Image

ദേ ബേബിമോള്‍- (മീട്ടു റഹ്മത്ത് കലാം)

മീട്ടു റഹ്മത്ത് കലാം Published on 05 March, 2019
ദേ ബേബിമോള്‍- (മീട്ടു റഹ്മത്ത് കലാം)
സിനിമയോ യാഥാര്‍ത്ഥ്യമോ എന്നുവേര്‍തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ഓരോരുത്തരും മത്സരിച്ചഭിനയിച്ച 'കുമ്പളങ്ങി നൈറ്റ്‌സ്' കണ്ടിറങ്ങിയവര്‍ ആദ്യം ചര്‍ച്ച ചെയ്തത് ബേബിമോളായി നിറഞ്ഞാടിയ ചുരുണ്ടമുടിക്കാരിയെക്കുറിച്ചാണ്. മലയാളികള്‍ക്ക് അനവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ബെന്നി.പി. നായരമ്പലത്തിന്റെ മകള്‍ 'അന്ന ബെന്‍' പഞ്ച് ഡയലോഗുകളിലൂടെ തീയറ്ററില്‍ കയ്യടി നേടി. അന്നയുടെ വിശേഷങ്ങള്‍...

ബെന്നിയുടെ മകള്‍ എന്ന മേല്‍വിലാസം സിനിമയിലേക്കുള്ള കടന്നുവരവ് എളുപ്പമാക്കും. പിന്നെന്തുകൊണ്ടാണ് ഓഡിഷനിലൂടെ വന്നത്?
ഓര്‍മവച്ച കാലം മുതല്‍ സിനിമ ഇഷ്ടമാണ്. പപ്പ ലൊക്കേഷനുകളില്‍ കുടുംബത്തെയും കൊണ്ടുപോകാറുണ്ട്. ചാന്തുപൊട്ടിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് നടത്തിയ ഗോവയാത്ര മറക്കാനാവില്ല. ബെന്നിയുടെ മകള്‍ എന്ന പരിഗണനകൊണ്ട് സിനിമയില്‍ എന്‍ട്രി എളുപ്പം ആകുമായിരുന്നിരിക്കാം. പക്ഷേ, എനിക്കെന്റെ കഴിവില്‍ വിശ്വാസം പോരായിരുന്നു. ആഗ്രഹം മാത്രമായിരുന്നു കൈമുതല്‍. പ്ലസ് ടൂ കഴിഞ്ഞ് ബാം ൂരില്‍ ഫാഷന്‍ ടെക്‌നോളജി പഠിക്കുമ്പോഴും ഉള്ളില്‍ എവിടെയോ സിനിമാമോഹം കൊളുത്തിവലിച്ചിരുന്നു. പിന്നീട് ഒരുവര്‍ഷം അവിടെ ജോലി ചെയ്തു. ഹയര്‍ സ്റ്റഡീസിന് ചേരാം എന്ന് കരുതി നാട്ടില്‍വന്ന സമയത്ത്, ആഷിഖ് അബു ചേട്ടന്റെ ഇന്‍സ്റ്റഗ്രാമില്‍ ഓഡിഷനുള്ള ക്ഷണംകണ്ട് വെറുതെ ഫോട്ടോ അയച്ചുനോക്കി. കിട്ടുമെന്ന് ഉറപ്പില്ലാതിരുന്നതു കാരണം വീട്ടില്‍ പറഞ്ഞില്ല. നാല് ഓഡിഷനുകള്‍ ഉണ്ടായിരുന്നു. സെലക്ടഡ് ആയെന്ന വാര്‍ത്ത എന്നെ ശരിക്കും ഞെട്ടിച്ചു. പിന്നെ ധൈര്യമായിട്ട് ബെന്നി.പി.നായരമ്പലത്തിന്റെ മകളാണെന്ന് പറഞ്ഞു. അങ്ങനെ ദിലീഷേട്ടനാണ് (ദിലീഷ് പോത്തന്‍) പപ്പയെവിളിച്ച് കാര്യങ്ങള്‍ പറയുന്നത്. ഞാന്‍ സിനിമയുടെ ഭാഗമാകുമെന്ന് പപ്പയ്ക്ക് മുന്‍പേ തോന്നിയിരുന്നു. ചെറുതായി എഴുതാറുള്ളതുകൊണ്ട്, എഴുത്തുകാരി എന്നനിലയില്‍ ആയിരിക്കുമോ അഭിനേത്രി എന്ന നിലയ്ക്കാകുമോ എന്‍ട്രി എന്നായിരുന്നു സംശയം.

കുമ്പളങ്ങി നൈറ്റ്‌സിലൂടെ അരങ്ങേറ്റം കുറിക്കാന്‍ സാധിച്ചതില്‍ എത്രത്തോളം സംതൃപ്തയാണ്?
നൂറുശതമാനവും. ലോകത്ത് ഒരു ആക്ടിംഗ് സ്‌കൂളില്‍ ചേര്‍ന്നാലും ചുരുങ്ങിയ സമയംകൊണ്ട് ഇത്രയധികം പാഠങ്ങള്‍ പഠിക്കാന്‍ കഴിയില്ല.  നമുക്ക് പൂര്‍ണ സ്വാതന്ത്ര്യം തന്നുകൊണ്ട് മനസ്സില്‍ കണ്ട ബേബിമോളെ കടഞ്ഞെടുക്കുകയായിരുന്നു സംവിധായകനായ മധു ചേട്ടന്‍ (മധു സി.നാരായണന്‍). സാധാരണ കാണുന്ന രംഗങ്ങളെ അസാധാരണ ഭംഗിയോടെ ഒപ്പിയെടുത്തിരിക്കുകയാണ് ഛായാഗ്രാഹകനായ ഷൈജു ഖാലിദ്. സമീറ ചേച്ചി ( സമീറ സനീഷ്) കഥാപാത്രങ്ങള്‍ക്ക് ഏറ്റവും ഉചിതമായ കോസ്റ്റിയൂം ഡിസൈന്‍ ചെയ്യുന്നതും ഞാന്‍ നോക്കിനിന്ന് പഠിക്കാന്‍ ശ്രമിച്ചു. കഥാപാത്രങ്ങളുടെ മനസ് തന്നിലേക്ക് ആവാഹിച്ചും പ്രേക്ഷകരുടെ  പള്‍സ് അറിഞ്ഞുകൊണ്ടുമാണ് ശ്യാമേട്ടന്‍ ( ശ്യാം പുഷ്‌കരന്‍) ഓരോ ഡയലോഗും എഴുതിയിരിക്കുന്നത്. മുഴുവന്‍ കഴിവും സിനിമയ്ക്ക് സമര്‍പ്പിക്കുന്ന ക്രൂ, നമ്മളെയും ആ രീതിയില്‍ മോള്‍ഡ് ചെയ്യും. ചുറ്റുമുള്ള എല്ലാവരും സ്വാഭാവിക അഭിനയം കാഴ്ചവയ്ക്കുമ്പോള്‍, വെറുതെ ഡയലോഗ് പറയേണ്ട കാര്യമേ ഉള്ളു.  ഉദ്ദേശിക്കുന്ന ഫീല്‍ തനിയേ വരും. തുടക്കക്കാരിയായ എന്നെ സംബന്ധിച്ചത് മഹാഭാഗ്യമാണ്.  

കുമ്പളങ്ങിയിലെ ബേബിമോള്‍ അന്നയില്‍ എത്ര ശതമാനമുണ്ട്?
കഥ കേട്ടുടനെ ബേബിമോളെ ഞാന്‍ മനസിലാക്കിയത,് എറണാകുളത്ത് ജനിച്ചുവളര്‍ന്ന പെണ്‍കുട്ടികളുടെ പ്രതിനിധി ആയിട്ടാണ്. ഞാനുമായി സാമ്യമുള്ള ക്യാരക്ടര്‍ സ്‌കെച്ചായി തന്നെ തോന്നി. സിനിമയെ സ്‌നേഹിക്കുന്ന, ജീവിതത്തിലും സിനിമയിലെ ഡയലോഗുകള്‍ പറയുന്ന, കൗണ്ടര്‍ അടിക്കുന്ന ആളാണ് ഞാനും. 

സഹതാരങ്ങളെ കുറിച്ച്?
നാല് സഹോദരന്മാരുടെ കഥയാണ് കുമ്പളങ്ങി നൈറ്റ്‌സ് പറയുന്നത്. ഷെയ്ന്‍ നിഗത്തിന്റെയും ഫഹദിക്കയുടെയും കൂടെ മാത്രമേ എനിക്ക് കോമ്പിനേഷന്‍ രംഗങ്ങള്‍ ഉണ്ടായിരുന്നുള്ളു. ഫഹദിക്കയുടെ ഫാന്‍ ആയതുകൊണ്ട് ആ ഒരു എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു. കണ്ണുകള്‍ കൊണ്ടദ്ദേഹം അഭിനയിക്കുന്നത് നേരില്‍ കാണാന്‍ സാധിച്ചു.  ഷെയ്‌നും കഴിവുതെളിയിച്ച നടനാണ്. എങ്കിലും മുന്‍പ് ചെയ്ത സിനിമകളില്‍ ഷെയ്ന്‍ അധികം ചിരിച്ച് കണ്ടിട്ടില്ല. ആ കുറവ് പരിഹരിക്കുന്ന കഥാപാത്രമാണ് കുമ്പളങ്ങിയിലെ ബോബി. 

കുമ്പളങ്ങി റിലീസായ ശേഷം ലഭിച്ച അഭിനന്ദനങ്ങളില്‍ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒന്ന്?
 നമ്പര്‍ തേടിപ്പിടിച്ച് വിളിച്ച്, ബേബിമോളെ ഒത്തിരി ഇഷ്ടമായെന്ന്  പറഞ്ഞവരുണ്ട്. അതില്‍ ഒരുപാട് സന്തോഷമുണ്ട്. ഞാന്‍ പെര്‍ഫോം ചെയ്ത് മുന്‍പ് കണ്ടിട്ടില്ലാത്തതുകൊണ്ട് പപ്പയ്ക്ക് ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നിരിക്കാം. സിനിമ കണ്ടശേഷം നന്നായിരിക്കുന്നെന്ന് പറഞ്ഞ് പപ്പ എന്നെ ചേര്‍ത്തുപിടിച്ചു. അന്നേരം ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. പപ്പയുടെ ഹൃദയത്തില്‍ നിന്നുവന്ന വാക്കുകളാണ് എനിക്ക് ലഭിച്ച വിലമതിക്കാനാവാത്ത അഭിനന്ദനം.

പപ്പ എഴുതുന്ന സിനിമയില്‍ അഭിനയിക്കണം എന്നൊരു ആഗ്രഹമുണ്ടോ?
സിനിമകള്‍ ഒരുപാട് കാണുന്ന ആളാണ് ഞാന്‍. ഇഷ്ടപ്പെട്ട സിനിമകള്‍ ആവര്‍ത്തിച്ച് കാണാനും മടിയില്ല. അത്തരത്തിലുള്ള പത്ത് ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താല്‍ പപ്പ എഴുതിയ കല്യാണരാമനും ചാന്തുപൊട്ടും ഒക്കെ ഉള്‍പ്പെടും. അങ്ങനൊരു തിരക്കഥാകൃത്തിന്റെ സിനിമ ഏതൊരാളെയും പോലെ എന്റെയും സ്വപ്നമാണ്. ഭാവിയെക്കുറിച്ച് ഒരുപാട് പ്ലാന്‍ ചെയ്യാറില്ല. അടുത്തതായി ഏതു പ്രോജക്ട് ചെയ്യണം എന്നുപോലും തീരുമാനിച്ചിട്ടില്ല.      കടപ്പാട്: മംഗളം                      

ദേ ബേബിമോള്‍- (മീട്ടു റഹ്മത്ത് കലാം)ദേ ബേബിമോള്‍- (മീട്ടു റഹ്മത്ത് കലാം)ദേ ബേബിമോള്‍- (മീട്ടു റഹ്മത്ത് കലാം)ദേ ബേബിമോള്‍- (മീട്ടു റഹ്മത്ത് കലാം)ദേ ബേബിമോള്‍- (മീട്ടു റഹ്മത്ത് കലാം)ദേ ബേബിമോള്‍- (മീട്ടു റഹ്മത്ത് കലാം)ദേ ബേബിമോള്‍- (മീട്ടു റഹ്മത്ത് കലാം)ദേ ബേബിമോള്‍- (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക