Image

കോണ്‍ഗ്രസ്‌ മുന്നില്‍ നിന്ന്‌ നയിക്കണമെന്ന്‌ പാര്‍ട്ടികള്‍; രാഹുല്‍ പ്രധാനമന്ത്രിയാകണമെന്നും ആവശ്യം

Published on 20 January, 2019
കോണ്‍ഗ്രസ്‌ മുന്നില്‍ നിന്ന്‌ നയിക്കണമെന്ന്‌ പാര്‍ട്ടികള്‍; രാഹുല്‍ പ്രധാനമന്ത്രിയാകണമെന്നും ആവശ്യം
ദില്ലി: ദേശീയ തലത്തില്‍, കോണ്‍ഗ്രസ്‌ മുന്നില്‍ നിന്ന്‌ പ്രതിപക്ഷ സഖ്യത്തെ നയിക്കണമെന്ന്‌ പ്രമുഖ പ്രതിപക്ഷ നേതാക്കള്‍.

മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ പ്രതിപക്ഷ സംഗമം നടന്നതിന്‌ തൊട്ടടുത്ത ദിവസമാണ്‌ പ്രതിപക്ഷ നേതാക്കള്‍, കോണ്‍ഗ്രസ്‌ നയിച്ചാല്‍ മതിയെന്ന്‌ നിലപാട്‌ വ്യക്തമാക്കിയത്‌. മാത്രമല്ല, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്‌.

രാഷ്ട്രീയ നീക്കങ്ങള്‍ കോണ്‍ഗ്രസിന്റെ കോര്‍ട്ടിലേക്ക്‌ വരികയാണെന്ന സൂചനയാണ്‌ ഇതുവഴി ലഭിക്കുന്നത്‌. രണ്ടു പാര്‍ട്ടികളാണ്‌ ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്‌.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ നയിക്കാന്‍ ഏറ്റവും അനിയോജ്യമായ പാര്‍ട്ടി കോണ്‍ഗ്രസ്‌ ആണെന്ന്‌ ആര്‍ജെഡി നേതാവ്‌ തേജസ്വി യാദവ്‌  പിടിഐക്ക്‌ നല്‍കിയ അഭിമുഖത്തില്‍  വ്യക്തമാക്കി.

ദേശീയ തലത്തില്‍ ഐക്യനിര കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസ്‌ വിചാരിച്ചാല്‍ സാധിക്കും. കാരണം കോണ്‍ഗ്രസിന്‌ എല്ലാ സംസ്ഥാനത്തും സ്വാധീനമുണ്ട്‌. വിശാല മനസോടെ കോണ്‍ഗ്രസ്‌ കാര്യങ്ങള്‍ പരിഗണിക്കുകയും വേണമെന്നും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ തേജസ്വി കൂട്ടിച്ചേര്‍ത്തു.


ഉത്തര്‍ പ്രദേശില്‍ ബിഎസ്‌പി-എസ്‌പി സഖ്യത്തെ കുറിച്ച്‌ ചോദിച്ചപ്പോള്‍, ബിജെപിയെ പരാജയപ്പെടുത്താന്‍ ആര്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്ന്‌ ജനങ്ങള്‍ക്ക്‌ അറിയാമെന്നും തേജസ്വി പറഞ്ഞു.

മമതാ ബാനര്‍ജി ശനിയാഴ്‌ച കൊല്‍ക്കത്തയില്‍ നടത്തിയ റാലിയില്‍ തേജസ്വി യാദവും പങ്കെടുത്തിരുന്നു. ബിജെപിയെ എതിര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ മമത സമ്മേളനം നടത്തിയത്‌.

എന്നാല്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താതെ സഖ്യം രൂപീകരിക്കാനുള്ള നീക്കവും
ഗുണം ചെയ്യില്ലെന്ന്‌ തേജസ്വി യാദവ്‌ പറയുന്നു.

അതേസമയം, കോണ്‍ഗ്രസ്‌ പ്രതിപക്ഷ സഖ്യത്തിന്‌ നേതൃത്വം നല്‍കണമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നും തമിഴ്‌നാട്ടിലെ ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടില്‍ നിന്ന്‌ മല്‍സരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക