Image

ചുവന്ന ഡയറി പറഞ്ഞ കഥ (ജയചിത്ര)

Published on 16 February, 2019
ചുവന്ന ഡയറി പറഞ്ഞ കഥ (ജയചിത്ര)
വാതില്‍ മണി ശബ്ദം മുഴക്കിയപ്പോള്‍ ആരായിരിക്കും എന്ന ആകാംക്ഷയോടെ വന്നു,ജനാല വിരികള്‍ മാറ്റി നോക്കിയപ്പോള്‍ ആ കൊടും തണുപ്പിലും അവള്‍ വിയര്‍ക്കാന്‍ തുടങ്ങി… എന്തു ചെയ്യണം എന്നറിയാതെ പകച്ചു.. നാസികാഗ്രം വിയര്‍പ്പു മണികളാല്‍ തിളങ്ങി. അതിഥിയെ കാത്തു നിര്‍ത്തുന്നത് ശരിയല്ലല്ലോ.. പതിയെ വാതില്‍ തുറന്നു..

“ആരിത് എല്‍ബിച്ചനോ. ..കയറിയിരിക്ക്…”

എല്‍ബി അകത്തേക്ക് കയറി.അയാളാകെ ക്ഷീണിതനായ് കാണപ്പെട്ടു.മുഷിഞ്ഞ വസ്ത്രം. നര കയറിയ മുടി,ചീകാതെ അലക്ഷ്യമായി ഇട്ടിരിക്കുന്നു.ഷേവ് ചെയ്യാത്ത മുഖം. എന്ത് പ്രസന്നതയുള്ള മുഖമായിരുന്നു എല്‍ബിക്ക്. ആരു കണ്ടാലും നോക്കി നിന്നു പോകും. അത്രയ്ക്കായിരുന്നു എല്‍ബിയുടെ വേഷവിധാനവും.പെരുമാറ്റവും എല്ലാം..45 വയസ്സേയുള്ളുവെങ്കിലും ഇപ്പോള്‍ 60 വയസ്സ് തോന്നിക്കുന്ന രീതി.ആന്‍സി ഓരോന്നോര്‍ത്ത് നിന്നു പോയി.

“ആന്‍സീ…എന്താണ് എന്റെ റോസിന് പറ്റിയത്..? ഒന്നു പറഞ്ഞു തരുമോ നീ.. നിന്നോളം അവളെ അറിയുന്നവര്‍ ആരും ഇല്ല.പ്ലീസ് ആന്‍സീ..എനിക്ക് അറിയണം എല്ലാം..”

ആന്‍സി ചിന്തകളില്‍ നിന്നും ഞെട്ടിയുണര്‍ന്നു. “

എല്‍ബിച്ചനിരിക്കൂ..ഞാന്‍ കുടിക്കാനെന്തെങ്കിലും എടുക്കട്ടെ.”
ആന്‍സി അടുക്കളയിലേക്ക് പോയി. ആന്‍സി എല്‍ബിയുടെ ഭാര്യ റോസിന്റെ പ്രിയ കൂട്ടുകാരി. ഏകദേശം 43 വയസ്സ് പ്രായം. കോയിക്കല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപിക.
ഷോകെയ്‌സില്‍ ചിരി തൂകി നില്‍ക്കുന്ന തന്റെ റോസിന്റെയും ആന്‍സിയുടേയും ചിത്രം കണ്ട എല്‍ബി വേഗം ചെന്ന് ആ ചിത്രം എടുത്തു.. നിലവിളിയോടെ അത് മാറോട് ചേര്‍ത്തു.

“ റോസ് നീയെന്തിനെന്നോടിത് ചെയ്തൂ..ഈ എന്നെ തെല്ലും ഓര്‍ത്തില്ലേ പെണ്ണേ.. അല്ല ഞാനാണ് ഇതിന് കാരണം …അവള്‍ക്ക് പറയാനുള്ളത് എന്തെന്ന് ഞാന്‍ കേട്ടില്ല…മഹാപാപിയാണ് ഞാന്‍…”

ട്രേയില്‍ ജ്യൂസുമായി എത്തിയ ആന്‍സി ആ കാഴ്ച കണ്ട് വിഷണ്ണയായി..

“എല്‍ബിച്ചായാ ദേ ഇത് കുടിക്കൂ..എന്നിട്ട് നമുക്ക് സംസാരിക്കാം .”

അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ അത് മെല്ലെ കുടിച്ചു. അവള്‍ അകത്തേക്ക് പോയി മനോഹരമായ പുറം ചട്ടയുള്ള ഒരു ചുവന്ന ഡയറിയുമായി തിരിച്ചെത്തി. അത് കണ്ടതും എല്‍ബി ഓടിച്ചെന്ന് കൊച്ചുകുഞ്ഞിനെപ്പോലെ അവളുടെ കയ്യില്‍ നിന്നും പിടിച്ചു വാങ്ങി.

“എല്‍ബിച്ചായാ റോസ് മരിച്ച ദിവസം എന്നോട് ഇതെടുത്തു സൂക്ഷിച്ചു വയ്ക്കണം,എപ്പോഴേലും എല്‍ബി വന്നു ചോദിക്കാതെ ഇതാര്‍ക്കും കൊടുക്കരുതെന്നും വിളിച്ചു പറഞ്ഞിരുന്നു. ഇതു വരെ ഇത് ചോദിച്ച് എല്‍ബിച്ചന്‍ വരാത്തത് കൊണ്ടാണ് ഞാന്‍ ആ കത്ത് അയച്ചത്. ഇനിയും എന്റെ റോസിനെ കുറ്റക്കാരിയായി എല്‍ബിച്ചായന്‍ കാണുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ല.”

ആ ഡയറിയുമായി അയാള്‍ പുറത്തെ പുല്‍ത്തകിടിയിലേക്ക് പോയി..അവിടെയുള്ള സിമന്റ് ബഞ്ചിലേക്കിരുന്നു. ഡയറിയുടെ താള്‍ മെല്ലെ മറിച്ചു. അതില്‍ നാലായി മടക്കിയ ഒരു പേപ്പര്‍. വിറ കൈയ്യുകളോടെ അയാളത് നിവര്‍ത്തി.

“എല്‍ബീ…”
“ഓ എന്താ എന്റെ പെണ്ണേ..”
അവളരികില്‍ വന്നു വിളിക്കുന്നതായി അവന് തോന്നി,വിളി കേട്ടതാണ്. അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

“എന്റെ എല്‍ബിയെങ്കിലും എന്നെ മനസ്സിലാക്കുമെന്ന് കരുതി പക്ഷേ നീ എന്താ ചെയ്തത്.. എന്നെ തള്ളിപ്പറഞ്ഞു.. ഈ താളുകളില്‍ ഞാനെന്റെ മനസ്സാണ് കോറിയിട്ടിരിക്കുന്നത്. നീയിത് മുഴുവന്‍ വായിക്കണം..ഞാനെന്തിനിത് ചെയ്തു എന്ന ഉത്തരം അതിലുണ്ട്. ഞാന്‍ മനസ്സറിവോടെ എന്റെ എല്‍ബിയോട് വഞ്ചന കാണിച്ചിട്ടില്ല.. എല്‍ബീ നീയായിരുന്നു എനിക്കെല്ലാം.. മരണത്തിനപ്പുറം ഒരു ജന്മമുണ്ടേല്‍ അന്നും ഞാന്‍ എല്‍ബിക്കുള്ളതു തന്നെയായിരിക്കും.”

ആ കത്ത് അയാളുടെ കയ്യിലിരുന്നു വിറകൊണ്ടു.. അതില്‍ പകുതി അക്ഷരങ്ങളും കണ്ണുനീരിനാല്‍ മാഞ്ഞിരുന്നു. തന്റെ റോസ് എത്ര വേദനയോടെയാകും ഇതെഴുതിയിരിക്കുക എന്ന് ഓരോ വരികളിലും വ്യക്തം..

1990 ജൂലൈ 4
ഇന്ന് കൊല്ലം എസ്.എന്‍. കോളേജില്‍ ഡിഗ്രിക്ക് ചേരുന്ന ദിവസം.. ഞാന്‍ പതിവിലേറെ സന്തോഷവതിയായിരുന്നു. തനിക്ക് ഏറെ ഇഷ്ടപ്പെട്ട കോളേജ്.. ഞാനും ആന്‍സിയും ഒരേ ക്ലാസില്‍ തന്നെയാണ്. അന്ന് തങ്ങളെ സ്വാഗതം ചെയ്തു വന്ന സീനിയര്‍ സ്റ്റുഡന്റ്‌സിനോടൊപ്പം ഉള്ള വെളുത്ത് ഉയരം കൂടിയ പയ്യന്‍ തന്നെത്തന്നെ നോക്കി നില്‍ക്കുന്നത് കണ്ടു. എവിടെയോ കണ്ട് നല്ല പരിചയം തോന്നി, പക്ഷേ,ഓര്‍മ കിട്ടുന്നതുമില്ല...

ജൂലൈ 15
ഇന്ന്..പള്ളിയില്‍ പോയപ്പോള്‍ ഞാനാ മുഖം വീണ്ടും കണ്ടു. എന്നെ നോക്കിനില്‍ക്കുന്ന രണ്ട് കണ്ണുകള്‍. ആന്‍സിയാണ് പറഞ്ഞത്,ബംഗ്ലാവില്‍ ജോണേട്ടന്റെ മകനാണതെന്ന്… പേര് എല്‍ബി..

എല്‍ബിയുടെ ഓര്‍മ്മകള്‍ വളരെ പിന്നിലേക്ക് സഞ്ചരിച്ചു. “റോസ് “..അവളെ ആദ്യം കണ്ടപ്പോള്‍ മുതല്‍ ഹൃദയം വല്ലാതെ തുടികൊള്ളുന്നതറിഞ്ഞു. നീണ്ട നാസികയും,ചുവന്നു തുടുത്ത കവിളുകളും,പരല്‍ മീനിളകുന്ന കണ്ണുകളും,വില്ല് പോലെ വളഞ്ഞ പുരികക്കൊടിയും, ചെഞ്ചുണ്ടുകളും,ആരു കണ്ടാലും നോക്കി പോകുന്ന അംഗലാവണ്യവും.. കണ്ടമാത്രയില്‍ തന്നെ അവളോട് അനുരാഗം പൂത്തു.. അവളെ കാണാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കിയില്ല.. അവള്‍ക്കും തന്നെ ഇഷ്ടമാണെന്ന് അവളുടെ പ്രിയ സുഹൃത്ത് ആന്‍സി പറഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി.. പിന്നീടങ്ങോട്ട് നീണ്ട പ്രണയകാലം..പഠനം തീര്‍ന്നു താന്‍ ഗള്‍ഫിലേക്ക് പറന്നെങ്കിലും റോസിനായ് സമയം ചിലവഴിച്ച് അവളെ വിളിച്ചു കൊണ്ടിരുന്നു.. ആദ്യ തവണ നാട്ടില്‍ എത്തിയപ്പോള്‍ അവളുടെ വീട്ടില്‍ മമ്മയും പപ്പയുമായി പോയി കണ്ടു സംസാരിച്ച്,വിവാഹം ഉറപ്പിച്ചു…

വിവാഹപ്പന്തലില്‍ അവളൊരു മാലാഖയെപ്പോല്‍.!!. തന്റെ റോസ്… ഈ ലോകം മുഴുവന്‍ തന്നോട് അസൂയപ്പെട്ടു കാണും.. അത്രയേറെ മനോഹരിയാണവള്‍.. മിന്നു കെട്ടി..ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി,ആ കവിളില്‍ ആദ്യചുംബനം നല്‍കിയപ്പോള്‍ ആ മിഴികള്‍ കൂമ്പിയടഞ്ഞു… ഒരു മാസത്തെ ലീവ് കഴിഞ്ഞ് താന്‍ പോയപ്പോള്‍ അവള്‍ പൊട്ടിക്കരഞ്ഞു.. പോകേണ്ടയെന്ന് കരഞ്ഞു പറഞ്ഞു.. പക്ഷേ ജീവിതം പച്ചപിടിപ്പിക്കാന്‍ അനിവാര്യമായ യാത്ര.. വേണ്ടെന്ന് വയ്ക്കാന്‍ പറ്റില്ലല്ലോ.

താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന് അവള്‍ വിളിച്ചു പറയുമ്പോള്‍ സന്തോഷം കൊണ്ട് താന്‍ തുള്ളിച്ചാടി.. വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും വീഡിയോ ചാറ്റിലൂടെ കണ്ട് നെടുവീര്‍പ്പിടാന്‍ മാത്രം കഴിഞ്ഞവന്‍…പറന്നെത്തി തന്റെ പൊന്നോമനയെ കാണാന്‍…

‘ഇമ്മാനുവല്‍’ അവന്‍ വളര്‍ന്നു.
തങ്ങളുടെ പ്രിയപ്പെട്ടവന്‍..ഇന്നവന്‍ വളര്‍ന്നു.. ഇപ്പോള്‍ നഗരത്തിലെ പ്രശസ്തമായ എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്നു.സുന്ദരന്‍..വെളുത്തു കൊലുന്ന ശരീരം..സല്‍സ്വഭാവി. അമ്മയോട് ഏറെ സ്‌നേഹമുള്ളവന്‍.റോസും അവനും കൂട്ടുകാരെ പോലെയാണ് ..എന്തുണ്ടേലും അവളോട് പറയുന്നവന്‍. ഇന്നും അമ്മയെ പിരിഞ്ഞു താമസിക്കാത്തവന്‍. സന്തോഷം നിറഞ്ഞ ജീവിതം..ഇവിടെ എപ്പോഴാണ് വിധി വില്ലനായി എത്തിയത്…? അവന്‍ ഡയറിത്താളില്‍ തിരഞ്ഞു.

ഇന്ന് ഞാന്‍ തലചുറ്റി വീണു സ്റ്റാഫ് റൂമില്‍.. എന്തു പറ്റിയതെന്ന് അറിയില്ല. ഈയിടെയായി ക്ഷീണവും കൂടുതലാണ്. ചില ദിവസങ്ങളില്‍ ശരീരമാകെ നുറുങ്ങുന്ന വേദനയും..ആന്‍സിയുടെ നിര്‍ബന്ധ പ്രകാരം ഹോസ്പിറ്റലില്‍ പോയി.. അവര്‍ മരുന്നുകള്‍ തന്നു. കഴിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു വരാന്‍ പറഞ്ഞുവിട്ടു.
ഇന്ന് ആഹാരം കഴിക്കാനെടുത്തപ്പോള്‍ മനംപുരട്ടി വന്നു. കഴിക്കാതെ മാറ്റിവെച്ചു.

“ഇതിപ്പോള്‍ തുടര്‍ച്ചയായല്ലോ പെണ്ണേ വരൂ നമുക്ക് ഹോസ്പിറ്റലില്‍ ഒന്നൂടെ പോകാം”

എന്ന ആന്‍സിയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞങ്ങള്‍ ഹോസ്പിറ്റലില്‍ പോയി. പരിശോധനയില്‍ ഡോക്ടറിനെന്തോ സംശയം തോന്നി വിശദമായ പരിശോധനക്ക് എഴുതി തന്നു. റിസള്‍ട്ടുമായി ഡോക്ടറുടെ അടുക്കലെത്തി..

“കണ്‍ഗ്രാജുലേഷന്‍സ് മിസ്സിസ്സ് എല്‍ബീ നിങ്ങള്‍ ഒരമ്മയാകാന്‍ പോകുകയാണ്.”

ഡോക്ടറുടെ വാക്ക് കേട്ട് ഞാന്‍ ഞെട്ടിപ്പോയി.. അതിലേറെ ആന്‍സിയും.

“നിങ്ങളെന്താണ് ഡോക്ടര്‍ പറയുന്നത്…റോസ് ഗര്‍ഭിണിയാണെന്നോ..ഇല്ല ഇതൊരിക്കലും സംഭവിക്കില്ല.അവളുടെ ഹസ്ബന്റ് ഒരു വര്‍ഷമായി ഗള്‍ഫിലാണ്.പിന്നെങ്ങനെ…?”

“നോക്കൂ ആന്‍സീ ഞാന്‍ ഈ റിസള്‍ട്ട് വിശദമായി പരിശോധിച്ചു. ഇത് എല്ലാം കറക്ടാണ്.നിങ്ങള്‍ കൂട്ടുകാരിയുമായി സംസാരിച്ചു നോക്കൂ. തല്‍ക്കാലം ഞാന്‍ കുറച്ചു ടാബ്‌ലറ്റ് എഴുതാം.. പിന്നെ മറ്റൊരു കാര്യം കൂടി റോസ് മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടോ..ഉറക്കം കിട്ടാത്തപ്പോഴോ മറ്റോ..?”

“ങേഹ്…!!!ഇല്ല ഡോക്ടര്‍ ഒരിക്കലും ഇല്ല..എന്തേ…?”
“അത് നിങ്ങളുടെ ബ്ലഡില്‍ അമിതമായ അളവില്‍ മയക്കുമരുന്ന് കലര്‍ന്നിട്ടുണ്ട്.എന്തായാലും അടുത്ത ആഴ്ച വരൂ നമുക്ക് വിശദമായി പരിശോധിക്കാം..”

ഡോക്ടര്‍ നല്‍കിയ പ്രിസ്ക്രിപ്ഷനുമായി ഞങ്ങള്‍ പുറത്തേക്കിറങ്ങി. ആന്‍സി ഓര്‍ത്തു.
“ഈശ്വരാ ഇതെങ്ങനെ സംഭവിച്ചു,ആന്‍സീ ഞാന്‍…ഞാന്‍..ഒരു തെറ്റും ചെയ്തിട്ടില്ല..എന്റെ എല്‍ബിയെ മറന്ന് എനിക്ക് അങ്ങനെ ഒരു തെറ്റ് ചെയ്യാനാകുമോ..?
ആന്‍സി എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങിപ്പോയി. അവളെ ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ല.എന്താണ് സംഭവിച്ചത്..? അവള്‍ അങ്ങനെ ഒരു തെറ്റ് ചെയ്യില്ല. പിന്നെ എങ്ങനെ..?”
റോസിനെ കൂടെ കൂട്ടി..അവളെ ഒറ്റയ്ക്ക് വിടാന്‍ ഒരു പേടി..വീട്ടില്‍ വന്നു കയറിയ പാടേ കട്ടിലിലേക്ക് വീണതാണവള്‍..പാവം..കരഞ്ഞ് തളര്‍ന്നു കിടക്കുകയാണ്..പക്ഷേ നടന്നത് എന്താണെന്ന് അറിയണമല്ലോ... പിറ്റേന്ന് ലീവെടുത്തു. രാവിലെയും അവളതേ കിടപ്പ് തന്നെയാണ്. അവളുടെ അരികിലെത്തി.

“നീയിതെന്തു കിടപ്പാണ് റോസ്..ഒന്നെഴുന്നേറ്റേ..ദേ ഈ ചായ കുടിക്കൂ..”
“എനിക്ക് വേണ്ട ആന്‍സീ..”
“അങ്ങനെ പറഞ്ഞാല്‍ പറ്റില്ല..എഴുന്നേറ്റേ വേഗം..”
നിര്‍ബന്ധിച്ച് എഴുന്നേല്‍പ്പിച്ചു.. ചായ കുടിപ്പിച്ചു.
“റോസ് ഇതെങ്ങനെ സംഭവിച്ചു..ഞാനറിയാതെ ഒന്നും നിന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടില്ല. നമുക്ക് എന്ത് പരിഹാരം വേണേലും ഉണ്ടാക്കാം.നീ സത്യം പറയണം എന്നോട് ആരാണ് ഇതിന് ഉത്തരവാദി..?..”
“ഇല്ല ആന്‍സീ,ഞാന്‍ സത്യാണ് പറയുന്നത്.. എനിക്കാരുമായും ഒരു ബന്ധവുമില്ല.നീയും ഇമ്മാനുവലും ഇവരല്ലാതെ ആരും ഇല്ല എനിക്കീ ലോകത്ത് വലുതായി.”

പിന്നെങ്ങനെ ഇത്..അവള്‍ ആശയക്കുഴപ്പത്തിലായി..
“ഒന്നു ചോദിക്കട്ടെ നിനക്ക് ചില ദിവസങ്ങളില്‍ ശരീര വേദന വരുമല്ലോ..അതെപ്പോഴാണ്.. “

“അത് മിക്കവാറും അവധി ദിവസങ്ങളില്‍ ആണ്.. അന്നത്തെ ദിവസം ജോലി ശരിക്കും കാണും അതാണെന്നാണ് കരുതുന്നത്..”

“ റോസ് ഞാനൊരു സംശയം ചോദിക്കട്ടെ നീ ഉറങ്ങുന്നതിന് മുന്നേ എന്തേലും മരുന്ന് കഴിക്കുമോ…”
“ ഇല്ലെടാ… കിടക്കാന്‍ നേരം ഒരു ഗ്ലാസ് പാല്‍. അതേയുള്ളൂ.. അതു തന്നെ ഇമ്മാനുവലിന്റെ നിര്‍ബന്ധപ്രകാരമാണ്.. “

“എങ്കില്‍ ഞാന്‍ ഒരു കാര്യം പറയട്ടെ..ഇനി നീ കുറച്ചു ദിവസത്തേക്ക് പാലു കുടിക്കണ്ട.. അവനോട് കുടിച്ചു എന്ന്.പറഞ്ഞാല്‍ മതി..കേട്ടോ..”

“അതെന്തേ ആന്‍സീ…”
“എനിക്കൊരു സംശയം പെണ്ണേ അതാണ്…നീ ഇമ്മാനുവലിന്റെ മുറിയെല്ലാം ഒന്നു പരിശോധിക്കണം.പിന്നെ എന്തുണ്ടേലും നീയെന്നെ അറിയിക്കണം. “
“ശരി ആന്‍സീ..ഞാന്‍ വീട്ടിലേക്ക് പോകട്ടെ …എല്‍ബിയേയും ഇന്ന് വിളിച്ചില്ല ഇതുവരെ..”
“ എവിടെപ്പോകുന്നു.ഇന്നിനി അങ്ങോട്ടേക്ക് പോകണ്ട.”
“ പോകണം ആന്‍സീ..അവനെത്തുമ്പോഴേക്കും ഞാനങ്ങ് ചെല്ലട്ടെ. എനിക്ക് അവനോട് ഒന്ന് സംസാരിക്കണം. “
“എന്നാല്‍ ഞാനും കൂടി വരാം.”
“ വേണ്ട ഞാന്‍ പോയ്‌ക്കോളാം. നാളെ രാവിലെ ഞാനെത്താം. നമുക്ക് ഹോസ്പിറ്റലില്‍ പോകണം.”

ഇതും പറഞ്ഞ് റോസ് അവിടുന്ന് ഇറങ്ങി നടന്നു. വീട്ടിലെത്തി അവന്റെ മുറിയില്‍ കയറി പരിശോധിച്ച അവള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളാണ്. മെത്തക്കടിയിലായി സിറിഞ്ചും..മയക്കുമരുന്നുകളും.. അലമാരയില്‍ ഒത്തിരി പെണ്‍കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍.. അതിനിടയിലായി അവന്‍ മൂലം ജീവിതം നശിച്ച ഒരു പെണ്‍കുട്ടിയുടെ എഴുത്ത്. തങ്ങള്‍ക്ക് എവിടെയാണ് തെറ്റുപറ്റിയത്.. ഒരു മകനേയുള്ളൂ എന്ന് കരുതി ലാളിച്ചു വളര്‍ത്തിയതിലോ.. അവന്റെ എന്താഗ്രഹങ്ങളും സാധിച്ചു കൊടുത്തതിലോ,ഒന്നു നുള്ളി നോവിക്കുക കൂടി ചെയ്യാത്തതിലോ.. എവിടെയാണ്…എന്റെയും എല്‍ബിയുടേയും തെറ്റ്.. അറിയില്ല.. മക്കളെ അമിതമായി സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യരുത് ഇനി ഒരു മാതാപിതാക്കളും. കാര്‍ന്നോന്‍മാര്‍ പറയാറുണ്ട്… “ഒന്നേയുള്ളൂ എങ്കിലും ഉലയ്ക്കയ്ക്കടിച്ചു വളര്‍ത്തണമെന്ന്..” അതെ അതു തന്നെയാണ് വേണ്ടത്.

അവള്‍ മനസ്സില്‍ ഏന്തൊക്കെയോ കണക്കുകള്‍ കൂട്ടി.. എല്‍ബിയോട് വിവരം പറയാം എന്ന് കരുതി വിളിച്ചു.
“റോസ് എന്തുണ്ട് വിശേഷങ്ങള്‍.. സുഖമാണോ നിനക്ക്.. ഞാന്‍ ഇന്ന് എത്ര തവണ വിളിച്ചു..നീ എവിടെയായിരുന്നു…?”
“അത് എല്‍ബീ എനിക്ക് ഒരു പ്രധാന വിഷയം പറയാനുണ്ട്… എല്‍ബി വിഷമിക്കരുത്.. എനിക്ക് പറയാന്‍ വേറെ ആരും ഇല്ല…ആന്‍സിയും നീയുമല്ലാതെ…
“പറയൂ പെണ്ണേ…”
“എല്‍ബീ ഞാന്‍ പ്രഗ്‌നന്റ്ആണ്...”
എല്‍ബി ഞെട്ടിപ്പോയി.. ഇതെങ്ങനെ… അവന് ദേഷ്യവും സങ്കടവുമെല്ലാം കൂടി വന്നു.അവന്‍ ഫോണ്‍ കട്ടു ചെയ്തു.. റോസ് ഏത്ര തവണ വിളിച്ചിട്ടും എടുത്തില്ല. പിഴച്ച പെണ്ണിനെ അവനു വേണ്ട എന്ന ഒരു മെസേജ് അയച്ച് അവന്‍ ഫോണ്‍ ഓഫ് ചെയ്ത് പോയ്ക്കിടന്നു.അവളാ മെസേജ് വായിച്ചു പൊട്ടിക്കരഞ്ഞു പോയി. കാര്യം കേള്‍ക്കാതെ എല്‍ബി പോയല്ലോ..അവന് എന്തേലും ഒന്ന് ചോദിച്ചു കൂടായിരുന്നോ..ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ.. അവള്‍ കട്ടിലില്‍ വീണു പൊട്ടിപ്പൊട്ടിക്കരഞ്ഞു.

അന്ന് രാത്രി ഇമ്മാനുവല്‍ പാലുമായി എത്തി. അവള്‍ അത് വാങ്ങി അവന്‍ കുടിക്കാന്‍ പറഞ്ഞപ്പോള്‍ പിന്നീട് കുടിക്കാം എന്നവള്‍ പറഞ്ഞു മാറ്റിവച്ചു. അവന്‍ പോയപ്പോള്‍ അവളത് ഒഴുക്കിക്കളഞ്ഞു.അവനിടയ്ക്കിടെ നോക്കുന്നത് കണ്ടപ്പോഴേ അവള്‍ക്ക് സംശയമുണ്ടായിരുന്നു. എങ്കിലും തന്റെ തോന്നലാകാം എന്ന് കരുതി അവള്‍ പതിയെ കണ്ണുകളടച്ചു.. തന്റെ ശരീരത്തിലെന്തോ ഇഴയുന്നതു പോലെ അവള്‍ക്ക് തോന്നി. കണ്ണുകള്‍ പതിയെ തുറന്ന അവളുടെ സപ്തനാഡികളും തളര്‍ന്നു. തന്റെ മൃദുലതകളില്‍ വിരലോടിക്കുന്ന മകന്‍. തന്റെ പ്രിയ പുത്രന്‍. അവള്‍ ഉറക്കമായെന്ന് തോന്നിയ അവന്‍ പതിയെ അവള്‍ക്കരികില്‍ എത്തി. വസ്ത്രങ്ങള്‍ അഴിക്കാന്‍ തുടങ്ങി. തന്നെ പ്രാപിക്കാനായി കമഴ്ന്നു വന്ന അവന്റെ മാറിടം നോക്കി കയ്യില്‍ കരുതിയ കത്തിയെടുത്ത് കുത്തി. അലറി വിളിച്ച് അവന്‍ രക്ഷപെടാന്‍ നോക്കി. സകല കരുത്തുമെടുത്തവള്‍ കത്തി വലിച്ചൂരി വീണ്ടും ആഞ്ഞു കുത്തി. രക്തം ചീറ്റിയൊഴുകാന്‍ തുടങ്ങി. തറയിലേക്ക് അവനെ തള്ളിയിട്ട് അവള്‍ അവനെ കഴുത്ത് ഞെരിക്കാന്‍ തുടങ്ങി..

“പറയെടാ നീ എന്തിന് എന്നോടിത് ചെയ്തു. നിന്നെ പോറ്റി വളര്‍ത്തിയവളല്ലേടാ ഞാന്‍. കാമം തീര്‍ക്കാന്‍ സ്വന്തം അമ്മയെപ്പോലും വെറുതെ വിടാത്ത നീയൊന്നും ഈ ഭൂമിയില്‍ ജീവിക്കാന്‍ അര്‍ഹരല്ല. നിന്നെ പെറ്റ പാപം നിന്നെ കൊന്ന് ഞാന്‍ തീര്‍ക്കുന്നു. “

പിടച്ചില്‍ തീരുന്നതു വരെ അവള്‍ കാത്തിരുന്നു. മരിച്ചുവെന്ന് ഉറപ്പു വരുത്തിയ അവള്‍.., അവളുടെ ഡയറി എടുത്തു.. നടന്നതെല്ലാം അതില്‍ എഴുതി.. എല്‍ബിക്കായ് ഒരു കത്തും.. ഫോണെടുത്ത് ആന്‍സിയെ വിളിച്ചു.
ഉറക്കച്ചടവോടെ വന്ന് ഫോണെടുത്ത ആന്‍സി ഞെട്ടിത്തരിച്ചു പോയി.

“ആന്‍സീ നമ്മളുദ്ദേശിച്ചത് പോലെ തന്നെയാണ് കാര്യങ്ങള്‍.. അവന്‍ ഇമ്മാനുവല്‍ അവനാണ് ഇതിനെല്ലാം കാരണം.. ഞാനവനെ കൊന്നു.എല്‍ബിയെ വിളിച്ചപ്പോള്‍ അവനും എന്നെ തള്ളിപ്പറഞ്ഞു. എനിക്ക് പറയാനുള്ളത് എന്താണെന്ന് പോലും കേള്‍ക്കാന്‍ തയ്യാറായില്ല. ആന്‍സീ ഞാന്‍ പോകുന്നു കൂട്ടുകാരി..എന്റെ മുറിയില്‍ മേശവലിപ്പിലായ് ഞാന്‍ ഒരു ഡയറി വച്ചിട്ടുണ്ട്. എന്നെങ്കിലും എല്‍ബി എന്നെ കുറിച്ച് തിരക്കി വരികയാണെങ്കില്‍ മാത്രം ആ ഡയറി നല്‍കുക.”

അവളോട് താന്‍ വേഗം എത്താം എന്നു പറഞ്ഞു. ഫോണുമെടുത്ത് ഭര്‍ത്താവിനേയും കൂട്ടി ഓടിയെത്തി.പക്ഷേ അപ്പോഴേക്കും ഒരു തുണ്ട് കയറില്‍, റോസ് അവളുടെ ജീവിതം അവസാനിപ്പിച്ചിരുന്നു. അവള്‍ പറഞ്ഞ പ്രകാരം അവര്‍ ആ ഡയറിയെടുത്തു മാറ്റി. പോലീസില്‍ വിവരം അറിയിച്ചു. കഥകള്‍ പലതാണ് പുറത്തു വന്നത്. അവളുടെ അവിഹിത ബന്ധം അറിഞ്ഞ മകനെ അവള്‍ കൊന്നതായിട്ട്.. എല്‍ബി നാട്ടിലേക്ക് വന്നെങ്കിലും റോസിന്റെ മൃതദേഹം കാണാന്‍ കൂട്ടാക്കിയില്ല.. മകനെ കൊന്ന നീചയായ സ്ത്രീ അതായിരുന്നു അവന്റെ മനസ്സിലെ റോസ്.. പിന്നീട് ആന്‍സിയുടെ കത്ത് കിട്ടിയപ്പോള്‍ ആണ് അവനിപ്പോള്‍ നാട്ടിലേക്ക് വന്നതു തന്നെ.

“കര്‍ത്താവേ..താന്‍ എന്താണ് ഈ കേള്‍ക്കുന്നതൊക്കെ, എല്‍ബി ഭ്രാന്തനെപ്പോലെ അലറിക്കരഞ്ഞു. ഇടയ്ക്കിടെ പൊട്ടിച്ചിരിച്ചു… ആന്‍സീ എന്റെ റോസ്..അവള്‍ ഒരു പാവമായിരുന്നു. എനിക്കും ഇമ്മാനുവലിനും അപ്പുറം ഒരു ലോകമില്ലാത്തവള്‍. ഇന്നീ തെമ്മാടിക്കുഴിയില്‍ ഉറങ്ങുന്നവള്‍ .”

ഇമ്മാനുവലിനായി കരഞ്ഞ കണ്ണുകളിലൂടെ ചോരയൊഴുകുന്നതായി തോന്നി എല്‍ബിക്ക്. പിഴച്ചവളെന്ന് എല്ലാവരും മുദ്രകുത്തിയ തന്റെ റോസ് എന്ത് മനോവേദന തിന്നു കാണും. ഈ നാളുകളില്‍.. നിനക്ക് പറയാനുള്ളത് ഒന്നു കേള്‍ക്കാന്‍ തയ്യാറായതു കൂടി ഇല്ല ഞാന്‍. "
എന്റെ പെണ്ണേ. എന്ത് ദുഷ്ടനാണ് ഞാന്‍.. നിന്നെ അവിശ്വസിച്ച മഹാപാപി…. പക്ഷേ മാതൃത്വത്തിന് ഏറ്റ മുറിവ് അവളെ എത്രമാത്രം തളര്‍ത്തിയിട്ടുണ്ടാകും.. എന്റെ റോസ് മാപ്പ്.. ഒരു മാത്രയെങ്കിലും നിന്നെ സംശയിച്ചതിന്. ഭര്‍ത്താവെന്ന നിലയിലും അച്ഛന്‍ എന്ന നിലയിലും ഞാനൊരു പരാജയമായിപ്പോയി. റോസ് അവളാണ് സ്ത്രീത്വത്തിന്റെ മാതൃക. തനിക്ക് ഏറ്റ മുറിവിനേക്കാള്‍ മറ്റു സ്ത്രീകള്‍ക്ക് ഏറ്റ മുറിവ് കൂടി ഏറ്റെടുത്തവള്‍. പാപിയായ മകനെ കൊന്ന് ഭൂമീഭാരം കുറച്ചവള്‍.. പെണ്ണേ നീയാണ് സ്ത്രീ.. "

ആന്‍സിയുടെ പുറകില്‍ നിന്നുള്ള വിളികള്‍ കേള്‍ക്കാതെ ഇറങ്ങി നടന്ന എല്‍ബിയെ അതിവേഗം പാഞ്ഞെത്തിയ ഒരു ലോറി ഇടിച്ചു തെറിപ്പിച്ചു. വായുവിലേക്ക് ഉയര്‍ന്നു പൊങ്ങിയ അയാള്‍ തറയിലേക്ക് വീണു..പിടഞ്ഞു തീര്‍ന്നു. അപ്പോഴും ആ കൈകളില്‍ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു ആ ഡയറി. റോസിന്റെ ഹൃദയരക്തം കൊണ്ടെഴുതിയ ആ ചുവന്ന ഡയറി.
ചുവന്ന ഡയറി പറഞ്ഞ കഥ (ജയചിത്ര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക