Image

കര്‍ത്താവിന്റ്റെ മണവാട്ടിമാരുടെ ''മീ ടൂ''വിന്റ്റെ ഊറ്റം! (ജോര്‍ജ് നെടുവേലില്‍)

ജോര്‍ജ് നെടുവേലില്‍, ഫ്‌ലോറിഡ Published on 05 March, 2019
കര്‍ത്താവിന്റ്റെ മണവാട്ടിമാരുടെ ''മീ ടൂ''വിന്റ്റെ ഊറ്റം! (ജോര്‍ജ് നെടുവേലില്‍)
ലോകചരിത്രത്തില്‍ സ്ര്തീശക്തിയുടെ അതിശക്തമായ പ്രകടനം കണ്ട വര്‍ഷമായിരുന്നു 2017. ഭക്ഷണം കഴിക്കാനും പുരുഷന്മാരുടെ ഇoഗിതങ്ങള്‍ക്ക് yes പറയാനും no പറയാതിരിക്കാനും മാത്രമായി തുറക്കാനുള്ള ഒരു അവയവമാണ് വായ് എന്ന് ഒട്ടുമുക്കാലും സ്ര്തീകളും ധരിച്ചുവച്ചിരുന്നു. മതവും,സമുദായവും, പുരുഷനും ഈ ചിന്താഗതി അവളില്‍ അടിച്ചേല്‍പിച്ചിരുന്നു. തന്മൂലം വായ് തുറക്കാന്‍ അവര്‍ക്ക്‌പേടിയായിരുന്നു, മടിയായിരുന്നു. എന്നാല്‍, പൊടുന്നനവെയാണ് അതു സംഭവിച്ചത് മടിയും പേടിയും മാറ്റിവെച്ചുകൊണ്ട് അവള്‍ വായ് തുറന്നു. മനസ്സില്‍ മറച്ചു വച്ചിരുന്ന പലതും പുറത്തുവന്നു-ഒരു കൊടുങ്കാറ്റുപോലെ. ആ കൊടുങ്കാറ്റില്‍ സമുദായത്തിലെ പുഴുക്കുത്തുപിടിച്ച വന്മരങ്ങളില്‍ ചിലതു കടപുഴകിവീണു. ഭിഷഗ്വരന്മാരും, ദൈവത്തിന്റ്റെ പ്രതിപുരുഷന്മാരും, സിനിമാക്കാരും, ചാനലുകാരും, രാഷ്ട്രീയക്കാരും എന്നുവേണ്ട എല്ലാ തുറയിലും തിളങ്ങി നിന്നവര്‍ അതിലുള്‍പ്പെട്ടു. വര്‍ഷങ്ങളായി സ്ര്തീകളെപീഡിപ്പിച്ചുക്രീഡിച്ചിരുന്ന പ്രമാണിമാര്‍ക്ക് കണക്കു ബോധിപ്പിക്കേണ്ടിവന്നു. പലര്‍ക്കും കണക്കിന് കിട്ടുകയും ചെയ്തു. ലോകസംഭവങ്ങള്‍ക്കെല്ലാം സാക്ഷ്യം വഹിക്കുന്ന ചരിത്രംപോലും സ്ര്തീവക്ത്ര ശക്തിയില്‍ - മീറ്റൂവിന്റ്റെ മാജിക്കില്‍ - അത്ഭുതം കൂറിയിട്ടുണ്ടാവണം.

രണ്ടു വര്‍ഷംപോലും പിന്നിടുന്നതിനു മുന്‍പ് അതൊരു ആഗോള പ്രതിഭാസമായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. വികസിത രാജ്യമെന്നോ വികസ്വര രാജ്യമെന്നോ വ്യത്യാസമില്ലാതെ Me Too പ്രസ്ഥാനം അതിന്റ്റെ ശക്തിതെളിയിച്ചു, തെളിയിച്ചുകൊണ്ടിരിക്കുന്നു. അനുദിനം അതിന്റ്റെ ശക്തി ശതഗുണീഭവിച്ചുകൊണ്ടുമിരിക്കുന്നു. ഇരകള്‍ക്കതു് ശക്തിയും സ്വാതന്ത്ര്യവും പകര്‍ന്നപ്പോള്‍, ഒളിക്കാനും മറയ്ക്കാനും ഉള്ളവര്‍ക്ക് അത് നെഞ്ചിടിപ്പിനും കാലിടറിലിനും ഇടയാക്കിയിരിക്കുന്നു. ഭാരതവനിതകള്‍ Me Too എന്നാക്രോശിച്ചുകൊണ്ട് രംഗത്തുവന്നിട്ടും വായ് തുറക്കാതെ മിഴിച്ചു നോക്കി നില്‍ക്കുകയായിരുന്നു ഭാരതത്തിലെ, കര്‍ത്താവിന്റ്റെ മണവാട്ടികള്‍ എന്നറിയപ്പെടുന്ന കന്യാസ്ര്തീസമൂഹം. കര്‍ത്താവിന്റ്റെ മണവാട്ടിമാര്‍ക്ക് മണവാളന്റ്റെ ദാനമായ വായ് ഉപയോഗിക്കാന്‍ മേലധികാരികളുടെ വിലക്കുണ്ട്. മണവാളനായ കര്‍ത്താവിനെ കാതങ്ങള്‍ക്കപ്പുറം മാറ്റി നിറുത്തിയിരിക്കുന്നവരാണ് അവരെ നിയന്ത്രിക്കുന്നത്. അനുസരണവ്രതമാണ് അവരെ ശബ്ദമില്ലാത്തവരായി മാറ്റിയിരിക്കുന്നത്. കര്‍ത്താവിന്റ്റെ മണവാട്ടി പദം അലങ്കരിക്കുന്നവര്‍ക്ക് കന്യാവ്രതം പോലെ നിര്‍ബന്ധമാണ് മിണ്ടാവ്രതവും. പ്രസ്തുത വ്രതങ്ങള്‍ എടുത്തവരെ ചൊല്‍പ്പടിയിലാക്കാന്‍ പുരോഹിതന്മാര്‍ക്ക് ആയാസപ്പെടേണ്ടതില്ല.

ആധുനികലോകത്തിന്റ്റെ പോക്കിനെ ഭയപ്പെട്ടിരുന്ന മാര്‍പാപ്പാ ആയിരുന്നു ഇന്ന് വിശുദ്ധ പദവി അലങ്കരിക്കുന്ന പത്താം പിയൂസ്. ആധുനിക ചിന്താഗതികള്‍ക്കും പ്രവണതകള്‍ക്കും കൂച്ചുവിലങ്ങിടാന്‍ അദ്ദേഹം ഏറെ വിയര്‍ത്തു. ആധുനികതയെ അദ്ദേഹം വിശേഷിപ്പിച്ചത് 'ആധുനിക ഗൂഢാലോചന' എന്നാണ്.സ്ര്തീകള്‍ ദൈവത്തിന്റ്റെ സൃഷ്ടികളാണോ എന്ന് അദ്ദേഹം സംശയിച്ചിരിക്കണം!. സഭാകാര്യങ്ങളില്‍നിന്നും സ്ര്തീകളെ കഴിയുന്നതും മാറ്റിനിറുത്താന്‍ അദ്ദേഹം ഉത്സാഹിച്ചു. പള്ളികളിലെ ഗായകസംഘത്തില്‍ സ്ര്തീകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സെമിനാരിവളപ്പില്‍ വൈദീക വിദ്യാര്‍ത്ഥികളുടെ അമ്മമാര്‍ക്കുപോലും പ്രവേശനം നിരോധിച്ചു. ആധുനികതയെയും സ്ര്തീകളേയും ഒന്നുപോലെ ഭയപ്പെട്ട വിശുദ്ധ പത്താം പിയൂസ് മാര്‍പ്പാപ്പായെ കേരളത്തിലെ നാലഞ്ചു കര്‍ത്താവിന്റ്റെ മണവാട്ടികളുടെ''കടുംകൈ''ഞെട്ടിപ്പിച്ചിട്ടുണ്ടാവണം!

സഭാധികാരികള്‍ ലേശംപോലും സംശയിക്കാതിരുന്ന ഒരു വേദിയില്‍നിന്നാണ് അതു സംഭവിച്ചത്. അള മുട്ടിയപ്പോഴാണ് കര്‍ത്താവിന്‍ട്ടെ മണവാട്ടികള്‍ അവരുടേതായ Me Too പ്രസ്ഥാനവുമായി രംഗത്ത് വന്നത്. ട്വിറ്ററും ഫേസ്ബുക്കും തേടി അവര്‍ പോയില്ല. 2018 സെപ്റ്റംബര്‍ മാസത്തില്‍ എറണാകുളത്തു നടത്തിയ നിരാഹാര സത്യാഗ്രഹസമരം അവരുടെ Me Too പ്രഖ്യാപനമായിരുന്നു. അവരുടെ ലക്ഷ്യം നേടിയെടുത്തു. ആഗോള കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ ഇദംപ്രഥമായിരുന്നു കര്‍ത്താവിന്റ്റെ മണവാട്ടികള്‍ മഠത്തിന്റ്റെ മതില്‍ക്കെട്ടിനു പുറത്തു മെഴുകുതിരിയും കൊന്തയുമേന്താതെ പ്രകടനംനടത്തുന്നത്!.

സഭയുടെ സമ്പത്തും, സ്വാധീനവും, താക്കീതുകളും അവരെ ഭയപ്പെടുത്തിയില്ല. ഭയത്തില്‍ നിന്നും മോചനം നേടാനാണല്ലോ യേശു ആഹ്വാനം ചെയ്തത്!.അടുത്ത ദിവസങ്ങളില്‍ വത്തിക്കാനില്‍ നടന്ന സമ്മേളനത്തിന്റ്റെ മുദ്രാവാക്യവും freedom from fear എന്നാണല്ലോ! കേരളത്തിലെ എല്ലാ നല്ല ആളുകളും ആ മണവാട്ടിമാര്‍ക്ക് ധൈര്യം പകര്‍ന്നു, സഹകരിച്ചു, സഹായിച്ചു. അവര്‍ മൗനം ഭഞ്ജിച്ചപ്പോള്‍ ഒത്തുചേര്‍ന്നു - We Too എന്നു പ്രഖ്യാപിച്ചുകൊണ്ട്. കാപട്യങ്ങളും, കുറ്റകൃത്യങ്ങളും, കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും മറച്ചുവക്കുന്നതില്‍ മാസ്റ്റേഴ്‌സ്ബിരുദമെടുത്ത സഭാധികൃതര്‍ അവിടെ പതറി.

മെത്രാനെതിരായി ലൈഗികാതിക്രമം ആരോപിച്ച കര്‍ത്താവിന്റ്റെ മണവാട്ടിക്കെതിരെ എന്തെന്തു മുടന്തന്‍ വാദമുഖങ്ങളാണ് വിശുദ്ധ സഭയും, മെത്രാനും, മെത്രാന്റ്റെ ''ഗുണവിശേഷങ്ങള്‍'' തിളങ്ങി വിളങ്ങുന്ന മറ്റനേകം മെത്രാന്മാരും പുരോഹിതന്മാരും ഉയര്‍ത്തിയത്. സഭയുടെ വിശുദ്ധിയും മെത്രാന്മാരുടെ ഗുണവിശേങ്ങളും നന്നായറിയാവുന്ന കേരളീയര്‍ അവരുടെ മുട്ടാത്തര്‍ക്കങ്ങളെ അപ്പാടെ തഴഞ്ഞതില്‍ അതിശയിക്കാനില്ല!

ഫെബ്രുവരി ആറാംതീയതി അബുദാബിയില്‍ നിന്നുമുള്ള മടക്കയാത്രയില്‍ പത്രപ്രതിനിധികളുടെ ചോദ്യത്തിന് മറുപടിയായി പോപ്പ് ഫ്രാന്‍സിസിന് ഒരു കാര്യം സമ്മതിക്കേണ്ടിവന്നു. ''കാലങ്ങളായി സഭയിലെ ചില പുരോഹിതന്മാരും മെത്രാന്മാരും കന്യാസ്ത്രികളെ ലൈoഗികമായി പീഢിപ്പിക്കുന്നതായും, ചില സഭാസ്ഥാപനങ്ങളില്‍ പുരോഹിതന്മാര്‍ അവരെ ലൈoഗികഅടിമകളാക്കി ചൂഷണം ചെയ്യുന്നതായും വത്തിക്കാന് ബോധ്യപ്പെട്ടിട്ടുണ്ട്''. ഇതായിരുന്നു പോപ്പിന്റ്റെ മറുപടി - കുറ്റസമ്മതം. ഫ്രാന്‍സിലെ ഒരു കന്യകാമഠo, ഇക്കാരണത്താല്‍ തന്റ്റെ മുന്‍ഗാമി അടച്ചുപൂട്ടിച്ച കാര്യം മാര്‍പാപ്പാ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഈ ദുഷ്പ്രവണതയെ ഗൗരവതരമായാണ്‌സഭവീക്ഷിക്കുന്നതെന്നും ശക്തമായ നടപടികള്‍ തുടര്‍ന്നും ഉണ്ടാകുമെന്നും മാര്‍പ്പാപ്പാ വ്യക്തമാക്കി.

സഭയെ അലട്ടുന്ന പ്രമാദമായ ഒരു പ്രശ്‌നത്തെപ്പറ്റി വിമാനയാത്രക്കിടയില്‍ മാര്‍പ്പാപ്പാ മനസ്സു തുറന്നതില്‍ ഇഷ്ടപ്പെടാത്തവര്‍ ഏറെയാണ്. അതുപോലെ, പത്രപ്രതിനിധിയില്‍നിന്നും അമ്മാതിരി ഒരു ചോദ്യം ഉയര്‍ന്നിരുന്നില്ലെങ്കില്‍ പ്രസ്തുത പ്രശ്നത്തില്‍ മാര്‍പ്പാപ്പാ സ്വയം തുറക്കുമായിരുന്നോ എന്നു സംശയിക്കുന്നവരുണ്ട്. ചോദ്യമുന്നയിച്ച നിക്കോള്‍ വിന്‍ഫീല്‍ഡ്, ഈ പ്രശ്‌നത്തില്‍ നടത്തിയ അന്വേഷണ വിവരം കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സഭാധികൃതര്‍ക്കും ഇതര സര്‍ക്കാറുകള്‍ക്കും കൈമാറിയത് മറ്റു ചില വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. സഭയിലെ സുതാര്യതയില്ലായ്മയും മൂടിവയ്ക്കല്‍ സംസ്‌ക്കാരവും അരക്കിട്ടുറപ്പിക്കുന്ന സംഭവമായിട്ടാണ് വിമര്‍ശകര്‍ ഇതിനെ ഉയര്‍ത്തിക്കാണിക്കുന്നത്.

അടുത്തൊരു നാളില്‍ ഒരു സ്വാതന്ത്രചര്‍ച്ചാവേദിയില്‍ ഇക്കാര്യം പരാമര്‍ശിച്ചപ്പോള്‍ ടെക്‌സസ്സില്‍നിന്ന് ഒരു സ്ത്രീ പ്രതികരിച്ചത്:''മാര്‍പാപ്പ അങ്ങനെ പലതും പലപ്പോഴും മാറ്റി മറിച്ചു പറയാറുണ്ട്''എന്നായിരുന്നു. ഇതൊരു ഒറ്റപ്പെട്ട പ്രതികരണമല്ല. നല്ലൊരുശതമാനം സത്യവിശ്വാസികള്‍ സഭാതലവനായ മാര്‍പ്പാപ്പയുടെ സ്വരം കേള്‍ക്കുന്നില്ല. അവരുടെ അധികാര സീമയില്‍പെട്ട വിശ്വാസികള്‍ ശ്രവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. മാര്‍പ്പാപ്പായുടെ മേല്‍പറഞ്ഞ കുറ്റസമ്മതത്തെ കുറെ വിശ്വാസികളുടെ പിച്ചക്കാശില്‍ പിടിച്ചു നില്‍ക്കുന്ന ദീപിക തമസ്‌ക്കരിക്കുകയുണ്ടായി. പള്ളികളിലെ പ്രസംഗപീഠങ്ങളില്‍ കയറിനിന്നുകൊണ്ട് പുരോഹിതന്മാര്‍ പടച്ചു വിടുന്ന അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും അതിശയോക്തികളും അപ്പാടെ വിഴുങ്ങുവാന്‍ കച്ചകെട്ടിനില്‍കുന്ന ഏഴകളും അടിമകളും അന്ധവിശ്വാസികളുമായ പള്ളിഭക്തന്മാര്‍ എല്ലായിടത്തും ഏറെയാണ്.

പള്ളിഭക്തന്മാരെ സൃഷ്ടിക്കാനാണ് സഭാധികാരികള്‍ ശ്രദ്ധിക്കുന്നത്. യേശുഭക്തരെ അവര്‍ യേശുവിനേക്കാള്‍ ഭയക്കുന്നു. ഈ പള്ളിക്കുട്ടന്മാരാണ് പുരോഹിതരെ വഴി തെറ്റിക്കുന്നതും ഗര്‍വിഷ്ടരാക്കുന്നതും. ഈ ദുരവസ്ഥക്കു മാറ്റം വരേണ്ടിയിരിക്കുന്നു.

അബുദാബിയില്‍ നിന്നുമുള്ള മടക്ക യാത്രയില്‍, സഭയില്‍ നടമാടുന്നുവെന്ന് പോപ്പ് സമ്മതിച്ച, കന്യാസ്ത്രികളുടെ ലൈoഗികാടിമത്തം,ഭാരതത്തിലെ കന്യകാമഠങ്ങളില്‍ നിലനില്‍ക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. കന്യാമഠങ്ങളില്‍ അന്തിയുറങ്ങണമെന്ന ചില സഭാമേധാവികളുടെ അഭിലാഷവുo, കന്യാസ്ത്രികളുടെ പരാതികളും ഈ സംശയത്തെ ബലപ്പെടുത്തുന്നു. കുറ്റാരോപിതനായ മെത്രാനെ പരിശുദ്ധനെന്നു പ്രഖ്യാപിച്ചുകൊണ്ട് മഠാധിപ മുന്നോട്ടു വന്നതും സംശയദൃഷ്ടിയോടെ കാണേണ്ടതുതന്നെ.

കന്യാസ്ത്രികളെ പീഡിപ്പിക്കുന്നു എന്ന പരാതിയില്‍ പോപ്പില്‍നിന്നുമുണ്ടായ പ്രഥമ പ്രതികരണത്തിന്റ്റെ സമയം ശ്രദ്ധാര്‍ഹമാണ്. പോപ്പിന്റ്റെ വിരല്‍, മറ്റു ചില രാജ്യങ്ങളുടെ നേര്‍ക്കെന്നപോലെ ഇന്ത്യയിലേക്കും ചൂണ്ടിയിട്ടുണ്ടെന്നതില്‍ രണ്ടുപക്ഷമില്ല.കുറ്റാരോപിതനായ മെത്രാനും, അദ്ദേഹത്തിന്കുടപിടിക്കുകയും,പൂച്ചെണ്ടുനല്‍കുകയും,പൂമാല ചാര്‍ത്തുകയും,കുറ്റമറ്റവനെന്നു പ്രഖ്യാപിക്കുകയും ചെയ്ത പുരോഹിതന്മാരും പുരോഹിതപ്രമാണിമാരും രാഷ്ട്രീയനപുംസഹങ്ങളും പോപ്പിന്റ്റെ കുറ്റസമ്മതത്തില്‍ ഞെട്ടിയിട്ടുണ്ടന്നു തീര്‍ച്ച! കാക്കിയും തൊപ്പിയും കാണുമ്പോള്‍ ഞെട്ടുന്നതാരാണ്?

ഈയവസരത്തില്‍ എന്റ്റെ പ്രാര്‍ത്ഥന വെളിപ്പെടുത്താതെ വയ്യ:'ഫ്രാന്‍സിസ് പാപ്പാ ഇന്ത്യസന്ദര്‍ശിക്കാന്‍ ഇടയാക്കരുതേ കര്‍ത്താവേ എന്നാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്'.

വിമോചന സമരകാലത്തു 'പള്ളിയുടെ പരിപാവനമായ പരിസ്സരത്തില്‍ പുരോഹിതന്മാരുടെ പരിലാളനത്തില്‍ പരിലസിച്ചിരുന്ന'(ജസ്റ്റിസ് വി .ആര്‍ കൃഷ്ണയ്യരോടു കടപ്പാട്)ക്രിസ്റ്റഫര്‍ സംഘടനയുടെ സ്ഥാനത്തിന്ന്പരിശുദ്ധ പള്ളിമാഫിയ പരിലസിക്കുന്നു. ക്രിസ്റ്റഫര്‍ സന്നദ്ധഭടന്മാര്‍ക്ക് കൊടി പിടിപ്പിച്ച കുറുവടിയായിരുന്നു ശരണം. ഇന്നത്തെ പള്ളിമാഫിയാക്ക് വടിവാളും മലപ്പുറം കത്തിയും. ഈയവസരത്തില്‍ വിമോചനസമരകാലത്തു മുഴങ്ങിക്കേട്ട' മോക്ഷം കിട്ടാന്‍ പുതിയൊരു മാര്‍ഗ്ഗം കുറുവടിയാണോ മെത്രാച്ചാ' എന്ന മുദ്രാവാക്യം ചെവികളില്‍ മുരളുന്നു. കൂടാതെ പള്ളിമേധാവികള്‍ വിരല്‍ഞൊടിച്ചാലുടന്‍ ഓടിയെത്താന്‍ തയ്യാറെടുത്തുനില്‍ക്കുന്ന ക്വട്ടേഷന്‍സംഘവും പള്ളിക്ക് തുണയുണ്ട്. വിമാനത്തില്‍വെച്ചു' വിവേകരഹിതമായി'' മാര്‍പ്പാപ്പാ നടത്തിയ പ്രസ്താവന വട്ടത്തിലാക്കിയ ഭാരത സഭാമേധാവികള്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണെന്ന ഭയമാണ്എന്നെ പ്രാര്‍ത്ഥനക്ക്‌പ്രേരിപ്പിച്ചത്.

യേശുവിനെ ദൂരെ മാറ്റിനിറുത്തിയിരിക്കുന്ന സഭാമേലാളന്മാരോട് യേശുവിന്റ്റെ എളിമയേയും, കരുണയെയും, സ്‌നേഹത്തെയുപറ്റി ഓര്‍മ്മിപ്പിക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പാ,തുടക്കത്തില്‍ത്തന്നെ അവരുടെ കണ്ണിലെ കരടായി ഭവിച്ചിരുന്നു. ചെറുവിരല്‍ പോലും ചലിപ്പിക്കാതെ, സകലസൗഭാഗ്യങ്ങളും നന്മകളും സുഖലോലുപതയും അനുഭവിച്ചു മുടിയുംചൂടി നില്‍ക്കുന്നവരെ''പാപ്പായുടെ പിന്തിരിപ്പന്‍ പരിപാടി'' അലോസരപ്പെടുത്തുന്നതില്‍ അതിശയിക്കേണ്ടതില്ല.

കത്തോലിക്കാസഭയിലെ കന്യാസ്ത്രീകളെയും, സഭാസേവനം അനുഷ്ഠിക്കുന്ന സ്ത്രീകളെയും ചില പുരോഹിതന്മാരും മെത്രാന്മാരും പീഡിപ്പിക്കുന്നതായും ചില സന്ദര്‍ഭങ്ങളില്‍ ഗര്‍ഭച്ഛിദ്രത്തിനു പ്രേരിപ്പിക്കുന്നതായുമുള്ള പരാതിക്ക് പഴക്കമേറെയുണ്ട്. എന്നാല്‍ മറ്റനേകം അപവാദങ്ങള്‍ക്കടിയില്‍ അവ ശ്രദ്ധിക്കപ്പെടാതെ പോയി. മറ്റൊന്ന്, കന്യാസ്ത്രികളുടെയും സ്ത്രീകളുടെയും വായ് തുറക്കുന്നതില്‍ സഭയിലെ പുരുഷമേധാവിത്തം ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കാണ്. ഫെബ്രുവരി ആറാംതീയതി അബുദാബിയില്‍ നിന്നും റോമിലേക്കുള്ള മടക്കയാത്രയില്‍, വിമാനത്തില്‍വെച്ച് സഭയെ ഈപ്രശ്‌നം ഏറെക്കാലമായി അലട്ടുന്നതായി മാര്‍പ്പാപ്പാ ഏറ്റുപറയുകയുണ്ടായി . മാര്‍പാപ്പായുടെ ഈ കുറ്റസമ്മതം, തന്നെ ഏറെ സന്തുഷ്ടയാക്കിയെന്നാണ് സ്ത്രീസഭാലോകം മാസികയില്‍ പ്രസ്തുത വിഷയത്തെ ശക്തമായി ഉന്നയിച്ചിരുന്ന ലൂസിറ്റ സ്‌കെറാഫിയ പ്രതികരിച്ചത്.വത്തിക്കാന്റ്റെ മുഖപത്രത്തോടൊപ്പം പ്രസിദ്ധീകരിക്കുന്ന മാസികയാണ്‌സ്ത്രീസഭാലോകം. വരുംകാലങ്ങളില്‍, ഇരകളാക്കപ്പെട്ടവര്‍ക്ക്, ധൈര്യപൂര്‍വം മുന്നോട്ടുവന്ന് അവരെ പീഡിപ്പിച്ചവരെ ചൂണ്ടിക്കാണിക്കുവാന്‍ പോപ്പിന്റ്റെ കുറ്റസമ്മതം അവസരം ഒരുക്കിയിരിക്കുന്നുവെന്നും സ്‌കെറാഫിയ നിരീക്ഷിക്കുകയുണ്ടായി.

Me Too യുഗത്തിന്റ്റെ പിറവിയും, ഫെബ്രുവരി മൂന്നാംവാരത്തിലെ വത്തിക്കാന്‍ സമ്മേളനത്തിന്റ്റെ വിഷയവും ഗൗരവവും ഇപ്രകാരം ഒരു കുറ്റസമ്മതത്തിന്-ഏറെക്കാലത്തെ മൗനത്തിനുശേഷം - മാര്‍പ്പാപ്പയെ പ്രേരിപ്പിച്ചിട്ടുണ്ടാവാം. അതിലുപരിയായി, രണ്ടു സഹസ്രാബ്ദക്കാലത്തെ സഭാ ചരിത്രത്തില്‍ സഭാസേവകരില്‍നിന്നും ഒരിക്കല്‍പോലും ഉണ്ടായിട്ടില്ലാത്ത പ്രതിക്ഷേധമായിരുന്നു സഭാവസ്ത്രമണിഞ്ഞ കര്‍ത്താവിന്റ്‌റെ മണവാട്ടികള്‍ കൊച്ചിയില്‍ പ്രകടിപ്പിച്ചത്. കുറ്റാരോപിതനും, ഭാരതകത്തോലിക്കാ സഭാധികൃതര്‍ക്കും ഉപരിയായി, വത്തിക്കാന്‍ ഇക്കാര്യത്തില്‍ കൈക്കൊണ്ട കുറ്റകരമായ നിസംഗതയും മൗനവുമാണ്കര്‍ത്താവിന്റ്റെ മണവാട്ടികളെ തെരുവുയുദ്ധത്തിലേക്കു തള്ളിവിട്ടതെന്നു തിരിച്ചറിയാന്‍ വത്തിക്കാന് വൈകി. വൈകിവന്ന ഈ വിവേകമാണ് വിമാനത്തിലെ കുറ്റസമ്മതത്തിന് വൈകിയാണെങ്കിലും ഫ്രാന്‍സിസ്മാര്‍പ്പാപ്പായെ പ്രേരിപ്പിച്ചതെന്നതില്‍ സംശയിക്കേണ്ടതില്ല. മാര്‍പാപ്പായുടെ വ്യര്‍ത്ഥവാഗ്ദാനങ്ങളില്‍ വിശ്വാസികള്‍ക്കു വിശ്വാസം വറ്റിവരണ്ടു വരുന്നതായി അദ്ദേഹം കണ്ടറിഞ്ഞു.വാക്കുകളെ പ്രാവര്‍ത്തികമാക്കാന്‍ ആറുവര്‍ഷത്തിനുശേഷവും മാര്‍പ്പാപ്പാക്ക് കഴിയുന്നില്ലെന്നത് ഖേദകരമാണ്. ആരംഭത്തില്‍ അദ്ദേഹത്തില്‍ ഏറെ പ്രതീക്ഷകള്‍ അര്‍പ്പിച്ച വിശ്വാസികള്‍ ഇന്ന്‌നിരാശരാണ്.നിരാശ അപകടത്തിന്റ്റെ അമ്മയാണ്!

മധ്യകാലഘട്ടമനസ്ഥിതിയില്‍ അഭിരമിക്കുന്ന സഭാമേധാവികള്‍ ഇന്നും സഭയില്‍ ധാരാളമുണ്ട്. മോഹിനികളുടെ പ്രലോഭനത്തിനു വശംവദരായാണ് ചില പുരോഹിതന്മാരും, മെത്രാന്മാരും കന്യാസ്ത്രീകളെ ലൈoഗികമായി പീഡിപ്പിക്കുന്നതെന്നാണ് അവരുടെ മതം. ഇരകളായ കന്യാസ്ത്രീകള്‍ പ്രായപൂര്‍ത്തിയായവരായതിനാല്‍ അവരെയും തെറ്റുകാരായി കണക്കാക്കണമെന്നാണ് അത്തരം സഭാമേധാവികള്‍ വാദിക്കുന്നത്.

മിക്കപ്പോഴും, കന്യാസ്ത്രികള്‍ പുരോഹിതരുടെ ലൈ0ഗിക ചൂഷണത്തിന് വിധേയരാകുന്നത് അവരുടെ അദ്ധ്യാന്മികനേതൃത്വസംബന്ധമായ ഇടപെടലിലാണ്.കാലക്രമേണ ഈ ബന്ധപ്പെടലിനെ ലൈ0ഗിക ബന്ധത്തിലേക്ക് വഴിതിരിച്ചു വിടുന്നു.പുരോഹിതന്മാരുടെ ബാലപീഡനത്തിലും ഹേതുവാകുന്നത് ഇമ്മാതിരി അടുത്ത ബന്ധപ്പെടലുകളാണ്.

ആഫ്രിക്കയിലും ഇന്‍ഡ്യയിലുമാണ്കന്യാസ്ത്രീപീഡനം ഏറിയിരിക്കുന്നത്. മറ്റു പ്രദേശങ്ങളില്‍നിന്നുമുള്ള സാംസ്‌ക്കാരികമായ വ്യത്യാസമാണ് ഇതിന് കാരണമായി ചില സഭാമേധാവികള്‍ക്കു ചൂണ്ടിക്കാട്ടാനുള്ളത്.താരതമ്മ്യേന, സാധുകുടുംബങ്ങളിലെ പെണ്‍മണികളാണ്കര്‍ത്താവിന്റ്റെ മണവാട്ടിപദം കാംക്ഷിക്കുന്നത്. കഞ്ഞികുടിക്കുള്ള മുട്ടും, കെട്ടിച്ചുവിടാനുള്ള മാതാപിതാക്കളുടെ കഴിവുകേടും കണ്ട് മനംനൊന്ത്ഗത്യന്തരമില്ലാതെ അവര്‍ മഠത്തിന്റ്റെ മതില്‍ക്കെട്ടിനുള്ളിലേക്കു കണ്ണുമടച്ചു ഓടിക്കയറുന്നു. അവിടെ അവരുടെ എല്ലാ ആവശ്യങ്ങള്‍ക്കും ആശ്രയം പുരോഹിതന്മാരാണ്. ഈ സാഹചര്യത്തില്‍ ലൈംഗികതൃഷ്ണമൂത്ത പുരോഹിതന്മാരുടെ ഇ0ഗിതത്തിന് ഇരയാകേണ്ടി വരുന്നത് സ്വാഭാവികമാണ്.

സ്ത്രീസഹജമായ അത്യനുവര്‍ത്തിത്ത സ്വഭാവമുള്ളവര്‍ പ്രത്യേകിച്ചും ചൂഷണത്തിന് ഇരയാകുമെന്നതിന് സംശയമില്ല.

പുരോഹിതന്മാരുടെ കന്യാസ്ത്രീകളോടുള്ള ലൈംഗികാതിക്രമത്തിന് അറുതി വരാതെ അഭംഗുരം തുടരുന്നതിന് മറ്റൊരു പ്രധാന കാരണമുണ്ട്. കന്യാസ്ത്രി സമൂഹത്തിന്റ്റെ തലവികള്‍ പുരോഹിതന്മാരില്‍നിന്നും കന്യാസ്ത്രികള്‍ക്കുണ്ടാകുന്ന അക്കിടികള്‍ മൂടിമറച്ചുവയ്ക്കാന്‍ ബാധ്യസ്ഥരാണ്. വിശുദ്ധ സഭയുടെ സല്‍പ്പേരിന് കളങ്കംവരാതിരിക്കാന്‍ എന്തു മാര്‍ഗ്ഗവും സ്വീകരിക്കണമെന്നുള്ളത് സഭയുടെ അലിഖിത നിയമമാണ്. ലോകത്തിന്റ്റെ നാനാഭാഗത്തും മെത്രാന്മാര്‍ പുരോഹിതരുടെ 'പിള്ളേരുകളിയെ', കന്യാസ്ത്രികളുടെ വിശുദ്ധ ഗര്‍ഭത്തെ, മഠങ്ങളിലെ മറിമായ മരണങ്ങളെ എല്ലാം എല്ലാം മറച്ചുവയ്ക്കാന്‍ കോടികള്‍ വാരിയെറിയുന്നു. സിസ്റ്റര്‍ അഭയയുടെ മരണവും, മറിയക്കുട്ടിയുടെ മരണവും വിധവകളുടെ ചില്ലിക്കാശ് മൂടിമറച്ചിരിക്കുന്നു. ഫാദര്‍ റോബിന്‍ പിതാവായശേഷം, കര്‍ത്താവിന്റ്‌റെ ചില മണവാട്ടിമാരും, കന്യാസ്ത്രിഡോക്ടര്‍മാരും, കത്തനാരന്മാരും കളങ്കം കഴുകിക്കളയാന്‍ 'വിശുദ്ധ തിരിമറികള്‍' തീഷ്ണതയോടെ സ്വീകരിച്ചു. അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം ഇവ മനഃപ്പാഠമാണ്.

സഭയില്‍ മറ്റൊരു അലിഖിതനിയമവും നിലവിലുള്ളതായി തോന്നുന്നു: 'അപകടസൂചനകളെ അറിഞ്ഞില്ലെന്ന്‌നടിക്കുക' എന്നതാണത്. അറിയാത്ത കാര്യങ്ങളില്‍ നടപടി വേണ്ടല്ലോ!.1964 - ല്‍, മൗറാ ഡോണോഹൂ എന്നൊരു കന്യാസ്ത്രി, 23 രാജ്യങ്ങളില്‍ കന്യാസ്ത്രികള്‍ക്ക്പുരോഹിതന്മാരില്‍നിന്നും നേരിട്ട ലൈ0ഗികാതിക്രമങ്ങളെപ്പറ്റിയുള്ള സ്ഥിതിവിവരണക്കണക്കുകള്‍ ശേഖരിക്കുകയുണ്ടായി. ആഫ്രിക്കയില്‍ പ്രസ്തുത പ്രശ്‌നം വിപുലമായി വ്യപകമാണെന്ന്കാണപ്പെട്ടു. എയിഡ്‌സ് ബാധയെ ഭയപ്പെടുന്ന പുരോഹിതര്‍ പേടിയില്ലാതെ സമീപിക്കാന്‍ കന്യസ്ത്രികളെ കരുവാക്കുന്നതായി തെളിഞ്ഞു. 2001-ല്‍ ദി നാഷണല്‍ കാത്തലിക്‌റിപ്പോര്‍ട്ടര്‍, കന്യാസ്ത്രികള്‍ ശേഖരിച്ചു നല്‍കിയ, കന്യാസ്ത്രികളുടെ ഗര്‍ഭധാരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യമാക്കുകയുണ്ടായി. ഒരുകന്യാസ്ത്രീസമൂഹത്തില്‍ മാത്രം 29 പേരാണത്രെ വിശുദ്ധഗര്‍ഭത്തിന് അവകാശികളായത്.

പലപ്പോഴും, ഗര്‍ഭിണിയാകുന്ന കന്യാസ്ത്രിയെ,ഗര്‍ഭം അലസിപ്പിക്കുന്നതിന്, കാരണക്കാരനായ പുരോഹിതന്‍ നിര്‍ബന്ധിക്കുമായിരുന്നു. കന്യാസ്ത്രിയെ മഠത്തില്‍നിന്നും പറഞ്ഞുവിടുകയും, പുരോഹിതനെ മറ്റൊരു പള്ളിയിലേക്ക് മാറ്റുകയോ, ഉപരിപഠനാര്‍ത്ഥം റോമിലേക്കോ മറ്റുസ്ഥലങ്ങളിലേക്കോ അയക്കുകയും ചെയ്യും.

പുരോഹിതന്മാര്‍ സമ്മാനിച്ച വിശുദ്ധ ഗര്‍ഭം അലസപ്പിക്കുവാന്‍, സമ്മാനിച്ചവരും, സഭയും കന്യാസ്ത്രികളെ നിര്‍ബന്ധിക്കാറുണ്ട്. ഇപ്രകാരമുള്ള ഗര്‍ഭച്ഛിദ്രങ്ങള്‍ സഭയുടെ കാതലായ പഠനങ്ങള്‍ക്ക് നിരക്കാത്തതാണെന്നു മാത്രമല്ല അതതു രാജ്യനിയമങ്ങളുടെ ലംഘനവുമാണ്. ഇവിടെ സഭ സ്വന്തം നിയമങ്ങളെയും പഠനങ്ങളെയും മാനിക്കുന്നില്ലെന്നു മാത്രമല്ല മറ്റുരാജ്യങ്ങളുടെ നിയമങ്ങളെ ലംഘിക്കുകയും, ലംഘിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ആഫ്രിക്കയില്‍ വ്യാപകമായ ഈപ്രശ്‌നത്തെപ്പറ്റിയുള്ള ആഫ്രിക്കന്‍ മെത്രാന്മാരുടെപ്രതികരണംശ്രദ്ധിക്കുക:' ഇമ്മാതിരി കൃത്യങ്ങള്‍ പുറത്തുപറയുന്നത് സഭയോട് കൂറില്ലാത്തവരാണ്'.

2013 -ല്‍, - ഫ്രാന്‍സിസ് പാപ്പാ പത്രോസിന്റ്റെ സിഹാസനത്തില്‍ അവരോധിക്കപ്പെട്ടശേഷം, ഉഗാണ്ടയിലെ ഒരു പുരോഹിതനായ ഫാദര്‍ അന്തോണി മുസാലയെ സഭാകാര്യങ്ങളില്‍ നിന്നും മാറ്റിനിറുത്തുകയും മാപ്പിരക്കുവാന്‍ കല്‍പ്പിക്കുകയും ചയ്തു. സഹപുരോഹിതരുടെ, കന്യാസ്ത്രികളുമായും മറ്റു സ്ത്രീകളുമായുള്ള ലൈംഗികബന്ധങ്ങളെപ്പറ്റി ഉല്‍ക്കണ്ട പ്രകടിപ്പിച്ചതായിരുന്നു അദ്ദേഹം ചെയ്ത മൂര്‍ഖപാപം.

കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കന്‍ മെത്രാന്‍ ആരോപണം നിഷേധിക്കുന്നെങ്കിലും, എണ്‍പതിലധികം കന്യാസ്ത്രികള്‍, കഴിഞ്ഞ ജൂലൈ മാസത്തില്‍ ഒരു കത്തിലൂടെ അദ്ദേഹത്തെ അജപാലനവൃത്തിയില്‍നിന്നും മാറ്റി നിറുത്തണമെന്ന് ആവശ്യപ്പെടുകയുണ്ടായി. വത്തിക്കാന്‍ കന്യാസ്തികളെ കേട്ടതായി മനസ്സിലാക്കുന്നു.

മൂന്നാം ലോകരാജ്യങ്ങളില്‍ മാത്രം നടമാടുന്നതാണ് പുരോഹിതരുടെ കന്യാസ്ത്രിപീഡനമെന്ന വാദത്തില്‍ കഴമ്പില്ല. അമേരിക്കയില്‍, ആഫ്രിക്കയില്‍, ആസ്‌ട്രേലിയായില്‍, ഏഷ്യയില്‍, യൂറോപ്പില്‍-എല്ലായിടത്തും ഈ പ്രശ്‌നം കത്തിനില്‍ക്കുന്നു. ലോകത്താകമാനമുള്ള സന്യാസിനീസമൂഹങ്ങളുടെ ഉന്നതാധികാരികളുടെ സംഘടനയാണ് U.I.S.G. കഴിഞ്ഞ നവംബര്‍ മാസത്തില്‍ അവര്‍ ഒരു അസാധാരണ പ്രസ്താവന പുറപ്പെടുവിച്ചു. പുരോഹിതന്മാരുടെ ലൈംഗികാതിക്രമങ്ങള്‍ക്കു ഇരയായ എല്ലാസന്യാസിനികളും മുന്നോട്ടു വരാനും, സഭാധികൃതര്‍ക്കും, ഭരണാധികാരികള്‍ക്കും വിവരങ്ങള്‍ വിശദമായി നല്‍കുവാനും നിര്‍ദേശിച്ചു. തങ്ങള്‍ക്കു ലഭിക്കുന്ന വിവരങ്ങളില്‍ വിളംബം വിനാ നടപടികള്‍ സ്വീകരിക്കുമെന്ന് U.I.S.G. ഉറപ്പു നല്‍കുകയുണ്ടായി. സ്ഥാപനത്തിന്റ്റെ സല്‍പ്പേര് സംരക്ഷിക്കുവാന്‍ അതിക്രമങ്ങളെ മൂടിപൊതിഞ്ഞു വയ്ക്കുന്നതും, മൗനം ദീക്ഷിക്കുന്നതും അധിക്ഷേപാര്‍ഹമാണെന്നു U.I.S.G ശക്തമായി പ്രഖ്യാപിച്ചു.

കാലന്‍ വട്ടമിട്ടു നടക്കുന്നകുറെ കിഴവന്മാരാണ് 'o' യോളം വട്ടമുള്ള വത്തിക്കാനില്‍ വിധവയുടെ ചില്ലിക്കാശുകൊണ്ട് സുഖലോലുപരായി വിലസുന്നത്. അഗസ്റ്റിന്‍ പുണ്യാളന്‍ തുടങ്ങിയ കുറെ വേദവിദ്യാപാരംഗതന്‍മാര്‍ സ്ത്രീകളെ നന്നായി അനുഭവിച്ചശേഷം അവരെപ്പറ്റി കുറേയേറെ ഗീര്‍വാണങ്ങള്‍ രചിച്ചു വച്ചിട്ടുണ്ട്.അവയെല്ലാം ദൈവനിവേശിതങ്ങളാണെന്നാണ് വത്തിക്കാന്‍ വയസന്മാര്‍ ധരിച്ചുവച്ചിരിക്കുന്നത്. സഭയിലെ സന്യാസിനികള്‍ തേനീച്ചകളെപ്പോലെ പണിയെടുക്കണം, പുരോഹിത മാനസങ്ങളെ നൃത്തമാടിക്കണം, പുറത്താരോടും പറയരുത്. അങ്ങനെ പോകുന്നു അവരുടെ താല്‍പര്യങ്ങള്‍. ഇവയെല്ലാം 2000 സംവത്സരക്കാലത്തെ സഭാസംസ്‌ക്കാരത്തിന്റ്റെ ഭാഗമാണെത്രേ!. ദേവനെ പ്രീതിപ്പെടുത്താന്‍ പൂജക്കു കോവിലില്‍ നൃത്തമാടുകയും പുമ്മാനസങ്ങളെ നൃത്തമാടിക്കുകയും ചെയ്ത് തേവിടിശ്ശി എന്ന പേരിനുടമയായത്, വള്ളത്തോള്‍ കൊച്ചുസീതയിലൂടെ നമുക്ക് വെളിവാക്കിയിട്ടുണ്ടല്ലോ!

അള്‍ത്താര അലങ്കരിക്കുകയും പൂക്കള്‍ ചൂടുകയും ചെയ്യുന്ന കര്‍ത്താവിന്റെ മണവാട്ടിമാരുടെ മറ്റൊരു ധര്‍മ്മമാണ് ദൈവത്തിന്റ്റെ പ്രതിപുരുഷന്മാരായ പുരോഹിതന്മാരുടെ ഇ0ഗിതങ്ങള്‍ക്ക് ഇരയാകുന്നത്.

വഞ്ചി സ്‌ക്വയറില്‍ മുഴങ്ങിയ കര്‍ത്താവിന്റ്റെ മണവാട്ടികളുടെ Me Too വിന്റ്റെ അനുരണനം ആഗോള സഭയിലെങ്ങും മാറ്റൊലിക്കൊണ്ടു. അര്‍ജുനന്റ്റെ ശരംപോലെ ലക്ഷ്യവേദിയായി അത് ഭവിച്ചു. പുരോഹിതന്മാരുടെയും മെത്രാന്മാരുടെയും കന്യാസ്ത്രിപീഡനം ലോകത്തോട് തുറന്നുപറയാന്‍ സമയം വൈകിയെന്ന് മാര്‍പ്പാപ്പാ മനസിലാക്കി. വത്തിക്കാന്റ്റെ നീണ്ടകാലത്തെ മൗനം വെടിഞ്ഞു. കുറ്റമേറ്റുപറഞ്ഞു.

ഇതിനിടയില്‍ ചിലിയിലെ ദേശീയ ടെലിവിഷന്‍ പ്രമാദമായ ഒരു വെളിപ്പെടുത്തല്‍ നടത്തി: 'പുരോഹിത ലൈ0ഗികാതിക്രമത്തിനിരയായ ചില കന്യാസ്ത്രികള്‍ അക്കാര്യം മേലധികാരികളെ അറിയിച്ചതിനും അവരുടെ ജ്യേഷ്ഠത്തികന്യാസ്ത്രിയില്‍ നിന്നുമുണ്ടായ ദ്രോഹപരമായ പെരുമാറ്റത്തില്‍ പ്രതികരിച്ചതിനും പ്രതികാരമായി അവരെ മഠത്തിനു പുറത്താക്കി'. ഈ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ഇന്‍സ്റ്റിട്യൂട് ഓഫ്ദി ഗുഡ്‌സാമരിറ്റനെതിരായി വത്തിക്കാന്‍ അന്വേഷണത്തിന് ഉത്തരവിടുകയുണ്ടായി.

വത്തിക്കാന്റ്റെ മേല്‍പറഞ്ഞ കാല്‍വയ്പ്പുകള്‍(കുട്ടിക്കാല്‍വയ്പ്പുകളെങ്കിലും) അനക്കത്തിന്റ്റെ ആരംഭമായി കാണുന്നതില്‍ തെറ്റില്ല. കാര്യത്തിന്റ്റെ ഗൗരവവും പരിഹരിക്കേണ്ടതിന്റ്റെ ആവശ്യകതയും മാര്‍പാപ്പായ്ക്ക് മനസിലാക്കിക്കൊടുക്കുവാന്‍ കേരളത്തിലെ നാലഞ്ചു കന്യാസ്ത്രികള്‍ക്കും വെളിവ് വെച്ച വിശ്വാസികള്‍ക്കും കഴിഞ്ഞു എന്നതില്‍ നമുക്ക് ചാരിതാര്‍ഥ്യത്തിനു വകയുണ്ട്.

ഒരുകാര്യം നാം മനസ്സിലാക്കണം. കാലങ്ങളായി കട്ടിപിടിച്ചു കരിങ്കല്ലിച്ചിരിക്കുന്ന ഈ പ്രശ്‌നം ഒറ്റദിവസംകൊണ്ട്പരിഹൃതമാകില്ല. എങ്കിലും, നമുക്ക് അലംഭാവം പാടില്ല. വഞ്ചീസ്‌ക്വയറിന്റ്റെ സത്ത ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കണം നമ്മുടെ മുന്നോട്ടുള്ള ഓരോ കാല്‍വയ്പും.
-----------------------------------------
കുറിപ്പ്:-2019 ഫെബ്രുവരി രണ്ടാംതീയതിയിലെ ന്യൂയോര്‍ക് ടൈംസില്‍ വന്ന ജേസണ്‍ ഹോറോവിറ്റസിന്റ്‌റെ ലേഖനത്തോടുള്ള കടപ്പാട് നന്ദിപൂര്‍വം രേഖപ്പെടുത്തുന്നു.    
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക