Image

എം .പി അനില്‍കുമാര്‍ പ്രചോദനത്തിന്റെ വെള്ളി വെളിച്ചം (ഗംഗ ദേവി. ബി)

Published on 08 March, 2019
എം .പി അനില്‍കുമാര്‍ പ്രചോദനത്തിന്റെ വെള്ളി വെളിച്ചം (ഗംഗ ദേവി. ബി)
ചിലപ്പോള്‍ മനസ്സ് ഒന്നിലും കേന്ദ്രീകരിക്കാതെ പാറി നടക്കുമ്പോള്‍ അതിനെ ഒന്ന് പിടിച്ചുകെട്ടാന്‍ എന്തെങ്കിലും ഒറ്റമൂലി പ്രയോഗം നടത്തേണ്ടതായി വരും .

ഇന്നങ്ങിനെ കടിഞ്ഞാണില്ലാതെ പായുന്ന മനസ്സിനെ പിടിച്ചുകെട്ടാനാണ് യശശ്ശരീരനായ യുദ്ധ വൈമാനികന്‍ എം പി അനില്‍ കുമാര്‍ എഴുതിയ ഫോക്കസ് എന്ന ലേഖനത്തെ മലയാളികരിച്ച് കുട്ടികള്‍ക്ക് വേണ്ടി കുറച്ച് കാലം മുമ്പ് മനോരമയില്‍ ഞാനെഴുതിയ ലേഖനത്തില്‍ കണ്ണും മനസ്സും ഉടക്കിപ്പിച്ചത് .

ഫോക്കസിലൂടെ മാത്രമല്ല എത്രയോ വിജ്ഞാനപ്രദമായ ലേഖനങ്ങളിലൂടെയാണ്
എം പി ജനമനസ്സുകള്‍ കീഴടക്കിയത് . യുദ്ധ വൈമാനികനായി അധിക നാള്‍ പറന്നു നടക്കാന്‍ അദ്ദേഹത്തിന് ആയില്ല , ഒരു ചെറിയ അപകടത്തിലൂടെ ശയ്യാവലംബിയായ ഭാരത വായുസേനയുടെ യുദ്ധ വൈമാനികന്‍ അസാമാന്യ ധിഷണയും സ്ഥിരോത്സാഹവും കൊണ്ട് ജനതതിയെ പ്രചോദിതരാക്കി .

കടിച്ച് പിടിച്ച കമ്പു കൊണ്ട് കമ്പ്യൂട്ടര്‍ കീ ബോര്‍ഡ് ചലിപ്പിച്ച് അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ എത്ര ഉള്‍ക്കാഴ്ച ഉള്ളവയായിരുന്നു . ശാസ്ത്രവും , നയതന്ത്രവും സ്‌പോര്‍ട്ട്‌സും സാഹിത്യവും പ്രതിരോധ വിഷയങ്ങളുമെല്ലാം അദ്ദേഹത്തിന്റെ രചനാ വിഷയങ്ങളായി .

"എയര്‍ ബോണ്‍ ടു ചെയര്‍ ബോണ്‍ " എന്ന ആ ജീവിത കഥ പഠിച്ച സ്ക്കൂള്‍ കുട്ടികള്‍ക്ക് ഒരു റോള്‍ മോഡലായി മാറിയ അദ്ദേഹം വലിയവര്‍ക്കും അങ്ങിനെ തന്നെ . കടിച്ച് പിടിച്ച പേന കൊണ്ട് എഴുതിയ ആ ലേഖനത്തിന്റെ അക്ഷരങ്ങള്‍ ആരേയും മോഹിപ്പിക്കുന്നതാണ് .

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഇത്രയും ആര്‍ജവത്തോടെ , നിശ്ചയ ദാര്‍ഢ്യത്തോടെ ജീവിതത്തെ നോക്കി കണ്ട ഒരു സൈനികന്‍ അപൂര്‍വത്തില്‍ അപൂര്‍വം .

നമ്മുടെ ചരിത്രത്തില്‍ ഇടം നേടിയ സൈനികരെല്ലാം തന്നെ യുദ്ധമുഖത്തെ വീരകഥകളിലൂടെയാണല്ലോ നേട്ടങ്ങള്‍ കൊയ്തത് . യുദ്ധം ചെയ്തല്ലാതെ ജീവിതത്തോട് പട പൊരുതിയാണ് അദ്ദേഹം വിവിധ സേനാ വിഭാഗങ്ങളുടെ ഉന്നത മെഡലുകള്‍ക്ക് അര്‍ഹനായത് , കൂടാതെ ജനഹൃദയങ്ങളില്‍ ഇടം നേടിയതും .

പൂനയിലെ സൈനികരുടെ പുനരധിവാസ കേന്ദ്രത്തില്‍ 26 വര്‍ഷം സ്വന്തം മുറിയെ ഭൂലോകമാക്കി , ഈ ലോക സ്പന്ദനങ്ങള്‍ ഒന്നുപോലും നഷ്ടപ്പെടുത്താതെ പോരാട്ട വീര്യത്തോടെ ആ ജീവിതം സധൈര്യം മുന്നേറി . ലോകത്തിന്റെ വിവിധ കോണുകളിലേക്ക് ആ കമ്പ്യൂട്ടറില്‍ നിന്നും മെയിലുകള്‍ പറന്നു , ലേഖനങ്ങളായും സൗഹൃദ സന്ദേശങ്ങളായും .

ആ പോരാട്ട നായകനെ കാണാന്‍ മാത്രമല്ല അദ്ദേഹത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ജീവിതത്തെ കരുപിടിപ്പിക്കാനും കൂടിവേണ്ടി പൂനയിലെ ആ മുറിയിലേക്ക് കുട്ടികളും വലിയവരും ഒരുപോലെ ഒഴുകി .

അദ്ദേഹത്തിന്റെ പല ലേഖനങ്ങളും വായിച്ച് പാക്കിസ്ഥാന്‍ അദ്ദേഹത്തെ ഞഅണയുടെ ചാരനെന്ന സംശയ കണ്ണോടെയാണ് വീക്ഷിച്ചത് . മരണാനന്തരം അദ്ദേഹത്തിന്റെ ധിഷണയേയും നിശ്ചയ ദാര്‍ഢ്യത്തേയും അവര്‍ എന്നും വാഴ്ത്തിയിരുന്നു എന്ന് എഴുതിയത് വായിച്ചതായി ഓര്‍ക്കുന്നു ലോകത്തിലെ പല നയതന്ത്ര വിദഗ്ദ്ധരും അദ്ദേഹത്തെ വായിച്ചിരുന്നു , ആ അഭിപ്രായങ്ങള്‍ പലയിടങ്ങളിലും ചര്‍ച്ചാ വിഷയങ്ങളും ആയിട്ടുമുണ്ട് .

തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് സ്വദേശിയായ ഇദ്ദേഹം മലയാളി മനസ്സുകളേക്കാളേറെ മറ്റു ജന മനസ്സുകളിലാണ് ഇടം പിടിച്ചിരുന്നത് എന്ന് തോന്നുന്നു . മഹാരാഷ്ട്ര സര്‍ക്കാര്‍ അവരുടെ പത്താം തരം ഇംഗ്ലീഷ് പാഠ പുസ്തകത്തില്‍ ഈ ജീവിത കഥ " എയര്‍ ബോണ്‍ ടു ചെയര്‍ ബോണ്‍" ഉള്‍പ്പെടുത്തിയിരുന്നു . ഇആടഋ ഈ ലേഖനം ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞിരുന്നു , പിന്നീട് എന്ത് സംഭവിച്ചുവോ ?

2014 മേയ് 20നാണ് അദ്ദേഹം നമ്മെ വിട്ടു പോയത് . വ്യോമസേനയുടെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ആ ഭൗതിക ശരീരം പൂനയില്‍ സംസ്കരിച്ചപ്പോള്‍ എവിടെ നിന്നെല്ലാമാണ് ജനങ്ങള്‍ വന്നെത്തിയത് അന്തിമോപചാരമര്‍പ്പിക്കാന്‍ .

ഒരു മോട്ടിവേറ്റര്‍ എന്ന നിലയില്‍ കുട്ടികളുടെ റോള്‍ മോഡലായിരുന്നല്ലോ ഈ ചക്രക്കസേരയിലെ പോരാളി .

കൂടെ പഠിച്ച കഴക്കൂട്ടം സൈനിക സ്ക്കൂള്‍ സഹപാഠികള്‍ ആ സ്കൂളില്‍ അനിലിന്റെ സ്മരണാര്‍ത്ഥം ഒരു മോട്ടിവേഷന്‍ ഹാള്‍ രൂപ കല്പന ചെയ്തിട്ടുണ്ട് . "ടേണിങ്ങ് പോയിന്റ് " എന്ന് നാമകരണം ചെയ്യപ്പെട്ട അവിടെ പൂനായില്‍ രണ്ട് ദശാബ്ദത്തിലേറെ ചിലവഴിച്ച മുറിയുടെ പുനരാവിഷ്ക്കാരമാണ് നടത്തിയിരിക്കുന്നത് . പ്രത്യേക തരത്തില്‍ രൂപകല്പന ചെയ്ത കമ്പ്യൂട്ടറും വീല്‍ ചെയറും പുസ്തക ശേഖരവും മെഡലുകളുമെല്ലാം അവിടെ വളരെ ഭംഗിയായി വച്ചിരിക്കുന്നു . ആരു കണ്ടാലും ഒരു നിമിഷം ഒന്ന് മൗനമാകുന്ന ഒരു പുനരാവിഷ്ക്കാരം .

പൂനായില്‍ നിന്നും കഴക്കൂട്ടം സൈനിക സ്കൂളിലേക്ക് പാഴ്‌സല്‍സേവനദാതാക്കള്‍ ആ മുറിയിലെ സാധനങ്ങള്‍ പ്രതിഫലം ഈടാക്കാതെ എത്തിച്ചു എന്നത് സ്മരണീയമാണ് .

സൈനിക സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തന്നെ മറ്റു സ്ക്കൂളുകള്‍ക്കും അതുപോലെ തന്നെ പൊതുജനത്തിനും ഈ കാഴ്ച അനുഭവവേദ്യമാക്കേണ്ടതാണ് . അതിനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ആശിച്ചോട്ടെ .

സൈനിക സ്ക്കൂള്‍ കൂട്ടുകാര്‍ ചേര്‍ന്ന് അനില്‍ ജീവിച്ചിരുന്നപ്പോള്‍ ഒരു ഡോക്കുമെന്ററിയും തയ്യാറാക്കിയിരുന്നു " ആന്‍ഡ് ദ ഫൈറ്റ് ഗോസ് ഓണ്‍ " എന്ന പേരില്‍ . അദ്ദേഹത്തെ കൂടുതല്‍ അറിയുവാനും പരിമിതികളെ പിന്‍തള്ളി പറന്നുയര്‍ന്ന ആ മനോധൈര്യത്തെ പകര്‍ത്തുവാനും ഇത് ധാരാളം പേരെ സഹായിച്ചിട്ടുണ്ട് .

ആ ഇതിഹാസ ജീവിതം പുസ്തക രൂപത്തിലും ലഭ്യമാണ് . "ബോണ്‍ ടു ഫ്‌ലൈ " എന്ന ആ പുസ്തകത്തിന്റെ പിന്നിലും ഒരു സഹപാഠിയാണ് , എയര്‍ കമ്മഡോര്‍ നിതിന്‍ സാഥെ .

വെള്ളിത്തിരയിലും ആ പ്രചോദിത ജീവിതം കാണാനുള്ള ആഗ്രഹത്തിലാണ് സുഹൃത്തുക്കള്‍ . ബോളിവുഡിലും മോളിവുഡിലും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി കേട്ടിരുന്നു . ഈ ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായി നടന്ന് ഫലവത്തായാല്‍ അതില്‍ പരം ആഹ്ലാദം മറ്റൊന്നില്ല . ഭാരതത്തിന്റെ സ്റ്റീഫന്‍ ഹാക്കിങ്ങ്‌സ് എത്രയും പെട്ടെന്ന് തിരശ്ശീലയിലൂടെ നമുക്ക് മുന്നില്‍ എത്തട്ടെ എന്ന് ആശംസിക്കാം കാരണം ഇത്തരം ജീവിത വിജയങ്ങള്‍ ചെറിയ വ്യത്തത്തില്‍ ഒതുങ്ങിയാല്‍ പോര .

രാജ്യ സ്‌നേഹം കൂടുതലും പ്രസംഗങ്ങളില്‍ ഒതുങ്ങുമ്പോള്‍ നാം ഒന്നു ചിന്തിക്കണം ഒരു സൈനികന്റെ ജീവിതം യുദ്ധത്തിന് വേണ്ടിയോ അതോ സമാധാനത്തിന് വേണ്ടിയോ ? ശ്രീ അനിലിനെ കടമെടുത്ത് പറയട്ടെ സൈനിക വിധവകളെയല്ല നാം ആഗ്രഹിക്കേണ്ടത് , സമാധാന പൂര്‍ണ്ണമായ ജീവിതം ഉറപ്പാക്കി നല്‍കുന്ന ഒരു സൈന്യമാണ് നമ്മുടെ ലക്ഷ്യം ആകേണ്ടത് .

ഇത്തരം മഹത് ജീവിതങ്ങളെ അടുത്ത് നിന്ന് കണ്ട് പ്രചോദിതരായാല്‍ മാത്രമേ രാജ്യസ്‌നേഹവും സൈനിക സേവനത്തിനുള്ള ത്വരയും നമ്മില്‍ സംജാതമാവുകയുള്ളു .

അതിനുള്ള പദ്ധതികളാണ് സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ കൈകോര്‍ത്ത് പ്രായോഗികമാക്കേണ്ടത് . ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രസംഗങ്ങളിലൂടെയും കയ്യടികളിലൂടേയും നമുക്ക് നേടി എടുക്കാനാവില്ല . രാജ്യതന്ത്രജ്ഞതയും കര്‍മ്മ കുശലതയും ആവണം അതിനുള്ള ഏണിപ്പടികള്‍ .

എം പി അനില്‍ കുമാറും അത് പോലെയുള്ള പോരാട്ട ജീവിതങ്ങളും നമ്മുടെ എല്ലാം ജീവിതത്തിലും വിളക്ക് മരങ്ങളായി വര്‍ത്തിക്കട്ടെ .

എം .പി അനില്‍കുമാര്‍ പ്രചോദനത്തിന്റെ വെള്ളി വെളിച്ചം (ഗംഗ ദേവി. ബി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക