Image

മതിലുകള്‍ ഉയരുമ്പോള്‍ (പകല്‍ക്കിനാവ്: ജോര്‍ജ് തുമ്പയില്‍)

Published on 28 February, 2019
മതിലുകള്‍ ഉയരുമ്പോള്‍ (പകല്‍ക്കിനാവ്: ജോര്‍ജ് തുമ്പയില്‍)
അഭയാര്‍ത്ഥികളുടെ കുടിയേറ്റ സ്വപ്‌നത്തിനു മേലേ അവസാനത്തെ ആണിയും അടിച്ചു കൊണ്ടാണ് ഇപ്പോള്‍ ട്രംപ് ഭരണകൂടം ബോര്‍ഡര്‍ മതില്‍ നിര്‍മ്മാണവുമായി മുന്നോട്ടു പോകുന്നത്. 1933 മൈല്‍ നീളത്തില്‍ നാലു സംസ്ഥാനങ്ങളില്‍ കൂടി കടന്നുപോകുന്ന അതിര്‍ത്തിയില്‍ ഇപ്പോള്‍ ആകെ മതിലുള്ളത് 700 മൈലുകളില്‍ മാത്രം. ശേഷിച്ച 1233 മൈലുകളില്‍ മതിലു കെട്ടാന്‍ വേണ്ടി വരുന്ന ശതകോടികള്‍ക്ക് വേണ്ടി പ്രസിഡന്റ് ട്രംപ് സാമ്പത്തിക അടിയന്തരാവസ്ഥയും കൊണ്ടു വന്നിരിക്കുന്നു.

വാസ്തവത്തില്‍, ഈ മതില്‍ അമേരിക്കന്‍ ജനതയ്ക്ക് അത്ര അനിവാര്യമാണോ? ആണെന്നും അല്ലെന്നും പറയാം. എന്നാല്‍ കുടിയേറ്റത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ അത്ര ഭയാനകമായ അവസ്ഥയൊന്നും നേരിടുന്നില്ലാത്തതിനാല്‍ ഈ മതില്‍ നിര്‍മ്മാണത്തിനു വേണ്ടി എമര്‍ജന്‍സി ഡിക്ലയര്‍ ചെയ്യേണ്ട സാഹചര്യമൊന്നുമില്ലായിരുന്നുവെന്ന് ഭൂരിപക്ഷമാളുകളും വിശ്വസിക്കുന്നു.
 
കുടിയേറ്റം മാത്രമല്ല, മെക്‌സിക്കന്‍ ജനതയോടു മുഖം കറുപ്പിക്കുന്നതില്‍ അമേരിക്കന്‍ ജനതയ്ക്കുള്ളത്. ക്രൈം റെക്കോഡ്‌സിലുള്ള അന്തരം തന്നെയാണ് വലിയ പ്രശ്‌നം. ടെക്‌സസ്, കാലിഫോര്‍ണിയ സംസ്ഥാനങ്ങളിലെ സൈ്വര്യജീവിതം നശിപ്പിക്കുന്നതില്‍ ഈ അനധികൃത കുടിയേറ്റക്കാര്‍ക്കുള്ള പങ്ക് വലുതാണത്രേ. മയക്കുമരുന്ന്, നിരോധിക്കപ്പെട്ട മരുന്നുകള്‍, വെടിക്കോപ്പുകള്‍ എല്ലാം യഥേഷ്ടം മെക്ക്‌സിക്കോയില്‍ നിന്നും കടന്നു വരുന്നു. തെക്കേ അമേരിക്കയില്‍നിന്നുള്ള മയക്കുമരുന്നു കള്ളക്കടത്ത് തടയാനായി ഉദ്ദേശിച്ച് രൂപം കൊടുത്ത മൂന്നു ഓപ്പറേഷനുകളുടെ ഭാഗമായി 1994 മുതലാണ് അമേരിക്ക മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വേലി നിര്‍മ്മിച്ചുതുടങ്ങിയത്. കാലിഫോര്‍ണിയയിലെ ഓപ്പറേഷന്‍ ഗേറ്റ്കീപ്പര്‍, ടെക്‌സസിലെ ഓപ്പറേഷന്‍ ഹോള്‍ഡ്-ദി-ലൈന്‍, അരിസോണയിലെ ഓപ്പറേഷന്‍ സേഫ്ഗാര്‍ഡ് എന്നിവയായിരുന്നു ആ ഓപ്പറേഷനുകള്‍. തീവ്രവാദത്തെ ഭയപ്പെടുന്ന യുഎസ് ജനതയ്ക്ക് മുന്നില്‍ അതു കൊണ്ടു തന്നെ ഒരിക്കലും നടക്കില്ലെന്നു കരുതുന്ന ബോര്‍ഡര്‍ മതില്‍ സാക്ഷാത്ക്കരിക്കേണ്ടത് വലിയൊരു അഭിമാന പ്രശ്‌നം കൂടിയാണ്.

മതില്‍ നിര്‍മാണം വാസ്തവത്തില്‍ കുടിയേറ്റക്കാരുടെ ജീവശാസ്വത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നൊക്കെ അന്താരാഷ്ട്ര സമൂഹം പറയുന്നുണ്ടെങ്കിലും, അതില്‍ കാര്യമില്ല. തുറന്നുകിടക്കുന്ന പ്രദേശത്ത് കൂടിയെത്തുന്ന ആയിരങ്ങളെ സ്വീകരിക്കുന്ന കാര്യത്തില്‍ ഉദാസീനത ഉണ്ടായിട്ടല്ല മറിച്ച് അത് അമേരിക്കന്‍ ജനതയുടെ ജീവനെയും സ്വത്തിനെയും കൂടി ബാധിച്ചു തുടങ്ങിയതാണ് പ്രശ്‌നമായത്. രണ്ടു രാജ്യങ്ങളുടെയും അതിര്‍ത്തി പരിശോധിച്ചാല്‍ ഏകദേശം 40% ഭാഗങ്ങളില്‍ മാത്രമേ മതില്‍ നിര്‍മ്മാണം നടന്നിട്ടുള്ളൂ. ഇതൊക്കെയും ചരിത്രവും വസ്തുതയുമാണ്. 1200 ഓളം മൈലുകള്‍ ദൂരത്തില്‍ ഏറ്റവും കുറഞ്ഞത് 20 അടി പൊക്കത്തില്‍ മതില്‍ നിര്‍മ്മിക്കുക എന്നത് മനുഷ്യരാശിക്ക് തന്നെ വലിയ ഒരു പ്രയത്‌നമായി കാണേണ്ടിയിരിക്കുന്നു. മതിലിന് അപ്പുറത്തും ഇപ്പുറത്തുമുള്ള മനുഷ്യരാണ് എങ്കിലും രണ്ടു സംസ്കാരവും രണ്ടു സാമ്പത്തിക രീതികളും രണ്ടു ജീവിതാവസ്ഥകളും ആണുള്ളതെന്നും അമേരിക്ക ഇപ്പോള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നുവെന്ന് പറയാതെ വയ്യ.

ബോര്‍ഡര്‍ പട്രോള്‍ പിടികൂടിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 2005-ലെ 1,189,000 പേര്‍ എന്നതില്‍നിന്ന് 61% കുറഞ്ഞ് 2008-ല്‍ 723,840ഉം 2010-ല്‍ 463,000ഉം ആയി. 1972-നു ശേഷമുള്ള ഏറ്റവും കുറഞ്ഞ തോതായിരുന്നു 2010-ലേത്. എന്നാല്‍, അനധികൃത കുടിയേറ്റം കുറഞ്ഞത് അതിര്‍ത്തി വേലി കാരണം മാത്രമല്ല എന്നത് ഒരു സത്യമാണ്. അമേരിക്കയിലേയും മെക്‌സിക്കോയിലേയും മാറിയ സാമ്പത്തിക സാഹചര്യങ്ങളെയും മുഖവിലയ്ക്ക് എടുക്കേണ്ടതുണ്ട്.

മതില്‍ നിര്‍മ്മാണവുമായി അമേരിക്ക നീങ്ങിയ സാഹചര്യം എന്തായിരുന്നുവെന്നു നാം മനസ്സിലാക്കി. അത് അനിവാര്യവുമാണ്. മതില്‍ നിര്‍മ്മാണമെന്നത് അമേരിക്ക പോലൊരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം അടിയന്തിരമായി തീര്‍ക്കേണ്ടതല്ലെങ്കിലും അതു വെറുമൊരു മതില്‍ മാത്രമല്ലെന്നതാണ് വസ്തുത. ഹൈടെക്ക് സംവിധാനങ്ങള്‍ മുഴുവന്‍ അണിനിരക്കുന്ന അതില്‍ മോഷന്‍ സെന്‍സറുകള്‍ പോലുമുണ്ട്. ഇരുപതടി പൊക്കത്തിലുള്ള അതില്‍ ഒരു പക്ഷി വന്നിരുന്നാല്‍ പോലും പട്രോളിങ് ഏജന്‍സികള്‍ക്ക് അറിയാന്‍ കഴിയും. ഇങ്ങനെയുള്ള മതില്‍ ട്രംപിന്റെ കാലാവധി കഴിഞ്ഞാലും അമേരിക്കന്‍ ജനതയുടെ അഭിമാനസ്തംഭമായി മാറിയേക്കാം. പക്ഷേ, ഈ മതിലിനോടു ചേര്‍ത്തു വായിക്കേണ്ടത് ചരിത്രത്തിലിടം നേടിയ ബര്‍ലിന്‍ മതിലായിരുന്നു.

1961 ആഗസ്റ്റില്‍ പൂര്‍വ്വജര്‍മ്മനിയിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ജര്‍മ്മനികളെ വേര്‍തിരിച്ച് ഒരു മതില്‍ തീര്‍ക്കുകയുണ്ടായി. അതാണ് ബെര്‍ലിന്‍ മതില്‍. 155 കിലോമീറ്റര്‍ നീളമുണ്ടായിരുന്നു ഈ മതിലിന്. 116 നിരീക്ഷണ ടവറുകളും ഇരുപതോളം ബങ്കറുകളും ഇതിനുണ്ടായിരുന്നു. 1990 കളില്‍ കിഴക്കന്‍ യൂറോപ്പില്‍ കമ്യൂണിസത്തിനുണ്ടായ തളര്‍ച്ച ബെര്‍ലിന്‍ മതിലിന്റെ തകര്‍ച്ചക്കു കാരണമായി. അതിന് ഒരു വര്‍ഷം മുന്‍പ് അവിടം സന്ദര്‍ശിക്കുവാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. കമ്യൂണിസ്റ്റ് ഭരണം തകര്‍ന്നതു മൂലമുണ്ടായ ജനകീയമുന്നേറ്റത്തെതുടര്‍ന്ന് 1989 നവംബര്‍ ഒന്‍പതിന് ബര്‍ലിന്‍ മതില്‍ പൊളിച്ചുനീക്കുകയുണ്ടായി. ചൈനയിലെ വന്മതില്‍ പണി പൂര്‍ത്തീകരിച്ചുവെങ്കിലും അതിനു നിദാനമായ രാജവംശത്തിനു പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. മനുഷ്യനിര്‍മ്മിതമായ മഹാത്ഭുതങ്ങളിലൊന്നാണ് ചൈനയിലെ വന്മതില്‍. ശാഖകളടക്കം 6325 കി.മീ. നീളമുള്ള വന്മതില്‍ ലോകത്തെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത വസ്തുവാണ് ഇത്. ബോര്‍ഡര്‍ മതില്‍ പൂര്‍ത്തീകരിച്ചാല്‍ പോലും ഇതിന്റെ പകുതിയേ വരൂ. ലോകത്ത് ഒരിടത്തും ഇത്തരം മതിലുകള്‍ അതിന്റെ ഉദ്ദേശശുദ്ധിയില്‍ നിലനിന്നില്ലെന്ന് ഏതാണ്ട് വ്യക്തമാണ്. ആ നിലയ്ക്കാണ് ട്രംപിന്റെ മതില്‍ നിര്‍മ്മാണത്തെ നാം നോക്കി കാണേണ്ടതും.

തെക്ക് കിഴക്കന്‍ ടര്‍ക്കിയിലെ ഡിയര്‍ബാകര്‍ മതില്‍ തൊട്ട്, പെറുവിലെ സക്‌സുഹാമന്‍ വരെ അല്ലെങ്കില്‍ ബാബിലോണിലെ മതിലുകള്‍ തൊട്ട് ഹദ്യന്‍സ് വാള്‍ വരെ അതുമല്ലെങ്കില്‍ ട്രോയയിലെ മതിലുകള്‍ തൊട്ട് യറുശലേമിലെ വെസ്‌റ്റേണ്‍വാള്‍ വരെ ചരിത്രത്തിലുണ്ട്. അതൊക്കെയും മനുഷ്യരാശിയുടെ നിലനില്‍പ്പിനു വേണ്ടിയുള്ളതായിരുന്നില്ല. മറിച്ച് മനുഷ്യനില്‍ നിന്നും മനുഷ്യന്‍ നേരിട്ട ഭീഷണിയെ അതിജീവിക്കുവാനായിരുന്നു. ഇവിടെ ബോര്‍ഡര്‍ മതില്‍ ചെയ്യുന്നതും മറിച്ചൊന്നുമല്ലല്ലോ...


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക