Image

മനോജ് നൈറ്റ് ശ്യാമളന്റെ 'ഗ്ലാസ്' വന്‍ വിജയത്തിലേക്ക്; ഡിക്ക് ചെയ്‌നിയുടെ കഥ പറയുന്ന 'വൈസ്'

ഒരു ലേഖകൻ Published on 20 January, 2019
മനോജ് നൈറ്റ് ശ്യാമളന്റെ 'ഗ്ലാസ്' വന്‍ വിജയത്തിലേക്ക്; ഡിക്ക് ചെയ്‌നിയുടെ കഥ പറയുന്ന 'വൈസ്'
പകുതി കേരളീയനായ മനോജ് നൈറ്റ് ശ്യാമളന്റെ പുതിയ ചിത്രം 'ഗ്ലാസ്' തകര്‍പ്പന്‍ വിജയത്തിലേക്കു കുതിക്കുന്‍. 20 മില്യന്‍ മുടക്കി എടുത്ത സിനിമ ആദ്യ മൂന്നു ദിവസത്തിനുള്ളില്‍ തന്നെ 40 മില്യനിലേറെ നേടി.

കടംകഥകളിലും കോമിക്കുകളിലും മാത്രം സംഭവിക്കുന്ന കഥയാണ് ഗ്ലാസ് പറയുന്നത്. അതേ സമയം തീയറ്ററുകളില്‍ ഇപ്പോഴും കുറഞ്ഞ തോതില്‍ ഓടുന്ന 'വൈസ്' പറയുന്നത് മുന്‍ വൈസ് പ്രസിഡന്റ് ഡിക്ക് ചെനിയുടെ ജീവിത കഥയാണ്.

രണ്ടും വീക്കെന്‍ഡില്‍ കണ്ടു. കണ്ടപ്പോള്‍ തോന്നിയ ചില കാര്യങ്ങളാണിത്. ഗ്ലാസ് കണ്ടപ്പോള്‍ തോന്നിയത് ഏതായാലും മനോജ് ശ്യാമളന്‍ അമേരിക്കക്കു പോന്നത് നന്നായി എന്നാണ്. ഇത്തരം മണ്ടന്‍ കഥകളൊന്നും ഇന്ത്യയില്‍ ചെലവാകില്ല. ഇവിടെയാകട്ടെ സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ ചിരിക്കുകയും പിന്നെ ആകാക്ഷയോടെ ലയിച്ചിരിക്കുകയും ചെയ്യുന്ന നിറഞ്ഞ സദസിനെ കണ്ടു. 

ദോഷം പറയരുതല്ലോ, വനിതകളുടെ തുണിയഴിക്കുന്ന അമേരിക്കന്‍ സിനിമകളിലെ സ്ഥിരം പരിപാടി ഒരു സീനില്‍ പോലും കണ്ടില്ല. ഒരു ചുംബനം പോലും കണ്ടില്ല. തനിക്ക് അമിത മത വിശ്വാസമില്ലെന്നും എന്നാല്‍ നമുക്ക് അതീതമായ ഒരു ശക്തിയുണ്ടെന്നു വിശ്വസിക്കുന്നതായും പറഞ്ഞ ശ്യാമളന്‍ ഇന്ത്യന്‍ ധാര്‍മ്മികത കൈവിട്ടിട്ടില്ല എന്നര്‍ഥം.

2000-ല്‍ ഇറങ്ങിയ അണ്‍ ബ്രേക്കബിള്‍, 2017-ല്‍ ഇറങ്ങിയ സ്പ്ലിറ്റ് എന്നിവയുടെ അവസാന ഭാഗമാണു ഗ്ലാസ്. (സത്യം പറഞ്ഞാല്‍ ഈ ലേഖകനു കഥ കാര്യമായൊന്നും പിടി കിട്ടിയില്ല. പല റിവ്യൂ വായിച്ചിട്ടും കാര്യം മനസിലായില്ല)

അണ്‍ബ്രേക്കബിളില്‍ ഒരു തീവണ്ടി അപകടം സംഭവിക്കുന്നു. ഒരാള്‍ മാത്രം രക്ഷപ്പെടുന്നു. ഡേവിഡ് ഡണ്‍ എന്ന ആ കഥാപത്രത്തെ അവതരിപ്പിക്കുന്നത് വന്വിജയമായ സിക്‌സ്ത്ത് സെന്‍സിലെ നായകനായ ബ്രുസ് വില്ലിസ്. അതിമാനുഷ ശക്തികള്‍ അയാള്‍ തിരിച്ചറിഞ്ഞു. 

സ്പ്ലിറ്റില്‍ നായകനായ ജെയിംസ് മക് അവൊയിക്ക്പല നേരത്ത് പല വ്യക്തിത്വങ്ങളാണു. (മലയാളി സ്വഭാവം) അയാള്‍ സ്ത്രീകളെ തടവില്‍ പാര്‍പ്പിക്കുന്നതും മറ്റുമാണു കഥ.

സാമുവല്‍ എല്‍ ജാക്‌സനാണു ഗ്ലാസ് എന്ന മാനസിക രോഗിയായ ശാസ്ത്രഞ്ജന്‍. ഇവര്‍ മൂന്നാളെയും ഒരു മനോരോഗശുപത്രിയില്‍ അടക്കുന്നു. ബാക്കി കണ്ടു മനസിലാക്കുക (ഈ ലേഖകനു മനസിലായിട്ടു വേണമല്ലോ പറഞ്ഞു തരാന്‍!)

അണ്‍ബ്രേക്കബിളിനു ശേഷം പല ചിത്രങ്ങള്‍ പരാജയപ്പെട്ടിരിക്കുമ്പോഴാണു 9 മില്യനു ശ്യാമളന്‍ സ്പ്ലിറ്റ് എടുത്തത്. അത് 260 മില്യന്‍ നേടി വന്‍ വിജയമായി. ഗ്ലാസും വന്‍ വിജയമാകുമെന്നു വിശ്വസിക്കാം.

ഇനി വൈസിന്റെ കഥ. അമേരിക്കന്‍ വൈസ് പ്രസിഡന്റുമാരില്‍ ഏറ്റവും അധികാരം കയ്യാളിയ വ്യക്തിയാണു ഡിക്ക് ചെയ്‌നി. സിനിമ കണ്ടു കഴിഞ്ഞപ്പോള്‍  ചെയ്‌നിയോടു തോന്നിയതിലും ദ്വേഷ്യം ജോര്‍ജ് ബുഷിനോടു തോന്നി. പ്രസിഡന്റായി ജനം തെരെഞ്ഞെടുത്തത് ബുഷിനെയാണു. ആ അധികാരം സ്വയം വിനയോഗിക്കാതെ മറ്റൊരാളെ ഏല്പ്പിച്ചത് ശരിയായോ?

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം ഒരവസരമായാണു ചെയ്‌നി കാണുന്നത്. ഹാലിബര്‍ട്ടന്റെ മേധാവി ആയിരിക്കുമ്പോള്‍ തന്നെ ഇറാക്കിലെ എണ്ണയില്‍ ഒരു കണ്ണ് ഉണ്ടായിരുന്നു. സദ്ദാം ഹുസൈന്റെ കയ്യില്‍ വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍ ഉണ്ടെന്നു പറഞ്ഞാണു ഇറാഖ് ആക്രമിച്ചത്.

കൂട്ടക്കൊലക്കുള്ള ആയുധമൊന്നും ഇറാഖില്‍ നിന്നു കിട്ടിയില്ല. പക്ഷെ ആ യുദ്ധത്തില്‍ രണ്ട് ലക്ഷം മുതല്‍ 6 ലക്ഷം വരെ നിരപരാധികള്‍ കൊല്ലപ്പെട്ടു...

പക്ഷെ അതെപറ്റിയൊക്കെ പറഞ്ഞാല്‍ ലിബറല്‍ ആണെന്നു മുദ്ര കുത്തുന്ന സാമൂഹിക സ്ഥിതിയിലാണു നാം ജീവിക്കുന്നത് എന്ന സത്യം മറക്കേണ്ടതില്ല. 

മൊത്തം 60 മില്യന്‍ ചെലവായ സിനിമ നാലാഴ്ച പിന്നിട്ടപ്പോള്‍ 40 മില്യനേ നേടിയുള്ളു എന്നതും എടുത്തു പറയണം. പക്ഷെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നേടി

ചെയ്‌നി ആയി അഭിനയിക്കാന്‍ ക്രിസ്ത്യന്‍ ബെയ്ല്‍ 40 പൗണ്ട് ഭാരം വച്ചു.

എന്തായാലും ശ്യാമളന്റെ സിനിമ കാണാന്‍ മറക്കണ്ട. ഫിലഡല്ഫിയയും ട്രെന്റണുമൊക്കെ കാണാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക