Image

പ്രണയ വസന്തം (റോബിന്‍ കൈതപ്പറമ്പ്)

Published on 07 February, 2019
പ്രണയ വസന്തം (റോബിന്‍ കൈതപ്പറമ്പ്)
മഴയൊരു പുഴയായ് ഒഴുകിയ നേരത്ത്
പൂത്തൊരാ മുല്ലകള്‍ പുഞ്ചിരി തൂകവെ
മഴയിലായ് എത്തിയ കാറ്റിന്റെ കൈകളാല്‍
മുല്ലതന്‍ ചില്ലയെ മെല്ലെയുലക്കുന്നു .....

കതിരവന്‍ കിരണങ്ങളാല്‍ വന്നു ജാലക
വാതിലിന്‍ മറവിലൂടെത്തിനോക്കീടവെ
മാറിലായ് മയങ്ങുന്ന മഞ്ചാടി മുത്തിനെ
തെല്ലൊന്നു കണ്ടു തന്‍ യാത്ര തുടരുന്നു...

ഉണരുവാന്‍ മടിയായി പിന്നെയും മാറിലായ്
മുഖമൊന്നുരസി തന്‍ കൈകളാല്‍ ചുറ്റി
ഒരു പിഞ്ചുപൈതലായ് മയങ്ങുന്നൊരെന്‍
പ്രണയമെ നിന്നെ ഞാന്‍ കണികണ്ടുണരട്ടെ

മകരത്തിന്‍ കുളിരായെന്‍ മനസിനു താങ്ങായി
മിഴിയിലൂടൊഴുകുന്ന കണ്ണീരിനുപ്പായി
മറയാതെ മായാതെന്നാത്മാവിന്‍ തണലായി
തെളിയുന്ന സ്വപ്നമെ ....എന്‍ സ്‌നേഹമെ

നിന്‍ നീലമിഴികളില്‍ വിരിയുന്നഗാഥമാം....
അനുരാഗ മലരിന്റെ മധു നുകര്‍ന്നീടുവാന്‍
അണയുന്ന ശലഭമായ് നിന്‍ മാറില്‍ ചേരവെ
നിറയുന്നു മോദത്താല്‍ ദേഹവും ദേഹിയും........

ഒരു വര്‍ഷമുകിലായി പെയ്തിറങ്ങി എന്റെ...
ഹര്‍ഷാര ബിന്ദുവില്‍ അലിഞ്ഞു ചേരെ ...
അറിയുന്നു എന്നിലെ എനില്‍ ഞാനിന്നും..
നിന്‍ ... പ്രണയവസന്തത്തിന്‍ ഉത്സവമേളം ....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക