Image

അയ്യപ്പ ഭക്ത സംഗമത്തില്‍ പങ്കെടുക്കാതിരുന്നത് മഹാഭാഗ്യം: വെള്ളാപ്പള്ളി

Published on 21 January, 2019
അയ്യപ്പ ഭക്ത സംഗമത്തില്‍  പങ്കെടുക്കാതിരുന്നത് മഹാഭാഗ്യം: വെള്ളാപ്പള്ളി
കോട്ടയം: സവര്‍ണ വിഭാഗങ്ങളുടെ ഐക്യമാണ് ഇന്നലെ തിരുവനന്തപുരത്ത് നടന്ന അയ്യപ്പ ഭക്ത സംഗമത്തില്‍ ഉണ്ടായതെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യമൊന്നും ഉണ്ടായില്ലെന്നും പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് മഹാഭാഗ്യമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആത്മീയതയുടെ മറവില്‍ ശക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. സവര്‍ണ വിഭാഗങ്ങളുടെ ഐക്യമാണ് അവിടെ ഉണ്ടായിരിക്കുന്നത്. ക്ഷണിച്ചിരുന്നെങ്കിലും അതില്‍ പങ്കെടുക്കാതിരുന്നത് മഹാഭാഗ്യമായി എന്നാണ് ഇപ്പോള്‍ കരുതുന്നത്. പങ്കെടുത്തിരുന്നെങ്കില്‍ അത് തന്റെ നിലപാടിന് വിരുദ്ധമാകുമായിരുന്നെന്നും കെണിയില്‍ വീണുപോകുമായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല വിഷയത്തില്‍ യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. എന്നാല്‍ ശരിയായ വസ്തുത പറഞ്ഞ് പ്രകടിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കാതെപോയി. ആര് ഭരണത്തിലിരുന്നാലും കോടതിവിധി നടപ്പാക്കുക എന്നതേ ചെയ്യാനാവൂ. എന്നാല്‍ അത് ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചില്ല. മറുഭാഗത്തിന് അവസരം വളരെയേറെ മുതലെടുക്കാനും സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല കയറിയ സ്ത്രീകളുടെ തെറ്റായ കണക്ക് കോടതിയില്‍ കൊടുത്തത് വലിയ വീഴ്ചയായി. സര്‍ക്കാരിന് അത് ചീത്തപ്പേരുണ്ടാക്കി.

ഭക്തിയല്ല, രാഷ്ട്രീയം തന്നെയാണ് തങ്ങള്‍ക്കുള്ളതെന്ന് ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള പറഞ്ഞിട്ടുണ്ട്. ശബരിമല വിഷയത്തില്‍ ഹിന്ദുത്വ അജണ്ട മുന്നോട്ടുവെച്ച് നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പുവരെ അവര്‍ ഇത് മുന്നോട്ടുകൊണ്ടുപോകും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക