Image

പുല്‍വാമക്കുള്ള മറുപടി ബാലകോട്ട് ഇനി എന്ത്? (ദല്‍ഹികത്ത്: പി.വി.തോമസ് )

പി.വി.തോമസ് Published on 01 March, 2019
പുല്‍വാമക്കുള്ള മറുപടി ബാലകോട്ട് ഇനി എന്ത്? (ദല്‍ഹികത്ത്: പി.വി.തോമസ് )
ഫെബ്രുവരി 14 അര്‍ദ്ധരാത്രിക്കുശേഷം കാശ്മീരിലെ പുല്‍വാമയില്‍ പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ജയിഷ്-ഇ-മുഹമ്മദ്(ജെ.ഇ.എം.) എന്ന ഭീകര സംഘടന 40 ഇന്‍ഡ്യന്‍ അര്‍ദ്ധസൈനീകരെ വധിച്ചതിന് മറുപടി ആയി 12 ദിവസത്തിനുള്ളില്‍ ഇന്‍ഡ്യ പാക്രിസ്ഥാനിലെ ബാലകോട്ടുള്ള ജയിഷിന്റെ ഭീകരവാദ-ചാവേര്‍ പരിശീലന കേന്ദ്രം ആക്രമിച്ച് ഔദ്യോഗിക കണക്ക് പ്രകാരം 300 ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരുടെ സംഖ്യയും ഭീകരപരിശീലന കേന്ദ്രത്തിന്റെ ശരിയായ ചിത്രവും സ്വഭാവവും ചില കേന്ദ്രങ്ങളില്‍, പ്രത്യേകിച്ചും വിദേശ മാധ്യമങ്ങളില്‍, ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അത് അവിടെ നില്‍ക്കട്ടെ. ഇന്‍ഡ്യയുടെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു ആക്രമണം പ്രതീക്ഷിച്ചത് ആയിരുന്നു. അത്യാവശ്യവും ആയിരുന്നു. ഇന്‍ഡ്യ ലോകസഭ തെരഞ്ഞെടുപ്പിന്റെ ചൂടില്‍ ആയതിനാല്‍ പലതരം അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അതും അവിടെ നില്‍ക്കട്ടെ. ബാലകോട്ടിന് ശേഷം എന്ത് എന്ന ചോദ്യം ഉയരുന്നതിനു മുമ്പെ പാക്കിസ്ഥാന്‍ ഇന്‍ഡ്യന്‍ അതിര്‍ത്തികടന്നു ആക്രമിച്ചു(ഫെബ്രുവരി 27). ഇന്‍ഡ്യയും തിരിച്ചടിച്ചു. ഇരുകൂട്ടര്‍ക്കും ഓരോ യുദ്ധവിമാനങ്ങള്‍ വീതം നഷ്ടമായി. ഇന്‍ഡ്യയുടെ യുദ്ധവിമാനത്തിന്റെ പൈലറ്റിനെ പാക്കിസ്ഥാന്‍ തടവുകാരന്‍ ആക്കുകയും ചെയ്തു. അണുവായുധ ശക്തികളായ  ഇരുരാജ്യങ്ങളും യുദ്ധസന്നദ്ധരായി മുഖാഭിമുഖം നിലകൊള്ളുകയാണ്. യുദ്ധം അനിവാര്യമാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ടെങ്കിലും അത് ഒഴിവാക്കുന്നതാണ് വിവേകം എന്ന് വീക്ഷിക്കപ്പെടുന്നു. ഒരു പ്രഖ്യാപിത യുദ്ധത്തിന്റെ സാദ്ധ്യത ആരും കാണുന്നില്ലെങ്കിലും ചുരുക്കം ചില താല്‍ക്കാലിക വെടിയും പടയും വ്യോമാക്രമണങ്ങളും വെടിനിര്‍ത്തല്‍ ലംഘനങ്ങളും ആരും തള്ളികളയുന്നില്ല.

ജയിഷിന്റെ പാക്കിസ്ഥാനിലെ ഭീകര പരീക്ഷണകേന്ദ്രത്തെ പുല്‍വാമക്ക് പ്രതികാരമായി ഇന്‍ഡ്യ ആക്രമിച്ച് നശിപ്പിച്ചതിനെ അമേരിക്കയും റഷ്യയും ചൈനയും ബ്രിട്ടനും ഫ്രാന്‍സും ജര്‍മ്മനിയും മറ്റ്  യൂറോപ്യന്‍ രാജ്യങ്ങളും സൗദി അറേബ്യയും അംഗീകരിച്ചു എങ്കിലും ഇരു രാജ്യങ്ങളോടും സംയമനം പാലിക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ചൈന ഇന്‍ഡ്യന്‍ നടപടിയെ അംഗീകരിച്ചുവെങ്കിലും പാക്കിസ്ഥാന്റെ ഭീകരവാദ സംരംഭങ്ങളെ തള്ളിപ്പറഞ്ഞില്ല. അത് അവര്‍ തമ്മിലുള്ള രാഷ്ട്രീയം-മസൂദ് അഷറിനെ അഖിലലോക ഭീകരവാദി ആയി ഐക്യരാഷ്ട്രസഭ പ്രഖ്യാപിക്കുവാനുള്ള ഇന്‍ഡ്യയുടെ നീക്കം മുതല്‍- ഏതായാലും ഇക്കുറി ചൈന അല്പം മയപ്പെട്ടിട്ടുണ്ട്.

ലോകരാജ്യങ്ങള്‍ സംയമനം പാലിക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്‍ഡ്യയും പാക്കിസ്ഥാനും യുദ്ധത്തിന്റെ-അത് ആണവയുദ്ധം ആയാലും സാധാരണയുദ്ധം ആയാലും (കണ്‍വെന്‍ഷ്ണല്‍ വാര്‍) അതിന് താഴെയുള്ള യുദ്ധം(സബ് കണ്‍വെന്‍ഷ്ണല്‍ വാര്‍)ആയാലും- അഗ്നിശൈലത്തിന്റെ നിഴലില്‍ ആണ്. പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നത് ചിലവ് കുറഞ്ഞ പ്രോക്‌സി വാര്‍ ആയിരിക്കും പതിവുപോലെ ഭീകരരെ മുന്‍ നിര്‍ത്തികൊണ്ട്. അത് ആണ് ഇന്‍ഡ്യ ഇതോടെ നിര്‍ത്തേണ്ടതും.

ദല്‍ഹിയിലെ റയ്‌സന കുന്നിലെ സൗത്ത് ബ്ലോക്കില്‍ പ്രധാനമന്ത്രിയുടെയും രാജ്യരക്ഷമന്ത്രിയുടെയും വിദേശകാര്യമന്ത്രിയുടെയും തൊട്ടുതൊട്ട് അടുത്തായുള്ള ഓഫീസുകളില്‍ വാര്‍ റൂം തുറന്നിട്ടിരിക്കുകയാണ്. യുദ്ധ സന്നാഹങ്ങള്‍ക്കായി. പാതി രാവിന്റെ വിളക്ക് വെളിച്ചത്തില്‍ യുദ്ധ സന്നദ്ധമാവുകയാണ് അവിടങ്ങളില്‍ ഇന്‍ഡ്യ. മിറാഷും, ഫാന്റം 16 ഉം മറ്റ് പോര്‍ വിമാനങ്ങളും ഹാങ്കറില്‍ സ്‌ക്രാബിളിംങ്ങ് മണി കാതോര്‍ത്ത് കിടക്കുന്നു. ഒപ്പം ടാങ്കുകളും കാലാള്‍പ്പടയും വിമാന വാഹിനികപ്പലുകളും തയ്യാറാണ്. പാക്കിസ്ഥാന്‍ ആണവായുധ യുദ്ധ ഭീഷണി മുഴക്കുന്നുണ്ടെങ്കിലും സമാധാന സംഭാഷണത്തിനായിട്ടുള്ള വാതിലും തുറന്നിട്ടുണ്ട്. പക്ഷേ, പാക്കിസ്ഥാന്റെ ചരിത്രം അറിയാവുന്ന ഇന്‍ഡ്യ അതൊന്നും മുഖവിലക്ക് എടുത്തിട്ടില്ല. യുദ്ധ തയ്യാറെടുപ്പിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോഡി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുച്ചൂടില്‍ ആണ്. രാജസ്ഥാനിലെ ചൂരില്‍ ബാലകോട്ട് ഓപ്പറേഷന്റെ പിറ്റേന്ന് അദ്ദേഹം വായുസേനയുടെ പരാക്രമം വോട്ടിനായി വില്‍ക്കുവാന്‍ ശ്രമിച്ചു. ഇന്‍ഡ്യ സുരക്ഷമായ കൈകളില്‍ ആണെന്ന് പ്രഖ്യാപിച്ചു. അദ്ദേഹം പുല്‍വാമയും പത്താന്‍കോട്ടും, ഊറിയും എല്ലാം മറന്നു. അതിന്റെ പിറ്റെ ദിവസം അദ്ദേഹം ബി.ജെ.പി.യുടെ ബൂത്തു തല പ്രതിനിധികളുമായി വീഡിയോയിലൂടെ ആശയവിനിമയത്തില്‍ ആയിരുന്നു അഖിലേന്ത്യാതലത്തില്‍. അപ്പോഴും രാജ്യം പാക്ക് യുദ്ധവിമാനങ്ങളുെയും മിസൈലുകളുെയും നേരിടുകയായിരുന്നു. കര്‍ണ്ണാടകത്തിലാകട്ടെ  മുന്‍ ബി.ജെ.പി. മുഖ്യമന്ത്രി യെദ്ദിയൂരപ്പ ബോലകോട്ട് ആക്രമണത്തിലൂടെ ബി.ജെ.പി.ക്ക് ലോകസഭ തെരഞ്ഞെടുപ്പില്‍ എത്ര സീറ്റുകള്‍ ലഭിക്കുമെന്ന കണക്ക് കൂട്ടലില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ നിഗമനപ്രകാരം കര്‍ണ്ണാടകയില്‍ ബാലക്കോട്ട് ഓപ്പറേഷന്‍ മുഖാന്തിരം 28-ല്‍ 22 സീറ്റുകള്‍ ലഭിക്കും. എന്തൊരു കച്ചവടം! ഒരു രാജ്യത്തിന്റെ ഭാവിയും സേനാംഗംങ്ങളുടെ ജീവനും ജനത്തിന്റെ സ്വത്തും ജീവനും ഇതുപോലെ തെരഞ്ഞെടുപ്പിനായി വില പേശാമോ?
പുല്‍വാമയും ബാലകോട്ടും പിന്നീട് വിശദമായി ചരിത്രം പരിശോധിക്കും. എന്തുകൊണ്ട് പുല്‍വാമ സംഭവിച്ചു? ബാലകോട്ടില്‍ എ്താണ് സംഭവിച്ചത്? പുല്‍വാമയില്‍ എന്തുകൊണ്ട് അര്‍ദ്ധസൈനികരുടെ ജീവന്‍ പണയം വെച്ച് അവരെ റോഡുമാര്‍ഗ്ഗം കൊണ്ടുപോയി? കരസേനക്കും വായുസേനക്കും ഉള്ള ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ എന്തുകൊണ്ട് ഉപയോഗിച്ചില്ല? ബാലകോട്ടിലെ ഭീകരകേന്ദ്രാക്രമണം സമയോചിതവും കൃത്യവും ആയിരുന്നു. അതിനെ വായുസേനയെ പ്രശംസിക്കുക തന്നെ വേണം. 12 മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ ആണ് ഇന്‍ഡ്യയിലെ വിവിധ വ്യോമസേനാ കേന്ദ്രങ്ങളില്‍ നിന്നും രാത്രിയുടെ മറവില്‍ പറന്നുപൊങ്ങി ഈ ഓപ്പറേഷനില്‍ പങ്കെടുത്തത്. ഒരു പോറല്‍ പോലും ഏല്‍ക്കാതെ തിരിച്ച് എത്തിയത് ആക്രമണത്തിന് ശേഷം. സുക്കോയ് പോര്‍ വിമാനങ്ങളും വായുവില്‍ വച്ച് ഇന്ധനം നിറക്കാന്‍ പര്യാപ്തമായ ഐ.എല്‍.78 വിമാനങ്ങളും വ്യോമനിരീക്ഷണ വിമാനങ്ങളും മിറാഷ്-2000 നെ അകമ്പടി സേവിച്ചിരുന്നു.

പാക്കിസ്ഥാന്റെ പ്രത്യാക്രമണം തുടരുകയാണ്. പത്തിലേറെ എഫ്-16, ജെ.എഫ്-17, മിറാഷ്-5, യുദ്ധവിമാനങ്ങള്‍ ഇന്‍ഡ്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് രജൗരി സെക്ടറില്‍ ബോംബ്  വര്‍ഷിക്കുകയുണ്ടായി. ഇന്‍ഡ്യക്ക് കാര്യമായ നാശനഷ്ടം ഉണ്ടായില്ല. പാക്കിസ്ഥാനില്‍ തടവിലായ അഭിനന്ദന്‍ വര്‍ദ്ധമാന്‍ എന്ന യുവനാവികന്‍ പറപ്പിച്ച മിഗ്-21 ലൂടെ പാക്കിസ്ഥാന്റെ ഒരു എഫ്-16 പോര്‍ വിമാനം നശിപ്പിക്കപ്പെട്ടു. തിരിച്ച് ഉണ്ടായ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് അഭിനന്ദന്‍ ഇജക്ട് ചെയ്തു രക്ഷപ്പെട്ട് പാക്കിസ്ഥാന്‍ അധിനിവേശ കാശ്മീരില്‍ വീഴുകയായിരുന്നു.

പുല്‍വാമയില്‍ പാക്ക്‌സേനയും ഭീകരരും ഇന്‍ഡ്യന്‍ അര്‍ദ്ധസേനക്ക് എതിരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. എന്നാല്‍ ബാലകോട്ടില്‍ ഇന്‍ഡ്യ ഭീകരപരിശീലനകേന്ദ്രത്തിനെതിരെ ആക്രമണം നടത്തുകയായിരുന്നു. ആദ്യത്തേത് കടന്നാക്രമണം. രണ്ടാമത്തേത് നിയമപരമായ പ്രതികരണവും. ബാലകോട്ടിലെ ഓപ്പറേഷന്‍ വിശ്വസനീയമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു. ഇവിടെ പരിശീലനം ലഭിച്ച ഭീകരരും ചാവേറുകളും ഇന്‍ഡ്യയിലെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തുവാന്‍ തയ്യാറാകുന്നതായിട്ടായിരുന്നു വിവരം. ബാലകോട്ട് ആക്രമണം മിലിട്ടറിക്കും സാധാരണ ജനങ്ങളെയും ഒഴിച്ച് നിര്‍ത്തി ആയിരുന്നു. അത് തികച്ചും ഒരു തീവ്രകേന്ദ്രത്തെ നിര്‍വ്വീര്യമാക്കുവാനുള്ള കരുതല്‍ നടപടി ആയിരുന്നു. അത് ലോകം മുമ്പാകെ ന്യായീകരിക്കുവാനും സാധൂകരിക്കുവാനും ഇന്‍ഡ്യക്ക് സാധിക്കും. പക്ഷേ പുല്‍വാമയും ഊറിയും പത്താന്‍കോട്ടും പാക്കിസ്ഥാന്‍ ആര്‍മിയുടെയും ഐ.എസ്.ഐ.യുടെയും അവരുടെ ചാവേറുകളുടെയും നഗ്നമായ അഴിഞ്ഞാട്ടം ആയിരുന്നു. അതിനുള്ള മറുപടി ആയിരുന്നു ബാലാകോട്ട്. ആക്രമണ- പ്രത്യാക്രമണങ്ങള്‍ കത്തിപ്പടര്‍ന്ന് ഒരു തുറന്ന യുദ്ധം ആകാതിരിക്കട്ടെ. സാമ്പത്തീകമായി തകര്‍ച്ചയുടെ വക്കിലായ പാക്കിസ്ഥാന്‍ ഒരു യുദ്ധത്തിന് തയ്യാറാകുമോ? ആണവ യുദ്ധം എന്ന ഉമ്മാക്കി ഇവിടെ ചിലവാകുകയില്ല എന്ന് പാക്കിസ്ഥാന്‍ മനസിലാക്കണം. സമാധാന സംഭാഷണത്തിനായുള്ള പാക്കിസ്ഥആന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ നിര്‍ദ്ദേശം നല്ലതുതന്നെ. പക്ഷേ, ഭീകരാക്രമണവും വെടിവെയ്പ്പ് ലംഘനവും അതിര്‍ത്തി ഭേദനവും എങ്ങനെ ഒരുമിച്ച് പോകും? സമാധാനം തന്നെ ആണ് ഇരു രാജ്യങ്ങള്‍ക്കും എപ്പോഴും നല്ലത്. പക്ഷേ, പാക്കിസ്ഥാനും ഇമ്രാന്‍ ഖാനും പട്ടാളത്തെയും ഐ.എസ്.ഐ.യെയും ഭീകരവാദികളെയും  വരുതിയില്‍ നിര്‍ത്തുവാന്‍ സാധിക്കുമോ? സാധിക്കുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പിന്നെ എന്ത് സമാധാനം? എന്ത് സംഭാഷണം? പക്ഷേ, സമാധാന-സന്ധിസംഭാഷണങ്ങള്‍ തള്ളികളയരുത്. അതിനും ഒരു അവസരം നല്‍കണം. പക്ഷേ, ഇപ്പോള്‍ അതിനുള്ള സമയം ആയിട്ടില്ല.

ഇന്‍ഡ്യ ഒരു പ്രതിസന്ധിഘട്ടത്തിലാണ്. രാജ്യം ഒരുമിച്ച് അതിനെ നേരിടുകയാണ്. നേരിടണം. ഇത് തെരഞ്ഞെടുപ്പ് കാലവും ആണ്. ഭരണകക്ഷിയും പ്രതിപക്ഷവും ഈ യുദ്ധസമാനകാലത്തെ രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗപ്പെടുത്തരുത്. പുല്‍വാമയെയും ബാലകോട്ടിനെയും രാഷ്ട്രീയവല്‍ക്കരിക്കരുത്. പ്രത്യേകിച്ചും ഭരണകക്ഷി ഇതില്‍ നിന്നും വിട്ട് നില്‍ക്കണം. പ്രതിപക്ഷവും അതുപോലെതന്നെ തെരഞ്ഞെടുപ്പ് ലാഭത്തിനായി ഇതിനെ ദുരുപയോഗപ്പെടുത്തരുത്.

പുല്‍വാമയും  ബാലകോട്ടും അതിന്റെ രാ്്ഷ്ട്രീയവും പ്രതിരോധ പ്രസക്തിയും ചരിത്രം പഠിച്ച് വിലയിരുത്തും. ഇപ്പോള്‍ അതിനുള്ള സമയം അല്ല. രാജ്യം ഒറ്റക്കെട്ടായി നിന്ന് ഈ പ്രതിസന്ധിയെ തരണം ചെയ്യണം.

പുല്‍വാമക്കുള്ള മറുപടി ബാലകോട്ട് ഇനി എന്ത്? (ദല്‍ഹികത്ത്: പി.വി.തോമസ് )
Join WhatsApp News
josecheripuram 2019-03-02 16:12:20
There is nothing going to happen because behind all this  there are strong countries,and they want war.There are only TWO TYPE OF PEOPLE ON EARTH RICH&POOR.AND THEY WERE HERE ON EARTH AT THE START  &WILL BE HERE FOR EVER.
josecheripuram 2019-03-02 22:20:17
I was in the Indian Air force from 1964 to 1979.I faced two wars.The courage We see in every  warrior,It may be  some thing blended in our in our blood
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക