Image

സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ യു.എ.ഇ കപ്പല്‍ വിട്ടയച്ചു

റഹ്‌മാന്‍ എലങ്കമല്‍ Published on 19 April, 2012
സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ യു.എ.ഇ കപ്പല്‍ വിട്ടയച്ചു
ദുബൈ: ഫെബ്രുവരിയില്‍ ഒമാന്‍ തീരത്തു നിന്ന്‌ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ യു.എ.ഇ കപ്പല്‍ `എം.വി ലൈല' വിട്ടയച്ചു. ഇന്ത്യക്കാരടക്കം 15 ജീവനക്കാരുള്ള കപ്പല്‍ ഒമ്പത്‌ ആഴ്‌ചകള്‍ നീണ്ട നിരന്തര ചര്‍ച്ചകള്‍ക്കൊടുവിലാണ്‌ വിട്ടയക്കാന്‍ കടല്‍ക്കൊള്ളക്കാര്‍ തയാറായത്‌. കൊള്ളക്കാര്‍ വിട്ടയച്ച കപ്പല്‍ സോമാലിയന്‍ തീരത്തെ അവരുടെ നിയന്ത്രണ മേഖലക്ക്‌ പുറത്തേക്ക്‌ നീങ്ങിത്തുടങ്ങിയതായി പുട്‌ലാന്‍റ്‌ കടല്‍ ഗതാഗത, തുറമുഖ, ആന്‍റി പൈറസി മന്ത്രി സെയ്‌ദ്‌ മുഹമ്മദ്‌ റാഗിനെ ഉദ്ധരിച്ച്‌ സോമാലിയന്‍ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ജീവനക്കാര്‍ സുരക്ഷിതരാണെന്നും കപ്പലിലുണ്ടായിരുന്ന ചരക്കുകള്‍ക്ക്‌ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ കപ്പല്‍ വിട്ടയക്കാനുള്ള ഉപാധികള്‍ സംബന്ധിച്ച്‌ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

യു.എ.ഇയിലെ ഷിപ്പിങ്‌ കമ്പനിക്ക്‌ വേണ്ടി സര്‍വീസ്‌ നടത്തുന്ന പനാമ പതാക വഹിക്കുന്ന കപ്പല്‍ ഫെബ്രുവരിയില്‍ ഒമാനിലെ റാസ്‌ അല്‍ മദ്‌റഖയില്‍ നിന്ന്‌ 50 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച്‌ ഡസനിലേറെ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുക്കുകയായിരുന്നു. ഇതില്‍ ഇന്ത്യക്ക്‌ പുറമെ പാകിസ്‌താന്‍, സോമാലിയ എന്നിവടങ്ങളില്‍ നിന്നുള്ള ജീവനക്കാരാണുള്ളത്‌. സോമാലിലാന്‍റില്‍ നിന്നുള്ള പ്രമുഖ ബിസിനസുകാരുടെ ചരക്കുകളാണ്‌ കപ്പലില്‍ പ്രധാനമായി ഉണ്ടായിരുന്നത്‌. ഈ ചരക്കുകള്‍ വിട്ടുകിട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിസിനസുകാര്‍ പുട്‌ലാന്‍റ്‌ സര്‍ക്കാറിലും റാഞ്ചികളിലും ശക്തമായ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇതേ തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം ബര്‍ഗലില്‍ നിന്ന്‌ ഹാഫൂണിലേക്ക്‌ മാറ്റിയ കപ്പല്‍ കൊള്ളക്കാര്‍ നിരുപാധികം വിട്ടയക്കുകയായിരുന്നുവെന്നാണ്‌ സൂചന.

രണ്ട്‌ മില്യന്‍ ഡോളര്‍ മോചന ദ്രവ്യം വേണമെന്നാണ്‌ കഴിഞ്ഞയാഴ്‌ച വരെ കൊള്ളക്കാര്‍ ആവശ്യപ്പെട്ടിരുന്നത്‌. എന്നാല്‍ സോമാലിയയിലെ ചില മുതിര്‍ന്ന മത നേതാക്കള്‍ അടക്കമുള്ളവരുടെ ഇടപെടലിനെ തുടര്‍ന്ന്‌ 1,50,000 ഡോളര്‍ വാങ്ങിയാണ്‌ കപ്പല്‍ വിട്ടയച്ചതെന്നും പറയപ്പെടുന്നു. ദുബൈ ആസ്ഥാനമായ ന്യൂ പോര്‍ട്ട്‌ കാര്‍ഗോ ആന്‍ഡ്‌ ഷിപ്പിങ്‌ കമ്പനിക്ക്‌ വേണ്ടി സര്‍വീസ്‌ നടത്തുന്ന കപ്പല്‍ 1973ല്‍ നിര്‍മിച്ചതാണ്‌.
സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ യു.എ.ഇ കപ്പല്‍ വിട്ടയച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക