Image

പീലാത്തോസിന്റെ പേരെഴുതിയ മോതിരം കണ്ടെടുത്തപ്പോള്‍ (ജോര്‍ജ് തുമ്പയില്‍)

Published on 31 January, 2019
പീലാത്തോസിന്റെ പേരെഴുതിയ മോതിരം കണ്ടെടുത്തപ്പോള്‍ (ജോര്‍ജ് തുമ്പയില്‍)
യേശുക്രിസ്തു നിരപരാധിയാണെന്നറിഞ്ഞിട്ടും ആള്‍ക്കൂട്ടത്തെ ഭയന്ന് തെറ്റായി വിധി പറയുന്ന ദുര്‍ബലനായ ന്യായാധിപന്‍ പൊന്തിയോസ് പീലാത്തോസ് പലപ്പോഴും നീതിബോധത്തെ സ്പര്‍ശിച്ച് ഒരു ചോദ്യചിഹ്നമായി ഉയര്‍ന്നു നില്‍ക്കാറുണ്ട്. യേശുവിനെ മരണത്തിന് വിധിച്ചിട്ട് എനിക്കീ രക്തത്തില്‍ പങ്കില്ല എന്നു പറഞ്ഞ് ഒഴിഞ്ഞുമാറിയ പീലാത്തോസ് മനസുകളില്‍ നിന്ന് അത്ര പെട്ടെന്നൊന്നും മായില്ല. വെസ്റ്റ് ബാങ്കില്‍ ബെദ്‌ലഹെമിന് തെക്കായി, പുരാതന കോട്ടയും കൊട്ടാരവുമടങ്ങുന്ന ഹെറോദിയത്തിലെ ഖനനത്തിനിടെ 1969 ല്‍ കണ്ടെടുത്ത, ലാളിത്യമാര്‍ന്നതെങ്കിലും ചെമ്പ് മിശ്രിതത്തില്‍ തീര്‍ത്ത മോതിരം ആഗോളതലത്തില്‍ അടുത്തിടെ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടി. കാരണം പ്രസ്തുത മോതിരത്തില്‍ ആലേഖനം ചെയ്തിരുന്നത് യേശുവിനെ ക്രൂശുമരണത്തിന് വിട്ടുകൊടുത്ത പൊന്തിയോസ് പീലാത്തോസിന്റെ പേരായിരുന്നു എന്നതുതന്നെ.

ഇവിടെ ഹെറോദിയത്തെപറ്റി ഒരു വാക്ക് പറയുവാനുണ്ട്. വിശുദ്ധനാട്ടില്‍ രണ്ട് പ്രാവശ്യം സന്ദര്‍ശനം നടത്തിയപ്പോഴും അടുത്തുകണ്ടതാണ് ഹെറോദിയം. ബെത്‌ലഹേമില്‍ ശിശുവധം നടത്തി കുപ്രസിദ്ധനായ ഹെറോദാവ് രാജാവിന്റെ കോട്ട ബേത്‌ലഹേമില്‍ നിന്ന് അടുത്താണ്. യേറുശലേമിന്റെ തെക്കന്‍ പ്രദേശത്തുള്ള മലകള്‍ക്കും ചാവുകടല്‍ തീരത്തിനുമടുത്തുള്ള യഹൂദിയായുടെ അരികിലാണ് അഗ്‌നിപര്‍വതം പോലെ കാണപ്പെടുന്ന കുന്നിന്‍മുകളിലെ ഹെറോദിയന്‍ കോട്ട. ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഹെറോദാവ് രാജാവ് കെട്ടി ഉയര്‍ത്തിയ ഈ കോട്ടയുടെ അവശിഷ്ടങ്ങള്‍ പ്രാക്തനസ്മൃതികളുണര്‍ത്തി നിലകൊള്ളുകയാണ്. ഇസ്രയേല്‍ ഗവണ്‍മെന്റിന്റെ നേരിട്ടുള്ള നേതൃത്വത്തില്‍ ഇവിടെ ഒട്ടനവധി ഖനനപരിപാടികള്‍ നടന്നുവരുന്നു.

ജറുസലമിലെ ഹീബ്രു യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഗിദെയോന്‍ ഫോര്‍സ്റ്റര്‍ നേതൃത്വം കൊടുത്ത ഖനനത്തിലായിരുന്നു മോതിരം കുഴിച്ചെടുത്തിരുന്നത്.
എന്നാല്‍ അഡ്വാന്‍സ്ഡ് ഫോട്ടോഗ്രഫിയുടെ സഹായത്തോടെ പ്രസ്തുത മോതിരത്തിലെ എഴുത്ത് വായിച്ചെടുത്തത് അടുത്തിടെയാണ്. ഒരു വൈന്‍ ഗ്ലാസിന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ പൊന്തിയോസ് പീലാത്തോസിന്റെ പേരായ
of Pilates എന്ന് ഗ്രീക്ക് ലിപികളില്‍ ആലേഖനം ചെയ്തിരിക്കുന്നതാണിതിനെ ശ്രദ്ധേയമാക്കിയത്.

യേശുവിനെ ക്രൂശുമരണത്തിന് വിധിച്ച പൊന്തിയോസ് പീലാത്തോസിന്റെ മോതിരം വെസ്റ്റ് ബാങ്കിലെ ഹെറോദിയന്‍ സൈറ്റില്‍ കണ്ടെടുത്തു എന്ന് വാര്‍ത്തകള്‍ വേഗം പ്രചരിച്ചു. എന്നാല്‍ പുരാവസ്തുഗവേഷകനായ സ്റ്റീവ് നോട്‌ലി, ഡേവിഡ് മെഡോസ്, ജൂത മത പണ്ഡിതനായ കേറ്റ് ബെനേഷോ എന്നിവര്‍ തിരക്കിയത് മോതിരത്തിലെ പീലാത്തോസ് എന്ന പേരിന്റെ അക്ഷരങ്ങളെകുറിച്ചായിരുന്നു. എന്നാല്‍ ഈ മോതിരം പീലാത്തോസ് ഉപയോഗിച്ചതാവണമെന്നില്ല, അദ്ദേഹത്തിന്റെ കീഴിലുള്ള ഏതെങ്കിലും ഓഫിസര്‍മാര്‍ ഉപയോഗിച്ചതാവാം എന്ന വ്യാഖ്യാനങ്ങള്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ പ്രചാരം.

കൈസര്യയിലെയും ജറുസലമിലെയും ഹെറോദാവ് രാജാവിന്റെ കൊട്ടാരങ്ങളും മറ്റും പീലാത്തോസ് സ്വന്തം വീട് എന്നതുപോലെ കരുതി ഉപയോഗിച്ചിരുന്നു. അതുകൊണ്ടുതന്നെ മോതിരം കണ്ടെടുത്ത ഹെറോദിയം റോമന്‍ അഡ്മിനിസ്‌ട്രേറ്റീവ് സെന്റര്‍ എന്ന നിലയില്‍ ഉപയോഗിച്ചിരുന്നതായിരിക്കാം.

കണ്ടെടുത്ത മോതിരം വളരെ ലോലവും വിലപിടിപ്പില്ലാത്തതുമാണ് എന്നതിനാല്‍ പ്രസ്തുത മോതിരം പീലാത്തോസിന്റേതാകാനിടയില്ലന്നും ഇത്തരം ലളിതമായ മോതിരങ്ങള്‍ ഗവര്‍ണറെ പോലെ ഉന്നതശ്രേണിയിലുള്ളവര്‍ ഉപയോഗിക്കാനിടയില്ലന്നും ഇസ്രയേലില്‍ നിന്നുള്ളൊരു ഗവേഷണ ജേണലില്‍ പറയുന്നു.

എ ഡി 26 മുതല്‍ 36 വരെയുള്ള കാലത്ത് റോമന്‍ സാമ്രാജ്യത്തിന് കിഴക്കുള്ള ജൂത പ്രോവിന്‍സിന്റെ ഗവര്‍ണര്‍ അഥവാ പ്രീഫെക്ട് ആയിരുന്നു പീലാത്തോസ്.

ബൈബിള്‍ സുവിശേഷങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ പുരാതന ജൂത ചരിത്രകാരനായ ഫ്‌ലേവിയസ് ജോസഫസ്, റോമാക്കാരനായ ടാസിറ്റസ് എന്നിവരുടെ കൃതികളിലാണ് പീലാത്തോസിനെകുറിച്ച് എന്തെങ്കിലും വിവരം രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.

മോതിരം കണ്ടെടുത്ത ഹെറോദിയം റോമന്‍ സാമ്രാജ്യത്തിലെ രാജാവായ ഹെറോദാവ് നിര്‍മിച്ചതാണ്, അദ്ദേഹത്തിന്റെ ശവകുടീരവും ഇവിടെയാണ്. ഗ്ലാസുകളും പാത്രങ്ങളും നാണയങ്ങളുമെല്ലാം നിറഞ്ഞൊരു മുറിയില്‍ നിന്നാണ് മോതിരം കണ്ടെടുത്തത്. ഇസ്രയേലിന്റെ നിയന്ത്രണത്തിലുള്ള ഈ പ്രദേശത്തിന് പലസ്തീന്‍കാരും അവകാശം ഉന്നയിക്കുന്നുണ്ട്.

റോമന്‍ അധികാരികള്‍ ജനങ്ങളുമായി സംസാരിക്കാന്‍ ഉപയോഗിച്ചിരുന്ന ഗ്രീക്ക് ഭാഷ തന്നെയാണ് മോതിരത്തിലെ എഴുത്തിലും കാണുന്നത്. ജൂദയായില്‍ കണ്ടെടുത്ത, ജശഹമലേ ന്റെ പേര് കൊത്തിയ ആദ്യപുരാവസ്തു പുരാതന തുറമുഖ നഗരമായ കൈസര്യയില്‍ 1961ല്‍ കണ്ടെടുത്ത കല്‍ഫലകമാണ്. ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ജോ നാഥന്‍ െ്രെപസ് പറയുന്നത് ബിബഌക്കല്‍ റോള്‍ ഇല്ലായിരുന്നുവെങ്കില്‍ കാര്യമായൊന്നും ചെയ്യാനില്ലാത്ത വെറുമൊരു റോമന്‍ ഓഫിസര്‍ എന്ന നിലയില്‍ മാത്രം പീലാത്തോസ് അറിയപ്പെട്ടേനെ എന്നാണ്.

യേശുവില്‍ കുറ്റം വിധിച്ച പ്രമാണിമാരോട് താന്‍ ഇയാളില്‍ കുറ്റമൊന്നും കാണുന്നില്ലന്ന് പീലാത്തോസ് പറഞ്ഞു, പക്ഷേ നിലപാടുകളില്‍ ഉറച്ചു നില്‍ക്കാന്‍ ധൈര്യമില്ലാതിരുന്ന പീലാത്തോസ്, ഈ നീതിമാന്റെ രക്തത്തില്‍ പങ്കില്ലന്ന് പറഞ്ഞ് കൈകള്‍ കഴുകി ക്രിസ്തുവിനെ ജനത്തിനു വിട്ടുകൊടുത്തു.

റോമന്‍ ചക്രവര്‍ത്തിയായിരുന്ന തൈബീരിയസിന്റെ കാലത്താണ് പീലാത്തോസ് യൂദയായിലെ ഗവര്‍ണറായി നിയമിക്കപ്പെടുന്നത്. തൈബീരിയസിന്റെ വിഗ്രഹങ്ങള്‍ നാട്ടിലെങ്ങും പ്രതിഷ്ഠിച്ച് നേര്‍ച്ചപ്പണം സ്വന്തമാക്കിയിരുന്ന പീലാത്തോസിനോട് ജനങ്ങള്‍ക്ക് തീരെ താല്‍പര്യമുണ്ടായിരുന്നില്ലന്നുവേണം മനസിലാക്കാന്‍.

ദക്ഷിണ ഇറ്റലിയിലെ സാമ്‌നൈറ്റ് പ്രഭുകുടുംബത്തിലാണ് പീലാത്തോസ് പിറന്നതെന്നും അതല്ല മയെന്‍സി രാജാവായിരുന്ന ടൈറസിന്റെ ജാരസന്തതിയാണെന്നുമൊക്കെ കഥകളുണ്ട്.

യേശു മരിച്ചതിനു ശേഷം, കലിഗുളയുടെ ഭരണകാലത്ത് പീലാത്തോസ് ആത്മഹത്യ ചെയ്തതായി റോമന്‍ ചരിത്രകാരനായ എവുസേബിയസ് പറയുമ്പോള്‍, അങ്ങനെയല്ല പീലാത്തോസ് മരിച്ചത് വിയന്നയിലോ സ്വിറ്റ്‌സര്‍ലണ്ടിലെ മൗണ്ട് പിലാറ്റസിലോ ആണന്നും പീലാത്തോസ് മാനസാന്തരപ്പെട്ടു എന്നുമൊക്കെയുണ്ട് വാദങ്ങള്‍.
പീലാത്തോസിന്റെ പേരെഴുതിയ മോതിരം കണ്ടെടുത്തപ്പോള്‍ (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക