Image

സ്‌പോണ്‍സര്‍ എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ച വീട്ടുജോലിക്കാരി, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

Published on 28 February, 2019
സ്‌പോണ്‍സര്‍ എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ച വീട്ടുജോലിക്കാരി, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: സ്‌പോണ്‍സര്‍ പറഞ്ഞു പറ്റിച്ച് എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ചതിനാല്‍ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ എത്തപ്പെട്ട ഇന്ത്യക്കാരി, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും, ഇന്ത്യന്‍ എംബസ്സി വോളന്റീര്‍ ടീമിന്റെയും  സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

 

തെലുങ്കാന സ്വദേശിനിയായ മാര്‍ഗരറ്റ് ആണ് ഒരു മാസത്തെ വനിതാ അഭയകേന്ദ്രത്തിലെ താമസത്തിനു ശേഷം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയത്.  രണ്ടു വര്‍ഷം മുന്‍പാണ് ദമ്മാമിലെ ഒരു സൗദി ഭവനത്തില്‍ മാര്‍ഗരറ്റ് ജോലിയ്ക്ക് എത്തിയത്. ഒട്ടേറെ ബുദ്ധിമുട്ടുകള്‍ നേരിട്ടെങ്കിലും, രണ്ടു വര്‍ഷം അവിടെ അവര്‍ ജോലി ചെയ്തു.

രണ്ടു വര്‍ഷത്തിനു ശേഷം, തൊഴില്‍ കരാര്‍ കാലാവധി കഴിഞ്ഞപ്പോള്‍, തനിയ്ക്ക് നാട്ടിലേയ്ക്ക് ഫൈനല്‍ എക്‌സിറ്റില്‍ മടങ്ങണമെന്ന് മാര്‍ഗരറ്റ് സ്‌പോണ്‍സറോട് പറഞ്ഞു. എന്നാല്‍ സ്‌പോണ്‍സറിന് സമ്മതമില്ലായിരുന്നു. ഒട്ടേറെ അപേക്ഷകള്‍ക്കും, വാദപ്രതിവാദങ്ങള്‍ക്കും  ഒടുവില്‍ ഫൈനല്‍ എക്‌സിറ്റ് നല്‍കി നാട്ടിലേയ്ക്ക് മടക്കി അയയ്ക്കാം എന്ന് സ്‌പോണ്‍സര്‍ സമ്മതിച്ചു.

 

ഒരു ദിവസം മാര്‍ഗരറ്റിനെ വിളിച്ചു എക്‌സിറ്റ് അടിച്ചതായും, വിമാനടിക്കറ്റ് ശരിയായിട്ടുണ്ട് എന്നും പറഞ്ഞ്,  എയര്‍പോര്‍ട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയ സ്‌പോണ്‍സര്‍, ദമ്മാം എയര്‍പോര്‍ട്ടില്‍ അവരെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. മാര്‍ഗരറ്റിനു സര്‍വ്വീസ് അവസാനിയ്ക്കുമ്പോള്‍ നല്‍കാനുള്ള ആനുകൂല്യങ്ങളും ടിക്കറ്റും നല്‍കാതിരിയ്ക്കാന്‍ സ്‌പോണ്‍സര്‍ കണ്ടുപിടിച്ച മാര്‍ഗ്ഗമായിരുന്നു ഇത്. എയര്‍പോര്‍ട്ടില്‍ അനാഥയായി അലയുന്നത് കണ്ട മാര്‍ഗരറ്റിനെ എയര്‍പോര്‍ട്ട് അധികൃതര്‍ സൗദി പൊലീസിന് കൈമാറി. പോലീസ്  അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടുചെന്നാക്കി.

 

വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട്, മാര്‍ഗരറ്റ് സ്വന്തം അവസ്ഥ പറഞ്ഞു കൊടുത്ത്, നാട്ടിലേയ്ക്ക് മടങ്ങാന്‍ സഹായിയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. മഞ്ജുവും നവയുഗം പ്രവര്‍ത്തകരും മാര്‍ഗരറ്റിന്റെ സ്‌പോണ്‍സറെ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും, അയാള്‍ സഹകരിയ്ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മഞ്ജു അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ മാര്‍ഗരറ്റിന് ഫൈനല്‍ എക്‌സിറ്റ് അടിച്ചു കൊടുത്തു. മഞ്ജുവിന്റെ അഭ്യര്‍ത്ഥന അനുസരിച്ച് എംബസ്സി വോളന്റീര്‍ ടീം കോര്‍ഡിനേറ്റര്‍ മിര്‍സ ബൈഗ് വിമാനടിക്കറ്റ് എടുത്തു കൊടുത്തു.

 

നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍, എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മാര്‍ഗരറ്റ് നാട്ടിലേയ്ക്ക് മടങ്ങി.

 
സ്‌പോണ്‍സര്‍ എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ച വീട്ടുജോലിക്കാരി, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക