Image

ഗറില്ലായന പോര്‍വിളികള്‍ (കവിത: ജയന്‍ വര്‍ഗീസ്)

Published on 26 February, 2019
ഗറില്ലായന പോര്‍വിളികള്‍ (കവിത: ജയന്‍ വര്‍ഗീസ്)
ഉത്തുംഗ വിന്ധ്യ,
ഹിമവല്‍ സാനുക്കളേ,
അത്യഗാധങ്ങളാ 
മാഴിക്കുടങ്ങളേ,

സുപ്രഭാതങ്ങള്‍
രചിക്കും നഭസ്സിന്റ 
യത്യത്ഭുതങ്ങളേ,
ചന്ദ്ര താരങ്ങളേ,

ഇത്തിരി പൂവായ് 
യിവിടെയീ ഭൂമിതന്‍
മുറ്റത്തു നിന്ന്
ചിരിക്കുമീ സോദര 

വര്‍ഗ്ഗത്തിനായി ഞാന്‍
മാപ്പു ചോദിക്കട്ടെ,
ഹൃദ് മിഴിനീരാല്‍
കഴുകട്ടെ കാലുകള്‍ !

നിത്യവും സൂര്യ 
നുദിക്കാതിരുന്നില്ല,
കൃത്യമായ് എത്താ 
തിരുന്നില്ല രാവുകള്‍,

തെറ്റിയും, മുല്ലയും
പൂക്കുന്ന കാവുകള്‍ 
ക്കിക്കിളി, യേകാ 
തിരുന്നില്ല  കാറ്റുകള്‍ !

എന്റെ വര്‍ഗ്ഗത്തിനാ 
യെന്തെന്തു ചാരുത,
മന്ദ സ്മിതങ്ങള്‍ക്കു
ചാര്‍ത്തി നീ വിശ്വമേ !

തിന്നും, കുടിച്ചു 
മിണ ചേര്‍ന്നും, നാളെയെ
പൊന്നിന്‍ കിനാവിന്റെ
തൊട്ടിലി, ലാട്ടിയും,

ജന്മാന്തരങ്ങള്‍
കൊഴിച്ചിട്ട തൂവലില്‍,
' വല്യ ' സംസ്ക്കാരത്തിന്‍
കോട്ടകള്‍ കെട്ടിയും,

രണ്ടായിരത്തിന്‍
പടി കടന്നെത്തുമീ,
മില്ലേനിയത്തിന്റെ
പൂമുഖ വാതിലില്‍,

എന്തിനു സോദരര്‍
തമ്മില്‍ തലകീറി,
കൊന്നു മുന്നേറാന്‍
കൊതിക്കുന്നു ( നാറികള്‍ ?)

എന്തിനായ് നിങ്ങള്‍
പരസ്പരം ചോര തന്‍
ഗന്ധം മണത്തു
നശിക്കുന്നു ( നാറികള്‍ ?)

ആരും ജയിക്കാത്ത
പന്തയക്കളിയുടെ
പേരാണ് ' യുദ്ധ ' മെ 
ന്നറിയുവാന്‍ നിങ്ങടെ 

' ഗീത ' യിലില്ലയോ
വാക്കുകള്‍ ? നബിയുടെ 
ബോധനം കേവല 
പ്പാഴ് വന രോദനം ?

ആരെയും  കൊന്നു
വിജിഗീഷുവാകുന്ന
വാനര മാനസം
ദൂരെയെറിയുക.

മാനവ ധര്‍മ്മ 
ക്കൊടിക്കൂറ പേറുന്ന
സാഹോദര്യത്തിനായ്
മാറട്ടെ നാളെകള്‍ !!

* ശത്രുവിനോട് പോരാടി ജയിക്കുന്ന ആഫ്രിക്കന്‍ ഗൊറില്ലകള്‍ രണ്ടു കൈകള്‍ കൊണ്ടും സ്വന്തം  നെഞ്ചിലിടിച്ചിട്ടാണ് വീരസ്യം പ്രകടിപ്പിക്കുന്നതെന്ന് കേട്ടിട്ടുണ്ട്. യുദ്ധ കാഹളം മുഴക്കുന്ന ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തിലെ ഭരണാധികാരികള്‍ ഇന്ന് വെറും ഗൊറില്ലകളായി തരം താണിരിക്കുകയല്ലേ എന്ന് സംശയിക്കുന്നു.

Join WhatsApp News
വിദ്യാധരൻ 2019-02-27 06:01:44
ആഫ്രിക്കൻ വനത്തിലെ  
ഗോറിലാകൾക്ക് മുന്നമേ 
നെഞ്ചത്തടിച്ചു കരഞ്ഞിരുന്നു 
ഭാരതയീർ  പണ്ട് തൊട്ടേ .
(കണ്ടിട്ടുണ്ട് ഞാൻ എന്നച്ഛൻ 
പണ്ട് അമ്മയെ തല്ലുമ്പോൾ 
'കൊല്ലെടാ കാല നീ എന്നെ' 
എന്നു കരഞ്ഞു വിളിച്ചു 
നെഞ്ചത്തടിച്ചു കരയുന്നതു)
നെഞ്ചത്തടിച്ചു കരഞ്ഞും 
'വമ്പിച്ചഗീത പുസ്തകങ്ങൾ' കാട്ടിയും 
അക്രമ രാഹിത്യത്തിൻ 
മന്ത്രങ്ങൾ ഉരുവിട്ടും 
കഴിഞ്ഞോട്ടേ  സുഹൃത്തേ ഞങ്ങൾ 
വെറുതെ പിമ്പിരി കേറ്റാതെ 
പോകട്ടെ ഞങ്ങൾ വനാന്തരങ്ങളിൽ 
പോയി നാമം ജപിക്കട്ടെ 
നാട്ടിൽ ശാന്തി വന്നീടുവാൻ 
"ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ 
ഇതി പ്രഥമോഽനുവാകഃ "

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക