Image

മഞ്ജു മണിക്കുട്ടന് നവയുഗത്തിന്റെ സ്വീകരണം മാര്‍ച്ച് 14ന്

Published on 10 March, 2019
മഞ്ജു മണിക്കുട്ടന് നവയുഗത്തിന്റെ സ്വീകരണം മാര്‍ച്ച് 14ന്
ദമ്മാം: 2018 ലെ 'നാരിശക്തി പുരസ്‌ക്കാര'ജേതാവായ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന് നവയുഗം കേന്ദ്രകമ്മിറ്റി സ്വീകരണം ഒരുക്കുന്നു. മാര്‍ച്ച് 14 വൈകുന്നേരം 7.30ന് ദമ്മാം ബദര്‍അല്‍റാബി ആഡിറ്റോറിയത്തില്‍ വെച്ചാണ് സ്വീകരണയോഗം നടത്തുന്നത്.

ഇന്ത്യയില്‍ വനിതകള്‍ക്ക് നല്‍കുന്ന ഏറ്റവും പരമോന്നതബഹുമതിയായ 'നാരി ശക്തി പുരസ്‌കാരം' , കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രാലയമാണ്, സൗദി അറേബ്യയയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ത്യക്കാരായ വനിതകള്‍ക്കും, വീട്ടുജോലിക്കാരികള്‍ക്കും വേണ്ടി നടത്തിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ പരിഗണിച്ച്, നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും, ജീവകാരുണ്യപ്രവര്‍ത്തകയുമായ മഞ്ജു മണിക്കുട്ടന് നല്‍കിയത്.
അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8ന്, രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ വെച്ച്, ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് ഗോവിന്ദിന്റെ കൈയ്യില്‍ നിന്നും മഞ്ജു മണിക്കുട്ടന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
സര്‍ട്ടിഫിക്കറ്റും ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.

നവയുഗം സംഘടിപ്പിയ്ക്കുന്ന സ്വീകരണചടങ്ങില്‍, നവയുഗം പ്രവര്‍ത്തകരും, കുടുംബങ്ങള്‍ക്കുമൊപ്പം, സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ വിവിധ പ്രവാസസംഘടന പ്രതിനിധികളും, സാമൂഹിക, സാംസ്‌ക്കാരിക, സാഹിത്യ, ജീവകാരുണ്യരംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. നവയുഗം കലാകാരന്മാര്‍ അവതരിപ്പിയ്ക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.

എല്ലാ പ്രവാസികളെയും ഈ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി, നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹനും, ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് കാര്യറയും പത്രക്കുറിപ്പിലൂടെ അറിയിച്ചു.
മഞ്ജു മണിക്കുട്ടന് നവയുഗത്തിന്റെ സ്വീകരണം മാര്‍ച്ച് 14ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക