Image

തിരുവനന്തപുരം; ചങ്കിലെ ചങ്കിടിപ്പ്

Published on 09 March, 2019
തിരുവനന്തപുരം; ചങ്കിലെ ചങ്കിടിപ്പ്
കേരളത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടുവാന്‍ പോകുന്ന മണ്ഡലമാണ് തിരുവനന്തപുരം ലോകസഭാ മണ്ഡലം .കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ശശി തരൂരും,എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി സി ദിവാകാരനും  ബി ജെ പി സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരനും കൂടി വന്നതോടെ രാജ്യത്തിന്റെ ശ്രദ്ധ തിരുവനന്തപുരത്തേക്കു തിരിയുമെന്ന കാര്യത്തില്‍ സംശയമില്ല .അപ്രതീക്ഷിതമായി കിട്ടിയ ഗവര്‍ണ്ണര്‍ പദവി ഉപേക്ഷിച്ച് കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് വരുമ്പോള്‍ ചങ്കിടിക്കുന്നത് ഇടതു വലതു മുന്നണികള്‍ക്കാണ്. സന്യാസി  സമാനമായ ജീവിതം നയിക്കുന്ന കുമ്മനത്തിനെതിരെ എതിരാളികള്‍ക്ക്  പോലും ഒരു ആരോപണവും ഉയര്‍ത്താന്‍ കഴിയില്ല.

ഇടത് സ്ഥാനാര്‍ത്ഥി സി.ദിവാകരന്‍ പേയ്‌മെന്റ് സീറ്റ്  വിവാദത്തില്‍ സ്വന്തം പാര്‍ട്ടിയുടെ നടപടി നേരിട്ട നേതാവാണ്. സിറ്റിംഗ് എം.പി ശശി തരൂര്‍ ആകട്ടെ ഭാര്യ മരിച്ച സംഭവത്തില്‍ പ്രതിയുമാണ്. ഇവിടെയാണ് കുമ്മനം വ്യത്യസ്തനാകുന്നത്. രാഷ്ട്രീയപരമായി കുമ്മനം രാജശേഖരനെ ശക്തമായി എതിര്‍ക്കുന്നവര്‍ പോലും ഈ ലളിത ജീവിത മാതൃക അംഗീകരിച്ചു പോകും. ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകാന്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങിയ കുമ്മനത്തിനും മിസോറാം ഗവര്‍ണ്ണറാകാന്‍ തിരിച്ച കുമ്മനവും ഒരേ വേഷത്തിലായിരുന്നു. തിരിച്ച് ഇനി കേരളത്തിലെത്തുന്നതും ആ പഴയ കുമ്മനം തന്നെയായിരിക്കും.

മുഷിഞ്ഞ മുണ്ടും ഷര്‍ട്ടും ധരിച്ച് ഒരു തോള്‍ സഞ്ചിയുമായി വരുന്ന കുമ്മനം രാജശേഖരന്‍ ദേശീയ രാഷ്ട്രിയ കേന്ദ്രങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും വലിയ അത്ഭുതമാണ്.കേന്ദ്രത്തില്‍ അധികാരമുള്ള പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിക്കുമ്പോള്‍ പോലും ഒരു അഴിമതി ആരോപണവും കുമ്മനത്തിനു നേരെ ഉയര്‍ന്നിട്ടില്ല. മറ്റു പല ബി.ജെ.പി നേതാക്കള്‍ക്കും എതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു എന്ന് തിരിച്ചറിയുമ്പോഴാണ് കുമ്മനത്തിന്റെ മാഹാത്മ്യം വ്യക്തമാകുന്നത്. മിസോറാം ഗവര്‍ണ്ണറായി നിയോഗിക്കപ്പെട്ട കുമ്മനം രാജശേഖരനെതിരെ പ്രതിഷേധം ഉയര്‍ത്തിയ മിസോറാമിലെ െ്രെകസ്തവ സംഘടനകള്‍ അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ നിന്നും പിന്‍മാറിയത് കുമ്മനത്തിന്റെ എളിമയും ലാളിത്യവും തിരിച്ചറിഞ്ഞത് കൊണ്ടു കൂടിയാണ്.

ഗവര്‍ണ്ണറുടെ ആഢംബര വസതി വേണ്ടന്ന് വാശി പിടിച്ച കുമ്മനത്തെ കണ്ണുരുട്ടിയാണ് ബി.ജെ.പി ആര്‍.എസ്.എസ് നേതൃത്വങ്ങള്‍ അനുനയിപ്പിച്ചിരുന്നത്. മിസോറാം തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ കുമ്മനത്തെ കേരളത്തില്‍ നിയോഗിക്കാന്‍ ആര്‍.എസ്.എസ് സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു. തിരുവനന്തപുരത്ത് കുമ്മനത്തെ നിര്‍ത്തി വിജയിപ്പിച്ച് കേന്ദ്ര മന്ത്രിയാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഇത്. ശബരിമല വിഷയത്തില്‍ ശരിയായ ദിശയില്‍ സമരം നയിക്കാന്‍ കുമ്മനം ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍ കഴിയുമായിരുന്നു എന്ന് തന്നെയാണ് ബി.ജെ.പി ആര്‍.എസ്.എസ് നേതൃത്വം വിലയിരുത്തിയിരുന്നത്.കുമ്മനം സ്ഥാനാര്‍ത്ഥിയായകുന്നതോടെ കോണ്‍ഗ്രസ്സുമായി നേരിട്ട് ഏറ്റുമുട്ടല്‍ നടക്കുന്ന അവസ്ഥയിലേക്ക് തിരുവനന്തപുരം മണ്ഡലം മാറും. ഇത് ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. 2014ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ 297,806 വോട്ട് നേടിയാണ് ശശി തരൂര്‍ വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പിയിലെ ഒ. രാജഗോപാലിന് 282,336.വോട്ട് ലഭിച്ചു. ഇടതു സ്ഥാനാര്‍ത്ഥി സി.പി.ഐയിലെ ബെന്നറ്റ് എബ്രഹാമിന് 248,941 വോട്ടാണ് ലഭിച്ചിരുന്നത്. ഇതിനു ശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍പ്പെട്ട നേമത്ത് അട്ടിമറി വിജയം നേടാന്‍ കഴിഞ്ഞത് ബി.ജെ.പിയുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്.

സുനന്ദ പുഷ്ക്കറിന്റെ മരണം വീണ്ടും വിവാദമാക്കി ശശി തരൂരിനെ പ്രതിരോധത്തിലാക്കാനും അണിയറയില്‍ നീക്കമുണ്ട്. ബി.ജെ.പി കേന്ദ്ര നേതൃത്വം കേരളത്തില്‍ ഏറ്റവും വിജയ സാധ്യത പുലര്‍ത്തുന്ന മണ്ഡലമാണ് തിരുവനന്തപുരം. കുമ്മനം വിജയിച്ചാല്‍ കേരളം പിടിച്ച പ്രതീതി ഉണ്ടാകുമെന്ന കണക്ക് കൂട്ടലിലാണ് നേതൃത്വം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക