Image

ഇരട്ട നികുതി ഒഴിവാക്കാനുള്ള ഉടമ്പടി ഭേദഗതി ചെയ്യാന്‍ ഇന്ത്യ- യുഎഇ തീരുമാനം

Published on 17 April, 2012
ഇരട്ട നികുതി ഒഴിവാക്കാനുള്ള ഉടമ്പടി ഭേദഗതി ചെയ്യാന്‍ ഇന്ത്യ- യുഎഇ തീരുമാനം
അബുദാബി: ഇരട്ട നികുതി ഒഴിവാക്കാനുള്ള നിര്‍ണായക ഉടമ്പടി ഭേദഗതി ചെയ്യാന്‍ ഇന്ത്യ- യുഎഇ ഉന്നതതല യോഗത്തില്‍ തീരുമാനമായി. നികുതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്‌പരം പങ്കുവയ്‌ക്കാനും നടപടികള്‍ കൂടുതല്‍ സുതാര്യമാക്കാനും ഇതു വഴിയൊരുക്കും. കോണ്‍സുലര്‍ കാര്യങ്ങള്‍ക്കായി സംയുക്‌തസമിതി രൂപവല്‍ക്കരിക്കാനും ധാരണയായി.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്‌.എം.കൃഷ്‌ണ, യുഎഇ വിദേശകാര്യ മന്ത്രി ഷെയ്‌ഖ്‌ അബ്‌ദുല്ല ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഇന്ത്യ-യുഎഇ സംയുക്‌ത സമിതി യോഗത്തിലാണ്‌ ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്‌.

രാജ്യാന്തര മാനദണ്ഡങ്ങള്‍ പാലിച്ചാണ്‌ ഇരട്ടനികുതി ഒഴിവാക്കാനുള്ള ഉടമ്പടിയില്‍ ഭേദഗതി വരുത്തുക. ബാങ്കുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരസ്‌പരം പങ്കുവയ്‌ക്കാനും മറ്റും ഇതു സൗകര്യമൊരുക്കും. പ്രാദേശിക നികുതി താല്‍പര്യങ്ങളില്‍ നിന്നും ഇടപാടുകള്‍ ഒഴിവാകും. ഉല്‍പാദന രംഗത്തുള്‍പ്പെടെ ഇരുരാജ്യങ്ങള്‍ക്കും ആഴത്തിലുള്ള ബന്ധമാണുള്ളതെന്ന്‌ നേതാക്കള്‍ സംയുക്‌ത പ്രഖ്യാപനത്തില്‍ വ്യക്‌തമാക്കി. ഊര്‍ജ മേഖലയ്‌ക്കു മുന്തിയ പരിഗണന നല്‍കും.

ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യ യുഎഇയുടെ സഹകരണം തേടുമെന്ന്‌ എസ്‌.എം.കൃഷ്‌ണ ഞായറാഴ്‌ച പറഞ്ഞിരുന്നു. മികച്ച വളര്‍ച്ചാ നിരക്കു രേഖപ്പെടുത്തുന്ന ഇരുരാജ്യങ്ങളിലും ഊര്‍ജ ആവശ്യം കൂടിവരികയാണ്‌.

ഇതുസംബന്ധമായ അനന്തര നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ യുഎഇ വിദേശകാര്യ മന്ത്രി ഷെയ്‌ഖ്‌ അബ്‌ദുല്ല ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍ അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കുന്നതാണ്‌.
ഇരട്ട നികുതി ഒഴിവാക്കാനുള്ള ഉടമ്പടി ഭേദഗതി ചെയ്യാന്‍ ഇന്ത്യ- യുഎഇ തീരുമാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക