Image

ഗംഗയെ തൊട്ടറിയറണം, ഉള്ളറിയണം-1 (മിനി വിശ്വനാഥന്‍)

Published on 04 March, 2019
ഗംഗയെ തൊട്ടറിയറണം, ഉള്ളറിയണം-1 (മിനി വിശ്വനാഥന്‍)
സത്യത്തില്‍ കാശി വിളിക്കുക തന്നെയായിരുന്നു ...
ഇന്ത്യയില്‍ കണ്ടു തീര്‍ക്കണമെന്ന് കരുതിയ സ്ഥലങ്ങളുടെ ലിസ്റ്റില്‍ ഏകദേശം അവസാനത്തേതായിരുന്നു കഴിഞ്ഞ സെപ്തംബര്‍ വരെ കാശി....

പ്രളയാനന്തരമുണ്ടായ വിഷാദ കാലത്തിനിടെയാണ് നാഗസന്യാസിമാരില്‍ തുടങ്ങി ഗംഗാതീരം വരെ എത്തി നില്‍ക്കുന്ന ഒരു ലേഖന പരമ്പരവായിക്കാനിടയായത്. കൂട്ടത്തില്‍  കാശി യാത്രക്കുറിപ്പുകളും  ഗംഗാതീരത്ത് നക്ഷത്രങ്ങള്‍ എണ്ണുന്ന ഫോട്ടോകളും .മറ്റൊരു  കാശി യാത്രാവിവരണം കൂടിയായപ്പോള്‍ ലിസ്റ്റില്‍ നിന്ന് കാശിയെ മുന്നോട്ടേക്ക് തള്ളി നീക്കി. എന്നാലും എപ്പോള്‍ എന്ന് എന്നത് വീണ്ടും ചോദ്യചിഹ്നമായി.

ശിവരാത്രിക്ക്, കുംഭമേള സമയത്ത് കാശി കാണണം. ഞാന്‍ വെറുതെയൊന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം എന്തിനും ഏതിനും റെഡി. ആദ്യം വിശ്വനാഥന്‍ കാശി കാണാമെന്ന തീരുമാനത്തില്‍ ഉറച്ചപ്പോഴാണ് ഷാര്‍ജ വാരണാസി ഫ്‌ലൈറ്റ് മോഹിപ്പിച്ചു കൊണ്ട് മുന്നിലെത്തിയത്. മൂന്ന് ദിവസം വീട്ടുകാര്യങ്ങള്‍ നോക്കിക്കൊള്ളാമെന്ന വാഗ്ദാനം സഹായികളായ ലക്ഷ്മിയും ഗോപമ്മയും തന്നപ്പോള്‍ കാശി എന്നെ കൈപിടിച്ച് വലിച്ച് തന്റെടുത്ത് എത്തിക്കുന്നത് പോലെ തോന്നി.

കഴിഞ്ഞ ജൂലായിലെ ഹംപി ബാക്ക്പാക്ക് യാത്രയുടെ ഓര്‍മ്മയില്‍ എക്‌സര്‍ഷന് പോവുന്ന കുട്ടികളെപ്പോലെ ഞങ്ങള്‍ ഒരുങ്ങിയിറങ്ങി. മുന്‍ പിന്‍ നോക്കാതെ .രണ്ടാം ബാക്ക്പാക്ക് യാത്ര. നാട്ടിലേക്ക് വിളിച്ചപ്പോള്‍ പതിവ് പോലെ ഒരേയൊരു ഓര്‍മ്മപ്പെടുത്തല്‍ ,നീന്താനറിയാത്തതാണെന്ന്. സൂക്ഷിക്കണമെന്ന് ..

കാശിയിലേക്കുള്ള എന്റെ യാത്ര ഇത്ര വേഗം സാധിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നതല്ല.
ഇപ്പോള്‍ ഗംഗാ ആരതി കണ്ട് മനസ്സ് നിറഞ്ഞ് ഹോട്ടലിലെത്തി.
മനസ്സ് ശാന്തം.ഏറ്റവും പുരാതനമായ ജനവാസ കേന്ദ്രങ്ങളിലൊന്നാണ് കാശി. ഐതിഹ്യങ്ങളിലേക്കും പുരാണ കഥകളിലേക്കും കടക്കുന്നില്ല.
ഞാന്‍ രണ്ടാമത്തെ തവണയാണ് കൂടെ കുട്ടികളില്ലാത്ത യാത്ര, ഇന്ത്യയിലേക്ക് ..

സാധാരണ നാട്ടില്‍ വരുമ്പോള്‍ ഓരോ പ്രായത്തിലും ഓരോ കുറുമ്പുകളും വാശികളുമായി അവര്‍ ഇടവും വലവും ഉണ്ടാവും. അച്ഛപ്പനും അച്ഛമ്മയും കാത്തിരിക്കുന്നതിന്റെ സന്തോഷത്തിലായിരിക്കും. ചുറ്റുപാടുമുള്ള മുഖങ്ങളും അതുപോലെ.

ഇത്തവണ എയര്‍ ഇന്ത്യയുടെ വാരണാസി ഫ്‌ലൈറ്റിന് കാത്ത് നിന്നപ്പോള്‍ ചുറ്റുവട്ടവും ആളും ബഹളവും ഭാഷയും ഒക്കെ വ്യത്യസ്തം .. പക്ഷെ ഒരേ വികാരം. വെട്ടിചീവിയൊതുക്കിയ മീശയും കൃതാവും നെഞ്ചത്തടുക്കിപ്പിടച്ച ഡ്യുട്ടി ഫ്രീ ബാഗും എല്ലാം ഒരു പോലെ . സ്വന്തക്കാരെ കാണാനുള്ള അക്ഷമ ചായം തേച്ച മുഖങ്ങള്‍..

ഞങ്ങള്‍ മാത്രമായിരുന്നു നാട് കാണാനായി ബാക്ക് പാക്ക് കെട്ടിയിറങ്ങിയവര്‍ ..

വാരണാസി ലാല്‍ബഹദൂര്‍ ശാസ്ത്രി ഇന്റര്‍നാഷണല്‍ എയര്‍പ്പോട്ടിലാണ് ഞങ്ങള്‍ ഇറങ്ങിയത്. വളരെ സൗഹാര്‍ദ്ദപരമായ ഒരു എയര്‍പോര്‍ട്ട്. ലഗേജും വളരെ വേഗം എത്തി.അജിത് പറഞ്ഞേല്‍പ്പിച്ച ടാക്‌സി െ്രെഡവര്‍ കാത്തു നില്കുന്നുണ്ടായിരുന്നു പുറത്ത്. പൊടി പിടിച്ച പഴയ സിറ്റിയിലൂടെ വണ്ടി കാശിയിലേക്കുരുണ്ടു..

വീതി കുറഞ്ഞ റോഡുകളില്‍ നിറയെ സൈക്കിള്‍ റിക്ഷകളും ഓട്ടോകളും നിരന്നിരുന്നു. ശനിയാഴ്ച മാര്‍ക്കറ്റിന്റെ തിരക്കാണെന്ന് പറഞ്ഞു െ്രെഡവര്‍.
ദശാശ്വമേധ ഘട്ടിലെ ശിവരാത്രി ഗസ്റ്റ്ഹൗസിലെ താമസവും ദുബായില്‍ നിന്ന് തന്നെ ബുക്ക് ചെയ്തിരുന്നു.

തിരക്ക് പിടിച്ച ഇടുങ്ങിയ മെയിന്‍ റോഡിന്റെ വശത്തായി പൗരാണികത നിലനിര്‍ത്തുന്ന ഇടുങ്ങിയ കെട്ടിടങ്ങള്‍ .വര്‍ണ്ണപ്പകിട്ടുള്ള ബനാറസി സാരിക്കടകള്‍ തെരുവിന് പകിട്ട് കൂട്ടി. കളിപ്പാട്ടക്കടകളും വെച്ചു വാണിഭക്കാരും പരമ്പരാഗത അമ്പലത്തെരുവുകളില്‍ കാണുന്നതു പോലെ തന്നെ.

ഞങ്ങള്‍ മൂന്നേ മുപ്പതിന് വാരണാസി ലാന്‍ഡ് ചെയ്‌തെങ്കിലും അഞ്ച് മണിയോടെയാണ് ഹോട്ടലില്‍ എത്തിയത്.ഗംഗാ തീരത്തിനടുത്തായിരുന്നു ഹോട്ടല്‍... ചെറുതാണെങ്കിലും ആവശ്യത്തിന് വൃത്തിയും സൗകര്യങ്ങളുമുള്ളതായിരുന്നു അത്.

പെട്ടെന്ന് തന്നെ ഒരുങ്ങിയിറങ്ങി കാത്തു കാത്തിരുന്ന, യുട്യുബ് വീഡിയോകള്‍ കണ്ട് മനസ്സില്‍ കൊതിച്ചിരുന്ന "ഗംഗാ ആരതി''കാണാന്‍.
ദശാശ്വമേഥ്ഘട്ടിലാണത്. പുണ്യനദിയായ ഗംഗ യുടെ തീരങ്ങള്‍ ശിവരാത്രിയുടെ തിരക്കുകള്‍ കാരണം നിറഞ്ഞ് കവിഞ്ഞിരുന്നു. ചിത്രങ്ങളില്‍ കണ്ടിട്ട് പോലും പൂര്‍ണ്ണമായും വിശ്വസിക്കാതിരുന്ന നഗ്‌നസന്യാസിമാര്‍ മുന്നില്‍ കത്തിച്ച് വെച്ചിരിക്കുന്ന ചെറിയ അഗ്‌നികുണ്ഡങ്ങളില്‍ നിന്ന് പുകയെടുത്ത് നിസ്സംഗരായി കാഴ്ചക്കാരെ നോക്കി. ചെറിയ മറച്ചുകെട്ടിനുള്ളില്‍ മധുരമായി ഓടക്കുഴല്‍ വായിച്ച ഒരു സന്യാസി അലൗകികമായ ഭക്തിയിലും ,സംഗീതത്തിലും ശരിക്കും മുഴുകിയിരുന്നു..
പക്ഷേ ശരീരത്തില്‍ നിറയെ ഭസ്മത്തിന് പകരം ചന്ദനം തേച്ച് പിടിച്ചിരുന്ന ചില നഗ്‌ന സന്യാസിമാര്‍ വിദേശികളുടെ കൂടെ സെല്‍ഫിയെടുക്കുന്നതും കാണാനിടയായി.

പൂവും കല്‍ക്കണ്ട പ്രസാദവുമായി ഭക്തരെ ക്ഷണിക്കുന്ന പണ്ഡിറ്റ്മാരെയും കണ്ടു അവിടെ.

ഗംഗയില്‍ കാലെടുത്തു വെച്ചില്ല, ഗംഗാജലം സ്പര്‍ശിച്ചില്ല. സമയമായില്ലെന്ന് തോന്നിയത് കൊണ്ടോ തൊട്ടടുത്ത് നിന്ന് ആളിക്കത്തുന്ന ചിതകള്‍ കണ്ടതുകൊണ്ടാണെന്നോ അറിയില്ല. നിസ്സംഗമായ ശവമടക്കുകള്‍ അവിടെ കാണാന്‍ പറ്റി.പരിപൂര്‍ണ്ണമോക്ഷത്തിലേക്ക് പ്രിയപ്പെട്ടവര്‍ പറന്നകലുന്ന ആശ്വാസം നല്‍കുന്ന നിസ്സംഗതയായിരിക്കാം.

ആറര മണിയോടെ ഞങ്ങള്‍ക്ക് വേണ്ടി പറഞ്ഞുറപ്പിച്ചിരുന്ന ബോട്ട് എത്തി. ഏകദേശം ഗംഗാരതിക്ക് മുന്നിലായി അയാള്‍ ബോട്ട് കൊണ്ടു നിര്‍ത്തി.ചെറിയ ചിരാതുകളില്‍ ദീപവും പൂക്കളും പുഴയിലൊഴുക്കുന്നുണ്ടായിരുന്നു ചിലര്‍.

ഗംഗാനദിയെ ആരതിയുഴിഞ്ഞ് ആരാധിക്കുന്ന ചടങ്ങാണ് ഗംഗ ആരതി.. പ്രകൃതിയെ വന്ദിക്കുന്ന മനോഹരമായ ഒരു ചടങ്ങായാണ് എനിക്കത് കണ്ടപ്പോള്‍ തോന്നിയത്. രണ്ട് വശങ്ങളിലും പരമ്പരാഗത വേഷം ധരിച്ച പുരോഹിതര്‍ മന്ത്രോച്ചാരണങ്ങളോടെ ധൂപം കൊണ്ടുഴിഞ്ഞതിനു ശേഷം തട്ടുതട്ടായി കത്തുന്ന വിളക്ക് കൊണ്ടുള്ള ആരതി ശരിക്കും മനസ്സിനെ ആഹ്‌ളാദിപ്പിക്കുന്ന കാഴ്ചയാണ്. മനസ്സു നിറയ്ക്കുന്ന കാഴ്ചയാണ്.
യാത്ര തുടരും ...
ഗംഗയെ കണ്ടറിഞ്ഞതേയുള്ളു ..
തൊട്ടറിയറണം...
ഉള്ളറിയണം ...

(തുടരും )

ഗംഗയെ തൊട്ടറിയറണം, ഉള്ളറിയണം-1 (മിനി വിശ്വനാഥന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക