Image

വൈദികരും അസന്മാര്ഗികതയും

അലക്സ്‌ കണിയാംപറമ്പില്‍ Published on 15 April, 2012
വൈദികരും അസന്മാര്ഗികതയും

കോട്ടയം അതിരൂപതാ വൈദികരും അസന്മാര്ഗികതയും

മേമുറി വികാരി വിവാഹിതനായിരുന്നു എന്ന വിവരം പുറത്തായതോടെ, അദ്ദേഹത്തെ ആല്മീയശുശ്രൂഷയില്‍ നിന്ന് ഒഴിവാക്കിയ നടപടിയെ ക്നാനായ വിശേഷങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇത്തരുണത്തില്‍ നമ്മുടെ വൈദികരില്‍ പലരിലും കണ്ടുവരുന്ന അസാന്മാര്‍ഗിക പ്രവണതകളെ ഒന്ന് വിലയിരുത്താം.

കത്തോലിക്കാസഭയുടെ വല്ലാത്ത മാര്‍ക്കടമുഷ്ടിയുടെ ഫലമായാണ് നമ്മുടെ വൈദികര്‍ക്ക് അവിവാഹിതരായി കഴിയേണ്ടി വരുന്നത്. ഉദയംപേരൂര്‍ സൂനഹദോസ് (1599) വരെ നമ്മുടെ പുരോഹിതര്‍ വിവാഹം ചെയ്തിരുന്നു. ക്നാനായ യാക്കോബായ സഭയിലെ വൈദികര്‍ ഇന്നും കുടുംബജീവിതം നയിക്കുന്നവരാണ്. അതുകൊണ്ട് അവര്‍ക്ക് ആല്മീയശുശ്രൂഷ ചെയ്യാന്‍ യാതൊരു ബുധിമുട്ടും ഉണ്ടാകുന്നില്ല.

കത്തോലിക്കാസഭയാകട്ടെ ബാലപീഡന കേസുകളുമായി ബന്ധപ്പെട്ടു നഷ്ടപരിഹാരം നല്‍കി സാമ്പത്തിക പാപ്പരത്വത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും സഭ തയ്യാറാകുന്നില്ല. അര്‍ത്ഥരഹിതവും മനുഷത്വരഹിതവുമായ ഈ പിടിവാശിയെ ന്യായീകരിക്കാന്‍ വേദപുസ്തകത്തില്‍ ഒരു വാക്കുപോലുമില്ല എന്നതാണ് അമ്പരപ്പിക്കുന്ന സത്യം.

കത്തോലിക്കാ വൈദികര്‍ ഇക്കാര്യത്തില്‍ ഒരു വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ഒരു വൈദികവേഷം കിട്ടിക്കഴിഞ്ഞാല്‍ ലഭിക്കുന്ന അളവില്ലാത്ത അധികാരവും ആഡംബരജീവിതത്തിനുള്ള അവസരവും ഉപേക്ഷിക്കാന്‍ എളുപ്പമല്ല. പുത്തന്കുര്ബാന കഴിഞ്ഞ ഒരു പയ്യന്‍ കത്തനാര്‍ക്ക്, തന്റെ വല്യപ്പന്റെ പ്രായമുള്ള ഒരാളെ കയറി, “എടാ, എടൊ” എന്നൊക്കെ വിളിക്കാന്‍ യാതൊരു ലജ്ജയുമില്ല. അത് മര്യാദകേടായി പലരും കണക്കാക്കുന്നു പോലുമില്ല. ഇതിനും പുറമെയാണ്  അവര്‍ക്ക് അനായാസമായി ലഭിക്കുന്ന ഉന്നത അധികാരസ്ഥാനങ്ങള്‍. ളോഹയുടെ സഹായമില്ലെങ്കില്‍, ട്രോളി ഉന്തുന്ന ജോലി കിട്ടാന്‍ സാധ്യത ഇല്ലാത്തവന്‍ പുരോഹിതനാണെന്ന ഒറ്റ കാരണം കൊണ്ട് ഹോസ്പിടല്‍ ഡയറക്ടര്‍ ആകുന്നു. നാല് പേജ് നീളത്തില്‍ ഡിഗ്രിയുള്ള ഡോക്ടര്‍ അവരെ വണങ്ങി നില്‍ക്കുന്നു. കത്തനാര്‍ തന്നെത്തന്നെ മറന്നു പോകുന്നതില്‍ എന്താണ് അത്ഭുതം?

ഒരുമാതിരിപെട്ട കുടുംബങ്ങളില്‍ നിന്നൊന്നും ഇപ്പോള്‍ വൈദിക  സെമിനാരിയിലേയ്ക്ക് കുട്ടികളെ കിട്ടുന്നില്ല. വരുന്നവരില്‍ പലരും പൊഴിഞ്ഞു പോകുന്നു. വളരെ ബുദ്ധിമുട്ടിയാണ് വിരലിലെണ്ണാവുന്ന വൈദികര്‍ ഉണ്ടാകുന്നത്. വൈദികാന്തസ്സ് ലഭിച്ചാല്‍ പിറ്റേദിവസം മുതല്‍ എങ്ങിനെ വിദേശത്ത് പോകാമെന്നാണ് എല്ലാവരുടെയും ചിന്ത. അതിനവസരം ലഭിക്കാത്തവര്‍ക്ക് മോഹഭംഗമായി. മദ്യപാനത്തിലൂടെയും, ലൈംഗികസുഖത്തിലൂടെയുമാണ് മിക്കവരും തങ്ങളുടെ നിരാശയെ ഇല്ലാതാക്കുന്നത്. മേലധികാരികള്‍ ഇതൊക്കെ മനസ്സിലാക്കി, കഴിയാവുന്നതും കണ്ണടയ്ക്കുകയാണ്. അതാണ്‌ വൈദികര്‍ക്കും (ചില കന്യാസ്തീകള്‍ക്കും) വളമാകുന്നത്. അരമനയുടെ കനത്ത ഭിതികള്‍ക്കുള്ളില്‍ വച്ച്, അപഥസഞ്ചാരത്തിന് പിടിക്കപെട്ട ഒരു വൈദികന്‍ അധികൃതരെ വെല്ലു വിളിച്ചത് അങ്ങാടിപാട്ടായിട്ടു അധികം നാളായില്ല. മലബാറില്‍ ഒരു കന്യാസ്ത്രീയെ നാട്ടുകാര്‍ കയ്യോടെ പിടിച്ചിട്ടും, അവിടുത്തെ വികാരിയച്ചന്‍ അവരെ രക്ഷിക്കുകയായിരുന്നു. 

ഇവര്‍ക്കൊക്കെ ലഭിക്കുന്ന ഏക ശിക്ഷ ഒരു ധ്യാനം കൂടല്‍ മാത്രമാണ്. (അല്മേനിയ്ക്ക് ധ്യാനം രക്ഷയാണെങ്കില്‍ പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും അത് ശിക്ഷയാണ്, എന്തൊരു തമാശ!). ഇതൊക്കെ വെറുതെ കണ്ണില്‍ പൊടിയിടീല്‍ മാത്രമാണ്.

കോട്ടയം അതിരൂപതയിലെ വൈദികരെ നിരീക്ഷിച്ചാല്‍ വ്യക്തമാകുന്ന ഒരു സത്യമുണ്ട് – ഒരു വൈദികന്റെ കുത്തഴിഞ്ഞ ജീവിതം ആരും ഒരു പ്രശ്നമാക്കാറില്ല.  കഴിയാവുന്നതും നാട്ടുകാരെ അറിയിക്കാതിരിക്കുക; ഇനി നാട്ടുകാര്‍ അറിഞ്ഞു ബഹളം വച്ചാല്‍ തന്നെ ഒരു സ്ഥലംമാറ്റം -  അതാണ് രീതി.

മേമുറി സംഭവത്തിന്‌ പിന്നില്‍ രണ്ടു പ്രധാന കാരണങ്ങള്‍ ഉണ്ട്: ഒന്ന്, വൈദികന്‍ വിവാഹം കഴിച്ചതിനു ഔദ്യോഗിക രേഖ ഉണ്ടായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അത് ഏതെങ്കിലും ചാനല്കാരെ കാണിച്ചിരുന്നെങ്കില്‍ രൂപതയും സമുദായവും മൊത്തം നാറുമായിരുന്നു. രണ്ടാമത്തെ കാരണം, “സമുദായദ്രോഹികള്‍” എന്ന് വലിയ തിരുമേനി ഈയിടെ മുന്ദ്രയടിച്ച ഇലക്ട്രോണിക് മാധ്യമങ്ങളുടെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം. ഇക്കാര്യം മൂടിവയ്ക്കാന്‍ സാധിക്കില്ല എന്നത് വ്യക്തമായതും, നടപടിയിലേയ്ക്ക് നീങ്ങാന്‍ സഭാധികൃതാരെ നിര്‍ബന്ധിച്ചു.

ഇക്കാര്യത്തില്‍ അല്‍മായര്‍ കുറച്ചുകൂടി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. മറ്റൊരു ഇടവകയില്‍ അനാശ്യാസത്തിനു പിടിക്കപെട്ട വൈദികനെ തങ്ങളുടെ ഇടവകയിലെയ്ക്ക് അയച്ചാല്‍ എതിര്‍ക്കാനുള്ള ആര്‍ജവം ഉണ്ടാകണം. തങ്ങളുടെ ഇടവകയില്‍ വരുന്ന വൈദികന്‍ ഇടവകയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭീക്ഷണിയാണ് എന്ന് മനസ്സിലായാല്‍, അവരെ ഇടവകയില്‍ തുടരാന്‍ അനുവദിക്കരുത്.  ഇത് മെത്രാന്മാരുടെ ആവശ്യമല്ല, ഇടവകക്കാരുടെ ആവശ്യമാണ്‌ എന്നോര്‍ക്കുക. ഇക്കാര്യത്തില്‍, “No Priest is better than a bad priest”  എന്ന ശക്തമായ നിലപാടെടുക്കാന്‍ ഒരു മടിയും കാണിക്കരുത്.

അസന്മാര്‍ഗിയായ വൈദികന്‍ ശപിച്ചാല്‍ അവിടെ ദൈവത്തിന്റെ അനുഗ്രഹം വര്ഷിക്കപ്പെടും എന്നത് മറക്കാതിരിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക