Image

പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തെ മാറ്റി മറിക്കുമോ? (ഡല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 31 January, 2019
പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തെ മാറ്റി മറിക്കുമോ? (ഡല്‍ഹികത്ത് : പി.വി.തോമസ് )
ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡ്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആകുമ്പോള്‍ അദ്ദേഹം മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനും സ്വാതന്ത്ര്യസമരസേനാനിയും കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കന്മാരില്‍  ഒന്നാമനില്‍ ഒരുവനും ആയിരുന്നു. അദ്ദേഹത്തിന്റെ മകള്‍ പ്രിയദര്‍ശിനി ഇന്ദിരഗാന്ധി പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ആകസ്മിക മരണത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ആകുമ്പോള്‍(1965) കോണ്‍ഗ്രസിന്റെ മുന്‍ അദ്ധ്യക്ഷയും എം.പി.യും ശാസ്ത്രിയുടെ മന്ത്രിസഭയിലെ അംഗവും ആയിരുന്നു. ഇന്ദിരയുടെ വധത്തെ തുടര്‍ന്ന് (1984) മകന്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രി ആകുമ്പോള്‍ അദ്ദേഹം എം.പി.യും കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയും ആയിരുന്നു. രാജീവിന്റെ വധത്തിനു ശേഷം മടിച്ചു മടിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹത്തിന്റെ പത്‌നി സോണിയ ഗാന്ധി എം.പി.യും കോണ്‍ഗ്രസ് അദ്ധ്യക്ഷയും അതും ഏറ്റവും കാലം ആ സ്ഥാനം അലങ്കരിച്ച വ്യക്തിയും ആയി. അവസാനം സോണിയ ആസ്ഥാനത്തു നിന്നും വിരമിച്ചപ്പോള്‍ സ്ഥാനമേറ്റ മകന്‍ രാഹുല്‍ഗാന്ധി എം.പി.യും കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയും ഉപാദ്ധ്യക്ഷനും ആയിരുന്നു.

നെഹ്‌റു കുടുംബത്തില്‍ നിന്നും വേറെയും പ്രമുഖര്‍ കോണ്‍ഗ്രസിന്റെയും ദേശീയ രാഷ്ട്രീയത്തിന്റെയും ചുക്കാന്‍ പിടിച്ചിട്ടുണ്ട്. മോട്ടിലാല്‍ നെഹ്‌റു, ഫിറോസ് ഗാന്ധി, സഞ്ജയ് ഗാന്ധി, മനേകഗാന്ധി(ബി.ജെ.പി.) വരുണ്‍ഗാന്ധി(ബി.ജെ.പി.) തുടങ്ങിയവരാണ് അവര്‍.

ഇപ്പോള്‍ ഏറ്റവും അവസാനമായി പ്രിയങ്കഗാന്ധിയും കോണ്‍ഗ്രസിന്റെ ഔദ്യോഗിക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുകയാണ്. ഇത് 2019-ലെ ലോകസഭ തെരഞ്ഞെടുപ്പിന്റെ ആരംഭവേളയില്‍ ആണ്.

ആരാണ് ഈ പ്രിയങ്കഗാന്ധി? സോണിയഗാന്ധിയുടെ മകളും രാഹുല്‍ഗാന്ധിയുടെ സഹോദരിയും എന്നതൊഴിച്ചാല്‍ എന്ത് രാ്ഷ്ട്രീയ പ്രാധാന്യം, പ്രസക്തി ആണ് അവര്‍ക്ക് ഉള്ളത്? ഒന്നും ഇല്ല. അല്ലെങ്കില്‍ ഒട്ടേറെ ഉണ്ട്. അതാണ് ഇന്‍ഡ്യയുടെ കുടുംബരാഷ്ട്രീയത്തിന്റെ ചരിത്രം. പ്രിയങ്കയെ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് അവരോധിക്കപ്പെട്ടിരിക്കുന്നത്. അതും പ്രധാനമന്ത്രി നരേന്ദ്രമോഡിയും മുഖ്യമന്ത്രി യോഗി ആദ്യത്യനാഥും അടക്കി വാഴുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലക്കാരി ആയിട്ട്.

്പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം വളരെക്കാലമായിട്ട് പ്രതീക്ഷിച്ചിരുന്നതാണ്. അത് എപ്പോള്‍ എന്ന് മാത്രമെ ചോദ്യം ഉണ്ടായിരുന്നുള്ളൂ. ഈ ലേഖകന്‍ ഒരു ടെലിവിഷന്‍ ചര്‍ച്ചാവേളയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്ന പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശനം ഭര്‍ത്താവ് റോബട്ട് വധരയെ എന്‍.ഡി.എ. ഗവണ്‍മെന്റ് വളഞ്ഞിട്ട് പിടിക്കുമ്പോള്‍ ആയിരിക്കുമെന്ന്. ഇപ്പോള്‍ അതാണ് സംഭവിച്ചിരിക്കുന്നതും. റോബര്‍ട്ട് ഭൂമിയിടപാടുകളില്‍ ഗവണ്‍മെന്റിന്റെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേട്ടിന്റെ നോട്ടപ്പുള്ളിയാണ്.

പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശനം കോണ്‍ഗ്രസിന്റെ രാഷ്ട്രീയഭാവിയെ അനുകൂലമായി ബാധിക്കുമോ? അത് ദേശീയ രാഷ്ട്രീയത്തെ സ്വാധീനം ചെയ്യുമോ? അത് മോഡിയുടെ 2019-ലെ ലോകസഭ സാദ്ധ്യതകളെ പ്രതികൂലമായി ബാധിക്കുമോ? അത് ദേശീയ രാഷ്ട്രീയത്തെ സ്വാധീനം ചെയ്യുമോ? അത് മോഡിയുടെ 2019- ലെ ലോകസഭ സാദ്ധ്യതകളെ പ്രതികൂലമായി ബാധിക്കുമോ? ഇതാണ് ഇവിടുത്തെ ചോദ്യം. തീര്‍ച്ചയായിട്ടും മോട്ടിലാല്‍ നെഹ്‌റുവിന്റെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും അനന്തരഗാമിയും ഇന്ദിരയുടെ ചെറുമകളും രാജീവിന്റെയും സോണിയയുടെയും മകളും ആയ പ്രിയങ്കയെ അങ്ങനെ അങ്ങ് എളുപ്പത്തില്‍ എഴുതി തള്ളുവാന്‍ സാധിക്കുകയില്ല. പ്രത്യേകിച്ചും ഇന്ദിരഗാന്ധിയുടെ സാദൃശ്യവും രാഷ്ട്രീയ ചാതുര്യവും പ്രിയങ്കയില്‍ ആരോപിക്കപ്പെടുമ്പോള്‍. പക്ഷേ, അവലോകനം ചെയ്യപ്പെടേണ്ട കാര്യം രാജ്യം ഇന്നും നെഹ്‌റു- ഗാന്ധി കുടുംബരാഷ്ട്രീയത്തിന്റെ മാസ്മരികതയില്‍ ആണോ എന്നതാണ്. ആണെന്നു ഇതിന് 1984-ല്‍ ഇന്ദിരവധ സഹതാപതരംഗത്തില്‍ നാനൂറിലേറെ ലോകസഭസീറ്റുകളോടെ രാജീവ് ഗാന്ധി ജയിച്ചതിനുശേഷം ഒരു തെളിവും ഇല്ല. അല്ലെന്നു ഇതിനുള്ള പ്രധാന തെളിവ് 2014-ലെ മോഡി തരംഗം ആണ്. പക്ഷേ ആ തരംഗം ക്രമേണ മായുന്ന കാഴ്ചയാണ് 2019-ല്‍ ദൃശ്യം ആകുന്നത്. അതില്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ചുമതലക്കാരി മാത്രം ആയ പ്രിയങ്കക്ക് ദേശീയ വ്യാപകമായ എന്തെങ്കിലും രാഷ്ട്രീയപ്രസരം ചെലുത്തുവാന്‍ സാധിക്കുമോ രാഹുലിനോടൊപ്പം? നെഹ്‌റു-ഗാന്ധി കുടുംബരാഷ്ട്രീയത്തിന്റെ മാസ്മരികതയെ പുനര്‍ജീവിപ്പിക്കുവാന്‍ പ്രിയങ്കക്ക് സാധിക്കുമോ?  കോണ്‍ഗ്രസിന് അപ്പുറം പ്രിയങ്കക്ക് ഇതര വോട്ട്‌റ•ാരില്‍ സ്വാധീനം ചെലുത്തുവാന്‍ സാധിക്കുമോ?

കോണ്‍ഗ്രസിന്റെ അണികളെ ഉണര്‍ത്തുവാന്‍ പ്രിയങ്കക്ക് സാധിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല. അതാണ് കോണ്‍ഗ്രസിനുള്ളില്‍ നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ മാസ്മരികത. പ്രത്യേകിച്ചും പ്രിയങ്കയുടെ വ്യക്തിപ്രഭാവം. അത് ദേശീയതലത്തില്‍ അത്ര ഒന്നും തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും നല്ല ഒരു പരിധി വരെ അങ്ങനെ ഒരു പ്രിയങ്ക വ്യക്തിപ്രഭാവം റായ്ബറേലിക്കും അമേഥിക്കും അപ്പുറം ഉണ്ട്. അതുകൊണ്ട് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രിയങ്കയെ രാഹുല്‍ ദേശീയതലത്തില്‍ പ്രചരണത്തിനായി നിയോഗിക്കണമായിരുന്നു എന്ന് വീക്ഷിച്ച് വിലയിരുത്തുന്നത്. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ നാല്‍പതിനടുത്ത് ലോകസഭ സീറ്റുകളില്‍ പ്രിയങ്കയെ തളച്ചിടരുതായിരുന്നു എന്ന നിഗമനം ഉണ്ട്. പക്ഷേ, ഉത്തര്‍പ്രദേശ് ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകം ആണ്. അവിടത്തെ 80 സീറ്റുകള്‍ ഇന്‍ഡ്യയുടെ ഭാവി നിശ്ചയിക്കും. 2014-ല്‍ മോഡി 73 സീറ്റുകള്‍ നേടിയതാണിവിടെ. അവിടെ പ്രബലരായ സമാജ് വാദി പാര്‍ട്ടിയും(അഖിലേഷ് യാദവ്) ബഹുജന്‍ സമാജ്പാര്‍ട്ടിയും(മായാവതി) മഹാസഖ്യത്തില്‍ നിന്നും കോണ്‍ഗ്രസിനെ ഒഴിവാക്കിയതാണ് രാഹുലിനെ പ്രിയങ്ക എന്ന തുരുപ്പ് ശീട്ട് ഇറക്കുവാന്‍ പ്രേരിപ്പിച്ചത്. ഈ തന്ത്രപ്രധാനമായ നീക്കത്തിലൂടെ ഒരു പക്ഷേ ഈ സഖ്യം കോണ്‍ഗ്രസിനെ ഉള്‍ക്കൊള്ളിക്കുന്ന കാര്യത്തില്‍ ഒരു പുനര്‍ പരിശോധന നടത്തുകയും ചെയ്‌തേക്കാം. ഈ മൂന്നു സഖ്യം ഒരുമിച്ചു നിന്നാല്‍ ബി.ജെ.പി.ക്ക് ഇരുപതില്‍ താഴെ സീറ്റുകളേ ലഭിക്കുവാന്‍ സാധിക്കുകയുള്ളൂ എന്നാണ് കണക്കുകൂട്ടല്‍. മോഡിയുടെ വാരണാസി പോലും ബി.ജെ.പി.ക്ക് ബുദ്ധിമുട്ട് ആയേക്കാം. അതും എസ്.പി.-ബി.എസ്.പി. സഖ്യത്തോടെ പ്രിയങ്ക അവിടെ മത്സരിച്ചാല്‍. മോഡി 2014-ല്‍ ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കേജരിവാളിനെതിരെ മൂന്നുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ചത് ആണ് ഇവിടെ. പക്ഷേ, വാരണാസിക്കുള്ള ഒരു പ്രത്യേകത ഒരിക്കല്‍ മാത്രം അല്ലാതെ ഒരിക്കലും അത് നിലവിലുള്ള എം.പി.യെ രണ്ടാമത് തെരഞ്ഞെടുത്തിട്ടില്ല എന്നതാണ്. അതുകൊണ്ടാണ് മോഡി ഒഡീയിലെ പൂരിയിലേക്ക് സ്ഥലം മാറ്റം നടത്തുമെന്ന റൂമര്‍ കേള്‍ക്കുന്നത്. പ്രിയങ്ക മഹാസഖ്യത്തില്‍ മത്സരിച്ചാല്‍ മോഡിക്ക് അത് ഒരു വലിയ പ്രതിസന്ധി ആയിരിക്കും. സഖ്യം ഇല്ലെങ്കില്‍ പോലും റായ്ബറേലിയും അമേഥിയും പോലെ എസ്.പി.-ബി.എസ്.പി. സഖ്യം വാരണാസിയിലും മത്സരിക്കാതെ കോണ്‍ഗ്രസിനെ പിന്തുണച്ചാല്‍ മോഡിയും പ്രിയങ്കയും തമ്മിലുള്ള മത്സരം-പ്രിയങ്ക മത്സരിച്ചാല്‍- കടുത്തതായിരിക്കും എന്നകാര്യത്തില്‍ സംശയം ഇല്ല. ഇവിടെ പ്രിയങ്ക മത്സരിക്കുമോ എന്നതാണ് പ്രധാന ചോദ്യം. മത്സരിച്ചാല്‍ തന്നെയും അത് സോണിയയുടെ റായ്ബറേലിയില്‍ ആകുവാന്‍ അല്ലേ സാദ്ധ്യത എന്ന ചോദ്യവും ഉണ്ട്. സോണിയ ആരോഗ്യപരമായ കാരണത്താല്‍ ക്ഷീണിതയും ആണ്. പ്രിയങ്ക വാരണാസിയില്‍ മത്സരിച്ചാല്‍ മോഡിയുടെ അഖിലേന്ത്യ പ്രചരണ കൊടുങ്കാറ്റിനെ അത് ബാധിച്ചേക്കാം. പ്രിയങ്കയുടെ കിഴക്കന്‍ ഉത്തര്‍പ്രദേശ് പ്രചരണത്തെയും അത് ബാധിച്ചേക്കാമെങ്കിലും അത് തുലനം ചെയ്യുമ്പോള്‍ ചെറുതാണ്.

പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസിന് പുറത്ത് എന്ത് ചലനം ഉണ്ടാക്കും എന്നത് കണ്ടറിയണം. പ്രിയങ്ക ഒരു സ്വാഭാവീക രാഷ്ട്രീയ നേതാവ് ആണ്. വളരെ അക്രമാസക്തമായ തെരഞ്ഞെടുപ്പ് പ്രചാരകയും പ്രാസംഗികയും ആണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും പ്രസംഗത്തിന്റെയും ഭാഷയും വ്യാകരണവും അവര്‍ക്ക് നന്നായിട്ടറിയാം. അത് നൈസര്‍ഗ്ഗീകം ആണ്. മോഡിയുടെ 56 ഇഞ്ച് നെഞ്ചിടം കൊ്ട്ടിഘോഷിക്കപ്പെട്ടപ്പോള്‍ പ്രിയങ്ക ഒരു തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തിരിച്ചടിച്ചത് ഇങ്ങനെ ആയിരുന്നു: 56 ഇഞ്ചിന്റെ നെഞ്ചല്ല വിശാലമായ ഒരു ഹൃദയം ആണ് പ്രധാനം.
കോണ്‍ഗ്രസിന് വെളിയില്‍ സ്വീകാര്യത ഉണ്ടായാല്‍ മാത്രമെ പ്രിയങ്കയുടെ വരവ് കൊണ്ട് കോണ്‍ഗ്രസിന് അനുകൂലമായ ഒരു കാറ്റ് 2019-ല്‍ ഉണ്ടാവുകയുള്ളൂ. അതിന് പ്രിയങ്ക കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ നിന്നും ദേശീയ തലത്തിലേക്ക് പ്രചരണം മാറ്റണം. പക്ഷേ, അവിടെയും ചോദ്യം ഉണ്ട്. ജനം ഒരു വ്യക്തിയിലേക്കും ഒരു കുടുംബവാഴ്ച രാഷ്ട്രീയത്തിലേക്കും അവരുടെ രാഷ്ട്രീയം ഒതുക്കുമോ? അത് സാഹചര്യം അനുസരിച്ചായിരിക്കും എന്നേ ഇപ്പോള്‍ പറയുവാന്‍ സാധിക്കുകയുള്ളൂ.
എന്തായാലും പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസിനെയും  പ്രത്യേകിച്ച് രാഹുലിനെയും സഹായിക്കുമെന്ന കാര്യത്തില്‍ സംശയം ഇല്ല. പക്ഷേ, കോണ്‍ഗ്രസിന് വെളിയില്‍ അത് എങ്ങനെ തെരഞ്ഞെടുപ്പിനെ മാറ്റി മറിക്കും എന്ന കാര്യത്തിലാണ് സംശയം. പ്രിയങ്കയുടെ വരവിനെ കുടുംബരാഷ്ട്രീയത്തിന്റെ മറ്റൊരു മലീമസമായ പ്രകടനമായി വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ശരിയാണത്. കുടുംബവാഴ്ച രാഷ്ട്രീയം ജനാധിപത്യത്തിന് ഹാനികരം ആണ്. പക്ഷേ, അത് നെഹ്‌റു-ഗാന്ധി കുടുംബത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. ബി.ജെ.പി.യിലും ഉണ്ട്. അതും നെഹ്‌റു-ഗാന്ധി കുടുംബത്തില്‍ നിന്നും തന്നെ(മനേക-വരുണ്‍). പിന്നെ അവിടന്നങ്ങോട്ട് ഒരുഘോഷയാത്ര തന്നെയാണ്. യാദവന്മാരും(ഉത്തര്‍പ്രദേശ്-ബീഹാര്‍), കരുണാനിധി കുടുംബവും, എന്നുവേണ്ട കാശ്മീര്‍, തെലുങ്കാന തുടങ്ങിയ എവിടെയും.

 ഒരു വ്യക്തിയുടെ വരവ് കൊണ്ടൊന്നും ഇന്‍ഡ്യ പോലുള്ള ഒരു രാജ്യത്തെ രാഷ്ട്രീയം അപ്പാടെ മാറി മറിയുവാന്‍ പോകുന്നില്ല. ഒരു രാഷ്ട്രീയ കുടുംബത്തില്‍ ജനിച്ചു എന്ന ഒറ്റകാരണത്താല്‍ മാത്രം പ്രിയങ്കക്ക് രാഷ്ട്രീയത്തില്‍ ഇറങ്ങുവാനുള്ള അവകാശം ഒരു പൗരന്‍ എന്ന നിലയില്‍ നിഷേധിക്കപ്പെട്ടുകൂട. ജനം അവരെ സ്വീകരിക്കുന്നത് അവരുടെ രാഷ്ട്രീയ ഇടപാടിലൂടെ ആയിരിക്കും. അതുവരെയും കാത്തിരുന്ന കാണാം. മറ്റെന്ത് പറയുവാന്‍ രാഷ്ട്രീയമായും ഭരണപരമായും പരീക്ഷിച്ച് തെളിയിക്കപ്പെടാത്ത ഒരു വ്യക്തിയെക്കുറിച്ച്.

പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തെ മാറ്റി മറിക്കുമോ? (ഡല്‍ഹികത്ത് : പി.വി.തോമസ് )
Join WhatsApp News
GEORGE 2019-01-31 10:33:04
മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രി പി വി തോമസ് എക്കാലത്തും ഒരു കോൺഗ്രസ് ഫാൻ എന്നതിനൊപ്പം ഒരു നെഹ്‌റു കുടുംബ ഫാൻ കൂടി ആണ് എന്നത് അദ്ദേഹത്തിന്റെ എഴുത്തുകളിൽ പ്രതിഫലിക്കാറുണ്ട്. അത് തന്നെ ഈ ലേഖനത്തിലും എടുത്തു കാണിക്കുന്നു.
ഏതൊരു പൗരനെപ്പോലെ പ്രിയങ്കക്കും എന്തുകൊണ്ടും രാഷ്ട്രീയത്തിൽ ഇറങ്ങാനും മത്സരിക്കാനും പ്രധാന മന്ത്രി ആവാനും എന്ത് കൊണ്ടും യോഗ്യത ഉണ്ട്. അതിനെ കുറച്ചു കാണുകയല്ല.
ശ്രി റോബർട്ട് വദേരയെ എൻ ഡി എ വളഞ്ഞിട്ടു അക്രമിക്കയാണെന്നു എന്നാണ് ലേഖകന്റെ വിലാപം. റോബർട്ട് വധേര നെഹ്‌റു കുടുംബത്തിൽ വരുമ്പോൾ അദ്ദേഹത്തിന്റെ ആസ്തി എത്ര ? ഇപ്പോൾ അത് എത്ര എന്ന് ആലോചിക്കുന്ന ഒരാൾക്കും റോബർട്ട് വധേര എങ്ങിനെ ഇത്ര പണക്കാരൻ ആയി എന്ന് മനസ്സിലാക്കാൻ ബുദ്ധി മുട്ടുണ്ടാവില്ല. 
അഴിമതി ഒരു അലങ്കാരം ആയി കൊണ്ട് നടക്കുന്നത്തിൽ മൽസരിക്കുന്നവർ ആണ്  ഇന്ത്യയിലെ ഭരണ പ്രതിപക്ഷ പ്രാദേശ്ശിക പാർട്ടികൾ. അതുകൊണ്ടു അവരെ പിണക്കാതിരിക്കുന്നതാണ് ശ്രി പി വി തോമസ്സിനെപ്പോലുള്ള മാധ്യമ പ്രവർത്തകർക്ക് നേട്ടം.
Pryanka Jai 2019-01-31 11:40:08
രോബര്‍ട്ട് വദ്ര ഒരു ബിസിനസുകാരനാണ്. ബിസിനസ് സാമാന്യ നിലയില്‍ വളരും. അത് അഴിമതിയാണോ? വദ്രക്കു അതിനു മാത്രം വലിയ സമ്പത്തില്ല താനും. ഒന്നുമില്ലാതിരുന്ന ധിരുബായി അംബാനി എങ്ങനെ വളര്‍ന്നു?
നേരെ മറിച്ച് അനില്‍ അംബാനിക്ക് 30,000 കോടി പതിച്ചു കൊടുത്തു മോഡി. വദ്രക്കു ആരും പതിച്ചു കൊടുത്തതായി അറിവില്ല. ആരോപണമൊന്നും തെളിഞ്ഞതായും അറിയില്ല. മുക്കാല്‍ ചക്രത്തിനു ആര്‍ അഴിമതി ചെയ്യുന്നു?
വദ്രയോ അഴിമതിയോ അല്ല ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്‌നം. ഇന്ത്യ ഇന്ത്യയായി നില്ക്കണൊ എന്നതാണ്. വെറുപ്പിന്റെ തത്വശാസ്ത്രം ബി.ജെ.പി സമര്‍ഥമായി രാഷ്ട്രീയ നേട്ടത്തിനു ഉപയോഗിക്കുമ്പോള്‍ രാജ്യം പ്രതിസന്ധിയിലാകുന്നു.
പരിവാര്‍ ഭക്തര്‍ക്ക് അതു മനസിലാകണമെന്നില്ല
Corruption 2019-01-31 15:02:54
Most of the people in India don't accept the corruption of their own leaders. if we ask congress follower about Augusta West Land deal their answer will be what about BJP's Rafel Flight deal.. And if we ask about Rafel deal to a BJP guy his answer will be Augusta deal. 
Robert Vadra who has a net worth of $2.1 billion (2018 March 31). Robert Vadra earned his net worth after his marriage to Priyanka Gandhi. He had Artex, a small company that specializes in jewelry exports before coming to Nehru family. Everyone knows how he became so powerful in Delhi and Hariyana. 
Modi govt supported to Ambanis' and Adanis' a lot, no doubt. All the governments from 1977 helped them.  In 2014 people of India had a hope on Modi but he also proved no body can rescue India from corruption.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക