Image

ചുബനം ലളിതമായ ഒരു പ്രക്രിയയല്ല (കവിത: എം. ബഷീര്‍)

Published on 24 February, 2019
ചുബനം ലളിതമായ ഒരു പ്രക്രിയയല്ല (കവിത: എം. ബഷീര്‍)
കാമുകിയെ ചുംബിക്കുകയെന്നാല്‍
കുഞ്ഞിനെയോ സുഹൃത്തിനെയോ
ഭാര്യയെയോ അമ്മയെയോ
വേശ്യയെയോ
ചുംബിക്കുന്നപോലെ
അത്ര ലളിതമായ ഒരു പ്രക്രിയയല്ല

കലങ്ങിമറിഞ്ഞ കടലിന്റെ
നെറുകയിലൂടെ
തകര്‍ന്ന കപ്പല്‍ ഓടിച്ചുകയറ്റുംപോലെ
ശ്രമകരമാണത്

അവളെ ചുംബിക്കും മുമ്പ്
ഹൃദയത്തിന്റെ
നേര്‍ത്ത നാരുകളാല്‍
ചുണ്ടുകളില്‍ ചിത്രപ്പണി ചെയ്യേണ്ടതുണ്ട്
വിരലുകളില്‍
മുല്ലവള്ളികള്‍ പടര്‍ത്തണം
കണ്ണുകളില്‍
സര്‍പ്പക്കുഞ്ഞുങ്ങളെ വളര്‍ത്തണം
കവിളുകളില്‍
നിലാവെണ്ണ പുരട്ടണം

നിരായുധനായ്
നഗ്‌നപാദനായ്
യുദ്ധഭൂമിയിലേക്ക്
തനിച്ചു പോകുന്ന പോലെ
വിസ്മയകരമാണത്

തോല്‍ക്കുമെന്നറിഞ്ഞിട്ടും
പോരാടിവീണ്
വാള്‍മുനയ്ക്ക്
കഴുത്ത് കാട്ടിക്കൊടുക്കുന്നപോലെ
വിഭ്രമജനകമാണത്

ഒരാള്‍
അയാളുടെ കാമുകിയുമായി
ചുംബനത്തിലേര്‍പ്പെടുമ്പോള്‍
പ്രത്യേകിച്ചൊന്നും
സംഭവിക്കുന്നില്ലെങ്കിലും
ആരും തോല്‍ക്കാത്ത
രണ്ടു യുദ്ധങ്ങള്‍ തമ്മില്‍
ഒരു രഹസ്യ ഉടമ്പടിയില്‍ ഒപ്പുവെക്കപ്പെടുന്നുണ്ട്

ആരെവേണമെങ്കിലും
നമുക്ക് ചുണ്ടുകള്‍കൊണ്ട്
ഉമ്മവെക്കാം
മഴവരുമ്പോള്‍ കുടചൂടുന്നപോലെ
ഒരു സാധാരണ കാര്യമാണത്
ദീര്‍ഘകാലത്തിന് ശേഷം
കണ്ടുമുട്ടുന്ന സുഹൃത്തുക്കള്‍
ചുമലുകള്‍ ചേര്‍ത്തുവെച്ച്
ഓര്‍മ്മകള്‍ കുഴിച്ചെടുത്ത് പങ്കുവെക്കും പോലെ

പ്രവാസത്തിന്റെ
കടലിലേക്കിറങ്ങും നേരം
കണ്ണീരുപ്പുകൊണ്ട്
നല്ലപാതിയുടെ നെറ്റിയില്‍
വിരഹമുദ്ര പതിക്കുംപോലെ

ഇരുളിന്റെ തെരുവോരങ്ങളില്‍
പച്ചയ്ക്ക് കത്തുന്നൊരുവളെ
ലഹരിയുടെ കൂര്‍ത്ത കൊക്കിനാല്‍
കൊത്തിപ്പറിക്കും പോലെ

ഏകാന്തകാലത്തിന്റെ
ഉമ്മറക്കോലായിലൊടുവില്‍
മറവിയുടെ തിരുവസ്ത്രമണിഞ്ഞിരിക്കുമ്പോള്‍
മെഴുകുരുകി നിശ്ചലമായിപ്പോയ
അമ്മയുടെ കണ്ണുകളില്‍
ബാല്യത്തിന്റെ ഓര്‍മ്മകളെ
കണ്ണീരുകൊണ്ടെഴുതും പോലെ

ഉന്മാദത്തിന്റെ വസന്തം
ഉത്സവപ്പറമ്പാക്കിയഹൃദയത്തിലെ
ആത്മഞരമ്പുകളിലൂടെ
അമ്ലമഴയായ് കുത്തിയൊലിക്കണം
ഇടിമിന്നലുകളുടെ
കൊഴുത്ത രാവിനെ വാരിപ്പുതയ്ക്കണം

വിജനതയുടെ പ്രേതഭവനത്തിലൂടെ
തനിയെ കയറിയിറങ്ങുംപോലെ
ത്രസിപ്പിക്കുന്ന ഭയാനുഭവമാണത്

കടല്‍ത്തീരത്തോ പാര്‍ക്കിലോ
റോഡരികിലോ റെസ്‌റ്റോറന്റിലോ
തോന്നുന്നിടത്തു വെച്ച്
അവളെ ചുംബിക്കുക സാധ്യമല്ല

അധര സ്പര്‍ശങ്ങളുടെ
ഓരോ കയറ്റിറക്കങ്ങളിലും
ഒരു ഭൂമി നിറയെ ആളുകള്‍
തുറിച്ചുനോക്കുന്നല്ലോ എന്ന
ജിജ്ഞാസയില്‍ പൊരിയണം
പൊത്തുകളില്‍ നിന്ന്
തലനീട്ടുന്ന ചെറുജീവികളെ പേടിക്കണം

അവളെ മാത്രമേ നിങ്ങള്‍ക്ക്
ഹൃദയം കൊണ്ട് ചുംബിക്കാന്‍
കഴിയുകയുള്ളു
മഴ വീണ് വീണ് വഴുക്കുന്ന
പാറക്കെട്ടു പോലെ കടുത്തതും
ചവിട്ടിക്കുഴച്ച കളിമണ്ണ് പോലെ
പശിമയുള്ളതുമായിരിക്കും
അവളുടെ ചുണ്ടുകള്‍

എത്രയെഴുതിയാലും തീരാത്ത
കവിതയുടെ വര്‍ണ്ണക്കടലാസു പോലെയിരിക്കും
അന്നേരം അവളുടെ കവിളുകള്‍

എത്താക്കൊമ്പിലെ
ചെമ്പരത്തിപോലെയാണ്
കാമുകിയുടെ ചുണ്ടുകള്‍
ഒന്നുകില്‍ സ്വപ്നത്തില്‍ നിന്നുവരുന്ന കാറ്റ്
ചില്ലകളെ താഴോട്ടുലയ്ക്കണം
അല്ലെങ്കില്‍
ചാടിപ്പിടിച്ച് ചില്ലയൊടിച്ച്
പൂവിറുക്കണം

കാമുകിയെ ചുംബിക്കും മുമ്പ്
നിങ്ങളുടെ ചുണ്ടുകള്‍
നനഞ്ഞ വെടിമരുന്നുപോലെ
നിര്‍വ്വീര്യമായിരിക്കും
അതിനാല്‍ അവളെ
ഹൃദയം കൊണ്ട് ചുംബിച്ച്
കാലവര്‍ഷക്കടലാക്കുക
ഇടിമിന്നലുകളുടെ ഉന്മാദരാത്രിയാക്കുക
ഇണചേരുന്ന നക്ഷത്രങ്ങളുടെ
നീലമേഘം പുതച്ച ഉടലാക്കുക

അവള്‍ മഴയായി പെയ്യുമ്പോള്‍
നനഞ്ഞ കവിതകൊണ്ട്
ഉമ്മയുടെ കുട ചൂടിക്കുക

കാറ്റായി വന്ന് കിനാവിനെയുലയ്ക്കുമ്പോള്‍
ഇലകള്‍ തുന്നിച്ചേര്‍ത്ത്
ചുണ്ടുകളെയൊരു കൂടാക്കുക

കാട്ടുതീയായി ഉടലിനെ പൊള്ളിക്കുമ്പോള്‍
ചുണ്ടുകളെ ശലഭമായ് പറത്തിവിടുക

ഓര്‍ക്കുക
ചുണ്ടുകള്‍ കൊണ്ട്
നിങ്ങള്‍ക്കാരെയും ഉമ്മവെക്കാം
കാമുകിയെ ഒഴികെ...
Join WhatsApp News
വിദ്യാധരൻ 2019-02-24 18:54:09
ഇത്ര പാടുപെട്ട് നീ അവളെ 
എന്തിന് ചുംബിക്കണം ?
ഒരു യുദ്ധവും ഇല്ലാതെ 
ഒരു റോസാ പുഷ്പ്പത്തെ 
ചുംബിക്കും പോലെ നീ 
അവളെ ചുംബിക്കൂ 
അവളുടെ ദളങ്ങൾ വിരിയുന്നതും 
അതിൽ പനിനീർ പൊടിയുന്നതും കാണാം 
ഫുല്ലമായ  അവളുടെ കണ്ണുകളിൽ 
ഉദയ സൂര്യ  രസ്മിയുടെ തിളക്കം കാണാം 
ഒരു ലതിക പോലെ അവളുടെ 
കൈകൾ നിന്നെ വരിഞ്ഞു മുറുക്കും 
നിന്റെ യുദ്ധവീര്യം  ചോർന്ന് 
നീ സുഖ സുഷുപ്തിയിൽ ആഴും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക