Image

'ധരണിയുടെ രോഷം' (കവിത: മഞ്ജുള ശിവദാസ്)

മഞ്ജുള ശിവദാസ് Published on 30 January, 2019
'ധരണിയുടെ രോഷം' (കവിത: മഞ്ജുള ശിവദാസ്)
പുരോഗതിക്കായ് പുതിയ യന്ത്രം ചമയ്ക്കൂ,
പഴയവയെയൊക്കെയും തച്ചുടച്ചേക്കൂ.

കാടുകള്‍ വെട്ടിത്തെളിച്ചു നാടാക്കുക,
മേടുകളുടച്ചവിടെ സൗധങ്ങള്‍ പണിയുക.

അരുവികളിലൂടെ മാലിന്ന്യമൊഴുകട്ടെ,
അവശിഷ്ടനിക്ഷേപയിടമാക്കു പുഴകളും.

കൃഷിയിടങ്ങള്‍ക്കുമേല്‍ ഫാക്ടറികളുയരട്ടെ,
കര്‍ഷകര്‍ കണ്ണുനീരുണ്ടു കഴിയട്ടെ.

ഭീമന്‍ പുകക്കുഴല്‍ തുപ്പും വിഷങ്ങളും,
അന്തരീക്ഷത്തിലേക്കൊഴുകിപ്പരക്കട്ടെ.

പിഴുതെടുക്കൂ ശിഷ്ട തരുനിരകള്‍ കൂടി,
എന്നെപ്പിളര്‍ന്നു നീ ഖനികളുമെടുക്കൂ.

മുറിവുകളില്‍നിന്നു നോവുറവയായൊഴുകു-
മെന്‍ രക്തം കുടിച്ചു നിന്‍ ദുര ശമിപ്പിക്കൂ.

വികസനം വിലയിരുത്തുന്നതാം വേളയില്‍-
ദുര സ്വരുക്കൂട്ടിയതു നേട്ടമെന്നോതൂ.

ഇനി വരും തലമുറയ്ക്കായ് നേടി നീ-
യെന്റെ മൃതശരീരത്തിന്‍ തണുപ്പുമാത്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക