Image

'സന്തോഷ് പണ്ഡിറ്റ് സൂപ്പര്‍ സ്റ്റാര്‍ പോയിട്ട് ഒരു കോപ്പുമല്ലെന്നെനിക്കറിയാം.'

Published on 06 March, 2019
'സന്തോഷ് പണ്ഡിറ്റ് സൂപ്പര്‍ സ്റ്റാര്‍ പോയിട്ട് ഒരു കോപ്പുമല്ലെന്നെനിക്കറിയാം.'

നമ്മള്‍ സൂപ്പര്‍സ്റ്റാറാണെന്നു പറഞ്ഞാലെ യഥാര്‍ഥ സൂപ്പര്‍ സ്റ്റാര്‍ ആരെന്ന് ജനം ചിന്തിക്കൂവെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഒരു പ്രമുഖ ചാനലിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് താരം ഇക്കാര്യം പറഞ്ഞത്. യഥാര്‍ഥത്തില്‍ സന്തോഷ് പണ്ഡിറ്റ് സൂപ്പര്‍ സ്റ്റാര്‍ പോയിട്ട് ഒരു കോപ്പുമല്ലെന്നെനിക്കറിയാം.യഥാര്‍ഥ കലാകാരനാരാണെന്ന് തെരച്ചിലില്‍ തനിക്ക് ഒരുപാടു കാര്യങ്ങള്‍ മനസിലായെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

സമൂഹത്തിന്റെ മന:ശാസ്ത്രമെന്തെന്ന് എനിക്ക് കൃത്യമായി അറിയാം. ചിന്താഗതികള്‍ മാറുന്നതു പോലും അറിയാറുണ്ട്. ജനങ്ങള്‍ക്കു വേണ്ടത് വിനോദമാണ്. അതെങ്ങനെ നല്‍കും എന്നതിനു പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. അവാര്‍ഡ് ചിത്രങ്ങളൊന്നും നൂറു ദിവസം ഓടുന്നില്ല, പകരം അടിയും ഇടിയും ഇടിയില്‍ നാലഞ്ചു പേര് മരിച്ചു വീഴുകയും ചെയ്യുന്ന സിനിമകള്‍ക്കു വന്‍ കൈയടിയാണിവിടെ ലഭിക്കുന്നത്. ഇതാണോ കലയെന്നും അദ്ദേഹം ചോദിക്കുന്നു.

എന്റെ ചിത്രങ്ങളില്‍ നൂറു ശതമാനം പെര്‍ഫെക്ഷന്‍ വേണ്ടെന്നുള്ളത് എന്റെ തീരുമാനമാണ്. ഞാന്‍ കാര്യങ്ങള്‍ റിവേഴ്‌സ് ഓര്‍ഡറിലാണ് കാണാന്‍ ശ്രമിക്കുന്നത്. എന്റെ വീട് വിറ്റ് കലയുണ്ടാക്കാമെന്ന് വിചാരിച്ചിട്ടില്ല. സാഹിത്യത്തോടോ സിനിമയോടോ മറ്റേതൊരു കലയോടോ പരിധി വിട്ടിട്ടുള്ള സ്‌നേഹമൊന്നും എനിക്കില്ല. മുടക്കുന്ന തുക തിരിച്ചു ലഭിക്കണമെന്ന് കരുതി തന്നെയാണ് ഓരോ സിനിമയും ചെയ്യുന്നത്. ബിസിനസുകാരന്‍ തന്നെയാണ് ഞാന്‍. സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

പണത്തിനു വേണ്ടി തന്നെയാണ് ഇവിടെ ആളുകള്‍ സിനിമ ചെയ്യുന്നത്. അതിപ്പോള്‍ വെള്ളിത്തിരയിലെത്തുന്ന അവാര്‍ഡ് ചിത്രങ്ങളുടെ സംവിധായകര്‍ പോലും. അതു പോലെ സര്‍ക്കാരിനെതിരെ സംസാരിച്ചാല്‍ അടുത്ത തവണത്തെ അവാര്‍ഡ് നഷ്ടപ്പെടുമെന്ന ഭയവും ഇന്നത്തെ കലാകാരന്‍മാരെ അലട്ടുന്നുണ്ടെന്നും സന്തോഷ് പറഞ്ഞു.

അതേസമയം, കലയെ സ്‌നേഹിക്കുന്നവര്‍, സാമൂഹികപ്രതിബദ്ധതയും കാണിക്കണമെന്നും സംവിധായകന്‍ പറയുന്നു. ഇവിടെ ആരും അതിന് തയ്യാറാവുന്നില്ല. നേഴ്‌സുമാരെക്കുറിച്ച് സിനിമയെടുത്ത് അവാര്‍ഡ് മേടിച്ച ആളുകള്‍ പോലും നേഴസുമാര്‍ യഥാര്‍ഥത്തില്‍ സമരം ചെയ്തിടത്ത് പോയില്ല. ഇന്നും അയിത്തം നിലനില്‍ക്കുന്ന ഗോവിന്ദാപുരം കോളനി, ഗര്‍ഭിണികള്‍ മരിച്ചു വീഴുന്ന അട്ടപ്പാടി എന്നിവിടങ്ങളിലെല്ലാം എത്ര സംവിധായകര്‍ പോയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം പോയി തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്ത ആളാണ് താനെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. 

മുഖംമൂടിയില്ലാതെ ജീവിക്കാനാണ് താനാഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ താന്‍ പ്രേക്ഷകരോട് നിരന്തരം ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ജീവിതം കഴിച്ചു കൂട്ടുകയെന്നതിലുപരി, പ്രമുഖനാവണമെന്ന മോഹവും തന്റെയുള്ളില്‍ കടന്നു കൂടിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക