Image

യു എസ് പൗരന്‍മാര്‍ക്ക് യൂറോപ്പ് സന്ദര്‍ശിക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ അംഗീകാരപത്രം വേണം: നയംമാറ്റം 2021 മുതല്‍

Published on 10 March, 2019
യു എസ് പൗരന്‍മാര്‍ക്ക് യൂറോപ്പ് സന്ദര്‍ശിക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ അംഗീകാരപത്രം വേണം: നയംമാറ്റം 2021 മുതല്‍
വിസ ഫ്രീ പ്രവേശന ആനുകൂല്യം ലഭ്യമാകുന്ന അമേരിക്കന്‍ പൗരന്‍മാരടക്കമുള്ളവരെ ഉദ്ദേശിച്ച് യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സിസ്റ്റം അഥവാ (ETIAS) 2021 മുതല്‍ തുടക്കം കുറിക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ തീരുമാനം.

നയംമാറ്റത്തെകുറിച്ച് യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞവര്‍ഷം അറിയിച്ചിരുന്നു. ഷെന്‍ഗന്‍ ഏരിയയിലേക്ക് വിസ ഫ്രീ പ്രവേശന ആനുകൂല്യം ലഭ്യമാകുന്നവര്‍ക്ക് യാത്രയ്ക്ക് മുമ്പായി സ്‌ക്രീനിംഗും സെക്യൂരിറ്റി റിസ്‌കുകളും നിര്‍ദേശിക്കുന്നതാണിത്.

സുരക്ഷയും മൈഗ്രേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊഴിവാക്കുകയാണ് ഇതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.

26 യൂറോപ്യന്‍ രാജ്യങ്ങള്‍ ചേരുന്ന യൂറോപ്പിലെ ഷെന്‍ഗന്‍ ഏരിയ, രാജ്യങ്ങളെ വേര്‍തിരിക്കുന്ന മതിലുകളില്ലാത്ത പ്രദേശമാണ്. സ്പെയിന്‍, ഫ്രാന്‍സ്, ഗ്രീസ്, ജര്‍മനി, ഇറ്റലി, പോളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ക്കിടയില്‍ ജനങ്ങള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാവുന്ന ഇടമാണിവിടം.

നിലവില്‍ യാത്രാ അംഗീകാരങ്ങളുടെയൊന്നും ആവശ്യമില്ലാതെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് യൂറോപ്പില്‍ 90 ദിവസം വരെ യാത്രചെയ്യാം. എന്നാല്‍ ഷെന്‍ഗന്‍ ഏരിയ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പൗരന്‍മാര്‍ ഭാവിയില്‍ (ETIAS) ഓതറൈസേഷന്‍ നേടേണ്ടതുണ്ട്.

ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ച് സര്‍വീസ് ചാര്‍ജായ 7 യൂറോ ഓണ്‍ലൈനായി അടയ്ക്കണം. ഓതറൈസേഷന് മൂന്നുവര്‍ഷത്തെ അംഗീകാരമുണ്ട്.

ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ പൂരിപ്പിക്കാന്‍ പത്തുമിനിറ്റ് പോലും ആവശ്യമില്ല. 95ശതമാനം കേസുകളിലും ഓട്ടോമാറ്റിക് അംഗീകാരം ലഭിക്കുമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ സ്റ്റേറ്റ്മെന്റില്‍ പറഞ്ഞു.

ഇലക്ട്രോണിക് സിസ്റ്റം ഫോര്‍ ട്രാവല്‍ ഓതറൈസേഷന്‍ ESTA എന്നപേരില്‍ അമേരിക്കയിലും ഇതേ സിസ്റ്റമുണ്ട്. യൂറോപ്യന്‍ യൂണിയന്റെ ആഭ്യന്തര സുരക്ഷിതത്വം ഉറപ്പിക്കാനും ബാഹ്യബോര്‍ഡറുകളുടെ ശരിയായ മാനേജ്മെന്റ് ഉറപ്പാക്കാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിതെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് പറഞ്ഞു.

തങ്ങളുടെ രാജ്യത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിന് ഓരോ രാജ്യത്തിനും അവകാശങ്ങളുണ്ട്. (ETIAS) ഓതറൈസേഷന്‍ എന്നത് വിസ അല്ല. 2021 ആകുമ്പോഴേക്കും ബ്രസീല്‍, കാനഡ, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍, ഇസ്രയേല്‍, മൗറിഷ്യസ് തുടങ്ങി 60 ലധികം രാജ്യങ്ങള്‍ക്ക് ഷെന്‍ഗന്‍ ഏരിയയില്‍ പ്രവേശിക്കണമെങ്കില്‍ (ETIAS) ഓതറൈസേഷന്‍ ആവശ്യമാണ്.

ETIAS ജൂലൈയില്‍ നടപ്പാക്കുമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് തീരുമാനിച്ചതായി മൈഗ്രേഷന്‍, ഹോം അഫയേഴ്സ്, സിറ്റിസണ്‍ഷിപ്പ് വകുപ്പുകളുടെ ചുമതലയുള്ള യൂറോപ്യന്‍ കമ്മിഷണര്‍ ഡിമിട്രിസ് അവ്റാമോപൗലോസ് പറഞ്ഞു. ഈ സംവിധാനത്തിലൂടെ മൈഗ്രേറ്ററി, സെക്യൂരിറ്റി റിസ്‌കിലുള്ളവര്‍ യൂറോപ്പിന്റെ അതിര്‍ത്തി കടക്കുംമുമ്പ് തന്നെ അവരെ തിരിച്ചറിയാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക