Image

ചിരിപ്പിച്ചു കൊല്ലും ഈ റൗഡികള്‍

Published on 03 March, 2019
  ചിരിപ്പിച്ചു കൊല്ലും ഈ റൗഡികള്‍

ജീത്തു ജോസഫിന്റെ മുന്‍കാല സിനിമകളില്‍ നിന്നും വ്യത്യസ്‌തമായി ഏതാണ്ട്‌ ഒട്ടു മിക്ക കഥാപാത്രങ്ങളും തീരെ ചെറുപ്പക്കാരെ അണിനിരത്തിയെടുത്ത ചിത്രമാണ്‌ മിസ്റ്റര്‍ ആന്‍ഡ്‌ മിസ്‌ റൗഡി. 

മോഹന്‍ലാലിന്റെ മകന്‍ പ്രണവ്‌ മോഹന്‍ലാലിനെ നായകനാക്കി ആദി എന്ന ചിത്രം സംവിധാനം ചെയ്‌തതിനു ശേഷം ജയറാമിന്റെ മകനായ കാളിദാസ്‌ ജയറാമിനെ നായകനാക്കി ജീത്തു ജോസഫ്‌ സംവിധാനം ചയ്‌ത ചിത്രമാണിത്‌.

 ആദി ഒരു സീരിയസ്‌ ചിത്രമായിരുന്നെങ്കില്‍ മിസ്റ്റര്‍ ആന്‍ഡ്‌ മിസ്‌ റൗഡി ഒരു പക്കാ കോമഡി ചിത്രമാണ്‌. ഒരു പക്കാ ഫാമിലി കോമഡി.

വലിയ വിദ്യാഭ്യാസവും ലോകപരിചയവുമൊന്നുമില്ലാത്ത കുറേ ചെറുപ്പക്കാര്‍. പ്രത്യേകിച്ച്‌ ലക്ഷ്യങ്ങളൊന്നുമില്ലാതെ ജീവിക്കേണ്ടി വരുന്ന അവര്‍ക്ക്‌ പറ്റുന്ന അബദ്ധം. ദുര്‍ഗുണപാഠശാലയില്‍ നിന്നു പുറത്തിങ്ങിയാലും കൈ നീട്ടി സ്വീകരിക്കാന്‍ മടിക്കുന്ന സമൂഹം. 

സാഹചര്യങ്ങളും സമൂഹവും ഒരു വ്യക്തിയെ എങ്ങനെ ഗുണ്ടയാക്കുന്നു എന്നാണ്‌ ചിത്രം കാട്ടിത്തരുന്നത്‌. കൂടാതെ ഗുണ്ടായിസം കാണിച്ചു നടക്കുന്ന ചിലരിലെങ്കിലും നന്‍മയുടെ ചെറുകണങ്ങള്‍ ഉണ്ടെന്നും ഈ ചിത്രം വ്യക്തമാക്കുന്നു.

ചെറുപ്പത്തില്‍ തന്നെ ഒരു കേസില്‍ പെട്ട്‌ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ പോകേണ്ടി വന്ന ചെറുപ്പക്കാരനാണ്‌ അപ്പു. കൂടെ അവന്റെ കൂട്ടുകാരും. അവിടെ നിന്നും തിരിച്ചു വരുന്ന അപ്പുവിന്‌ അമ്മയും വീടും നഷ്‌ടമാകുന്നു.

 ദുര്‍ഗുണ പരിഹാര പാഠശാലയില്‍ നിന്നും പുറത്തിറങ്ങിയെങ്കിലും അപ്പുവിനും കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കിടയില്‍ അത്ര സ്വീകാര്യതയില്ല. 

കുറ്റകൃത്യം ചെയ്‌ത്‌ ജയിലില്‍ പോയ ആളുകള്‍ എന്ന നിലയ്‌ക്കാണ്‌ അവരെ ഇപ്പോഴും നാട്ടുകാര്‍ കാണുന്നത്‌. പല സ്ഥലത്തും അവര്‍ക്കത്‌ അനുഭവിക്കേണ്ടി വരുന്നു. സാഹചര്യങ്ങള്‍ അവരെ ഗുണകളാക്കി മാറ്റുകയാണ്‌.

അപ്പുവും കൂട്ടുകാരും ദുര്‍ഗുണ പരിഹാര പാഠശാലയില്‍ കഴിഞ്ഞപ്പോള്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്ന ആളാണ്‌ ഡൊമിനിക്‌ എന്ന ഡാനി. 

അയാള്‍ കൊച്ചിയിലെ അറിയപ്പെടുന്ന ഒരു ഗുണ്ടയാണ്‌. അപ്പുവിനും കൂട്ടര്‍ക്കും ഡാനിയെ പോലെയാകാന്‍ ആഗ്രഹമുണ്ട്‌. അയാളുടെ ജീവിതം അതേ പടി പകര്‍ത്താനുള്ള ശ്രമങ്ങളാണ്‌ പിന്നീട്‌ ഇവര്‍ നടത്തുന്നത്‌. 

ഇതിനായി തങ്ങളെ കൊണ്ട്‌ ചെയ്യാന്‍ കഴിയാത്ത പല ക്വട്ടേഷനുകളും ഇവര്‍ ഏറ്റെടുക്കുന്നു. അതില്‍ നിന്നു തന്നെ ഏറെ തലവേദനകളാണ്‌ ഇവര്‍ക്കു നേരിടേണ്ടി വരുന്നത്‌. 

അതിനിടെ പൂര്‍ണിമ എന്ന പെണ്‍കുട്ടി ഇവര്‍ക്കിടയിലേക്ക്‌ കടന്നു വരുന്നു. ഇതോടെ കഥ മറ്റൊരു വഴിക്ക്‌ നീങ്ങുന്നു. തുടര്‍ന്ന്‌ ഇവരുടെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ്‌ സിനിമയുടെ ഇതിവൃത്തം.

തമാശ ചിത്രം ജീത്തുവിന്‌ നന്നായി ഇണങ്ങുമെന്ന്‌ മൈ ബോസ്‌ തെളിയിച്ചിട്ടുള്ളതാണ്‌. അതേ ട്രാക്കില്‍ തന്നെയാണ്‌ ഈ ചിത്രവും സഞ്ചരിക്കുന്നത്‌. കഥയില്‍ ഒടുവില്‍ എന്തു സംഭവിക്കുമെന്ന്‌ പ്രേക്ഷകര്‍ക്ക്‌ നേരത്തെ തന്നെ മനസിലാകും എന്നതൊരു പോരായമയാണ്‌. 

 ട്വിസ്റ്റുകളൊന്നും ചിത്രത്തിന്‌ അവകാശപ്പെടാനില്ല. പലപ്പോഴായി കണ്ടിട്ടുള്ള ചിത്രങ്ങളുടെ ഒരു പുതിയ രൂപം. അത്ര തന്നെ. എങ്കിലും പുതിയ രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌.

ഇടവേള വരെ മികച്ച കോമഡി രംഗങ്ങള്‍ കൊണ്ട്‌ സമ്പന്നമാണ്‌ ചിത്രം. ഇടവേളയ്‌ക്കു ശേഷവും കോമഡിയും വൈകാരിക മുഹൂര്‍ത്തങ്ങളും ചിത്രത്തില്‍ ഏറെയുണ്ട്‌. ഗ്രാമീണ പശ്ചാത്തലത്തില്‍ കഴിയുന്ന അപ്പുവെന്ന ഗുണ്ടയെ കാളിദാസ്‌ മികച്ചതാക്കിയിട്ടുണ്ട്‌. 

ഓരോ ചിത്രവും കഴിയുമ്പോള്‍ ഒരു നടന്‍ എന്ന നിലയില്‍ കാളിദാസ്‌ പക്വത നേടുന്നുണ്ട്‌. ആക്ഷനും കോമഡിയും തനിക്കു വഴങ്ങുമെന്ന്‌ കാളിദാസ്‌ ഈ ചിത്രത്തിലൂടെ തെളിയിച്ചിട്ടുണ്ട്‌.

എന്നാല്‍ ചിത്രത്തില്‍ നായികയായി എത്തുന്ന അപര്‍ണ ബാമുരളിയുടെ പൂര്‍ണിമ എന്ന കഥാപാത്രമായിരിക്കും അഭിനയത്തിന്റെ കാര്യത്തില്‍ പ്രേക്ഷകരുടെ കൈയ്യടി നേടുക. ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയായി അപര്‍ണ തിളങ്ങി. അത്ര നാച്ചുറലായി അഭിനയിക്കാന്‍ അപര്‍ണയ്‌ക്ക്‌ കഴിഞ്ഞു. 

കൂടാതെ അപ്പുവിന്റെ കൂട്ടുകാരായി അഭിനയിച്ച വിഷ്‌ണു ഗോവിന്ദ്‌, വെന്‍സണ്‍, ഷെബിന്‍, ഗണപതി എന്നിവരും തങ്ങളുടെ കഥാപാത്രത്തോട്‌ നീതി പുലര്‍ത്തി.

ജീത്തു ജോഫിന്റെ ഭാര്യ ലിന്റായുടേതാണ്‌ തിരക്കഥ. സതീഷ്‌ കുറുപ്പിന്റെ ഛായാഗ്രഹണം വളരെ മികച്ചതായി. ഗ്രാമീണഭംഗി മുഴുവന്‍ ഒപ്പിയെടുത്തിട്ടുണ്ട്‌ ചിത്രം. 

ഹരിനാരായണന്റെ വരികള്‍ക്ക്‌ ഈണം നല്‍കിയിരിക്ക#ുന്നത്‌ അരുണ്‍ വിജയ്‌ ആണ്‌. മനസില്‍ തങ്ങി നില്‍ക്കുന്ന ഈണങ്ങളാണ്‌ എല്ലാം. കൂട്ടുകാര്‍ക്കൊപ്പമോ കുടുംബത്തോടൊപ്പമോ പോയി കണ്ടാസ്വദിക്കാന്‍ പറ്റിയ ചിത്രമാണ്‌ മിസ്റ്റര്‍ ആന്‍ഡ്‌ മിസ്‌ റൗഡി.



















































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക