Image

മലയാളി മല്ലിക...

Published on 15 April, 2012
മലയാളി മല്ലിക...
ആരും ശ്രദ്ധിക്കാതിരുന്ന ഒരു മലയാളി നടി ദേശിയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്‌ മൊത്തം മലയാള സിനിമയ്‌ക്ക്‌ തന്നെ ഞെട്ടലായിരുന്നു. ഇങ്ങനെയൊരാള്‍ കേരളത്തിലുണ്ടായിരുന്നോ എന്നുപോലും ചോദിച്ചവര്‍ നിരവധി. അത്‌ വേറാരുമല്ല നമ്മുടെ ഓട്ടോഗ്രാഫ്‌ മല്ലികയാണ്‌. മല്ലിക ഒരിക്കലും തമിഴ്‌ പെണ്‍കൊടിയല്ല. പക്ഷെ അവസരങ്ങള്‍ ലഭിച്ചത്‌ തമിഴിലാണെന്ന്‌ മാത്രം. പക്ഷെ ഇപ്പോള്‍ മലയാള സിനിമയും മല്ലികയെ അംഗീരിച്ചു തുടങ്ങിയിരിക്കുന്നു. ഇന്ത്യന്‍ റുപ്പിയിലെ കഥാപാത്രം, സ്‌നേഹവീടിലെ കഥാപാത്രം എന്നിവ ചെറുതായിരുന്നുവെങ്കിലും മല്ലികയ്‌ക്ക്‌ ശ്രദ്ധ നല്‍കി. ഇപ്പോള്‍ മലയാളത്തില്‍ നായികയായി മധുര ബസ്‌ എന്ന ചിത്രത്തില്‍ മല്ലിക അഭിനയിക്കുന്നു.

ചേരന്റെ ഓട്ടോഗ്രാഫിലൂടെ സൗത്ത്‌ ഇന്ത്യയില്‍ മൊത്തമായി മല്ലിക ശ്രദ്ധിക്കപ്പെടുമ്പോള്‍ അവള്‍ വെറും ഒമ്പതാംക്ലാസ്‌ വിദ്യാര്‍ഥിനി. കോളജ്‌ പഠനം കഴിഞ്ഞിട്ടില്ലെങ്കിലും ഒരു ഉദ്യോഗസ്ഥയുടെ ഗെറ്റപ്പാണ്‌ നേരിട്ടു കണ്ടാല്‍ മല്ലികയ്‌ക്ക്‌. എന്നാല്‍ തനിക്ക്‌ അത്രയ്‌ക്ക്‌ മച്യൂരിറ്റിയൊന്നുമില്ലെന്ന്‌ മല്ലിക തന്നെ പറയും. റിജാ വേണുഗോപാല്‍ എന്നാണ്‌ മല്ലികയുടെ ശരിയായ പേര്‌. മല്ലികയെന്നത്‌ സിനിമക്കായി സ്വീകരിച്ച പേരാണ്‌.

മല്ലിക സംസാരിക്കുന്നു...

പ്രായത്തില്‍ കവിഞ്ഞൊരു പക്വതയുണ്ട്‌ മല്ലിയുടെ മുഖത്ത്‌?

എനിക്ക്‌ അങ്ങനെയൊരു പക്വതയുടെ ഇമേജ്‌ ഒട്ടും ആഗ്രഹമില്ലാത്തതാണ്‌. ഞാന്‍ ചെയ്‌ത കഥാപാത്രങ്ങള്‍ കൊണ്ടാവും അങ്ങനെയൊരു ഇമേജ്‌ ഉണ്ടായത്‌. എന്തായാലും എനിക്ക്‌ പേഴ്‌സണലി വളരെ സീരിയസ്‌ സ്വഭാവവുമല്ല. കസിന്‍സിന്റെ ബൈക്ക്‌ അടിച്ചുമാറ്റി കറങ്ങാന്‍ പോകുന്ന കാരക്‌ടറാണ്‌ എന്റേത്‌. അവരുടെയൊക്കെ മുമ്പില്‍ ഒരു ചട്ടമ്പി ഇമേജാണ്‌ എനിക്ക്‌.

ബ്യാരിയിലെ കഥാപാത്രം ഏറെ പ്രതീക്ഷ നല്‍കിയിരുന്നോ?

അങ്ങനെ അമിത പ്രതീക്ഷകളോടെ ചെയ്‌ത സിനിമയായിരുന്നില്ല ബ്യാരി. എനിക്ക്‌ കഥ കേട്ടപ്പോള്‍ ഇഷ്‌ടം തോന്നി. മറ്റൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. നാദിറ എന്ന മുസ്ലിം കഥാപാത്രത്തെയാണ്‌ ചിത്രത്തില്‍ അവതരിപ്പിച്ചത്‌. ഒരു നടിയെന്ന നിലയില്‍ എനിക്ക്‌ എന്തെങ്കിലും ചെയ്യാന്‍ ആ സിനിമയിലൂടെ കഴിഞ്ഞുവെന്ന്‌ വിശ്വസിക്കുന്നു. ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചുവെന്നതില്‍ ഏറെ സന്തോഷമുണ്ട്‌.

ജുറി പരാമര്‍ശം വന്നപ്പോള്‍ എന്ന ഒരു വാര്‍ത്തയും വന്നിരുന്നു. മികച്ച നടിയുടെ അവാര്‍ഡിന്‌ വിദ്യാബാലനോട്‌ അവസാന റൗണ്ടു വരെ മത്സരിച്ചത്‌ മല്ലികയായിരുന്നുവെന്ന്‌?

അവസാന റൗണ്ടില്‍ ഒഴിവാക്കപ്പെട്ടതില്‍ എനിക്ക്‌ ദുഖമൊന്നുമില്ല. ഡെര്‍ട്ടി പിക്‌ചര്‍ എന്ന സിനിമയില്‍ വിദ്യയുടേത്‌ മികച്ച അഭിനയമായിരുന്നല്ലോ. ഞാനത്‌ അംഗീകരിക്കുകയും വിദ്യാബാലനെ അഭിനന്ദിക്കുകയും ചെയ്യുന്നു. എന്നേക്കാള്‍ എത്രയോ സീനിയറായ നടിയാണ്‌ വിദ്യാബാലന്‍.

പക്ഷെ ബ്യാരിയുടെ സംവിധായകന്‍ ഉന്നയിച്ചത്‌ മറ്റൊരു വിമര്‍ശനമാണ്‌. ബ്യാരി എന്ന സിനിമയില്‍ നാദിറ എന്ന കഥാപാത്രം അല്‌പം നഗ്നത പ്രകടിപ്പിക്കേണ്ട ഒരു രംഗമുണ്ടായിരുന്നു. മല്ലിക ഈ രംഗത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചു. അങ്ങനെ ചെയ്‌തില്ലായിരുന്നുവെങ്കില്‍ മല്ലികയ്‌ക്ക്‌ തന്നെ അവാര്‍ഡ്‌ ലഭിക്കുമായിരുന്നു എന്നാണ്‌ സംവിധായകന്‍ പറയന്നത്‌?

നഗ്നത പ്രകടിപ്പിക്കുന്നത്‌ പുരസ്‌കാരം കിട്ടുന്നതിന്‌ സഹായിക്കുമെന്നൊന്നും ഞാന്‍ കരുതുന്നില്ല. ആ സിനിമയില്‍ എനിക്ക്‌ ചെയ്യാന്‍ കഴിയുന്നത്‌ പോലെ ഞാന്‍ ചെയ്‌തിട്ടുണ്ട്‌. അന്ന്‌ ആര്‍ക്കും പരാതിയുമുണ്ടായിരുന്നില്ല. ദേശിയ പുരസ്‌കാര വേളയില്‍ എന്റെ ഒരു കഥാപാത്രത്തിന,്‌ അഭിനയത്തിന്‌ പ്രത്യേക പരാമര്‍ശം ലഭിച്ചു എന്നത്‌ തന്നെ വലിയ അംഗീകാരമായി ഞാന്‍ കരുതുന്നു. ഇതിനും അപ്പുറം ഒരു സംസാരത്തിനും ഞാനില്ല.

ഹൈസ്‌കുളില്‍ പഠിക്കുമ്പോള്‍ തന്നെ സിനിമയിലെത്തിയല്ലോ മല്ലിക. എങ്ങനെയായിരുന്നു അഭിനയത്തിന്റെ തുടക്കം?

നിഴല്‍കൂത്തിലൂടെയായിരുന്നു തുടക്കം. നിഴല്‍കൂത്തിലേക്ക്‌ ആര്‍ട്ടിസ്റ്റുകളെ വിളിച്ചുകൊണ്ടു പരസ്യം വന്നപ്പോള്‍ അപേക്ഷിച്ചു. പക്ഷെ വിളിക്കുമെന്ന്‌ ഞാന്‍ കരുതിയിരുന്നുമില്ല. അമ്മക്ക്‌ വലിയ ആഗ്രഹമായിരുന്നു കലാരംഗത്ത്‌ ഞാന്‍ എത്തണമെന്ന്‌.

പിന്നീട്‌ ഓട്ടോഗ്രാഫിലേക്ക്‌ അവസരം വന്നു. ഓട്ടോഗ്രാഫില്‍ അഭിനയിക്കുമ്പോള്‍ ഒമ്പതാംക്ലാസില്‍ പഠിക്കുകയായിരുന്നു. അതെന്റെ പ്രായത്തിലും വലിയ കഥാപാത്രമായിരുന്നു. പക്ഷെ ആ കഥാപാത്രം ചെയ്‌തതുകൊണ്ടാണ്‌ ഫിലിം ഫെയര്‍ അവാര്‍ഡ്‌ കിട്ടിയത്‌. ഇതിനിടയില്‍ മലയാളത്തില്‍ നിന്നും ചില ഓഫറുകള്‍ വന്നു. പക്ഷെ പഠനം ഉപേക്ഷിക്കേണ്ട എന്നായിരുന്നു തീരുമാനം. ആ സമയത്ത്‌ സിനിമയോട്‌ വലിയൊരു താത്‌പര്യവും വന്നിട്ടില്ലായിരുന്നു.

തമിഴില്‍ സിനിമയില്‍ വീണ്ടും സജീവമായത്‌ എപ്പോഴാണ്‌?

2005ല്‍ തിരുപ്പാച്ചിയിലൂടെയാണ്‌ വീണ്ടും സിനിമയില്‍ സജീവമാകുന്നത്‌. അപ്പോഴൊന്നും ഫിലിം ഇന്‍ഡസ്‌ട്രിയെക്കുറിച്ച്‌ ഒന്നും അറിയുമായിരുന്നില്ല. എന്റെ ഫാമിലിയില്‍ നിന്നും ആരും സിനിമയിലുണ്ടായിരുന്നില്ല. സിനിമയുടെ രീതികളൊന്നും അറിയുമായിരുന്നില്ല. അതുകൊണ്ട്‌ തമിഴില്‍ ഒരു മാനേജര്‍ മുഖേനയായിരുന്നു സിനിമകള്‍ സെലക്‌ട്‌ ചെയ്‌തിരുന്നത്‌. അല്ലാതെ മികച്ച കഥാപാത്രങ്ങള്‍ കണ്ടെത്താന്‍ എനിക്കായില്ല. കഥാപാത്രത്തെ മനസിലാക്കി തിരഞ്ഞെടുക്കാനൊന്നും അറിയുമായിരുന്നില്ല. അതുകൊണ്ടു തന്നെ പലപ്പോഴും അനിയത്തി വേഷങ്ങളാണ്‌ കൂടുതലും ചെയ്യേണ്ടി വന്നത്‌. അങ്ങനെ വെറുതെ കുറെ കഥാപാത്രങ്ങള്‍ അവതരിപ്പിക്കേണ്ടി വന്നു.

അങ്ങനെ വന്നപ്പോഴാണ്‌ തമിഴ്‌ സിനിമ യില്‍ നിന്നും ഒരു ഇടവേള എടുത്തത്‌. ചേച്ചിയുടെ വിവാഹത്തിന്റെ സമയത്ത്‌ സിനിമയില്‍ നിന്നു തന്നെ മാറി നിന്നു.2008നു ശേഷം സിനിമയില്‍ അഭിനയിച്ചതേയില്ല. പലരും എന്നോടു ചോദിക്കുമായിരുന്നു മലയാളിയായിട്ട്‌ എന്താണ്‌ മലയാള സിനിമയില്‍ അഭിനയിക്കാത്തത്‌ എന്നൊക്കെ. സിനിമയില്‍ നിന്നും മാറി നിന്നപ്പോള്‍ കസിന്‍സൊക്കെ വന്ന്‌ പറയുമായിരുന്നു സിനിമയിലേക്ക്‌ തന്നെ തിരിച്ചു പോകണമെന്ന്‌.

വീണ്ടും മലയാളത്തിലേക്ക്‌ വരാന്‍ തീരുമാനിച്ചത്‌ എന്തുകൊണ്ടാണ്‌?

തമിഴ്‌ സിനിമയില്‍ നിന്നും വിട്ടു കഴിഞ്ഞപ്പോള്‍ മലയാള സിനിമയില്‍ ഒന്ന്‌ ശ്രമിക്കാമെന്ന്‌ തോന്നി. മലയാളത്തില്‍ അവസരങ്ങള്‍ തേടിയപ്പോള്‍ ഞാന്‍ കരുതിയത്‌ എന്നെ ആര്‍ക്കും അറിയില്ല എന്നാണ്‌. നിഴല്‍കൂത്തിന്‌ ശേഷം ഒരു മലയാള സിനിമ പോലും അഭിനയിച്ചിട്ടുമുണ്ടായിരുന്നില്ല. പക്ഷെ മിക്ക സംവിധായകര്‍ക്കും എന്നെ പരിചയമുണ്ടായിരുന്നു. ഒരു കാത്തിരുപ്പിനു ശേഷം ഇന്ത്യന്‍ റുപ്പിയും, സ്‌നേഹവീടും എനിക്ക്‌ ലഭിച്ചത്‌ ഭാഗ്യമാണ്‌. രഞ്‌ജിത്ത്‌, സത്യന്‍ അന്തിക്കാട്‌ എന്നീ പ്രമുഖരായ സംവിധായകരുടെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞുവെന്നത്‌ വലിയ നേട്ടമായിരുന്നു. ഇതിനൊപ്പം ബ്യാരിയിലൂടെ ഇപ്പോള്‍ ദേശിയ തലത്തിലും ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞു.

തമിഴിലേക്ക്‌ ഇനി മടക്കമുണ്ടാകുമോ?

എന്തായാലും ഉടനെയില്ല. ഞാന്‍ മലയാളി പെണ്‍കുട്ടി തന്നെയല്ലേ. ഇപ്പോള്‍ ഇവിടെ നിന്നും നിറയെ സിനിമകള്‍ ലഭിക്കുന്നുണ്ട്‌. നല്ല നല്ല വേഷങ്ങള്‍. അതിനു ശേഷം മാത്രമേ ഇനി തമിഴ്‌ സിനിമയെക്കുറിച്ച്‌ ആലോചിക്കു.
മലയാളി മല്ലിക...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക