Image

റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലിന് യത്രയയപ്പ് നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 07 February, 2019
റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലിന് യത്രയയപ്പ് നല്‍കി
ചിക്കാഗോ: മാതൃരൂപതയിലേക്ക് തിരികെപ്പോകുന്ന മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രല്‍ വികാരിയും ചിക്കാഗോ സീറോ മലബാര്‍ രൂപതാ വികാരി ജനറാളുമായ വെരി. റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിനു കത്തീഡ്രല്‍ ഇടവകയും രൂപതയും യാത്രയയപ്പ് നല്‍കി.

രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ അധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനത്തില്‍ രൂപതയെ പ്രതിനിധീകരിച്ച് ചാന്‍സലര്‍ ഫാ. ജോണിക്കുട്ടിയും, കത്തീഡ്രല്‍ അസി. വികാരി ഫാ. കെവിന്‍ മുണ്ടയ്ക്കലും സന്നിഹിതരായിരുന്നു. അഗസ്റ്റിനച്ചന്റെ വിലപ്പെട്ട സേവനങ്ങള്‍ക്ക് പിതാവും ചാന്‍സലര്‍ അച്ചനും പ്രത്യേകം നന്ദി രേഖപ്പെടുത്തി. കത്തീഡ്രലില്‍ വിവിധ സംഘടനാ പ്രതിനിധികളും പാരീഷ് കൗണ്‍സില്‍ അംഗങ്ങളും, കൈക്കാരന്മാരും ഇടവകയെ പ്രതിനിധീകരിച്ച് ആശംസകള്‍ അര്‍പ്പിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കൈക്കാരന്മാര്‍ ഇടവക സമൂഹത്തിന്റെ സ്‌നേഹോപഹാരം കൈമാറി. അച്ചനോടുള്ള സ്‌നേഹാദരവ് പ്രകടിപ്പിച്ചുകൊണ്ട് ബഹു. അങ്ങാടിയത്ത് പിതാവ് അഗസ്റ്റിനച്ചനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഒരു കത്തോലിക്കാ പുരോഹിതന്‍ എന്തായിരിക്കണമോ, എങ്ങനെയിരിക്കണമോ അതാണ് ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ . ചിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ സേവനം ചെയ്യാന്‍ വന്നതു മുതല്‍ ഇന്നോളം തന്നിലര്‍പ്പിച്ച ജോലികള്‍ നൂറു ശതമാനം പൂര്‍ണ്ണതയോടെ നിര്‍വഹിച്ചതിനു ശേഷമാണ് മടങ്ങുന്നതെന്നത് അഭിമാനിക്കാവുന്നതാണ്. കുറവിലങ്ങാട് ദേവമാതാ കോളജ് പ്രിന്‍സിപ്പലായി അധ്യാപന രംഗത്തുനിന്നും റിട്ടയര്‍ ചെയ്ത അച്ചന്‍ ചൂണ്ടച്ചേരി സെന്റ് ജോസഫ് എന്‍ജിനീയറിംഗ് കോളജിന്റെ മാനേജരായും സേവനം അനുഷ്ഠിച്ച ശേഷമാണ് സാന്റാ അന്ന- കാലിഫോര്‍ണിയയില്‍ വികാരിയായി നിയമിതനാകുന്ന 2014 -ല്‍ സെന്റ് തോമസ് ചര്‍ച്ച് ഫിലഡല്‍ഫിയയില്‍ വികാരിയായിരിക്കുമ്പോള്‍ രൂപതയുടെ വികാരി ജനറാളായി നിയമിതനായി. 2014 സെപ്റ്റംബറില്‍ കത്തീഡ്രല്‍ ദേവാലയത്തിന്റെ വികാരിയുടെ കൂടി ഉത്തരവാദിത്വമേറ്റെടുത്തു. 2014 മുതല്‍ അച്ചന്‍ രൂപതയുടെ മതബോധന ഡയറക്ടറും , സേഫ് എന്‍വയണ്‍മെന്റ് ഡയറക്ടറും ആയി സേവനം ചെയ്തുവരികയായിരുന്നു.

ആരേയും തന്റെ പുഞ്ചിരിക്കുന്ന മുഖവുമായി സ്വാഗതം ചെയ്യുന്ന അഗസ്റ്റിനച്ചന്‍ ഇടവകയിലെ എല്ലാവരേയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന ഒരു വ്യക്തിയായിരുന്നു. പുതുതായി വരുന്ന ഓരോ കുടുംബത്തേയും അദ്ദേഹം വ്യക്തിപരമായി കാണുകയും ഇടവകയിലേക്ക് സ്വാഗതം ചെയ്യുമായിരുന്നു. അച്ചനുമായി ഇടപഴകിയിട്ടുള്ള വൈദീകരും സന്യസ്തരും ഇടവക ജനങ്ങളും അച്ചന്റെ വിശാലമനസ്കത അനുഭവിച്ചിട്ടുള്ളവരാണ്. നാനൂറിലധികം സന്നദ്ധ സേവകര്‍ നിസ്വാര്‍ത്ഥമായി സേവനം ചെയ്തുവെന്നത്, അച്ചന്റെ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സമീപനത്തിന്റെ പ്രതിഫലനമായിരുന്നു.

കത്തീഡ്രല്‍ ഇടവകയുടേയും രൂപതയുടേയും വളര്‍ച്ചയ്ക്ക് അഗസ്റ്റിനച്ചന്‍ ചെയ്ത സേവനങ്ങള്‍ എന്നും ഓര്‍ത്തിരിക്കും. ഇടവകയുടെ സാമ്പത്തിക ബാധ്യത ഗണ്യമായി കുറയ്ക്കുന്നതിന് അച്ചന് സാധിച്ചു. പുതിയ ബില്‍ഡിംഗ് വാങ്ങുവാനും, പാര്‍ക്കിംഗ് ഏരിയ വികസിപ്പിക്കുന്നതിനും അച്ചന്‍ മുന്‍കൈ എടുത്തു.

ഇടവക ജനത്തിന്റെ ആദ്ധ്യാത്മിക ഉന്നമനത്തിനായി അക്ഷീണം പ്രയത്‌നിച്ച വ്യക്തിത്വമാണ് അച്ചന്റേത്. എല്ലാദിവസവും രാവിലെയും വൈകുന്നേരങ്ങളിലുമുള്ള വാര്‍ഡ് പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍, നൈറ്റ് വിജില്‍ എന്നിവയ്‌ക്കെല്ലാം അച്ചന്റെ നേതൃത്വമുണ്ടായിരുന്നു. സീനിയേഴ്‌സ് ഫോറം, മോര്‍ണിംഗ് ഗ്ലോറി തുടങ്ങിയവ ആരംഭിച്ചു. എല്ലാ ഭക്തസംഘടനകളേയും, യുവജന സംഘടനകളേയും ജീവസുറ്റതാക്കി. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന സെക്കന്‍ഡ് ജനറേഷന്‍ യുവജനങ്ങളെ പള്ളിയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ അച്ചന് കഴിഞ്ഞു. ഇടവകയുടെ ഉപദേശകസമിതിയിലേക്കും കാര്യനിര്‍വഹണ സമിതിയിലേക്കും യുവജനങ്ങളെ ഉള്‍പ്പെടുത്തുകവഴി ഇടവകയുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കും യുവജനങ്ങളുടെ പങ്ക് ഉറപ്പിക്കാന്‍ കഴിഞ്ഞു.

ഇടവകയുടെ വികസനത്തിന്റെ ഭാഗമായി ജനങ്ങളുടെ സൗകര്യാര്‍ത്ഥം നോര്‍ത്ത് ബ്രൂക്ക് മിഷന്‍ തുടങ്ങി. എല്ലാ ഞായറാഴ്ചയും ദിവ്യബലിയും മതബോധനവും തുടര്‍ച്ചയായി നടന്നുവരുന്നു.

വിവിധ ആധ്യാത്മിക ദര്‍ശനങ്ങളുള്ള ധ്യാന ഗുരുക്കന്മാരെ രൂപതയിലും ഇടവകയിലും കൊണ്ടുവന്നതു വഴി ദൈവജനത്തിന് ക്രൈസ്തവ വിശ്വാസത്തിന്റെ വിവിധ കാഴ്ചപ്പാടുകള്‍ അനുഭവവേദ്യമായി.

ഒരു മികച്ച വാഗ്മിയായ അച്ചന്റെ പ്രസംഗങ്ങള്‍ കേള്‍വിക്കാര്‍ക്ക് ആകര്‍ഷകവും ചിന്തോദ്ദീപകവുമായിരുന്നു. ഇത് സഹ വൈദീകര്‍ക്ക് ഒരു മാതൃകയായിരുന്നു. ധ്യാന ഗുരുവായ അച്ചന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കുവാനും സ്വാംശീകരിക്കുവാനും രൂപതയിലെ മിക്ക ഇടവകക്കാര്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഒമ്പതു വര്‍ഷത്തെ സേവനം കൊണ്ട് ഈ ഇടവകയില്‍ മാത്രമല്ല, രൂപതയിലെ ഓരോ ഇടവക ജനങ്ങള്‍ക്കും അച്ചന്‍ പ്രിയങ്കരനായിത്തീര്‍ന്നു.

മതപഠന കുട്ടികളും യുവജനങ്ങളും അച്ചന് പ്രത്യേകം യാത്രയയപ്പ് നല്‍കി. യുവജനങ്ങളെ പ്രതിനിധീകരിച്ച് ജോ കണിക്കുന്നേലും, മതാധ്യാപകര്‍ക്കുവേണ്ടി സിസ്റ്റര്‍ ഷീനയും, കുട്ടികള്‍ക്കുവേണ്ടി സാവിയോയും ബിനോയിയും, മലയാളം സ്കൂളിനുവേണ്ടി റോസമ്മ തെനിയപ്ലാക്കലും സംസാരിച്ചു.

പൊതുസമ്മേളനത്തില്‍ അഗസ്റ്റിനച്ചന്‍ തന്റെ മറുപടി പ്രസംഗത്തില്‍ തനിക്ക് സേവനം ചെയ്യാന്‍ അവസരം നല്‍കിയ സഹ പിതാക്കന്മാര്‍ക്കും, തന്നോട് സഹകരിച്ച് പ്രവര്‍ത്തിച്ച കൈക്കാരന്മാര്‍ക്കും, കൗണ്‍സില്‍ മെന്വേഴ്‌സിനും മറ്റു വൈദീകര്‍ക്കും സിസ്റ്റേഴ്‌സിനും യുവജനങ്ങള്‍ക്കും പ്രത്യേകം നന്ദി അറിയിക്കുകയുണ്ടായി. ദൈവോന്മുഖമായ ഒരു വിശ്വാസ സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചതിലും, പല കാര്യങ്ങളും നിര്‍വഹിക്കാന്‍ കഴിഞ്ഞതിലും ചാരിതാര്‍ത്ഥ്യമുണ്ടെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇടവകയിലെ കുഞ്ഞുങ്ങളും യുവജനങ്ങളും ഒരു അനുഗ്രഹമാണെന്ന് സൂചിപ്പിച്ച അച്ചന്‍ മൈലുകള്‍ താണ്ടി ദേവാലയത്തിലെത്തുന്ന മാതാപിതാക്കളേയും കുഞ്ഞുങ്ങളേയും പ്രത്യേകം അനുസ്മരിച്ചു. വളര്‍ന്നുവരുന്ന തലമുറയെ ദൈവോന്മുഖമായി വളര്‍ത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള കത്തീഡ്രലിന്റേയും രൂപതയുടേയും സ്വപ്നസാക്ഷാത്കാരമാണ് നമ്മുടെ കൊച്ചച്ചന്‍ ഫാ. കെവിന്‍ എന്ന് അച്ചന്‍ എടുത്തുപറഞ്ഞു.

തന്നോട് സഹകരിച്ച് പ്രവര്‍ത്തിച്ച മറ്റു വൈദീകര്‍ക്കും, ദേവാലയ ജനങ്ങള്‍ക്കും എക്യൂമെനിക്കല്‍ സഭാംഗങ്ങള്‍ക്കും അച്ചന്‍ പ്രത്യേകം നന്ദി അറിയിക്കുകയുണ്ടായി. ആതിര മണ്ണഞ്ചേരില്‍ എം.സിയായിരുന്നു. കൈക്കാരന്‍ ജോസ് കോലഞ്ചേരിയുടെ നന്ദി പ്രകാശനത്തോടെ പൊതുസമ്മേളനം പര്യവസാനിച്ചു. തുടര്‍ന്നു നടന്ന സ്‌നേഹവിരുന്നില്‍ എല്ലാവരും പങ്കെടുത്തു. സെബാസ്റ്റ്യന്‍ ഇമ്മാനുവേല്‍ തയാറാക്കിയതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക