Image

സുരഭി സന്തോഷ് പുതിയ നായിക (മീട്ടു റഹ്മത്ത് കലാം)

Published on 03 February, 2019
സുരഭി സന്തോഷ് പുതിയ നായിക  (മീട്ടു റഹ്മത്ത് കലാം)
കുട്ടനാടന്‍ മാര്‍പ്പാപ്പയിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായെത്തി മലയാളികളുടെ മനസ്സില്‍ ചേക്കേറിയ സുരഭി സന്തോഷ് പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. ജയറാം നായകനാകുന്ന ഗ്രാന്‍ഡ് ഫാദര്‍, ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്യുന്ന ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി എന്നിവയാണ് സുരഭിയെ നായികയാക്കി അണിയറയില്‍ ഒരുങ്ങുന്നത്.


നൃത്തത്തോടുള്ള താല്പര്യം?

കുഞ്ഞുനാളില്‍ ടിവിയില്‍ ഏതുപാട്ട് കേട്ടാലും ഞാന്‍ ആ താളത്തില്‍ നൃത്തം ചെയ്യുമായിരുന്നെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ആറാം വയസില്‍ തുടങ്ങിയ നൃത്തപഠനം, പതിനേഴ് വര്‍ഷമായിട്ടും മുടങ്ങാതെ കൊണ്ടുപോകുന്നു. അമ്മ നൃത്തം അഭ്യസിച്ച ആളാണ്. വിവാഹത്തോടെ നിര്‍ത്തി. ഞാനൊരു നര്‍ത്തകിയാകണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതും അമ്മയാണ്. പത്മിനി രാമചന്ദ്രന് കീഴിലാണ് ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയത്. അവരിപ്പോള്‍ ജീവിച്ചിരിപ്പില്ല. ടീച്ചറുടെ ശിഷ്യ കൃതി രാമഗോപാലാണ് ഇപ്പോഴത്തെ അധ്യാപിക.

മലയാളി ആയിരുന്നിട്ടും അരങ്ങേറ്റം കന്നഡ-തമിഴ് ചിത്രങ്ങളിലൂടെ?

എന്റെ അച്ഛനും അപ്പൂപ്പനും നേവിയിലായിരുന്നു. കുട്ടിക്കാലം പല നാടുകളിലായിരുന്നു. മലയാളി ആയിരുന്നിട്ടും അമ്മയെ വിവാഹം ചെയ്തശേഷമാണ് അച്ഛന്റെ മലയാളം നന്നായത്. അച്ഛന്‍ കേണലായി റിട്ടയര്‍ ചെയ്ത ആളാണ് , പതിനഞ്ച് വര്‍ഷമായി ഞങ്ങള്‍ ബാംഗ്ലൂര്‍ സെറ്റില്‍ ചെയ്തിരിക്കുകയാണ്. ചേട്ടനും കുടുംബവും ക്യാനഡയിലാണ്. എവിടെ ആയിരുന്നാലും മലയാളം മറക്കരുതെന്ന് അമ്മയ്ക്ക് നിര്‍ബന്ധമാണ്. സിനിമയിലേക്ക് വന്നപ്പോഴാണ് പല ഭാഷകള്‍ അറിയുന്നത് ഗുണം ചെയ്തത്. പ്ലസ് ടുവിന് നടത്തിയ ഡാന്‍സ് പെര്‍ഫോമന്‍സ് കണ്ടാണ് കന്നഡ സിനിമയിലേക്ക് ആദ്യം അവസരം ലഭിക്കുന്നത്. നിവേദ്യത്തില്‍ ഭാമ അവതരിപ്പിച്ച കഥാപാത്രമാണെന്ന് കേട്ടപ്പോള്‍ കൂടുതല്‍ ചിന്തിക്കേണ്ടി വന്നില്ല. മലയാള സിനിമ അന്നേ സ്ഥിരമായി കാണുമായിരുന്നു. ഷൂട്ട് കഴിഞ്ഞ് നേരെ വന്ന് ബോര്‍ഡ് എക്‌സാം എഴുതിയിട്ടും ഡിസ്റ്റിങ്ഷന്‍ നേടി. പഠനത്തെ ബാധിക്കാത്ത രീതിയില്‍ സിനിമ കൊണ്ടുപോകണം എന്ന ഉപദേശമാണ് വീട്ടില്‍ നിന്ന് ലഭിച്ചത്.

ഇടയ്‌ക്കൊരു ബ്രേക്ക് വന്നതിനെക്കുറിച്ച്?
എല്‍.എല്‍. ബി ക്ക് ജോയിന്‍ ചെയ്ത ശേഷമാണ് തമിഴില്‍ അവസരങ്ങള്‍ ലഭിക്കുന്നത്. മറ്റു കോഴ്സുകള്‍ക്കൊപ്പം സിനിമ കൊണ്ടുപോകുന്നവരുണ്ട്. പക്ഷേ നിയമപഠനം ആഴമുള്ള കടലുപോലെ മുന്നില്‍ നിന്നു. ജെമിനി പോലുള്ള സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയ സംവിധായകന്റെ ചിത്രം ആയതുകൊണ്ടാണ് 'ആയിരത്തില്‍ ഇരുവര്‍' ചെയ്തത്. അറ്റന്‍ഡന്‍സ് കുറഞ്ഞപ്പോള്‍ രണ്ടും ഒരുനടയ്ക്ക് പോവില്ലെന്ന അവസ്ഥ വന്നു. കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ട് മതി ബാക്കികാര്യമെന്ന് തീരുമാനിച്ചു . മൂന്ന് വര്‍ഷം ബ്രേക്ക് എടുത്തു. ഞാന്‍ സിനിമ ചെയ്യുന്നില്ലെന്ന വാര്‍ത്ത അതിനോടകം ഇന്‍ഡസ്ട്രിയില്‍ സ്പ്രെഡ് ആയി. അങ്ങനെ എന്റെ ബാച്ചിനൊപ്പം പരീക്ഷ എഴുതി , ഗ്രാജുവേഷന്‍ നേടി നില്‍ക്കുമ്പോഴാണ് കന്നടയിലേക്ക് വീണ്ടും ക്ഷണം ലഭിക്കുന്നത്. പിന്നീട് മലയാളത്തില്‍ നിന്ന് കിനാവള്ളി, കുട്ടനാടന്‍ മാര്‍പ്പാപ്പ അങ്ങനെ തുടരെ അവസരങ്ങള്‍ തേടിയെത്തി. ജയറാമേട്ടനൊപ്പമുള്ള ഗ്രാന്‍ഡ് ഫാദറും ഹരിശ്രീ അശോകന്‍ ചേട്ടന്‍ സംവിധാനം ചെയ്യുന്ന ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറിയുമാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

മാര്‍പ്പാപ്പയിലെ ആനി ട്രോളര്‍മാര്‍ക്ക് പ്രിയങ്കരിയാണല്ലോ?
മുഴുനീള കഥാപാത്രമാണ് ആനിയുടേത്. ക്ലൈമാക്‌സിലെ ട്വിസ്റ്റിലാണ് ആ ക്യാരക്ടര്‍ ശ്രദ്ധിക്കപ്പെടുന്നത്. നായിക തേച്ചിട്ട് പോകുമ്പോള്‍ അതില്‍ മനംനൊന്ത് തകര്‍ന്നുനില്‍ക്കുന്ന നായകന് താങ്ങായി മാറുന്ന ആനിയോട് സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ എനിക്ക് തോന്നിയ ഇഷ്ടമാണ് പ്രേക്ഷകര്‍ക്കും തോന്നിയത്. പല്ലുപറിക്കുന്ന ഡോക്ടറെക്കാള്‍ എനിക്കിഷ്ടം ചങ്കുപറിച്ച് കൂടെ നില്‍ക്കുന്ന നേഴ്‌സിനോടാണെന്നുള്ള ഡയലോഗ് തേപ്പുകിട്ടിയവരും നഴ്‌സിംഗ് രംഗത്തുള്ളവരും ഒക്കെ ആഘോഷമാക്കി. അതൊക്കെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന സന്തോഷങ്ങളാണ്.

ഗ്രാന്‍ഡ്ഫാദര്‍ എന്ന സിനിമയെക്കുറിച്ച്?
മാര്‍പ്പാപ്പയുടെ നിര്‍മ്മാതാവായ ഹസീബിക്ക( ഹസീബ് ഹനീഫ്)യാണ് ഗ്രാന്‍ഡ്ഫാദറും നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ ചിത്രത്തില്‍ പ്രവര്‍ത്തിച്ച ഒരുപാടുപേര്‍ ഈ ഫിലിമിലും ഉണ്ട്. ജയറാമേട്ടനൊപ്പമുള്ള എക്‌സ്പീരിയന്‍സ് ആണ് എടുത്തുപറയാവുന്ന വ്യത്യാസം. സമ്മര്‍ ഇന്‍ ബെത്‌ലെഹേം എന്റെ ഫേവറേറ്റ് സിനിമകളില്‍ ഒന്നാണ്. സ്‌ക്രീനില്‍ നമ്മളെ ചിരിപ്പിച്ച ഒരാള്‍, നമ്മുടെ അടുത്തിരുന്ന് നമ്മളിലൊരാളായി തമാശ പറയുന്നതൊക്കെ സിനിമയില്‍ വന്നതുകൊണ്ട് ലഭിച്ച ഭാഗ്യമാണ്. വിദേശത്തു നിന്നുവരുന്ന ഷാരോണ്‍ എന്ന കഥാപാത്രമാണ് ഞാന്‍ ചെയ്തിരിക്കുന്നത്. ദിവ്യ പിള്ളയാണ് മറ്റൊരു നായിക. ജയാറാമേട്ടന്റെ സിനിമ എന്നുപറഞ്ഞ് പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒന്നാണ് ഗ്രാന്‍ഡ് ഫാദര്‍. ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ തിരക്കഥാകൃത്ത് ഷാനി ചേട്ടന്‍ ഒരുക്കിയിട്ടുണ്ട്. ലൊകേഷനിലും അങ്ങനൊരു ജോളി മൂഡിലായിരുന്നു എല്ലാവരും . മല്ലികാന്റി (മല്ലിക സുകുമാരന്‍ ), വിജയ രാഘവന്‍ ചേട്ടന്‍ ഇവരൊക്കെ വളരെ ഗൗരവക്കാരാണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. അവരൊക്കെ എത്ര ഫ്രണ്ട്ലി ആണെന്ന് മനസിലാക്കാന്‍ പറ്റി. കുടുംബസമേതം നടത്തിയ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തെക്കുറിച്ച് ജയറാമേട്ടന്‍ പറഞ്ഞപ്പോള്‍ ഞങ്ങളെല്ലാം ചുറ്റുമിരുന്ന് രസിച്ച് കേട്ടു. യാത്ര ചെയ്യാന്‍ ആഗ്രഹമുള്ള കൂട്ടത്തിലായതുകൊണ്ട് , ഒരിക്കല്‍ അങ്ങോട്ടേക്ക് പോയാല്‍ കൊള്ളാമെന്നുണ്ട്. (കടപ്പാട്: മംഗളം)
സുരഭി സന്തോഷ് പുതിയ നായിക  (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക