Image

കണ്ണിമതെറ്റാതെ കാക്കണം ഈ നിധിശേഖരത്തെ

ജി.കെ. Published on 05 July, 2011
കണ്ണിമതെറ്റാതെ കാക്കണം ഈ നിധിശേഖരത്തെ
കേരളത്തിലെ നാലാള്‍കൂടുന്ന നാല്‍ക്കവലകളിലും നാട്ടിടവഴികളിലും നഗരത്തിരക്കുകളിലും ഇപ്പോള്‍ ഒറ്റവിഷയമേ ചര്‍ച്ച ചെയ്യുന്നുള്ളൂ. സ്വാശ്രയമോ, ലോട്ടറിയോ ഒന്നുമല്ല ഇപ്പോള്‍ ജാതിമത വര്‍ഗ ഭേദമില്ലാതെ ഓരോ മലയാളിയും ചര്‍ച്ച ചെയ്യുന്നത്‌. തിരുവനന്തപുരം ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തിന്റെ വലിപ്പംകണ്‌ട്‌ കണ്ണുതള്ളിയിരിക്കുന്ന മലയാളി മുഖങ്ങളാണ്‌ ഇപ്പോള്‍ എവിടെയും കാണാനാവുന്നത്‌. മലയാളികളെ മാത്രമല്ല രാജ്യത്തെത്തന്നെ ഒരേസമയം അമ്പരിപ്പിക്കുകയും ഒപ്പം ആഹ്ലാദിപ്പിക്കുകയും ചെയ്യുന്ന കണക്കുകളാണ്‌ ശ്രീപദ്‌മനാഭസ്വമി ക്ഷേത്രത്തിലെ നിലവറകളില്‍ നിന്ന്‌ ഓരോദിവസവും പുറത്തുവരുന്നത്‌. ഒരു നാടോടിക്കഥയുടെ ഭ്രമാത്മകതയിലും ആകാംക്ഷയിലുമാണിപ്പോള്‍ ഓരോ കേരളീയനും.

വിസ്‌മയമൊളിപ്പിച്ചുവെച്ച നിലവറകള്‍ ഇനിയും തുറക്കാനിരിക്കെ സമ്പത്തിന്റെ സര്‍വേശ്വരനെന്നു പുകള്‍ പെറ്റ തിരുപ്പതി വെങ്കിടേശ്വരന്‍ പോലും സമ്പത്തിന്റെ കാര്യത്തില്‍ അനന്തപദ്‌മനാഭനുമുന്നില്‍ സാഷ്‌ടാംഗം പ്രണമിച്ചിരിക്കുന്നു. എത്രമേല്‍ മഹിതമായിരുന്നു നമ്മുടെ ഭൂതകാലമെന്നും എത്രമേല്‍ ധര്‍മിഷ്‌ഠരും പ്രജാതല്‍പരരും കരുതലുമുള്ളവരുമായിരുന്നു നമ്മുടെ ഭരണാധിപരെന്നും നമ്മെ ഓര്‍മിപ്പിക്കുകകൂടിയാണ്‌ സുപ്രീംകോടതി നിര്‍ദേശാനുസരണമുള്ള ഈ കണക്കെടുപ്പ്‌.

പഴയ നാട്ടുരാജ്യമായ തിരുവിതാംകൂറിന്റെ കുലദൈവമാണു ശ്രീ പദ്‌മനാഭന്‍. രാജസമ്പത്തും രാജാധികാരങ്ങളും ശ്രീ പദ്‌മനാഭനു തൃപ്പടിദാനം ചെയ്‌തു പദ്‌മനാഭ ദാസന്മാരായി നാടു ഭരിച്ചവരാണു തിരുവിതാംകൂര്‍ രാജാക്കന്മാര്‍. അധികാര ദുര്‍വിനിയോഗവും ആഡംബരവും ധൂര്‍ത്തും തിരുവിതാംകൂര്‍ ഭരിച്ചിരുന്ന രാജാക്കന്മാരുടെ വഴിയായിരുന്നില്ല. നാടിന്റെ സമ്പത്ത്‌ കളഞ്ഞുകുളിച്ചുകൊണ്‌ടുള്ള ഒരു തീരുമാനവും അവരെടുത്തിരുന്നില്ല. അവര്‍ നേടിയതും സമ്പാദിച്ചതും ശ്രീപദ്‌മനാഭനു ദാനംചെയ്‌തു. ക്ഷേത്രത്തില്‍ നിന്നിറങ്ങുമ്പോള്‍ അറിയാതെ കാലടിയില്‍പ്പറ്റിയ മണ്ണുപോലും കൊണ്‌ടുപോകാതിരിക്കാന്‍ കാലുകൂടി തട്ടികുടയുന്ന പാരമ്പര്യമുള്ള തിരുവിതാംകൂര്‍ രാജവംശം സമ്പത്തിന്റെ സിംഹഭാഗവും ശ്രീപദ്‌മനാഭനും കാണിക്കവെച്ചുവെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല.

അതുകൊണ്‌ടുതന്നെ പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ നിന്ന്‌ കണ്‌ടെടുക്കുന്നതൊന്നും വെറുമൊരു നിധിശേഖരത്തിന്റെ കണക്കില്‍ വരവ്‌ വെക്കാനുമാവില്ല. മതവിശ്വാസത്തിന്റെ ആത്മീയമൂല്യവും ചരിത്രമൂല്യവും പുരാവസ്‌തുമൂല്യവുമുള്ള ഈ നിധിസഞ്ചയത്തില്‍ ഒരു രാജവംശത്തിന്റെ ധര്‍മബോധവും ഒരു ജനതയുടെ ഭക്തിവിശ്വാസങ്ങളും ഇന്നും ഒളിമങ്ങാതെ വെട്ടിത്തിളങ്ങുന്നുണ്‌ട്‌.

ഇതുവരെ ലഭ്യമായ വിവരപ്രകാരം നിധിശേഖരത്തിന്റെ ഏകദേശമൂല്യം ഒരു ലക്ഷം കോടി രൂപയാണ്‌. ആധുനിക കേരളത്തിന്റെ ഒരു വര്‍ഷത്തെ മൊത്തം ആഭ്യന്തരവരുമാനം പോലും ഇതിനടുത്തെത്തില്ല.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നിധിശേഖരമാണു ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തില്‍ കണെ്‌ടത്തിയിരിക്കുന്നത്‌. അതുകൊണ്‌ടുതന്നെ ആശ്ചര്യത്തിന്റെയും അഭിമാനത്തിന്റെയും ഈ മഹാതരംഗത്തിനിടയിലും ഈ അമൂല്യനിധിശേഖരത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഉത്‌കണ്‌ഠയും സന്ദേഹവും ഉയരുന്നുമുണ്‌ട്‌.

ഭക്തിയുടെയും വിശ്വാസത്തിന്റെയും ഉരുക്കു കോട്ടയിലായിരുന്നു ഈ നിധിശേഖരം ഇന്നലെ വരെ സംരക്ഷിക്കപ്പെട്ടിരുന്നത്‌. സര്‍വാധികാരങ്ങളുമായി എത്രയോ തലമുറകള്‍ പിന്നിട്ടിട്ടും ഒരിക്കല്‍പ്പോലും രാജപ്രൗഢിയുടെ ഈ നിധിശേഖരം ആരും തുറന്നു നോക്കിയില്ല. ഒരു നെല്‍മണി മുത്തു പോലും കളവു പോയതുമില്ല. എന്നാല്‍ ശ്രീ പദ്‌മനാഭ സ്വാമി ക്ഷേത്രം ഇനി എത്രമാത്രം സുരക്ഷിതമാണെന്നു തീര്‍ച്ചയായും ആശങ്കപ്പെടണം.

കണക്കെടുപ്പ്‌ പൂര്‍ത്തിയാവുമ്പോള്‍ ഒന്നര ലക്ഷം കോടി രൂപയുടെ മൂല്യമുണ്‌ടാകുമെന്ന്‌ കരുതുന്ന ഈ സമ്പത്ത്‌ ഇനി എന്തു ചെയ്യുമെന്ന ചോദ്യവും പ്രസക്തമാണ്‌. നിധിശേഖരത്തിന്റെ വലുപ്പം പുറംലോകം അറിഞ്ഞിരിക്കെ, സ്വാഭാവികമായും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തേണ്‌ടതുണ്‌ട്‌. തീപിടിത്തം മുതല്‍ ഭീകരാക്രമണംവരെയുള്ള സുരക്ഷാ ഭീഷണികള്‍ മുന്നില്‍ക്കണ്‌ട്‌ പഴുതുകളടച്ച സുരക്ഷ ഒരുക്കാന്‍ സര്‍ക്കാരിന്‌ ബാധ്യതയുണ്‌ട്‌. അതിനായി ആവശ്യമെങ്കില്‍ കേന്ദ്രസേനയുടെ സഹായം തേടാനും സര്‍ക്കാര്‍ തയാറാവണം. വിമാനത്താവളം, കടലിന്റെ സാമിപ്യം എന്നിവകൂടി സുരക്ഷ ഒരുക്കുമ്പോള്‍ പരിഗണിക്കുകയും വേണം. ക്ഷേത്രപരിസരത്ത്‌ ആള്‍ക്കാര്‍ തിങ്ങിപ്പാര്‍ക്കുന്നതും എണ്ണമറ്റ വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും സുരക്ഷ ഒരുക്കുമ്പോള്‍ വെല്ലുവിളിയായേക്കാം. ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയില്‍ ഒരു പഴുതുപോലും അവശേഷിക്കില്ല എന്ന അതീവജാഗ്രതയാണ്‌ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന്‌ ഇനി ഉണ്‌ടാകേണ്‌ടത്‌.



ഈ പശ്ചാത്തലത്തില്‍ പദ്‌മനാഭസ്വാമി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും വേണ്‌ടെന്നുമുള്ള വാദങ്ങളുമയരുന്നുണ്‌ട്‌. ഇപ്പോഴത്തെ വന്‍ നിധി ശേഖരത്തിന്റെ പശ്ചാത്തലത്തില്‍ ഈ രണ്‌ടു വാദങ്ങളും ഇനി കൂടുതല്‍ ശക്തിപ്പെടുമെങ്കിലും അത്തരം കാര്യങ്ങള്‍ക്കല്ല സര്‍ക്കാര്‍ ഇപ്പോള്‍ പ്രാമുഖ്യം നല്‍കേണ്‌ടത്‌. സംസ്ഥാനത്ത്‌ ദേവസ്വംബോര്‍ഡുകള്‍ വഴി സര്‍ക്കാര്‍ നടത്തുന്ന ക്ഷേത്രഭരണം പരിതാപകരവും അഴിമതിനിറഞ്ഞതുമാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. കേരളത്തിന്റെ പൈതൃകത്തിന്റെ പ്രതീകമായ ശ്രീ പദ്‌മനാഭ സ്വാമി ക്ഷേത്രം സംരക്ഷിച്ചുകൊണ്‌ടുതന്നെ, ഇവിടെ കണെ്‌ടത്തിയ വന്‍ നിധിശേഖരം ജനങ്ങള്‍ക്ക്‌ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും സര്‍ക്കാര്‍ ആലോചിക്കണം.

അതുപക്ഷേ അധികാരവും അധീശത്വവും കാണിച്ചുകൊണ്‌ടാവരുത്‌. നിധിശേഖരം ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലേതു തന്നെയാണെന്നും അത്‌ ഉചിതമായ രീതിയില്‍ സംരക്ഷിക്കുമെന്നുമുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടിയുടെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍ രാജഭരണത്തിന്റെ മഹനീയ മാതൃകയോടും ജനങ്ങളുടെ വിശ്വാസസമര്‍പ്പണത്തോടും ജനയാത്തഭരണകൂടം നീതികേട്‌ കാട്ടില്ലെന്ന്‌ കരുതാം. തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ കാണിച്ചിട്ടുള്ള എളിമയും വിനയവും അര്‍പ്പണബുദ്ധിയും ഇക്കാര്യത്തില്‍ സര്‍ക്കാരിന്‌ മാതൃകയാക്കാവുന്നതാണ്‌.

അളന്നു തിട്ടപ്പെടുത്താന്‍ പോലുംപാടുപെടുന്ന ഈ അമൂല്യ സമ്പത്ത്‌ ഇത്രയുംകാലം കാത്തുസൂക്ഷിച്ച തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ സത്യസന്ധതക്കും ദേശഭക്തിക്കുമുള്ള പ്രണാമം കൂടിയായിരിക്കും സര്‍ക്കാരിന്റെ അത്തരമൊരു നടപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക