Image

മധുര മാതളം (കവിത: ബിന്ദു ടിജി)

ബിന്ദു ടിജി Published on 08 March, 2019
മധുര മാതളം (കവിത: ബിന്ദു ടിജി)
'എന്റെ ജാലകത്തിനു കീഴില്‍ 

 ഒരു   മാതള നാരകം   നട്ടതില്‍ പിന്നെ 

ദിനം പ്രതി അതിന്റെ വളര്‍ച്ചയെ 

കണ്ണും നട്ടിരിക്കുക എന്ന വിപത്തിലേക്ക് 

ഞാന്‍ മെല്ലെ നടന്നു നീങ്ങുകയായിരുന്നു 

ഇന്നൊരു പടുകൂറ്റന്‍ 

മരമായത്  വളര്‍ന്നു കഴിഞ്ഞു 

 ഇടതൂര്‍ന്ന ഇലകള്‍ 

എന്റെ വായന മുറിയിലേക്കുള്ള 

വെട്ടം മറച്ചു കളയുന്നു 

നീളുന്ന ശാഖകള്‍ ജനലഴി  തുളച്ചു കയറി  

എന്റെ കവിളില്‍ തലോടാന്‍ തുടങ്ങിയിരി ക്കുന്നു 

അടര്‍ന്നു വീഴാതെ തളിരിലകളില്‍ 

ഒളിച്ചിരുന്ന മഴത്തുള്ളികള്‍

എന്റെ അധരങ്ങള്‍ തേടുന്നു   

കാറ്റ് ഇലക ളോട്   പറയുന്ന 

  കിന്നാരം ഒഴികെ  മറ്റൊരു ഗാനവും ഇന്നെന്റെ 

 കാതില്‍ എത്തുന്നുമില്ല 

കടുത്ത വേനലില്‍  കിളികള്‍

  ചുവന്നു തിളയ്ക്കുന്ന പഴങ്ങള്‍ ക്കൊപ്പം

എന്റെ കവിതകളും  കൊത്തിപ്പറക്കുന്നു 

ഇതേറെ ശല്യമായല്ലോ 

വെട്ടി വീഴ് ത്തി യാലോ 

എന്ന് ഓര്‍ക്കുമ്പോഴാകും 

ഹേമന്തത്തില്‍  അത്  പൂര്‍ണ്ണ നഗ്‌നയായി

നില്‍ക്കുക!

ഇതുകൊണ്ടാണ് ജാലകത്തിനരികില്‍ 

മധുര മാതളം നട്ടു വളര്‍ത്തരുത് 

എന്ന് ആവുന്നത്ര നിന്നോട് ഞാന്‍ 

കെഞ്ചുന്നത് '

 

ബിന്ദു ടിജി

മധുര മാതളം (കവിത: ബിന്ദു ടിജി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക