Image

കണ്ടകശനി ബാധിച്ചത് പോലെ മോഹന്‍ലാല്‍; മോദിക്ക് മുതല്‍ സ്വന്തം മകന് വരെ പണിതരാന്‍ മോഹന്‍ലാലിന്‍റെ ജീവിതം ഇനിയും ബാക്കി

ജയമോഹന്‍ എം Published on 05 February, 2019
കണ്ടകശനി ബാധിച്ചത് പോലെ മോഹന്‍ലാല്‍; മോദിക്ക് മുതല്‍ സ്വന്തം മകന് വരെ പണിതരാന്‍ മോഹന്‍ലാലിന്‍റെ ജീവിതം ഇനിയും ബാക്കി

പുലിമുരുകന്‍ എന്ന സിനിമയിലൂടെ മലയാളത്തെ നൂറുകോടിയില്‍ എത്തിച്ച താരമാണ് മോഹന്‍ലാല്‍. പുലിമുരുകനിലൂടെ സമകാലീകനായ മമ്മൂട്ടിയെയും തനിക്കൊപ്പം വളരാന്‍ കൊതിക്കുന്ന യുവതാരങ്ങളെയുമെല്ലാം കാതങ്ങള്‍ പിന്നിലാക്കി മോഹന്‍ലാല്‍ കുതിച്ചു. അതോടെ ഒരു പാന്‍ ഇന്ത്യന്‍ താരമാകാനുള്ള തയാറെടുപ്പകള്‍ ലാല്‍ തുടങ്ങുകയും ചെയ്തു. 

അതിന് മോഹന്‍ലാലും ആന്‍റണിയും കണ്ടെത്തിയ വഴിയായിരുന്നു ശ്രീകുമാര്‍ മേനോന്‍. രണ്ടാമൂഴം എന്ന സിനിമ ആയിരം കോടിയുടെ ബജറ്റില്‍ ഒരുക്കുകയും ഒരു ഗ്ലോബല്‍ ബ്രാന്‍റായി ലാലിനെ വളര്‍ത്തുകയും ചെയ്യുമെന്നതായിരുന്നു ശ്രീകുമാര്‍ മേനോന്‍റെ ലാല്‍ ചലഞ്ച്. എന്നാല്‍ ഒന്നിന് പിന്നാലെ ഒന്നായി തൊട്ടതെല്ലാം പാളി പൊളിഞ്ഞു നില്‍ക്കുകയാണ് മോഹന്‍ലാല്‍. 

2018 നീരാളി എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സിനിമ തുടങ്ങുന്നത്. ലാല്‍ ചെറുപ്പമാകാന്‍ പോയതിനു ശേഷം ആദ്യമെത്തുന്ന സിനിമയായിരുന്നു നീരാളി. എട്ടുനിലയിലാണ് പടം പൊട്ടിയത്. പിന്നീട് ഹിറ്റ് കോമ്പിനേഷനുമായി രഞ്ജിത്ത് മോഹന്‍ലാല്‍ ചിത്രം ഡ്രാമയെത്തി. ഈ ഡ്രാമ എട്ടും എട്ടും പതിനാറ് നിലയില്‍ പൊട്ടി. 

അതോടെ ഇതൊക്കെ എന്ത് അങ്ങ് ഒടിയനില്‍ കണ്ടോടാ എന്നായി ലാല്‍ ഫാന്‍സിന്‍റെ വെല്ലുവിളി. ഒടിയന്‍ തകര്‍ക്കും പൊളിക്കും ജഗജില്ലിയാവും എന്നൊക്കെയുള്ള ശ്രീകുമാര്‍ മേനോന്‍റെ തള്ളെല്ലാം സിനിമ തീയറ്ററിലെത്തിയപ്പോള്‍ ആവിയായി. ചിത്രം കഷ്ടടിച്ച് മുടക്കുമുതല്‍ തിരിച്ചുപിടിച്ചെങ്കിലും നാണക്കേടും പേരുദോഷവും ബാക്കി. ഇതിനാണോ ചെറുപ്പമാകാന്‍ മിനക്കെട്ടതെന്നും ആനമയിലൊട്ടകമെന്നും തള്ളിമറിച്ചതെന്നായി ആരാധകരുടെ ചോദ്യങ്ങള്‍. 

നേരെ ചൊവ്വേ  ഒരു സ്കിറ്റെഴുതാന്‍ അറിയാത്തവനെ പിടിച്ച് ഇനി രണ്ടാമൂഴം കൂടി ഏല്‍പ്പിച്ചാല്‍ നാട്ടുകാര്‍ കൈവെക്കുമെന്ന സ്ഥിതിയായി. ആ ജോലി നാട്ടുകാരെ ഏല്‍പ്പിക്കാതെ സാക്ഷാല്‍ എം.ടി വാസുദേവന്‍ നായര്‍ തന്നെ തിരക്കഥ തിരിച്ച് മേടിച്ച് കഴിച്ചിലാക്കി. രണ്ടാമൂഴവും ആയിരംകോടിയും പോയത് പോട്ടെ, ഒടിയനില്‍ തന്നെ നാണക്കേട് അധികമാക്കാതിരിക്കാന്‍ ലാലും ആന്‍റണിയും ചേര്‍ന്ന് ശ്രീകുമാര്‍ മേനോനെ പടിക്ക് പുറത്താക്കി. 

എന്നാല്‍ ശ്രീകുമാര്‍ മേനോന്‍ പോയിട്ടും ലാലിന്‍റെ കണ്ടകശനി മാറുന്നില്ല എന്നതാണ് സത്യം. 

ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഒന്ന് കാണാന്‍ പോയപ്പോള്‍ തുടങ്ങിയതാണ് മോഹന്‍ലാലിന്‍റെ അടുത്ത ശനികാലം. ലാല്‍ നടത്തുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍ എന്ന ട്രസ്റ്റിന് വേണ്ടിയാണ് ലാല്‍ സാക്ഷാല്‍ നരേന്ദ്ര മോദിയെ കാണാന്‍ പോയത്. 

കൂടികാഴ്ചയ്ക്ക് ശേഷം ആളില്‍ പെരിയവരെ കാണുമ്പോള്‍ ബ്ലോഗിലൂടെ പുകഴ്ത്തുന്ന സ്ഥിരം പരിപാടി ലാല്‍ ചെയ്തു. മോദിയില്‍ നിന്നും കറന്‍റ് കമ്പിയിലൂടെ കറന്‍റ് പ്രവഹിക്കുന്നത് പോലെ എനര്‍ജി പ്രവഹിക്കുകയായിരുന്നുവെന്നും മോദി ഒരു സൂപ്പര്‍മാനാണെന്നുമൊക്കെ തട്ടിവിട്ടു. സംഭവം കേരളത്തിലെ സംഘികളായ സംഘികള്‍ക്ക് ക്ഷ പിടിച്ചു. അങ്ങനെയിരുന്നപ്പോള്‍ ദാ വരുന്ന ഒരു പദ്മഭൂഷണ്‍. 

ഇതിപ്പോ മോഹന്‍ലാലിന് എന്തിനാണ് ഒരു പദ്മഭൂഷണെന്ന് ചോദിച്ചാല്‍ ഇരിക്കട്ടെ എന്ന മോദി ഫാന്‍സ്. എന്നാല്‍ ഇതിന് പിന്നാലെ വരാന്‍ പോകുന്ന പണി ലാല്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല. 

ലോക്സഭ ഇലക്ഷനില്‍ തിരുവനന്തപുരത്ത് മോഹന്‍ലാല്‍ മത്സരിക്കണമെന്നായി മോദി - അമിത്ഷാ ടീം. അയ്യോ അതു പറ്റില്ല ബിജെപിക്ക് യാതൊരു സ്കോപ്പുമില്ലാത്ത ജനസംഖ്യയില്‍ പത്ത് ശതമാനത്തിന്‍റെ പോലും പിന്തുണയില്ലാത്ത സെറ്റപ്പില്‍ ചെന്ന് പെട്ടാല്‍ പിന്നെ എന്‍റെ ഗതിയെന്താവും എന്ന നിലയിലായി മോഹന്‍ലാല്‍. ഒരു പദ്മഭൂഷണ് പകരം ഇങ്ങനെ കണ്ണില്‍ ചോരയില്ലാത്ത എടുത്താ പൊങ്ങാത്ത സഹായങ്ങളൊക്കെ ചോദിക്കല്ലേ തമ്പുരാനേ എന്ന് പറയാനല്ലാതെ എന്ത് പറ്റും. ഇതിപ്പോ കേരളത്തി മത്സരിക്കാനിറങ്ങുവാ എന്ന് വെച്ചാ സിനിമാ താരത്തെ കാണുമ്പോ തീയറ്ററില്‍ മലയാളി ടിക്കറ്റെടുക്കുന്നത് തന്നെ കഷ്ടമാ പിന്നല്ലോ വോട്ട് തരാന്‍ പോകുന്നത്. 

അതുകൊണ്ടു തീരുമോ ഗതികേട്. ബിജെപി സ്ഥാനാര്‍ഥിയാകുവാ എന്ന് വെച്ചാ, സിപിഎമ്മിനെ പിണക്കണം, സിപിഐയെ പിണക്കണം, കോണ്‍ഗ്രസിനെ പിണക്കണം, മുസ്ലിംലിഗിനെ പിണക്കണം, ക്രിസ്ത്യന്‍ സഭകളെ പിണക്കണം. അവസാനം സുരേഷ് ഗോപിയെപ്പോലെ പണിയില്ലാതെ വീട്ടില്‍  ചൊറിയും കുത്തി ഇരിക്കേണ്ടി വരും. ഇക്കാര്യങ്ങള് വല്ലോം ആ മോദിജിക്ക് അറിയാമോ ആവോ. 

നാട്ടില്‍ കിടന്ന് അനുഭവിക്കേണ്ടി വരുന്നത് ലാലേട്ടനും ആന്‍റണിച്ചായനും കൂടിയാണല്ലോ. അവസാനം ലാലേട്ടന്‍ നേരിട്ട് വന്ന് പറയേണ്ടി വന്നു എനിക്ക് രാഷ്ട്രീയമൊന്നും വേണ്ടേ, എങ്ങനേലും അഭിനയിച്ചാല്‍ മതിയേ എന്ന്. 

അങ്ങനെ പദ്മഭൂഷണ്‍ വിവാദം ഒന്ന് ഒഴിവാക്കി വന്നപ്പോഴാണ് സ്വന്തം മകനായിട്ട് പേരുദോഷം ഉണ്ടാക്കി വെക്കുന്നത്. മകന്‍ പ്രണവിനെ നായകനായി സിനിമയില്‍ കൊണ്ടു വന്നത് സത്യത്തില്‍ മോഹന്‍ലാലിന്‍റെ ഒരു മോഹമായിരുന്നു. എനിക്ക് സിനിമ താത്പര്യമില്ലെന്ന് പ്രണവ് ആവുന്ന പോവുന്ന പറഞ്ഞ് നോക്കിയതാണ്. പക്ഷെ ലാലേട്ടന്‍ സമ്മതിച്ചില്ല. അഭിനയിക്കാന്‍ അറിയാത്ത പ്രണവിന് ഓട്ടവും ചാട്ടവും മാത്രം ചെയ്യേണ്ട ഒരു പടം സെറ്റ് ചെയ്തുകൊടുത്തു. അതാണ് ആദി. പടത്തില്‍ പയ്യന്‍ നടക്ക് പണിയെടുത്തു. തിരിഞ്ഞു നോക്കാതെയുള്ള ഓട്ടമായിരുന്നു സിനിമയുടെ സബ്ജക്ട്. അതുകൊണ്ട് പ്രണവിന്‍റെ കാലുകളായിരുന്നു കൂടുതലും സിനിമയില്‍. 

എന്തായാലും ആദ്യ സിനിമ ഇറങ്ങും മുമ്പു തന്നെ ആന്‍റണിച്ചായന്‍ തന്നാലാവുന്ന ഒരു പണി ചെയ്തുകൊടുത്തു. യൂണിവേഴ്സല്‍ പ്രണവ് മോഹന്‍ലാല്‍ ഫാന്‍സ് എന്നൊക്കെ കമ്പനി ഉണ്ടാക്കി കൊടുത്തു. പുള്ളിക്ക് അറിയാവുന്ന പണി അതാണല്ലോ. 

എന്നാല്‍ രണ്ടാമത്തെ സിനിമ വന്നപ്പോള്‍ പണി പാളി. അഭിനയം എന്നൊരു സംഗതി എങ്ങനെയൊക്കെ വന്നാലും സിനിമയില്‍ ചെയ്യാതെ പറ്റില്ലല്ലോ. രണ്ടാമത്തെ സിനിമ വന്നപ്പോള്‍ പ്രേമമുണ്ട്, പാട്ടുണ്ട്. അപ്പനെയും അമ്മയെയും നോക്കി കരയണം. അങ്ങനെ ഒരുപാട് ഏടാകൂടങ്ങള്‍. ഇതൊക്കെ ഈ അപ്പുമോനെക്കൊണ്ട് (പ്രണവ്) കൂട്ടിയാല്‍ കൂടുന്ന പണിയല്ലല്ലോ. അവസാനം നാട്ടുകാര് മോനെ ട്രോളാന്‍ തുടങ്ങി. 

എട്ട് പത്ത് കോടി രൂപ മുടക്കി പിടിച്ച പടം മൂന്നാം ദിവസം തീയറ്ററില്‍ നിന്ന് കെട്ടുകെട്ടി. പടം മൊത്തത്തില്‍ പൊട്ടി പടമായി. ചെക്കനെ വല്ല ഹിമാലത്തിലേക്കും വിട്ടാല്‍ പോരെ എന്നായി നാട്ടുകാരുടെ ചീത്ത പറച്ചില്‍. ഇതിനിടയില്‍ ഏത് സ്കൂളിലെ ഒരു അധ്യാപിക പ്രണവിനെ കളിയാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടു. പടം പൊട്ടിയ സങ്കടത്തില്‍ ഇരിക്കുമ്പോഴാണ് നാട്ടുകാരുടെ കളിയാക്കല്‍. ഉടനെ ഫാന്‍സുകാര്‍ ടീച്ചറെപ്പോയി വിരട്ടാന്‍ നോക്കി. അതിന്‍റെ ഉത്തരവാദിത്വവും അവസാനം ലാലേട്ടന്‍റെ തലയിലായി. ടീച്ചറമ്മയാവട്ടെ ഒന്നാന്തരം ക്ലോസറ്റിന്‍റെ പടം ഫേസ്ബുക്കിലിട്ട് ലാലേട്ടനും ഫാന്‍സിനും മറുപടി കൊടുത്തു. അയ്യോ അയ്യയ്യോ നാണക്കേട്. 

ഇനിയിപ്പോ ലൂസിഫറിലാണ് ആകെയൊരു പ്രതീക്ഷ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പടമെങ്ങാനും പൊട്ടിയാല്‍... എന്‍റെ ദൈവം തമ്പുരാനേ.... പാവം ലാലേട്ടനെ കാത്തോളണേ....

Join WhatsApp News
പശു പാലന്‍ 2019-02-06 05:29:32
ചായ അടിക്കുന്നവന്‍  പശു പാലന്‍ കൂടി ആയപ്പോള്‍ വടക്കേ ഇന്ത്യയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കള്‍  കൃഷി നശിപ്പിക്കുന്നു.
കേരളത്തില്‍  തെരുവ് പട്ടികള്‍ മറ്റൊരു ശല്ല്യം 
ആരും ഇല്ലേ പ്രതികരിക്കാന്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക