Image

ബഹ്‌റിനില്‍ മലയാളി യുവാവ്‌ ആത്മഹത്യ ചെയ്‌തു

Published on 15 April, 2012
ബഹ്‌റിനില്‍ മലയാളി യുവാവ്‌ ആത്മഹത്യ ചെയ്‌തു
മനാമ: ബഹ്റൈനില്‍ വീണ്ടും മലയാളി ആത്മഹത്യ. കൊല്ലം ചിതറ കിഴക്കുംഭാഗം കൊച്ചാലംമൂട് തടത്തരികത്ത് സബീര്‍ സൈനുലാബിദീനെയാണ് (36) മനാമയിലെ താമസിക്കുന്ന കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. വ്യാഴാഴ്ച രാത്രിയാണ് സംഭവമെന്ന് കരുതുന്നു. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം കണ്ടത്. ഇന്ത്യന്‍ കമ്യൂണിറ്റിക്കിടയില്‍ ആത്മഹത്യ ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ സാമൂഹിക സംഘടനകള്‍ ബോധവത്കരണം സജീവമാക്കിയ സാഹചര്യത്തിലാണ് വീണ്ടും ആത്മഹത്യ ഉണ്ടായിരിക്കുന്നത്.

ആറ് വര്‍ഷത്തോളമായി ബഹ്റൈനിലുള്ള യുവാവ് പ്രമുഖ കമ്പനിയില്‍ റിട്ടെയില്‍ ട്രേഡ് സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു. സാമ്പത്തിക പ്രശ്നത്തിന്‍െറ പേരില്‍ രണ്ട് മാസം മുമ്പ് ജോലിയില്‍നിന്ന് പിരിച്ചു വിട്ടിരുന്നു. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരനായ സുഹൃത്തിന്‍െറ കൂടെയായിരുന്നു താമസം. പത്ത് ദിവസം മുമ്പാണ് ഇപ്പോള്‍ താമസിക്കുന്ന മനാമയിലെ കെട്ടിടത്തിലേക്ക് മാറിയത്. പഴയ കെട്ടിടത്തിന്‍െറ ഒരു ഭാഗത്ത് ഗ്രില്ലില്‍ കൈലിമുണ്ടില്‍ തൂങ്ങി നിലത്ത് ചാരിയിരിക്കുന്ന നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.

നേരത്തെ കമ്പനിയുടെ ലെയിസ് ചിപ്സ് വിഭാഗത്തില്‍ വാന്‍ സെയിലായിരുന്നു ജോലി. ഈസമയത്ത് കണക്കില്‍ 1800 ദിനാര്‍ കുറവ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നാട്ടില്‍നിന്ന് പണം വരുത്തിയാണ് കമ്പനിയുമായുള്ള ഇടപാട് തീര്‍ത്തത്. പിന്നീട് ലീവില്‍ നാട്ടില്‍ പോയി തിരിച്ചെത്തി. ഒന്നര വര്‍ഷമായി പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് കണക്കില്‍ വീണ്ടും കുറവ് കണ്ടതിനെ തുടര്‍ന്ന് കമ്പനി വിശദീകരണം ചോദിച്ചിരുന്നുവത്രെ. 600 ദിനാറോളമാണ് കുറവ് കണ്ടെത്തിയിരുന്നത്. ഇക്കാരണത്താല്‍ ഇയാളെ ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തു. നാല് ദിവസം മുമ്പ് നാട്ടില്‍നിന്ന് പണം വരുത്തി കമ്പനിയില്‍ പണം അടച്ചിരുന്നതായി പറയുന്നു.
എന്നാല്‍, കമ്പനിയില്‍ തുടരാന്‍ അനുവദിക്കാത്ത സാഹചര്യമാണുണ്ടായിരുന്നത്. മറ്റ് പ്രയാസങ്ങളൊന്നും സബീറിനുണ്ടായിരുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
കുറച്ചു ദിവസം മുമ്പ് ഒരു ട്രാവല്‍സില്‍നിന്ന് ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക് നാട്ടില്‍ പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായപ്പോള്‍ പ്രശ്നം പരിഹരിക്കുന്നതിനും യാത്രക്കാരെ സഹായിക്കുന്നതിനും യുവാവ് സജീവമായിരുന്നു. മറ്റുള്ളവര്‍ക്ക് സഹായം ചെയ്യണമെന്ന മനസ്സിന്‍െറ ഉടമയായിരുന്നുവെന്നും സുഹൃത്തുക്കള്‍ അനുസ്മരിച്ചു.
സൈനുദ്ദീനാണ് സബീറിന്‍െറ പിതാവ്. മാതാവ്: ജുബൈരിയ, ഭാര്യ: ഷൈന, മക്കള്‍: ഫയാസ്, ഫൗസിയ. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. നിയമ നടപടികള്‍ പൂര്‍ത്തിയായ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക