Image

ത്രില്ലടിപ്പിക്കും ഗാംബിനോസ്‌

Published on 10 March, 2019
 ത്രില്ലടിപ്പിക്കും ഗാംബിനോസ്‌
സംവിധായകനായ ഗിരീഷ്‌ പണിക്കരുടെ ഗാംബിനോസ്‌#ില്‍ -സ്‌റ്റോറി ഓഫ്‌ ക്രൈം ഫാമിലി എന്ന ടാഗ്‌ ലൈനുമായി എത്തുന്ന ചിത്രം മലയാളത്തിലെ പുതുമയാര്‍ന്ന ഒരു ചിത്രമാണ്‌.

ചിത്രത്തിന്റെ ടൈറ്റില്‍ കേള്‍ക്കുമ്പോള്‍ തന്നെ തോന്നുന്ന പുതുമ കഥയ്‌ക്കുമുണ്ട്‌. ഒരു വിദേശ ക്രൈം സ്റ്റോറിയുടെ സാദ്യശ്യം കഥയ്‌ക്കോ കഥാപാത്രങ്ങള്‍ക്കോ തോന്നുകയും ചെയ്യാം. 

കൊല്ലും കൊലയും നിത്യസംഭവങ്ങളായിരുന്ന വീട്ടിലെ അംഗങ്ങള്‍ കൊല്ലപ്പെടുന്നതു പോലും നിസംഗതയോടെ നോക്കിക്കണ്ടിരുന്ന അങ്ങേയറ്റം ക്രിമിന്‍ പശ്ചാത്തലമുള്ള ഒരു കുടുംബം മലബാറിലുണ്ടായിരുന്നു. അവരുടെ കുടുംബകഥയില്‍ നിന്നുമാണ്‌ ഗാംബിനോസിന്റെ ജനനം.

കഥയില്‍ ഗാംബിനോസ്‌ കുടുംബത്തില്‍ നാല്‌ ആണ്‍മക്കളും ഒരേയൊരു സഹോദരിയും മാത്രമാണുള്ളത്‌. വീട്ടിലെ ഏറ്റവും വലിയ ക്രിമിനലായിരുന്ന പിതാവായി അന്തരിച്ച രാജന്‍.പി.ദേവിന്റെ ഫോട്ടോ പൂമാലയിട്ട്‌ കാണിക്കുന്നുണ്ട്‌.

അയാളുടെ ഭാര്യ, ഭര്‍ത്താവിന്റെ ഏതു ക്രിമിനല്‍ കുറ്റത്തിനും അത്‌ മയക്കുമരുന്നു കച്ചവടമോ കൊലയോ ആകട്ടെ പൂര്‍ണ പിന്തുണ നല്‍കി കൂടെ ഉറച്ചു നിന്നിരുന്ന മമ്മ(രാധിക)ഇന്ന്‌ ആണ്‍മക്കള്‍ക്കൊപ്പവും അതേ നിലപാട്‌ സ്വീകരിച്ചു തന്നെയാണ്‌ ജീവിക്കുന്നത്‌.

തെറ്റു ചെയ്യുന്ന മക്കളെ തിരുത്തുന്നില്ല എന്നതു മാത്രമല്ല, അവര്‍ക്ക്‌ സര്‍വ സ്വാതന്ത്ര്യവും പിന്തുണയും ധൈര്യവും നല്‍കുന്നുമുണ്ട്‌. 

ഏക മകള്‍ അന്യ മതസ്ഥനെ പ്രണയിച്ച്‌ വിവാഹം കഴിച്ചുപോയതോടെ അവളുമായി വലിയ ബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ അവള്‍ കാന്‍സര്‍ വന്നു മരിക്കുകയാണ്‌. അവളുടെ മകന്‍ മുസ്‌തഫ ഗാംബിനോസ്‌ തറവാട്ടിലേക്ക്‌ വരുന്നതു മുതലാണ്‌ കഥയാരംഭിക്കുന്നത്‌.

അപ്പന്റെ പ്രതാപകാലത്ത്‌ മയക്കുമരുന്നും കഞ്ചാവു വില്‍പനയും കള്ളക്കടത്തുമെല്ലാം യഥേഷ്‌ടമുണ്ടായിരുന്നു. പണവും അതു പോലെ സമ്പാദിച്ചു. പക്ഷേ എല്ലാം തകര്‍ന്ന നിലയില്‍ ആ കടങ്ങള്‍ മുഴുവന്‍ വീട്ടിയത്‌ മൂത്തമകനാണ്‌. പക്ഷേ രാജ്യദ്രോഹ കുറ്റം ചുമത്തിയിരിക്കുന്നതിനാല്‍ അയാള്‍ക്ക്‌ വീട്ടിലെത്താന്‍ കഴിയില്ല.

നിയമത്തിന്റെ കൈയ്യിലകപ്പെടുമെന്ന ഭിതിയില്‍ ഒളിച്ചും പാത്തുമാണ്‌ അയാള്‍ വീട്ടിലെത്തുക. ക്രിമിനല്‍ കുടുംബത്തിലെ മൂത്തമകന്‍ സമ്പത്ത്‌ രാജായി എത്തുന്നത്‌ ജോസാണ്‌. തന്റെ കഥാപാത്രത്തോട്‌ നൂറു ശതമാനം നീതി പുലര്‍ത്താന്‍ അദ്ദേഹത്തിനു സാധിച്ചു. 

ഈ ചിത്രത്തില്‍ നായകനായി എത്തുന്നത്‌ സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്‌ണു വിനയനാണ്‌. അമ്മാവന്‍മാരുമായി ചേര്‍ന്നു കൊണ്ട്‌ അവരുടെ തന്നെ പാതയിലൂടെയാണ്‌ മുസ്‌തഫയും മുന്നോട്ടു പോകുന്നത്‌. എന്നാല്‍ പല കൃത്യങ്ങളും ചെയ്യേണ്ടി വരുന്നത്‌ അവരുടെ നിര്‍ബന്ധം കൊണ്ടാണെന്നു മാത്രം.

അവരുടെ ചെയ്‌തികളില്‍ പലതിലും അവനേ അതൃപ്‌തിയുണ്ടെങ്കിലും പുറമേ പ്രകടമാക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌. എന്നാല്‍ അവനതിന്‌ വലിയ വില കൊടുക്കേണ്ടി വന്നു.

മുസ്‌തഫയ്‌ക്ക്‌ ഒരു കാമുകിയുണ്ട്‌. (നീരജ).ജീവനു തുല്യം സ്‌നേഹിച്ച കാമുകിയുടെ ജീവന്‍ നഷ്‌ടപ്പെടുമ്പോഴാണ്‌ തന്റെ ക്രിമിനല്‍ ജീവിതത്തിനു മേലുണ്ടായ ആഘാതം അവന്‍ തിരിച്ചറിയുന്നത്‌.

ഇതോടെ തന്നെ കുറ്റകൃത്യങ്ങളിലേക്‌ നയിച്ച മാതൃസഹോദരന്‍മാരോട്‌ പ്രതികാരത്തിനായി ഇറങ്ങി തിരിക്കുകയാണ്‌ മുസ്‌തഫ. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ്‌ ചിത്രം പറയുന്നത്‌. 

തുടക്കം മുതല്‍ തന്നെ ഏതാണ്ട്‌ ത്രില്ലിങ്ങ്‌ മൂഡിലാണ്‌ കഥയുടെ സഞ്ചാരം. ആക്ഷനും അത്യാവശ്യം വയലന്‍സുമുള്ള ചിത്രം ഒരു ഘട്ടത്തിലും പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല.

ചിത്രത്തിലെ കാസ്റ്റിങ്ങാണ്‌ എടുത്തു പറയേണ്ടത്‌. മമ്മയായി എത്തുന്ന രാധിക തകര്‍ത്തഭിനയിച്ചിട്ടുണ്ട്‌. അധികാരത്തോടെ എല്ലാവരേയും നിയന്ത്രിക്കാന്‍ തക്ക കരുത്തുറ്റ വീട്ടമ്മയായി രാധിക കളം നിറഞ്ഞു. ശ്രീജിത്‌ രവിയും സിനോജ്‌ വര്‍ഗീസും മികച്ച പ്രകടനമാണ്‌ കാഴ്‌ച വച്ചിട്ടുള്ളത്‌. 

ക്രൈം എന്നത്‌ നിയമത്തിനു കീഴടങ്ങേണ്ടതു തന്നെയാണെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും കഞ്ചാവും മയക്കുമരുന്നും ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്‌തു കൊണ്ട്‌ തലമുറയെ തന്നെ ഇല്ലാതാക്കുന്നവര്‍ ഈ സമൂഹത്തില്‍ നിന്നും ഉന്‍മൂലനം ചെയ്യപ്പെടേണ്ടവരാണ്‌ എന്നതാണ്‌ ചിത്രം കാണിച്ചുതരുന്നത്‌.

രാജ്യത്തെ നിയമ സംവിധാനങ്ങളെ അംഗീകരിക്കുന്ന നിലപാട്‌ തന്നെയാണ്‌ സംവിധായകന്‍ സ്വീകരിക്കുന്നത്‌. ചോര ചിന്തുന്ന കഥകള്‍ പറയുമ്പോള്‍ അത്തരത്തില്‍ മികച്ചൊരു സന്ദേശം നല്‍കാന്‍ കഴിഞ്ഞതും അഭിനന്ദനാര്‍ഹമാണ്‌. 














Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക