Image

റോബോട്ടിക് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അക്കാദമി സ്ഥാപിക്കുന്ന കാര്യം ആലോചനയില്‍ വര്‍ഗീസ് കുര്യന്‍

Published on 16 February, 2019
റോബോട്ടിക് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അക്കാദമി സ്ഥാപിക്കുന്ന കാര്യം ആലോചനയില്‍ വര്‍ഗീസ് കുര്യന്‍


ദുബായ്: കേരളത്തില്‍ റോബോട്ടിക് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അക്കാദമി സ്ഥാപിക്കുന്ന കാര്യം ആലോചനയിലെന്ന് വികെഎല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വര്‍ഗീസ് കുര്യന്‍ പറഞ്ഞു. ലോക കേരളാ സഭാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന തൊഴില്‍ മേഖലാ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭാവിയില്‍ ഈ ശാഖകളിലായിരിക്കും സാധ്യത കൂടുതലെന്ന് ക്ലാസെടുത്ത മക്കിന്‍സിയുടെ ദുബായ് ഓഫീസിലെ ഡിജിറ്റല്‍ പാര്‍ട്ണര്‍ വിനയ് ചന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിവിധ സ്‌കൂളുകളില്‍ ഇതിനുള്ള സൗകര്യം ഒരുക്കാനുള്ള സന്നദ്ധത ലോക കേരളാ സഭാ സമ്മേളനത്തില്‍ അംഗങ്ങള്‍ ചര്‍ച്ച ചെയ്തതിനെ തുടര്‍ന്നാണ് കേരളത്തില്‍ അക്കാദമി സ്ഥാപിക്കുന്ന കാര്യം വികെഎല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വര്‍ഗീസ് കുര്യന്‍ മുന്നോട്ടു വച്ചത് ശ്രദ്ധേയമായി.

എല്ലാ പ്രവാസി മലയാളികള്‍ക്കും സാമൂഹ്യ സംഘടനകള്‍ക്കും മാതൃകയാക്കാവുന്ന വിശാലമായ സംവിധാനമാണ് ലോക കേരള സഭ എന്ന് ബഹറിനില്‍ നിന്നുള്ള ലോക കേരളാ സഭാ അംഗം കൂടിയായ ഡോ. വര്‍ഗീസ് കുര്യന്‍ പറഞ്ഞു.

പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ലോക കേരള സഭ സമ്മേളനം വഴി കൂടുതല്‍ നിക്ഷേപവും തൊഴില്‍ അവസരങ്ങളും കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് സഹായകമാകുമെന്ന് വര്‍ഗീസ് കുര്യന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക