Image

റിയാലിന്‍െറ മൂല്യം മൂന്ന്‌ മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

കെ.സി.എം അബ്ദുല്ല Published on 19 April, 2012
റിയാലിന്‍െറ മൂല്യം മൂന്ന്‌ മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
റിയാദ്‌: രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപ ഇന്നലെയും തകര്‍ച്ച നേരിട്ടു. കഴിഞ്ഞ മൂന്നു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്‌ അന്താരാഷ്ട്ര വിപണിയില്‍ രൂപയുടെ വിനിമയം ഇന്നലെ നടന്നത്‌. രൂപയുമായുള്ള വിനിമയത്തില്‍ യു.എസ്‌ ഡോളറിന്‍െറ മൂല്യം 51.79 ല്‍ എത്തി. ജനുവരി 16ന്‌ ശേഷം ഇതാദ്യമായാണ്‌ നിരക്ക്‌ ഇത്ര താഴുന്നത്‌. രൂപക്കെതിരെ ഡോളറിന്‍െറ മൂല്യം വര്‍ധിച്ചതോടെ യു.എസ്‌ ഡോളര്‍ ബന്ധിത ഗള്‍ഫ്‌ കറന്‍സികളൂടെ മൂല്യവും കഴിഞ്ഞ മൂന്നു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്‌ കുതിച്ചു. സൗദി റിയാലിന്‍െറ മൂല്യം 13.81 രൂപയായി ഉയര്‍ന്നു. ഖത്തര്‍ റിയാല്‍ 14.20, യു.എ.ഇ ദിര്‍ഹം 14.09, ഒമാന്‍ റിയാല്‍ 134.32, ബഹ്‌റൈന്‍ ദീനാര്‍ 137.17 എന്നിങ്ങനെയാണ മറ്റ്‌ ഗള്‍ഫ്‌ കറന്‍സികളുടെ ഇന്നലത്തെ മൂല്യം.

കയറ്റുമതി ഇറക്കുമതി അനുപാതത്തിലെ ഭീമമായ അന്തരമാണ്‌ രൂപയുടെ വിലയിടിവിന്‌ മുഖ്യ കാരണമായി ചൂണ്ടിക്കാട്ടുന്നത്‌. ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്‍െറ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാല്‍ ഈ അന്തരം തുടരും. എണ്ണ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിപണിയിലേക്കാവശ്യമായ ഡോളര്‍ വാങ്ങിക്കൂട്ടുന്നതുകൊണ്ട്‌ രൂപയുടെ തകര്‍ച്ചയും ആനുപാതികമായി തുടരാനാണ്‌ സാധ്യതയെന്ന്‌ സാമ്പത്തിക നിരീക്ഷകര്‍ സൂചിപ്പിച്ചു.
റിപ്പോ നിരക്കും റിവേഴ്‌സ്‌ റിപ്പോ നിരക്കും കുറച്ച്‌ രാജ്യത്തിന്‍െറ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ്‌ രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നത്‌. ഇതോടെ ചരിത്രം തൊട്ട തകര്‍ച്ചയിലേക്ക്‌ ഇന്ത്യന്‍ രൂപ വീണ്ടും കൂപ്പുകുത്തുമോ എന്നാണ്‌ എല്ലാവരും ഉറ്റുനോക്കുന്നത്‌.

കഴിഞ്ഞ ഡിസംബറില്‍ ഡോളറുമായുള്ള വിനിമയത്തില്‍ 53.50 ആയി രൂപയുടെ മൂല്യം ചോര്‍ന്നതാണ്‌ ചരിത്രത്തിലെ റെക്കോര്‍ഡ്‌ തകര്‍ച്ച. അന്ന്‌ സൗദി റിയാലിന്‍െറ മൂല്യം 14.30 വരെ ഉയര്‍ന്നിരുന്നു. പിന്നീട്‌ പതിയെ കുറഞ്ഞ റിയാലിന്‍െറ മൂല്യമാണ്‌ ഇന്നലെ വീണ്ടും കുതിച്ചുകയറിയത്‌. ചൊവ്വാഴ്‌ച്ച 13.40 മാത്രമായിരുന്ന റിയാലിന്‍െറ മൂല്യം ഇന്നലെ മാത്രം 40 പൈസ കൂടി 13.80 കടന്നു. പുതിയ സാഹചര്യം ഗള്‍ഫില്‍ നിന്ന്‌ നാട്ടിലേക്ക്‌ പണമയക്കുന്നവര്‍ക്ക്‌ അനുകൂലമായിരിക്കും
റിയാലിന്‍െറ മൂല്യം മൂന്ന്‌ മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക