Image

ഭാഷ നന്നാവാന്‍ നമ്മള്‍ എല്ലാവരും ഒരുമിച്ചു ശ്രമിക്കണം (ഡോ: എസ്. എസ്. ലാല്‍)

Published on 24 February, 2019
ഭാഷ നന്നാവാന്‍ നമ്മള്‍ എല്ലാവരും ഒരുമിച്ചു ശ്രമിക്കണം (ഡോ: എസ്. എസ്. ലാല്‍)
ശ്രീമതി കെ.ആര്‍. മീര,
ഈ എഴുതുന്നത് താങ്കള്‍ വായിക്കുമെന്ന് തന്നെ എനിക്ക് ഉറപ്പില്ല. അത്രയ്ക്ക് പ്രശസ്തനോ താങ്കളുടെ ഫേസ് ബുക്ക് സുഹൃത്തോ അല്ല ഞാന്‍, നമ്മള്‍ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും. പരസ്പരം അറിയാമെങ്കിലും. ബലറാമിനെയും നേരിട്ടറിയില്ല, പരസ്പരം പറഞ്ഞറിയാം. എങ്കിലും എന്റെ പേജില്‍ ഈ വിഷയം എഴുതിക്കഴിയുമ്പോള്‍ എനിക്കൊരു ആശ്വാസമുണ്ടാകും.

താങ്കളും വി.ടി. ബാലറാമും തമ്മിലുള്ള തര്‍ക്കങ്ങള്‍ ശ്രദ്ധിക്കുന്ന പതിനായിരക്കണക്കിന് മലയാളികളില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. പിന്നെ ഞാനും കൂടി എന്തിനെഴുതണം എന്ന ചോദ്യമുണ്ട്. നമ്മള്‍ ചില കാര്യങ്ങള്‍ പറഞ്ഞിട്ട് ഒന്നും സംഭവിച്ചില്ലെങ്കില്‍പ്പോലും പറയാനുള്ള നമ്മുടെ സ്വന്തം ആഗ്രഹം സാധിച്ചുകിട്ടുമല്ലോ. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ നടക്കുബോഴും നമ്മള്‍ ഓരോരുത്തരും വീട്ടിലെ ടെലിവിഷന് മുന്നിലിരുന്ന് ഉപദേശങ്ങള്‍ കൊടുക്കുന്നതുപോലെ മാത്രം കരുതുക. അങ്ങനെ, എന്റെ ആത്മസംതൃപ്തിക്കായി എഴുതുകയാണ്.

താങ്കളും ബാലറാമും ഒരുപോലെ നല്ലവരാണെന്നും നിങ്ങള്‍ രണ്ടുപേരെയും ഒരുപോലെ സ്‌നേഹിക്കുന്നവനാണെന്നും നിങ്ങള്‍ തമ്മിലുള്ള തര്‍ക്കം കാരണം എന്‍റെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്നുമൊക്കെ കള്ളമെഴുതാന്‍ ഞാന്‍ തയ്യാറല്ല. ആക്രമണം എം.എല്‍.ഏ. യോടല്ല വേണ്ടതെന്ന് താങ്കളോടോ പരാക്രമം സ്തീകളോടല്ല വേണ്ടതെന്ന് ബാലറാമിനോടോ പറഞ്ഞു നിഷ്പക്ഷ റഫറിയാകാനുമല്ല ഇത്. പോരെങ്കില്‍ നിങ്ങള്‍ തമ്മിലുള്ള ഈ തര്‍ക്കങ്ങള്‍ തുടരുക തന്നെ ചെയ്യണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍. നിങ്ങള്‍ രണ്ടുപേര്‍ക്കും കേരളത്തില്‍ വലിയ ഇടമുണ്ടെന്ന യാഥാര്‍ത്ഥ്യവും ഉണ്ട്. പരസ്പരം അഭിസംബോധന ചെയ്യാന്‍ ബലറാമിനും മീരയ്ക്കും പകരം നിങ്ങള്‍ ഉപയോഗിക്കുന്ന ചില വാക്കുകള്‍ വീണ്ടും ഉപയോഗിക്കാതിരിക്കുന്നത് നല്ല കാര്യമായിരിക്കും. പക്ഷേ, തര്‍ക്കം തുടരുക.

എന്തിനാണ് തര്‍ക്കം തുടരുന്നത് എന്നതിന് മറുപടിയുണ്ട്. കേരളത്തില്‍ നമ്മള്‍ പറയാതെ കൊണ്ടുനടക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവ ചര്‍ച്ചചെയ്യപ്പെടുക തന്നെ വേണം. ഈ വിഷയത്തില്‍ ഫേസ്ബുക്കിലൂടെ മനുഷ്യര്‍ പ്രതികരിച്ച രീതി കണ്ടാല്‍ അക്കാര്യം വ്യക്തമാകും.

നാട്ടിലെ രാഷ്ട്രീയ ബന്ധമുള്ള വിഷയങ്ങളില്‍ ഇടപെട്ട് ഫേസ്ബുക്കില്‍ എഴുതുന്നവരിലും അതൊക്കെ വായിച്ചിട്ട് കമന്റുകള്‍ ചെയ്യുന്നവരിലും ഭൂരിപക്ഷവും ഇടതുപക്ഷ ചായ്‌വുള്ളവരാണ്. ഓരോ സംഭവത്തിന്‍റെയും വാര്‍ത്തയുടെയോ ലേഖനങ്ങളുടെയോ ചുവട്ടില്‍ വരുന്ന കമന്റുകള്‍ വായിച്ചാലും ഇത് ബോധ്യമാകും. അതിന് ചരിത്രപരമായ കാരണങ്ങള്‍ ഉണ്ട്. അല്ലാതെ കേരളത്തില്‍ ഇടതുകാര്‍ മാത്രമുള്ളതല്ല. എല്ലാ കോളേജിലും എസ്.എഫ്.ഐ. ജയിക്കുമ്പോഴും കേരളത്തിലെ ഭരണം അഞ്ചാണ്ടൊരിക്കല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വരുന്നതുപോലെ. കോളേജില്‍ കാണുന്നതല്ല ബാലറ്റുപെട്ടിയില്‍. ഫേസ്ബുക്കിലും അങ്ങനെ തന്നെ. എന്നാല്‍ താങ്കളും ബാലറാമും തമ്മില്‍ കൊമ്പുകോര്‍ത്തപ്പോള്‍ ബാലറാമിനെ അനുകൂലിച്ച കമന്റുകള്‍ താങ്കളെ ബഹുദൂരം പിന്നിലാക്കി. അതിനെ ബലറാം കൃത്രിമമായി സംഘടിപ്പിച്ച ഫേക്ക് ഐ.ഡി. കള്‍ ആണെന്ന് പറഞ്ഞ് വിഷയത്തെ ലഘൂകരിക്കുന്നത് അവ എഴുതിയവരെ കളിയാക്കുന്നതിനപ്പുറം നാട്ടിലെ ജനാധിപത്യത്തിലെ ചില പുതിയ പ്രതീക്ഷകളെ തച്ചുടയ്ക്കുന്നതു കൂടി ആയിപ്പോയി.

കാസര്‍ഗോട്ടെ കൊലപാതക വിഷയത്തില്‍ അഭിപ്രായം പറയാത്തതിന് താങ്കളെ ബലറാം ഉള്‍പ്പടെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അതൊരു അംഗീകാരമായാണ് താങ്കള്‍ എടുക്കേണ്ടത്. അതിന് കാരണമുണ്ട്. എക്കാലവും കമ്മ്യൂണിസ്റ്റായി നിലപാടെടുക്കുകയും സി.പി.എമ്മിനൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന സാഹിത്യകാരും സാംസ്കാരിക നായകരും കൊലപാതക വിഷയത്തില്‍ പ്രതികരിക്കുമെന്ന് ആര്‍ക്കും പ്രതീക്ഷയില്ല. മുഖ്യമന്ത്രിയും സി.പി.എം. സെക്രട്ടറിയും കൊലപാതകത്തെ നിശിതമായി വിമര്‍ശിച്ചിട്ടും സി.പി.എം. നിലപാടുള്ള സാഹിത്യസാംസ്കാരിക നായകര്‍ പ്രതികരിക്കാത്തതില്‍ ആര്‍ക്കും പരിഭവമില്ല. കാരണം അവര്‍ നായകരൊക്കെയാണെങ്കിലും അടിസ്ഥാനപരമായി സി.പി.എം. കാരാണ്. പാര്‍ട്ടിയെ എന്ത് വില കൊടുത്തും അവര്‍ക്കു സംരക്ഷിക്കണം. തിരികെ പാര്‍ട്ടിയുടെ പിന്തുണ അവര്‍ക്ക് വേണം. അവാര്‍ഡുകള്‍ മാത്രമല്ല, അക്കാദമി നിയമനങ്ങളും കമ്മിറ്റി അംഗത്വങ്ങളുമൊന്നും നിസ്സാര കാര്യങ്ങളല്ല. മറ്റു ചില നായകര്‍ സി.പി.എം. അല്ലെങ്കിലും സി.പി.എമ്മിനെ പേടിക്കുന്നവരാണ്. ആ പാര്‍ട്ടിക്ക് മുന്നില്‍ വായ തുറന്നാല്‍ തല്ല് കിട്ടുമെന്ന് ഉറപ്പുള്ളതിനാല്‍ അവരോട് അത്യാവശ്യം ചേര്‍ന്നു നില്‍ക്കുന്നവരാണ്. ഇനി, മൂന്നാമതൊരു ഗ്രൂപ്പുണ്ട്. രാഷ്ടീയമായി സി.പി. എം അല്ലാത്തവര്‍. അല്ലെങ്കില്‍ എതിര്‍ ചേരികളില്‍ ഉള്ളവര്‍. ആ ഗ്രൂപ്പിലുള്ളവര്‍ക്ക് സത്യം പറഞ്ഞാല്‍ പൊതുവേ ആദ്യം പറഞ്ഞ രണ്ടു ഗ്രൂപ്പുകാരെക്കാളും സി.പി.എമ്മിനെ പേടിയാണ്. ആകെ ജീവിച്ചിരിക്കുന്ന എഴുപതോ എണ്‍പതോ വര്‍ഷം കയ്യും കാലുമൊക്കെ സ്വന്തം ശരീരത്തില്‍ തന്നെ വേണമെന്ന് ആഗ്രഹമുള്ളവര്‍. ആദ്യത്തെ രണ്ട് ഗ്രൂപ്പ് മിണ്ടിയാല്‍പ്പോലും വായ തുറക്കാന്‍ പേടിയുള്ളവര്‍. അവര്‍ പലരും വായ തുറക്കുന്നത് യു.ഡി.എഫ്. ഭരണം വരുമ്പോള്‍ മാത്രമാണ്. അക്കാഡമി നിയനങ്ങള്‍ക്കായി. നാലാമത്തെ ഗ്രൂപ്പാണ് സ്വതന്ത്ര നിലപാടുകള്‍ ഉള്ളവര്‍. കാര്യങ്ങള്‍ പറയാന്‍ ധൈര്യമുള്ളവര്‍. തീരെ ന്യൂനപക്ഷമാണെങ്കിലും അവരില്‍ നിന്നാണ് ജനം നിഷ്പക്ഷ നിലപാടുകള്‍ പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും തള്ളിപ്പറഞ്ഞ കാര്യത്തില്‍ അവര്‍ ഒന്ന് ഉറക്കെ മൂളുകയെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നത്. ആ ഗ്രൂപ്പിലാണ് ഞാനുള്‍പ്പെടെയുള്ള നിരവധി പേര്‍ താങ്കളെ കാണുന്നത്. അതാണ് അംഗീകാരമായി കാണണെമെന്ന് ഞാന്‍ നേരത്തേ പറഞ്ഞത്. അഞ്ചാമത്തെ ഗ്രൂപ്പും ഉണ്ട്. നന്നായി കഥയും കവിതയും എഴുതുകയോ അഭിനയിക്കുകയോ ഒക്കെ ചെയ്യും. അതിലെല്ലാം വലിയ മനുഷ്യ സ്‌നേഹമാണ്. പക്ഷേ, വ്യക്തികള്‍ എന്ന നിലയില്‍ ജീവിതത്തില്‍ അവര്‍ക്ക് നിലപാടുകള്‍ ഇല്ല. അവരില്‍ നിന്ന് ആരും, വീട്ടുകാര്‍ പോലും, ഒന്നും പ്രതീക്ഷിക്കരുത്.

ശ്രീമതി മീര, മേല്‍പ്പറഞ്ഞ വിഭാങ്ങളില്‍ എവിടെനില്‍ക്കുന്നുവെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവരവര്‍ക്കാണ്. പക്ഷേ, വിശദീകരിക്കാനാവാത്ത വിധത്തില്‍ സാംസ്കാരിക നായകര്‍ക്ക് അഞ്ചുകൊല്ലത്തിലൊരിക്കല്‍ മറവി രോഗമുണ്ടാകുമ്പോള്‍ ജനം പ്രതികരിക്കും. അതിനെ ആക്രമണമായി കാണേണ്ട. സൈബര്‍ ഇടങ്ങളില്‍ കമന്റുകളുടെ എണ്ണം മാറിമറിഞ്ഞു വന്നത് ഇവിടെ പെട്ടന്ന് കോണ്‍ഗ്രസ് വലുതായതുകൊണ്ടല്ല. ഇവിടെ ജനങ്ങള്‍ ഉണ്ടായതുകൊണ്ടാണ്. അവര്‍ സാധാരണ കമന്റുകള്‍ ചെയുന്നില്ലെങ്കിലും നിങ്ങളെയെല്ലാവരെയും എപ്പോഴും കാണുന്നതുകൊണ്ടാണ്. അവരില്‍ ഒരുപാടുപേര്‍ കോണ്‍ഗ്രസാണെന്ന കാര്യം എതിര്‍ക്കുന്നുമില്ല. നാട്ടില്‍ കോണ്‍ഗ്രസ്സാകുന്നതും പുറത്തുപറയുന്നതും തെറ്റല്ലല്ലോ. കോളേജുകളില്‍ മാതമല്ലേ അങ്ങനെയുള്ളൂ. സമൂഹ മാധ്യമങ്ങളില്‍ എഴുതിയാല്‍ കോളേജിലെപ്പോലെ പെട്ടെന്ന് തല്ലുകിട്ടില്ലല്ലോ. അതിനും പേടിയുള്ളവര്‍ അപരനാമങ്ങളില്‍ വന്നേക്കും. സാഹിത്യകാരന്മാരുടെ തൂലികാനാമം പോലെ അതിനെ കണ്ടാല്‍ മതി. അവര്‍ ആരെന്നു നോക്കണ്ട, എന്ത് പറയുന്നു എന്ന് നോക്കിയാല്‍ മതി.

കാസര്‍ഗോഡ് രണ്ട് അച്ഛനമ്മമാര്‍ക്ക് നഷ്ടപ്പെട്ടത് കോണ്‍ഗ്രസുകാരെയല്ല. അവരുടെ സ്വന്തം മക്കളെയാണ്. ഏത് പാര്‍ട്ടി ആരെ കൊന്നാലും ഒടുവിലെ യാഥാര്‍ത്ഥ്യം ഇതാണ്. രക്തസാക്ഷി മണ്ഡപങ്ങള്‍ പാര്‍ട്ടികള്‍ക്ക് മുതല്‍ക്കൂട്ടാണ്. പക്ഷേ, മക്കളെ നഷ്ടപ്പെട്ടവന് ഈ ലോകം മുഴുവനും എഴുതിക്കൊടുത്താലും ഒന്നുമാവില്ല. നമുക്കൊക്കെ കാസര്‍ഗോഡ് ഇപ്പോള്‍ വാര്‍ത്തയല്ല. രക്തസാക്ഷികള്‍ പാര്‍ട്ടികള്‍ക്ക് ആണ്ടിലൊരിക്കല്‍ ആഘോഷിക്കാനുള്ള ചിത്രങ്ങളാണ്. ബാക്കി സമയം അവര്‍ക്ക് വേറെ പണിയുണ്ട്. പക്ഷേ, മക്കളെ നഷ്ടപ്പെട്ടവരുടെ ദുഃഖം അവര്‍ ജീവിച്ചിരിക്കുന്നിടത്തോളം അവരെ വേട്ടയാടും. ഈ യാഥാര്‍ത്ഥ്യം മുന്നില്‍ കാണുന്ന, ഇനിയും ഒരു മനുഷ്യനെയും ഒരു പാര്‍ട്ടിയും കൊല്ലരുതെന്ന ആഗ്രഹമുള്ള, ജനതയാണ് താങ്കളേപ്പൊലുള്ളവരെങ്കിലും പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടത്.

മരണങ്ങളില്‍പ്പോലും അഭിപ്രായം പറയാന്‍ കേരളത്തില്‍ മനുഷ്യര്‍ക്ക് പേടിയുണ്ടെന്നത് ആരെയും ഇനിയും പറഞ്ഞുവിശ്വസിപ്പിക്കേണ്ട കാര്യമില്ല. അത് ലജ്ജാകരമാണ്. ആ അടിമത്തത്തെപ്പറ്റിയാണ് ഞാനുള്‍പ്പെടെയുള്ള ഒരുപാട് മനുഷ്യര്‍ പറയുന്നത്. സാഹിത്യ സാംസ്കാരിക നായകര്‍ ആരെങ്കിലും വായ തുറക്കുമെന്ന് പ്രതീക്ഷിച്ചത്. അത് താങ്കളെ വ്യക്തിപരമായി ആക്രമിക്കുന്നതായി കരുതണ്ട. കള്ളത്തരം കാണിക്കുന്നവരെ പൊതുവായി തുറന്നുകാട്ടുമ്പോള്‍ അതിനെ എതിര്‍ക്കാനുള്ള ചാവേറാകുകയുമരുത്. ഉറുമ്പു ചത്താലും കരയുന്നവര്‍ മനുഷ്യര്‍ മരിക്കുമ്പോള്‍ മിണ്ടാതിരുന്നാല്‍ ജനം ചോദിക്കും. അതിന് ജനത്തെ ആക്ഷേപിച്ചിട്ടു കാര്യമില്ല. ടെലിവിഷനുകള്‍ ഉള്ളതിനാല്‍ ആര്‍ക്കും ഇക്കാലത്ത്! കള്ളം പറയാന്‍ പറ്റുന്നില്ല എന്ന യാഥാര്‍ത്ഥ്യവുമുണ്ട്. മഹാന്മാക്കള്‍ ഭരണം നോക്കി കാര്യങ്ങള്‍ പറയുന്നതും മിണ്ടാതിരിക്കുന്നതും മനുഷ്യര്‍ അറിയാതെ കണ്ടുപോകുകയാണ്.

ഞാനീ പറഞ്ഞതൊന്നും ചില്ലുമാളികയില്‍ ഇരുന്നുള്ള എഴുത്തല്ല. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഉള്‍പ്പെടെ എസ.എഫ്.ഐ. യെ തോല്‍പ്പിച്ച് കോളേജ് ചെയര്‍മാനായ മുന്‍ കെ.എസ.യു. ക്കാരനാണ്. കോണ്‍ഗ്രസാണെന്നു പറയാന്‍ പേടിയില്ലാത്തതിന്‍റെ കാര്യം മനസ്സിലാകുമല്ലോ. മെഡിക്കല്‍ കോളേജിലും ചെയര്‍മാനായിരുന്നു. യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായിരുന്നു. ഇന്നും കോണ്‍ഗ്രസുകാരനാണ്. തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു ജയിച്ചു എന്നല്ലാതെ ഒരു കമ്മിറ്റിയിലും അംഗമാകാന്‍ പാര്‍ട്ടിയ്ക്ക് പിറകെ നടക്കാത്ത ആളാണ്. വച്ചുനീട്ടിയ സ്ഥാനങ്ങള്‍ വേണ്ടെന്നു പറഞ്ഞ ചരിത്രം അഭിമാനത്തോടെ ഓര്‍ക്കാന്‍ കഴിയുന്ന ഒരാള്‍. കൂടെപ്പഠിച്ച സി.പി.എം. കാരില്‍ നിന്നും എനിയ്ക്ക് ബഹുമാനവും സ്‌നേഹവും കിട്ടുന്ന കാര്യം എനിക്കറിയാം. അത് ഞാന്‍ എന്റെ ചെറിയ സ്ഥലങ്ങളിലും വേദികളിലും നിലപാടുകള്‍ എടുക്കുന്നതുകൊണ്ടും പാര്‍ട്ടി നോക്കാതെ സത്യം പറയുന്നതുകൊണ്ടുമാണ്. വലിയ മഹാന്മാക്കള്‍ക്കും ആഗ്രഹമുണ്ടെങ്കില്‍ ഇതൊക്കെ ധൈര്യമായി ചെയ്യാം. ആരും തല്ലില്ല. അവാര്‍ഡ് പോയാലും.

ഞാനിതൊക്കെ പറഞ്ഞതിന് മറ്റൊരു കാരണവുമുണ്ട്. സി.പി.എമ്മിനെ പേടിച്ച് നാട്ടിലെ വിഷയങ്ങളില്‍ ഇതുപോലെ നിശബ്ദത പാലിച്ച് അഡ്ജസ്‌റ് ചെയ്തു നിന്നിട്ട് കോണ്‍ഗ്രസ് ഭരണം വരുമ്പോള്‍ പലരും തലമുറകളായി കോണ്‍ഗ്രസ് പാരമ്പര്യമുള്ളവരായി മാറും. എങ്ങനെയും ഒരു കോണ്‍ഗ്രസ് ബന്ധം കണ്ടെടുക്കും. നിയമനങ്ങള്‍ക്കായി. ഇങ്ങനെ സാധിച്ചവരില്‍ മറ്റു കഴിവുകളുടെ കാര്യത്തില്‍ ഞങ്ങള്‍ ബഹുമാനിച്ച അദ്ധ്യാപകര്‍ മുതല്‍ കൂടെപ്പഠിച്ചവര്‍ വരെയുണ്ട്. എന്റെയടുത്തും ശുപാര്‍ശയുമായി പലരും വരാറുണ്ട്.

ശ്രീമതി മീര, താങ്കളുടെ പേജില്‍ വന്നെഴുതിയാല്‍ അത് ബലറാം കൂലിക്കെഴുതിക്കുന്ന ഫേക്ക് പേരുകളാണെന്ന താങ്കളുടെ ആരോപണ ലിസ്റ്റില്‍ എന്റെ വരികള്‍ പെട്ടുപോകരുതെന്ന ആഗ്രഹവും ഉണ്ട്. അതുകൊണ്ടാണ് ഇവിടെ എഴുതിയത്.

താങ്കളെ വായിക്കുന്ന ഒരാളാണ് ഞാന്‍. താങ്കളുടെ കഥകളും മറ്റെഴുത്തുകളും വളരെ ഇഷ്ടമാണ്.

ബാലറാമിനെ ഇഷ്ടമാണ്. ഫേസ്ബുക്കില്‍ മാത്രം എഴുതുന്നയാളല്ല. അയാള്‍ ജനങ്ങള്‍ക്കിടയിലാണ്. കോണ്‍ഗ്രസുകാര്‍ക്ക് പറയാനുള്ളത് അയാള്‍ പറയുന്നു. ചെറുപ്പത്തിന്‍റെ ഉശിര് ഭാഷയില്‍ കാണും. ഞാന്‍ നോക്കുന്നത് അയാളുടെ ഭാഷയല്ല. എന്ത് പറയുന്നു എന്നാണ്. ഭാഷയില്‍ മീരയ്ക്കും പിഴച്ചായിരുന്നു. അതും ഞങ്ങള്‍ അവഗണിച്ചു.

യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് മാത്രമായി നാട്ടില്‍ ഒരു ഭാഷയില്ല. ഭാഷ നന്നാവാന്‍ നമ്മള്‍ എല്ലാവരും ഒരുമിച്ചു ശ്രമിക്കണം. പറയുന്ന എനിക്കും എന്റെ ഉത്തരവാദിത്തമുണ്ട്. പരനാറിയും മറ്റേപ്പണിയും ഒക്കെ നിഘണ്ടുവില്‍ വരാതിരിക്കാന്‍ നമ്മളെല്ലാം ഒരുമിച്ചു ശ്രമിക്കണം.
ഭാഷ നന്നാവാന്‍ നമ്മള്‍ എല്ലാവരും ഒരുമിച്ചു ശ്രമിക്കണം (ഡോ: എസ്. എസ്. ലാല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക