Image

ജനാധിപത്യബോധം വര്‍ദ്ധിതവീര്യത്തോടെ ആഞ്ഞടിച്ച് രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുകതന്നെ ചെയ്യട്ടെ! (ഡോ.പി.ഹരികുമാർ)

Published on 27 January, 2019
ജനാധിപത്യബോധം വര്‍ദ്ധിതവീര്യത്തോടെ ആഞ്ഞടിച്ച് രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുകതന്നെ ചെയ്യട്ടെ!  (ഡോ.പി.ഹരികുമാർ)
ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന, മതേതര സഹവര്‍ത്തിത്വമാഗ്രഹിക്കുന്ന, എല്ലാ പൗരന്മാരുടെയും സൗഹൃദ സഹജീവിതം കാക്കുന്ന, നമ്മുടെ ക്രാന്തദര്‍ശിത്വവും അസുലഭ സാമൂഹ്യവീക്ഷണവുമുള്ള നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യവും പരസ്പര സഹിഷ്ണുതയും, സാഹോദര്യവും അമൂല്യമായി നെഞ്ചോട് ചേര്‍ക്കുന്ന ഏവരും ഇന്ന് ഭീതിയുടെ നിഴലിലാണ്.

അധികാര പ്രമത്തതയും മൗലികവാദത്തിന്റെ രഥയാത്രയും, പടഹവും, കുതിര കച്ചവടങ്ങളും, കോടികള്‍ മുടക്കിയുള്ള നാര്‍സിസ്റ്റ് രാഷ്ടീയ പ്രകടനപരതയും, കൂലിക്കെടുക്കപ്പെട്ട വൈതാളിക മാധ്യമങ്ങളുടെ വ്യാജ പ്രചരണങ്ങളും കണ്ട് ഹതാശരായിരിക്കുകയാണ് ജനം.

അപ്രഖ്യാപിത സമൂല അടിയന്തരാവസ്ഥ അതി കൗശലത്തോടെയും, അധാര്‍മ്മികതയെ മിടുക്കായി ആഘോഷിച്ചും, ജനാധിപത്യമൂല്യങ്ങളെ തരിമ്പും കുറ്റബോധമില്ലാതെ ധ്വംസിച്ചും, നികുതി പണമുപയോഗിച്ച് 'ഞാന്‍ ഞാന്‍' എന്ന് വിളംബരം ചെയ്തും പ്രാവര്‍ത്തികമായിരിക്കുകയാണിന്ന്. പണ്ടത്തെ അടിയന്തരാവസ്ഥ ജനാധിപത്യ മൂല്യങ്ങള്‍ക്കെതിരെ നേരിട്ടു പ്രഖ്യാപിച്ചുള്ള ആക്രമായിരുന്നെങ്കില്‍, ഇന്നത്തെത് എല്ലാ ജനാധിപത്യ സാംസ്‌ക്കാരിക, സാമ്പത്തിക, വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ജനമറിയാതിരിക്കത്തക്ക കൗശലത്തോടെ കൈപ്പിടിയിലൊതുക്കുന്ന നട്ടപ്പാതിരാ ഒളിപ്പോരാണ്.

മുന്‍ഗവണ്മെന്റുകളുടെ അഴിമതിയില്‍ മനംമടുത്ത കാലത്ത് ഗത്യന്തരമില്ലാതെ ഏല്‍പ്പിച്ച ഭരണകര്‍ത്താക്കളാണ് ഇതിനു കാരണം.
കറയറ്റവരല്ലെന്നറിയാമെങ്കിലും രക്ഷകവാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള 'ധൈര്യ'മുള്ളവരെന്ന് തോന്നിപ്പിച്ചവരെ ,അതീവ വിശ്വസത്തോടെ അധികാരമേല്‍പ്പിക്കപ്പിക്കുകയായിരുന്നു. വല്ലാത്തവഞ്ചിതബോധവും, നിസ്സഹായതയുമാണ് ഇന്ന് ഇതുണ്ടാക്കിയിരിക്കുന്നത്.

രാജ്യത്തിന്റെ മുക്കു മൂലകളിലൊക്കെ ഭീതിദ സാന്നിദ്ധ്യമുള്ള വലതുപക്ഷ മൗലിക ബലമാണ് ഇവര്‍ക്കുള്ളത്. ഒപ്പം വിദേശത്തുള്‍പ്പടെയുള്ളവന്‍ പണക്കാരുടെ നിര്‍ലോഭ സഹായവുമുണ്ടിവര്‍ക്ക്. കോടിക്കണക്കിനു വരുന്ന നിരക്ഷര നിസ്സഹായ പാവങ്ങളാണ് പ്രധാന ബലിയാടുകള്‍. ജയപ്രകാശ് നാരായണനെപ്പോലൊരു രക്ഷകനെയാണവര്‍ തിരയുന്നത്.
ഇത്തരമൊരു ചുറ്റുപാടില്‍, ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെയും വിവിധ മേഖലകളിലുള്ള ഉത്പതിഷ്ണുക്കളുടെയും ഒന്നുചേര്‍ന്ന സമയോചിത ആശ്രയം ഇന്ത്യന്‍ ജനത അര്‍ഹിക്കുന്നുണ്ട്.

ഈ ദശാസന്ധിയില്‍ ,കറുത്തിരുണ്ട കാര്‍മേഘത്തിനിടയിലെവെള്ളിവെളിച്ചംപോലെ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ചില പുത്തന്‍ സ്പുലിംഗങ്ങള്‍ കാണുന്നുണ്ട് എന്നു സൂചിപ്പിക്കാനാണ് ഈ കുറിപ്പ്.

സംഗീതജ്ഞനായ TN കൃഷ്ണ, കലാകാരായ പ്രകാശ് രാജ്, നസറുദ്ദീന്‍ ഷാ, നന്ദിതാദാസ്, രാമു രാമനാഥനുള്‍പ്പടെയുള്ള തിയേറ്റര്‍ പ്രതിഭകള്‍, പ്രിയനന്ദന്‍, സംഭാജി ഭഗത്, കേരളത്തിലെ ചില യുവനടിമാര്‍,

മാധ്യമ പ്രവര്‍ത്തകരായ അരുണ്‍ ഷൂരി ,രാജ്ദീപ് സര്‍ദേശായി, NDTV അംഗങ്ങള്‍, ചിന്തകരായ സായ്‌നാഥ്, കാഞ്ച ഐലയ്യ, സുനില്‍ പി. ഇളയിടം പ്രൊഫ.ബി.രാജീവന്‍, തുടങ്ങിയവര്‍, ഗൗരിലങ്കേഷിന്റെയും, ദാബോല്‍ക്കറുടെയും, പന്‍സാരെയുടെയും നേരേ നടന്ന മൗലികവാദാ ക്രമണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിപ്പോരുന്ന അനേകര്‍,
ഈയിടെ നടന്ന മറാത്തി സാഹിത്യ സംഗമമുത്ഘാടനം ചെയ്ത 'സാധാരണ' വനിത, ജാതിവര്‍ഗീയതയുടെ ഇരയായ പെരുമാള്‍ മുരുഗന്‍, രക്തസാക്ഷിയായ രോഹിത് വെമുല, അധികാര ഫാസിസത്തെ വെല്ലുവിളിക്കുന്ന കനയ്യകുമാറിനെപ്പോലുള്ള ചെറുപ്പക്കാര്‍,, മൗലികവാദികള്‍ക്കെതിരെ എക്കാലത്തും ധീരമായ നിലപാടുകളെടുത്തിട്ടുള്ള ആനന്ദ് പട് വര്‍ദ്ധന്‍, അധിനിവേശത്തിനെതിരെ സമരം ചെയ്ത പൂണെ ഫിലിമിന്‍സ്റ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍, ആശയ പ്രകാശന സ്വാതന്ത്ര്യത്തിന്റെ മേലുള്ള ഭരണകൂട അധിനിവേശത്തിനെതിരെ നിലപാട് പ്രഖ്യാപിക്കുന്ന സച്ചിദാനന്ദനുള്‍പ്പടെയുള്ള അനേകം സാഹിത്യ പ്രവര്‍ത്തകര്‍ ഇവരുടെയൊക്കെ നിര്‍ഭയസ്വരങ്ങള്‍ ഇതോടൊപ്പം കാണുന്ന ആശാ കിരണങ്ങളാണ്.

ഇതോടൊപ്പംതന്നെ കണക്കാക്കേണ്ടതാണ് ശബരിമല വിഷയത്തിലും, രാംമന്ദിര്‍ വിഷയത്തിലും,പശു, ബീഫ് രാഷ്ട്രീയ വിഷയങ്ങളിലുമൊക്കെയുള്ള പരമോന്നതകോടതിയുടെ വിധികള്‍. ന്യായാധിപരുടെ ജനാധിപത്യ സംരക്ഷണത്തിനായുള്ള ധീരനിലപാടുകള്‍ എന്നിവ.

ഇത്തരുണത്തില്‍ ശ്രദ്ധേയമായ കാര്യം, നമ്മുടെ യുവതലമുറയില്‍ വലിയൊരു വിഭാഗം, പ്രത്യേകിച്ചും യുവതികള്‍, മൗലികവാദത്തിനും ജീര്‍ണിച്ച ആചാരമാമൂലുകള്‍ക്കു മെതിരെ നിലപാടെടുക്കുന്നു എന്നുള്ളതാണ്.ഒപ്പം തന്നെ ഗാന്ധിചിന്തകള്‍ക്ക് അവര്‍ ഗൗരവമുള്ള പരിഗണന നല്‍കാന്‍ തുടങ്ങിയിരിക്കുന്നു എന്നുള്ളത്.

ഇവിടെ കേരളത്തിലെ ഇടതുപക്ഷത്തിന്റെ, വിമോചനസമരകാല രാഷ്ട്രീയപാഠം ഉള്‍ക്കൊണ്ട് ആര്‍ജ്ജവമുള്ളതും നയതന്ത്രപരമായ ഇടപെടലുകളും,വനിതാ മതിലിലെ വന്‍ ജനപങ്കാളിത്തവും ഏറെ ആശാവഹമായി കാണാം.

ഈയിടെ കാണാനിടയായ CNN ന്യൂസിലെ 'ശബരിമല' ചര്‍ച്ചയില്‍ യുവതീയുവാക്കളില്‍ മുക്കാല്‍ പങ്കും, മാറ്റങ്ങള്‍ക്കുവേണ്ടി നിലപാടെടുക്കുന്നത് കണ്ടുവെന്ന് സൂചിപ്പിക്കട്ടെ. Me Too വെളിപ്പെടുത്തലുകളും, സിനിമാ നടികളുടെ കൂട്ടായ്മയും ,ഉന്നത പൗരോഹിത്യത്തിന്റെയും സഭകളുടെയും ചൂഷണാതിക്രമണ ധാര്‍ഷ്ട്യത്തിനെതിരെ കന്യാസ്ത്രീകളുടെയും ചില വൈദികരുടെയും ജീവന്‍തന്നെ പണയം വെച്ചുള്ള, ചെറുത്തു നില്‍പ്പും, ഭിന്ന ലൈംഗികരുടെ പ്രകാശനങ്ങളും മറ്റും ലിംഗനീതിയ്ക്കു വേണ്ടിയും, മതവര്‍ഗീയ വാദരാഷ്ട്രീയ പ്രവണതളെ ചെറുക്കുന്നതിനു വേണ്ടിയുമുള്ള ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ മുറവിളിചിഹ്നങ്ങളാണ്.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭരണപക്ഷങ്ങള്‍ക്കേറ്റ തിരിച്ചടിയും, രാജ്യത്തുടനീളം നടക്കുന്ന കര്‍ഷക പ്രതിഷേധങ്ങളും, കൊല്‍ക്കത്തയില്‍ നടന്ന മഹാഗഡ്ബന്ധന്‍യോഗവും നന്മയ്ക്കുവേണ്ടി നിലകൊള്ളുന്നവര്‍ക്ക് ശുഭാപ്തി വിശ്വാസം നല്‍കുന്നുണ്ട്.

അടിയന്തരാവസ്ഥയെ ചെറുത്തു തോല്‍പ്പിച്ച ഇന്ത്യന്‍ ജനാധിപത്യബോധം വര്‍ദ്ധിതവീര്യത്തോടെ ആഞ്ഞടിച്ച് രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുകതന്നെ ചെയ്യട്ടെ!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക