Image

ദുരൂഹസാഹചര്യത്തില്‍ കുത്തേറ്റ മലയാളി സലാലയില്‍ രക്തം വാര്‍ന്നു മരിച്ചു

Published on 18 April, 2012
ദുരൂഹസാഹചര്യത്തില്‍ കുത്തേറ്റ മലയാളി സലാലയില്‍ രക്തം വാര്‍ന്നു മരിച്ചു
സലാല: വിഷുപുലരിയില്‍ ദുരൂഹസാഹചര്യത്തില്‍ ദേഹമാസകലം കുത്തും മുറിവുമേറ്റ നിലയില്‍ കണ്ടെത്തിയ മലയാളി സലാലയില്‍ രക്തംവാര്‍ന്നു മരിച്ചു. പാലക്കാട്‌ പട്ടാമ്പി ആമയൂര്‍ മൈലാടിപ്പാറ സ്വദേശി ചീനിക്കത്തൊടി മണി എന്ന എന്തീന്‍ കുട്ടിയാണ്‌ (55 ) മരിച്ചത്‌. താമസസ്ഥലത്ത്‌ രക്തത്തില്‍ കുളിച്ചു കിടന്നിരുന്ന ഇദ്ദേഹത്തെ സുല്‍ത്താന്‍ ഖാബൂസ്‌ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പുലര്‍ച്ചെ നാലോടെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട്‌ ഇദ്ദേഹത്തിനൊപ്പം താമസിക്കുന്ന സഹപ്രവര്‍ത്തകര്‍, തൊഴിലുടമ, കേട്ടറിഞ്ഞെത്തിയ ബന്ധു എന്നിവരുള്‍ ഉള്‍പ്പെടെ പത്ത്‌ പേരെ റോയല്‍ ഒമാന്‍ പൊലീസ്‌ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യുകയാണ്‌. ബന്ധുവിനെ പിന്നീട്‌ വിട്ടയച്ചു. മുറിപ്പെടുത്താന്‍ ഉപയോഗിച്ചെന്ന്‌ കരുതുന്ന കത്തി രക്തം പുരണ്ട നിലയില്‍ താമസസ്ഥത്ത്‌ നിന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ചോരയില്‍ കുളിച്ചുകിടക്കുന്നത്‌ കണ്ട്‌ പരിഭ്രാന്തരായ സഹപ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാതെ പകച്ചുനില്‍ക്കുകയായിരുന്നുവത്രെ. ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്നതിനിടെ ആരാണ്‌ ആക്രമിച്ചതെന്ന്‌ എന്ന്‌ ചോദിച്ചെങ്കിലും തനിക്ക്‌ ശ്വാസം ലഭിക്കുന്നില്ല എന്നു മാത്രമാണത്രെ ഇദ്ദേഹം മറുപടി പറഞ്ഞിരുന്നത്‌. എന്തീന്‍ കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയതാണോ, സ്വയം മുറിവേല്‍പിച്ചതാണോ എന്നത്‌ സംബ്ധിച്ച്‌ ഇനിയും വ്യക്തതയില്ല. വയറ്റിലും മറ്റും ഏറ്റ കുത്തുകള്‍ ആഴമുള്ളവയാണ്‌.

30 വര്‍ഷമായി സലാലയിലുള്ള ഇദ്ദേഹം പഴയ പവര്‍ ഹൗസിന്‌ സമീപം `മുനീഫ്‌' റെസ്‌റ്റോറന്‍റില്‍ ജോലി ചെയ്യുകയായിരുന്നു. ഇളയമകളുടെ വിവാഹത്തിനായി ഒരുവര്‍ഷം മുമ്പാണ്‌ ഇദ്ദേഹം നാട്ടില്‍പോയി തിരിച്ചുവന്നത്‌.

സാമ്പത്തികമായി പ്രയാസം അനുഭവിച്ചിരുന്ന ഇദ്ദേഹം പലരില്‍ നിന്നായി പണം കടം വാങ്ങിയിട്ടുണ്ടെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മസ്‌കത്തിലേക്ക്‌ കൊണ്ടുപോയി. ഭാര്യ: സുബൈദ. മക്കള്‍: മുംതാസ്‌, സാജിന, സൈമത്ത്‌. മരുമകന്‍: മുസ്‌തഫ (സലാല), അബ്ദുസലാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക