Image

മലയാളിയുടെ കടയില്‍ നിന്ന്‌ 1,48,000 ദിര്‍ഹം മോഷ്‌ടിച്ച സംഘം അറസ്‌റ്റില്‍

Published on 18 April, 2012
മലയാളിയുടെ കടയില്‍ നിന്ന്‌ 1,48,000 ദിര്‍ഹം മോഷ്‌ടിച്ച സംഘം അറസ്‌റ്റില്‍
ഷാര്‍ജ: മലയാളിയുടെ കടയില്‍ നിന്ന്‌ 1,48,000 ദിര്‍ഹം മോഷ്‌ടിച്ച അഞ്ചു പാക്കിസ്‌ഥാന്‍ സ്വദേശികളെ ഷാര്‍ജ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. നാദാപുരം സ്വദേശി നാസര്‍ നല്ലോളിക്കണ്ടിയുടെ നാസര്‍ നല്ലോളി ജനറല്‍ ട്രേഡിങ്ങില്‍ നിന്ന്‌ കഴിഞ്ഞ മാര്‍ച്ച്‌ 20-ന്‌ പുലര്‍ച്ചെയാണ്‌ വന്‍ തുക മോഷണം പോയത്‌.

ഷാര്‍ജ വ്യവസായ മേഖല 12ലെ കടയില്‍ പുലര്‍ച്ചെ 3.30ന്‌ നടന്ന മോഷണത്തിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. ഇതു പൊലീസിനു കൈമാറിയിരുന്നു. സ്‌ഥാപനത്തിന്റെ മുന്‍വശത്തെ പ്രധാന പൂട്ടു പൊളിച്ച്‌ ഉള്ളില്‍ കടന്നവര്‍ ലോക്കര്‍ തകര്‍ത്ത്‌ പണം എടുക്കുന്നതു വ്യക്‌തമായി പതിഞ്ഞിരുന്നു. ഒരാള്‍ തൊപ്പി ധരിച്ചും മറ്റുള്ളവര്‍ മുഖം മൂടി ധരിച്ചുമാണ്‌ എത്തിയിരുന്നത്‌. വേഷത്തില്‍ നിന്ന്‌ ഇവര്‍ പാക്കിസ്‌ഥാന്‍കാരാണെന്നതും വ്യക്‌തമായിരുന്നു.

കഴിഞ്ഞ ദിവസം നാഷനല്‍ പെയിന്റിനനടുത്തു മോഷണ ശ്രമത്തിനിടെ സംഘത്തിലെ രണ്ടു പേര്‍ പിടിയിലായതാണ്‌ നാസറിന്റെ കടയിലെ മോഷണം തെളിയിച്ചത്‌. ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ്‌ മറ്റുള്ളവരെക്കുറിച്ചു വിവരം ലഭിച്ചത്‌. ഇവരില്‍ രണ്ടു പേര്‍ ദുബായിലെ ഒരു ഫാമില്‍ ജോലി ചെയ്യുകയായിരുന്നു. അവരെ പിന്നീട്‌ അറസ്‌റ്റു ചെയ്‌തു.

അഞ്ചാമന്‍ യുഎഇ-ഒമാന്‍ അതിര്‍ത്തിയിലുള്ള ബുറൈമിയില്‍ ജോലി ചെയ്‌തു വരികയായിരുന്നു. ഇയാളെ ഷാര്‍ജ, ഒമാന്‍, അല്‍ഐന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിഐഡികള്‍ ചേര്‍ന്നാണു പിടികൂടിയത്‌. ഇയാളെ ഷാര്‍ജയിലേക്കു വൈകാതെ കൊണ്ടു വരും. സ്‌ഥിരം മോഷ്‌ടാക്കളായ ഇവര്‍ നേരത്തെ നിരവധി കേസുകളില്‍ പ്രതികളാണെന്നു പൊലീസ്‌ പറഞ്ഞു. കസ്‌റ്റഡിയിലുള്ള നാലുപേരെ ചോദ്യം ചെയ്യുകയാണ്‌.
മലയാളിയുടെ കടയില്‍ നിന്ന്‌ 1,48,000 ദിര്‍ഹം മോഷ്‌ടിച്ച സംഘം അറസ്‌റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക