Image

വീട, വിട (കവിത: ജയന്‍ വര്‍ഗീസ്)

Published on 01 February, 2019
വീട, വിട (കവിത: ജയന്‍ വര്‍ഗീസ്)
വയലിലെ കളയുടെ
കരളില്‍ നിന്നൊരായിരം
ദളപുടത്തളിരുകള്‍
വിരിയിച്ചതും,

ഒഴുകുന്ന പുഴയുടെ
നിറമാറില്‍ വിരല്‍ കോറി
യൊരുകോടി പുളകങ്ങള്‍
ഞൊറിയിച്ചതും,

കടലിന്റെ കദനത്തെ
തിരകൊണ്ട് കഴുകിച്ചു
കര തന്റെ കവിള്‍മുത്തി
പ്രണയിച്ചതും,

പുളിയില കരമുണ്ടില്‍
ഞൊറിവച്ചു നീലാകാശ
പ്പടവിങ്കല്‍ ചന്ദ്രലേഖ
വിലസുന്നതും,

അവളുടെ ചിരിയില്‍ നി
ന്നുതിരുന്ന നറും മുത്തു
മലരുക, ളാകാശത്തില്‍
ചിതറുന്നതും,

ഇനിയെന്നു കാണും വീണ്ടും?
മടങ്ങട്ടെ, സമയത്തിന്‍
രഥചക്ര ' രവ ' മേറെ
യരികിലെത്തി !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക