവിശ്വസ്തതയുടെ കഥയറിയാം.എന്റെ അനുജത്തി കാറബെല്‍ പറഞ്ഞതാവും.കുട്ടികളെ നോക്കി വളര്‍ത്തിയത് കാറബെല്‍ആയിരുന്നല്ലൊ വളരെക്കാലം.
''എന്താ രണ്‍ടിനെയും വെടി വച്ച് കൊല്ലാത്തത് മാം? ''ലിലിയന്‍ ഒരിക്കല്‍ എന്നോട് ചോദിച്ചു. '' നിങ്ങളുടെ ബെഡ്ഡില്‍ മറ്റൊരുത്തിയുമായി!!! ഐ കനാട്ട് ബിലീവിറ്റ്. മമ്മി അയാളുടെ നല്ല സ്ഥാനം നോക്കി വെടി വെക്കേണ്‍ ടതായിരുന്നു, അറ്റ് ലീസ്റ്റ്''
'എന്റെ വീട്ടില്‍ ഗണ്‍ ഇല്ലായിരുന്നു ലിലിയന്‍. ഉണ്‍ടായിരുന്നെങ്കില്‍ രണ്‍ടിനെയും കൊന്നിട്ട് ഞാന്‍ ''ഇന്‍സാനിറ്റി'' ഫയല്‍ ചെയ്യുമായിരുന്നു.''ഞാന്‍ പൊട്ടിച്ചിരിച്ചു. അവളും.
ലിലിയന്‍ എന്റെ സ്വഭാവക്കാരിയാണ്. വെട്ടൊന്ന്, തുണ്‍ടം രണ്‍ട്.
ഡിസംബര്‍ ഒന്നാം തീയതിയാണ് ഏഞ്ചലക്ക് അവളുടെ ''ഹോമില്‍'' തിരിച്ചു പോകേണ്‍ടത്. കണ്ണീരോടെയാണവളെ ഞാന്‍ യാത്രയാക്കിയത്.
'ഐ വില്‍ സീ യു ഓണ്‍ ക്രിസ്ത് മസ് മാം'
ഏഞ്ചലക്ക് വാതത്തിന്റെ അസുഖം തുടങ്ങിയോ എന്ന് സംശയം.മുന്‍ വരിയിലെ ഒരു പല്ലുകൊഴിഞ്ഞു പോയി.. ബ്യൂട്ടി പാര്‍ലറില്‍ പോകുന്നതും മുഖം മിനുക്കുന്നതും കൈകളിലെയും കാലുകളിലെയും നഖങ്ങളില്‍ മനോഹരമായ പടം വരപ്പിക്കുന്നതും തലമുടി കളര്‍ ചെയ്യുന്നതും ഒക്കെയാണ് അവളുടെ സന്തോഷങ്ങള്‍.
എന്റെ ഏഞ്ചല''ഡൗണ്‍സിന്‍ഡ്രോം'' ഉള്ള സ്ത്രീയാണ്. ഡൗണ്‍ സിന്‍ഡ്രോം പലതരത്തിലുണ്‍ ടത്രെ.
ശരീരത്തിനും മനസ്സിനും വളര്‍ച്ചയില്ലാത്ത അവള്‍ വര്‍ഷങ്ങളായി , അവളെപ്പോലെയുള്ളവര്‍ താമസിക്കുന്ന ഹോമിലാണ് താമസം ,ഗവണ്മെന്റ് നടത്തുന്ന നേഴ്‌സിങ്ങ് ഹോമില്‍.
ക്രിസ്ത്മസ്സിനു മൂന്നു ദിവസം മുന്‍പ് ഗ്രെഗ്ഗ്‌പോയി നേഴ്‌സിങ്ങ് ഹോമില്‍ നിന്ന് ഏഞ്ചലയെ വിളിച്ചു കൊണ്‍ ടുവന്നു.ഒറ്റയ്ക്കല്ല പോയത്. ലോറനെയും അവന്‍ കൂട്ടി.
ലിലിയന്റെ വീട്ടിലായിരുന്നു ക്രിസ്ത് മസ് ഡിന്നര്‍. വീട്ടുകാര്‍ മാത്രം പങ്കെടുത്തു ഡിന്നറിന്. ഇരുപതു പേര്‍ക്കുള്ള റോട്ടീസറി ചിക്കനും, പൊട്ടറ്റോ സാലഡും ,ഇറ്റാലിയന്‍ റോള്‍സും പലയിനം ഫ്രൂട്ടുകള്‍ കൊണ്‍ ടു നിര്‍മ്മിച്ചഫ്രൂട്ട് അറേഞ്ച്‌മെന്റും നല്ലയിനം വീഞ്ഞുംഅവള്‍ കരുതിയിരുന്നു.
ഡിന്നറിനു ശേഷം സമ്മാനപ്പൊതികള്‍ അഴിക്കുകയായി. സമ്മാനങ്ങള്‍ കണ്‍ ട് ആര്‍ത്തു ചിരിക്കുന്ന കുട്ടികളെ നോക്കി ഏഞ്ചല പതിവിലധികം സന്തോഷത്തോടെ ഇരിക്കുന്നതു കണ്‍ ടപ്പോള്‍ എനിക്കും സന്തോഷം തോന്നി. ലിലിയന്റെ കൂട്ടുകാരിയുടെ കുഞ്ഞിനെ ഏഞ്ചല ശ്രദ്ധിക്കുന്നതുംഅതിനെ മാറോടു ചേര്‍ക്കുന്നതും കണ്‍ ടപ്പോള്‍ അതിശയവും.
പാവം എന്റെ ഏഞ്ചല. അവള്‍ക്ക് ഒരു കുഞ്ഞിന്റെ അമ്മയാവാന്‍ ആഗ്രഹമുണ്‍ ടായെങ്കില്‍ അത് വലിയൊരു തെറ്റാണോ? ഡൗണ്‍ സിന്‍ഡ്രോം ഉള്ളതു കാരണം ആഗ്രഹങ്ങള്‍ അടക്കി വക്കാന്‍ അവള്‍ നിര്‍ബന്ധിതയാണോ? മറ്റു സ്ത്രീകള്‍ കുഞ്ഞുങ്ങളെ മാറോടണയ്ക്കുന്നതും പാലൂട്ടുന്നതും കാണുമ്പോള്‍ അവളിലും ഒരമ്മയാവാനുള്ള മോഹമുദിച്ചാല്‍ അതിശയമെന്ത്?
പിറ്റേന്ന് ഏഞ്ചല അതിരാവിലേ ഉണര്‍ന്ന് ഞങ്ങളുടെ കിടപ്പുമുറിയുടെ വാതിലില്‍ മുട്ടി. '' മാം, റൈസ് ആന്‍ഡ് ഷൈന്‍. ഉണര്‍ന്ന് പ്രകാശിക്കു.''
നല്ല ഉറക്കത്തില്‍ വിളിച്ചുണര്‍ത്തിയതിന്റെ പ്രതിക്ഷേധം മുരണ്‍ ട് ഗ്രേഗ്ഗ് തിരിഞ്ഞു കിടന്നു. ''എഴുന്നേല്ക്ക്.നിന്റെ മകള്‍ നിന്നെ വിളിക്കുന്നു.''
'അതെ. എന്റെ മകള്‍ തന്നെ..'
''മാം ഇന്ന് നല്ല ദിവസമാണെന്നു തോന്നുന്നു. നമുക്ക് കുറച്ചു നടന്നാലോ?'' എഞ്ചല വീണ്‍ടുംവാതിലില്‍ മുട്ടി.
' ഈ തണുപ്പത്തോ?'
'വലിയ തണുപ്പില്ല. നല്ല കൃസ്പ്പ് എയറാണ്. വാ മമ്മീ''
 'ഓ. ക്കെ . കയറു പൊട്ടിക്കാതെ. ഞാന്‍ ഒരു കപ്പ് കാപ്പിയുണ്‍ ടാക്കി കുടിക്കട്ടെ. അതിനു മുന്‍പ് ഒന്നും നടക്കില്ല.'
ഒരു പതിനഞ്ചു കാരിയുടെ ചുറു ചുറുക്കോടെ എന്നോടൊപ്പം നടക്കുന്ന ആ ചെറിയ , വലിയ പെണ്ണിനെ ഞാന്‍ നോക്കി. ഒരു കട്ടികുറഞ്ഞ
സ്വറ്റെര്‍ അണിഞ്ഞിട്ടുണ്‍ട് . കൈകള്‍ സ്വറ്റെറിന്റെ വലിയ പോക്കറ്റിനുള്ളില്‍ തിരുകിയാണു നടത്തം.
റോഡില്‍ വാഹനങ്ങള്‍ ഓടുന്നില്ല. ക്രിസ്ത് മസ് തകര്‍ത്ത് ആഘോഷിച്ച ശേഷം എല്ലാവരും നല്ല ഉറക്കത്തിലാണ്. ഫുട്ട്പാത്തിലൂടെ നടക്കുന്നവരെ കാണുമ്പോള്‍ അകത്തു നിന്നു കുരയ്ക്കുന്ന അയല്‍ വീട്ടിലെ ലാബഡോര്‍ പോലും നല്ല ഉറക്കത്തിലാണ്
തൊട്ടടുത്ത സ്ട്രീറ്റിലെത്തിയപ്പോള്‍ ഏഞ്ചല നിന്നു. '' മാം എനിക്കൊരു സന്തോഷ വാര്‍ത്ത പറയാനുണ്‍ ട്.''
'എന്ത് സന്തോഷ വാര്‍ത്ത? നിന്റെ റൂം മേറ്റ് വേറെ മുറിയിലേക്ക് മാറിപ്പോയോ? സ്വന്ത ഇഷ്ടപ്രകാരമോ അതോ വാര്‍ഡന്‍ നിര്‍ബന്ധിച്ചിട്ടോ?'
ഏഞ്ചലയുടെ റൂം മേറ്റ് ഒരു സ്വീഡന്‍ കാരിയാണ്. കത്രീന. ഒരു വഴക്കാളി. എന്തു
കാരണത്താലെന്നറിയില്ല അവള്‍ക്ക് ഏഞ്ചലയോട് ഇഷ്ടക്കേടുണ്‍ ട് . ഏഞ്ചലയുടെ മേക്ക് അപ്പ് സാധനങ്ങള്‍ ഒരു കൂസലും കൂടാതെ എടുത്ത് ഉപയോഗിക്കും. അവളെ സഭ്യമല്ലാത്ത പേരുകള്‍ വിളിക്കും. ഏഞ്ചലയെ ഫോണില്‍ വിളിക്കുമ്പോഴെല്ലാം കത്രീനയെക്കുറിച്ചുള്ള പ്അരാതികളാവും അധികവും പറയുക.
'നീ സൂപ്പര്‍വൈസറോടോ വാര്‍ഡനോടോ ഒക്കെ പരാതി പറയാത്തതെന്താ?'
'പറഞ്ഞാലും പ്രയോജനമില്ല മാം. വാര്‍ഡന്‍ വിലക്കിയിട്ടും കത്രീന വകവയ്ക്കുന്നില്ല.'
പലവട്ടം ഞാന്‍ വാര്‍ഡനും സൂപ്പര്‍വൈസറ്ക്കും ഈമെയില്‍ അയച്ചു. ഏതെങ്കിലും ഒരു സിങ്കിള്‍ റൂം ഒഴിഞ്ഞാലുടന്‍ കത്രീനയെ അങ്ങോട്ട് മാറ്റാമെന്ന് അവര്‍ രണ്‍ ടുപേരും റിപ്ലൈ തന്നിരുന്നു. ആരെങ്കിലും ഗവണ്മെന്റിന്റെ മറ്റൊരു ഹോമില്‍ പോകണം. അല്ലെങ്കില്‍ മരിക്കണം. എന്നാലേ മുറികിട്ടൂ എന്നു സാരം.
'സന്തോഷവാര്‍ത്ത പറയാനുണ്‍ ടെന്നു കേട്ടപ്പോള്‍ മനസ്സിലോടി വന്നത് കത്രീനയാണ്. അവള്‍ റൂമില്‍ നിന്ന് പോയിക്കാണുമെന്നാണ്.'
''ഓ. നോ മാം. ഞാന്‍ കത്രീനയെക്കുറിച്ചല്ല പറഞ്ഞത്.''
'പിന്നെ?'
അവള്‍ കൈത്തലങ്ങള്‍ കൊണ്‍ ട് കൈമുട്ടുകളില്‍ പിടിച്ച് ഒരു തൊട്ടിലുണ്‍ടാക്കി. എന്നിട്ട് തൊട്ടിലാട്ടുന്ന ആംഗ്യം കാട്ടി.
'നീയെന്താ ഈ കാട്ടുന്നത്?' എന്റെ നെഞ്ച് ഉച്ചത്തില്‍ മിടിക്കാന്‍ തുടങ്ങി.
'എനിക്കൊരു ബേബി വരാന്‍ പോകയാണ്.' അവള്‍ ഓട്ടപ്പല്ലു കാട്ടി ചിരിച്ചു.
'വാട്ട്?'
'യസ്. ഗ്രെഗ്ഗ് ആന്‍ഡ് ഐ ആര്‍ ഗോയിങ്ങ് റ്റു ഹാവ് എ ബേബി'
ഞാന്‍ സ്തംഭിച്ചു നിന്നു. പിന്നെ വെട്ടിത്തിരിഞ്ഞ് വീട്ടിലേക്ക് വേഗത്തില്‍ നടന്നു.
'ആ തന്തയില്ലാത്തവനെ ഞാനിന്ന് കൊല്ലും.'
എന്നോടൊപ്പമെത്താന്‍ ഓടുന്ന ഏഞ്ചലയുടെ കാലടികളുടെ തബ് തബ് ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി.
'നോ മാം. ഗ്രെഗ്ഗ് ഈസ് എ ഗുഡ് മാന്‍, എന്റെ കുഞ്ഞിന്റെ ഡാഡി അവനാവുന്നതാണ് എനിക്കിഷ്ടം. ദേഷ്യപ്പെടല്ലേ മാം.'
ഏഞ്ചല വീടിനകത്തു കയറിയതും ഞാന്‍ മുന്‍ വാതില്‍ വലിച്ചടച്ചു. ബെഡ്രൂമില്‍ ചെന്ന് തല വഴി പുതച്ചു കിടക്കുന്ന ഗ്രെഗ്ഗിന്റെ തലയില്‍ നിന്ന് പുതപ്പു വലിച്ചു മാറ്റി നരയും കഷണ്‍ടിയും കയറിയ അവന്റെ തലയില്‍ ഇരുകൈകളും കൊണ്‍ട് ആഞ്ഞടിച്ചു.
''ഔച്ച്'' അവന്‍ ചാടിയെണീറ്റ് തല തടവി. 'യു ക്രെയ്‌സി വുമണ്‍, എന്തിനാ എന്നെ അടിച്ചത്?''
'നീയാണ് ക്രേസി. നീ എന്റെ എഞ്ചലയെ തൊട്ടോ?'
ഗ്രെഗ്ഗ് അന്തം വിട്ട് എന്നെ നോക്കി.
'അവള്‍ക്കൊരു ബേബിയുണ്‍ടാവാന്‍ പോകുന്നെന്ന് എഞ്ചല പറയുന്നു. നീയാണ് ബേബിയുടെ ഡാഡിയെന്ന്.'
''ഓ ഗോഡ് , ഓ മൈ ഗോഡ്!'' ഗ്രെഗ്ഗ് നിലവിളിച്ചു. ''നോട്ട് എഗേന്‍''

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക