Image

ഈ കുതിരയെ രാഹുലും സംഘവും പിടിച്ചു കെട്ടുമോ ?

സ്വന്തം ലേഖകന്‍ Published on 09 March, 2019
ഈ കുതിരയെ  രാഹുലും സംഘവും പിടിച്ചു കെട്ടുമോ ?
തെരഞ്ഞെടുപ്പിന്  കളം ഒരുങ്ങി .ഇനി തീയതി പ്രഖ്യാപിക്കുകയെ വേണ്ടു.ബാക്കി ഒരുക്കങ്ങളെല്ലാം തുടങ്ങി.എല്ലാ കണ്ണുകളും ഇന്ദ്രപ്രസ്ഥത്തിലേക്ക് നോക്കുമ്പോള്‍ ഒരു ചോദ്യം തന്നെ മുന്നില്‍  ബി.ജെ.പിയുടെ യാഗാശ്വത്തെ  രാഹുലും സംഘവും പിടിച്ചു കെട്ടുമോ ?  ശക്തമായ  തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് ഇന്ത്യ   പോകുമ്പോള്‍ രാഷ്ട്രീയ തലത്തിലെല്ലാം ആലോചനയും ചിന്തയും   ഈ ഒറ്റക്കാര്യം തന്നെയാണ് .മോഡി വീഴുമോ ?അമിത്ഷാ പത്തി താഴ്ത്തുമോ /അതിനായി സി.പി.എമ്മിന് പോലും കേരളത്തിന് പുറത്ത് കോണ്‍ഗ്രസ്സിന് കൈക്കെടുക്കേണ്ടി വന്നിരിക്കുകയാണ്. ബംഗാളില്‍ പരസ്പരം പോരടിച്ചാലും കേന്ദ്രത്തില്‍ ബി.ജെ.പിക്ക്  എതിരെ ഉണ്ടാകുമെന്ന് മമത ബാനര്‍ജിയും  ഉറപ്പു നല്‍കുന്നു. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുന്നതിനെതിരെ ആവനാഴിയിലെ സകല ആയുധങ്ങളും ഉപയോഗിച്ചാണ്  പ്രതിപക്ഷത്തിന്റെ പോരാട്ടം. ഇത്തവണ മോദിയെ താഴെ ഇറക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇനി ഒരിക്കലും സാധ്യമാകില്ലെന്ന തിരിച്ചറിവിലാണ് അണിയറയിലെ കരുനീക്കങ്ങള്‍.തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുതക്ക് ഇടമില്ലെന്ന് യു.പിയില്‍ കൂട്ട് ചേര്‍ന്നതിലൂടെ എസ്.പിയും ബി.എസ്.പിയും തെളിയിച്ചു കഴിഞ്ഞു.

ബി.ജെ.പി വീണ്ടും കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ രാജ്യം ഏകാധിപത്യ ഭരണത്തിലേക്ക് പോകുമെന്നതാണ് പ്രതിപക്ഷത്തിന്റെ ഭയം. സംഘര്‍ഷ ‘സാഹചര്യമുണ്ടാക്കി’ ബംഗാള്‍, കേരള സര്‍ക്കാറുകളെ പിരിച്ചുവിടാനുള്ള സാധ്യതയും കൂടുതലാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സും സി.പി.എമ്മും കരുതുന്നു.

സി.ബി.ഐ  ഉദ്യോഗസ്ഥരെ അറസ്റ്റ്  ചെയ്യാന്‍ മമത ഭരണകൂടം കാണിച്ച  ചങ്കൂറ്റത്തിന് സി.ബി.ഐയെ കൊണ്ട്  തന്നെ മറുപടി നല്‍കിക്കാനാണ് ബി ജെ പി നീക്കം.  വീണ്ടും ഒരവസരം മോദിക്ക് ലഭിച്ചാല്‍ യഥാര്‍ത്ഥ ‘കളി’ കാണാമെന്നാണ് ബംഗാളിലെ ബി.ജെ.പി നേതാക്കള്‍ തന്നെ നല്‍കുന്ന മുന്നറിയിപ്പ്. ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ കേന്ദ്രത്തിന് കൂടുതല്‍ അധികാരവും, സി.ബി.ഐയുടെ അധികാര പരിധിയില്‍ വന്‍ പൊളിച്ചെഴുത്തും ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ കൊണ്ടുവരും. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ സൂചിപ്പിച്ചു കഴിഞ്ഞു.  പ്രതിപക്ഷ പാര്‍ട്ടികളെ സംബന്ധിച്ച് ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണിത്. ആന്ധ്രയിലും ബംഗാളിലും സംസ്ഥാന സര്‍ക്കാര്‍ അനുമതി ഇല്ലാതെ സി.ബി.ഐ അന്വഷണം നടത്താന്‍ പാടില്ലെന്ന നിയമം സംസ്ഥാന സര്‍ക്കാരുകള്‍ കൊണ്ടു വന്നിരുന്നു. ഈ നിയമം ലംഘിച്ചാണ്  ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ അറസ്റ്റു ചെയ്യാന്‍ സി.ബി.ഐ ശ്രമിച്ചതെന്നാണ് ബംഗാള്‍ സര്‍ക്കാറിന്റെ വാദം. എന്നാല്‍ സുപ്രീം കോടതി ഉത്തരവിട്ട അന്വേഷണത്തില്‍ ഈ നിയമം ബാധകമല്ലെന്ന നിലപാടാണ് സി.ബി.ഐ സ്വീകരിച്ചത്. അത് തന്നെ ആയിരുന്നു ശരിയും. കേന്ദ്രത്തില്‍ മോദി ഭരണത്തിന് തുടര്‍ച്ച ഉണ്ടായാല്‍ ഇനി ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ മമത ഭരണകൂടം തന്നെ പ്രതിക്കൂട്ടിലാകാനാണ് സാധ്യത. മമതയെ പ്രതിപക്ഷ സഖ്യത്തിന് പ്രേരിപ്പിക്കുന്നതിന് പിന്നിലും ഈ ഭയമാണ്.വിശാല സഖ്യത്തെ കൂടെ നിര്‍ത്തി ബംഗാളിലും ഡല്‍ഹിയിലും എല്ലാം പ്രതിപക്ഷ നേതാക്കളുടെ വന്‍ റാലി നടന്നു കഴിഞ്ഞു.

ബംഗാളില്‍  സി.പി.എം ഒഴികെയുള്ള  പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ് റാലിയില്‍ പങ്കെടുത്തിരുന്നത്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി ആയിരുന്നു പ്രധാന സംഘാടകര്‍.ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യം പറയുമ്പോഴും സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് സഹായകരമാവുന്ന കാര്യങ്ങളാണ് പ്രതിപക്ഷത്തിന്റെ നിലപാടുകളില്‍ നിന്നും സംഭവിക്കുന്നത്. ഇത് ബി.ജെ.പിയെ  സംബന്ധിച്ച് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്. ഏറ്റവും കൂടുതല്‍ ലോകസഭ അംഗങ്ങളെ സംഭാവന ചെയ്യുന്ന യു.പിയില്‍ എസ്.പിബി.എസ്.പി സഖ്യവും കോണ്‍ഗ്രസ്സും രണ്ടായി മത്സരിക്കുന്നത് പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കാനേ വഴി ഒരുക്കുകയൊള്ളൂ.  80 ലോകസഭ സീറ്റുകളുള്ള യു.പിയാണ് കേന്ദ്രത്തില്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത്.

കഴിഞ്ഞ  തവണ 80ല്‍ 71 സീറ്റും തൂത്ത് വാരിയത് ബി.ജെ.പിയാണ്. ഇത്തവണ തിരിച്ചടി ഭയന്ന കാവിപ്പടക്ക് കോണ്‍ഗ്രസ്സ് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചത് അപ്രതീക്ഷിത പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്.എസ്.പിബി.എസ്.പി സഖ്യം  സീറ്റുകള്‍ പങ്കിട്ടെടുത്തതിനാല്‍ ഇവിടെ ഇപ്പോള്‍ തന്നെ ഇരു പാര്‍ട്ടികളിലും റിബലുകളും സജീവമായി കഴിഞ്ഞു. ഈ അടിയൊഴുക്കുകളും യഥാര്‍ത്ഥത്തില്‍ ബി.ജെ.പിക്കാണ് സഹായകരമാവുക. പരസ്പരം ശത്രുത പുലര്‍ത്തുന്ന എസ്.പിബി.എസ്.പി പാര്‍ട്ടികളിലെ നല്ലൊരു വിഭാഗത്തിനും വിശാല സഖ്യത്തെ ഇതുവരെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. 42 ലോകസഭാംഗങ്ങളുള്ള ബംഗാളില്‍ മമതയുടെ തൃണമൂലിനാണ് മുന്‍തൂക്കമെങ്കിലും ഇവിടെ ബി.ജെ.പിയും ഇടതു പക്ഷവും കോണ്‍ഗ്രസ്സും നില മെച്ചപ്പെടുത്താനാണ് സാധ്യത. അങ്ങനെ സംഭവിച്ചാല്‍ അത് മമതയുടെ വിലപേശല്‍ രാഷ്ട്രീയത്തിനു തന്നെ വലിയ തിരിച്ചടിയാകും.

അതേസമയം,  യു.പി, മഹാരാഷ്ട്ര, കര്‍ണ്ണാടക, ഗുജറാത്ത്, ബീഹാര്‍, ഉത്തരാഖണ്ഡ്, ഹരിയാന, ഡല്‍ഹി, ഒറീസ തുടങ്ങി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വരെ നീളുന്നതാണ് എന്‍.ഡി.എയുടെ പ്രതീക്ഷ. മധ്യ പ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ്സിനെ ഞെട്ടിച്ച് വലിയ അട്ടിമറി വിജയം നേടുമെന്നും ബി.ജെ.പി അവകാശപ്പെടുന്നു.

ബംഗാളില്‍ മമതയെ വിറപ്പിക്കുന്ന മുന്നേറ്റമായിരിക്കും ഇത്തവണ നടത്തുകയെന്ന് പറയുന്ന ബി.ജെ.പി നേതൃത്വം കേരളത്തില്‍ പോലും അക്കൗണ്ട് തുറക്കുമെന്ന  പ്രതീക്ഷയിലാണ്.
പാക്ക് മണ്ണില്‍ കയറി ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ചങ്കുറപ്പിന് ഒരു വോട്ട് എന്നതാണ് ബി.ജെ.പിയുടെ പ്രധാന മുദ്രാവാക്യം. രാജ്യം വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ കരുത്തനായ ഒരു പ്രധാനമന്ത്രി അനിവാര്യമാണെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു. സാമ്പാറ് മുന്നണിയുടെ കയ്യില്‍ രാജ്യത്തിന്റെ ഭരണം അകപ്പെട്ടാല്‍ രാജ്യം തന്നെ അസ്ഥിരമാകുമെന്നാണ് മുന്നറിയിപ്പ്.

പാക്കിസ്ഥാനോട്  ഇതുവരെ കോണ്‍ഗ്രസ്സ് സര്‍ക്കാറുകള്‍ സ്വീകരിച്ച നിലപാടല്ല മോദി സര്‍ക്കാര്‍  സ്വീകരിക്കുന്നതെന്ന് തെളിയിച്ച് കഴിഞ്ഞതായും ബി.ജെ.പി ചൂണ്ടിക്കാട്ടുന്നത്. അതേസമയം, റഫേല്‍ ഇടപാട് മുന്‍നിര്‍ത്തിയാണ് പ്രധാനമായും പ്രതിപക്ഷം ബി.ജെ.പിയെ കടന്നാക്രമിക്കുന്നത്. നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആര് എന്ന ബി.ജെ.പിയുടെ ചോദ്യത്തിന് കോണ്‍ഗ്രസ്സിനു പോലും ഇപ്പോള്‍ കൃത്യമായി ഒരു മറുപടി ഇല്ല എന്നത് പ്രതിപക്ഷത്തെ സംബന്ധിച്ച് പ്രതിരോധത്തിലാക്കുന്ന ഘടകമാണ്.

39 ലോകസഭ  അംഗങ്ങളെ തിരഞ്ഞെടുക്കുന്ന  തമിഴ് നാട്ടില്‍ തകര്‍ന്നടിയുമെന്ന് കരുതിയ അണ്ണാ ഡി.എം.കെയെയും വിജയകാന്തിന്റെ ഡിഎംഡികെയെയും കൂട്ട് പിടിച്ച് ശക്തമായ മുന്നണി ഉണ്ടാക്കിയിരിക്കുകയാണിപ്പോള്‍ ബി.ജെ.പി. നിലവില്‍ തമിഴകത്ത് നിന്നും 37 ലോകസഭാംഗങ്ങളും അണ്ണാ ഡി.എം.കെ ക്കാരാണ്. ജയലളിതയുടെയും ഡി.എം.കെ നേതാവ് കരുണാനിധിയുടെയും മരണശേഷം നടക്കുന്ന ഈ തിരഞ്ഞെടുപ്പ് ഇരു ദ്രാവിഡ പാര്‍ട്ടികള്‍ക്കും നിര്‍ണ്ണായകമാണ്.ഇവിടെ ഡി.എം.കെ സഖ്യത്തിലാണ്  കോണ്‍ഗ്രസ്സും സി.പി.എമ്മും മുസ്ലീം ലീഗുമെന്ന പ്രത്യേകതയുമുണ്ട്.48 അംഗങ്ങളെ തിരഞ്ഞെടുക്കുന്ന മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്സ് – എന്‍.സി.പി സഖ്യത്തിനെതിരെ ഭിന്നതകള്‍ മാറ്റിവച്ച് വീണ്ടും ശിവസേന ബി.ജെ.പിയുമായി കൂട്ട് ചേര്‍ന്നാണ് മത്സരിക്കുന്നത്.

നിയമസഭ തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളും കേരള, കര്‍ണ്ണാടക, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ് നാട് സംസ്ഥാനങ്ങളിലുമാണ് യു.പി.എയുടെ പ്രധാന പ്രതീക്ഷ.  ഗുജറാത്തില്‍ പട്ടീദാര്‍ സമരനായകന്‍ ഹാര്‍ദിക്കിനെ മുന്‍ നിര്‍ത്തി നേട്ടം കൊയ്യാമെന്നും കോണ്‍ഗ്രസ്സ് നേതൃത്വം കരുതുന്നു.

തെലങ്കാനയിലും ആന്ധ്രയിലും  ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും ഏതാനും സീറ്റുകളില്‍ മാത്രമാണ്  പ്രതീക്ഷ. അതേസമയം, ഈ രണ്ട് സംസ്ഥാനങ്ങളിലും വന്‍ നേട്ടം കൊയ്യുമെന്ന് വിലയിരുത്ത പ്പെടുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സും ടി.ആര്‍.എസും കേന്ദ്രത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെ പിന്തുണക്കാനാണ് സാധ്യത. ഇരു പാര്‍ട്ടികള്‍ക്കും എന്‍.ഡി.എയും യു.പി.എയും കടുത്ത ശത്രുക്കളല്ല,  എങ്കിലും വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സും ടി.ആര്‍.എസും ഒടുവില്‍ ബി.ജെ.പി പാളയത്തിലെത്താനുള്ള സാധ്യതയാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്.അതിന് പ്രധാന കാരണം തെലങ്കാനയില്‍ ടി.ആര്‍.എസിനെ  സംബന്ധിച്ച് പ്രധാന എതിരാളി കോണ്‍ഗ്രസ്സ് ആണെങ്കില്‍ ആന്ധ്രയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് രൂപം എടുത്തത് തന്നെ കോണ്‍ഗ്രസ്സ് നേതൃത്വത്തോടുള്ള പകയില്‍ നിന്നാണ്. യു.പി.എ നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നതും ഈ യാഥാര്‍ത്ഥ്യങ്ങള്‍ തന്നെയാണ്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക