Image

ജൊവീന ജോയി ഇല്ലിനോയിയിലെ പ്രഥമ മലയാളി വനിതാ പോലീസ് ഓഫീസര്‍

ജോയിച്ചന്‍ പുതുക്കുളം Published on 19 January, 2019
ജൊവീന ജോയി ഇല്ലിനോയിയിലെ പ്രഥമ മലയാളി വനിതാ പോലീസ് ഓഫീസര്‍

ചിക്കാഗോ: ചിക്കാഗോയുടെ പ്രാന്തപ്രദേശമായ കരോള്‍സ്ട്രീം വില്ലേജ് പോലീസ് ഫോഴ്സില്‍ ഇനിമുതല്‍ ഒരു മലയാളി വനിതാ സാന്നിധ്യം. ഡെസ്പ്ലെയിന്‍സിലുള്ള കടിയംപള്ളി ജോയി - വെറോനിക്കാ ദമ്പതികളുടെ പുത്രി ജൊവീനാ ജോയിയാണ് ഇല്ലിനോയിയിലെ തന്നെ പ്രഥമ മലയാളി വനിതാ പോലീസ് ഓഫീസര്‍്.

അപകടവും, വെല്ലുവിളികളും, സമ്മര്‍ദ്ദങ്ങളും ഏറെയുണ്ടെങ്കിലും അമേരിക്കയില്‍ പോലീസ് ഓഫീസര്‍ പദവിക്ക് സമൂഹത്തില്‍ ഉയര്‍ന്ന മാന്യത കല്‍പ്പിച്ചിട്ടുള്ളതും, മികച്ച വേതനവും സേവന വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുള്ളതുമാണ്. അപകടഭീതി തന്നെയാകാം ഇന്ത്യന്‍ വംശജരെ അമേരിക്കന്‍ സൈന്യത്തിലും, പോലീസ് ഫോഴ്സിലും സേവനം ചെയ്യാന്‍ നിരുത്സാഹപ്പെടുത്തുന്ന പ്രധാന ഘടകം. മൂന്നുമാസത്തെ തീവ്ര പരിശീലനത്തിനുശേഷം 2018 ഡിസംബര്‍ 21-നാണ് ജൊവീനാ ജോയി കരോള്‍സ്ട്രിം പോലീസ് സ്റ്റേഷനില്‍ ചുമതലയേറ്റുടുത്തത്. രണ്ടു വര്‍ഷത്തിലധികം പാര്‍ക്ക് റിഡ്ജ്, മോര്‍ട്ടന്‍ഗ്രോവ് പോലീസ് സ്റ്റേഷനുകളില്‍ പാര്‍ട്ട് ടൈം ആയി സേവനം ചെയ്ത അനുഭവമുണ്ട് ജൊവീനയ്ക്ക്.

പോലീസ് ഓഫീസറാകുകയെന്നത് ജൊവീനയ്ക്ക് തീവ്രമായ അഭിനിവേശമായിരുന്നു. നന്നെ ചെറുപ്പത്തിലേ ഡിക്ടറ്ററീവ്, ഫൈറ്റിംഗ് ടിവി ഷോകളില്‍ ആകൃഷ്ടയായ ജൊവീന കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനും, കുറ്റവാളികളെ കസ്റ്റഡിയില്‍ എടുക്കുന്നതിനുമായി പോലീസ് ഓഫീസേഴ്സ് പ്രകടിപ്പിക്കുന്ന ധീരതയും, സാഹസവും, ആത്മാര്‍ത്ഥതയും ഏറെ ആവേശത്തോടുകൂടിയാണ് ആസ്വദിച്ചിരുന്നത്. അപവാദങ്ങള്‍ ഉണ്ടാകുമെങ്കിലും, ബഹുഭൂരിപക്ഷം പോലീസ് ഓഫീസേഴ്സിന്റേയും ജീവിതം സമൂഹത്തില്‍ നീതിയും, സുരക്ഷയും സമാധനവും നിലനിര്‍ത്തുവാനുള്ള ഒരു സമര്‍പ്പണവുമാണെന്നാണ് ജൊവീനോ ഉറച്ച് വിശ്വസിക്കുന്നത്. അത്തരത്തിലൊരു സമര്‍പ്പണത്തിനായിരുന്നു യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിനായി സോഷ്യോളജിയും, ക്രിമിനല്‍ ജസ്റ്റീസും ഐശ്ചികവിഷയങ്ങളായി തെരഞ്ഞെടുക്കാന്‍ ജൊവീനയെ പ്രേരിപ്പിച്ചത്. സുരക്ഷയും ഏറെ സാധ്യതകള്‍ ഉള്ളതുമായ മാര്‍ക്കറ്റിംഗ് മാനേജര്‍ പദവി ഉപേക്ഷിച്ച് പോലീസ് ഓഫീസര്‍ ആകുന്നതില്‍ മാതാപിതാക്കള്‍ അല്‍പം ആശങ്ക പ്രകടിപ്പിച്ചുവെങ്കിലും, പൂര്‍ണ്ണ തിരിച്ചറിവോടുകൂടി പ്രായപൂര്‍ത്തിയായ മകളെടുത്ത തീരുമാനത്തെ പിന്നീട് അവരും പിന്തുണച്ചു. ക്രിമിനല്‍ ജസ്റ്റീസില്‍ തന്നെ ഉപരിപഠനം നടത്തണമെന്നതാണ് ജൊവീനയുടെ ലക്ഷ്യം.

പോലിസ് ജോലിയുമായി പരിചയത്തിലാകുന്നതിനും എക്സ്പീരിയന്‍സ് ലഭിക്കുന്നതിനും വേണ്ടി പോലിസ് ഡിപ്പാര്‍ട്മെന്റുകളില്‍ അഡ്മിനിസ്ട്രേറ്റീവ് പൊസിഷനുകളിലേക്ക് അപേക്ഷിച്ചു. പാര്‍ക് റിഡ്ജ് പോലിസ് ഡിപ്പാര്‍ട്മെന്റില്‍ പോലിസ് റെക്കോര്‍ഡ്സ് ടെക്നീഷ്യനായായിരുന്നു തുടക്കം. പോലിസ് ഓഫിസര്‍ ഇന്റര്‍വ്യുകളിലും മറ്റും എക്സ്പീരിയന്‍സിന്റെ കുറവ്കൊണ്ട് പിന്തള്ളപ്പെട്ട സാഹചര്യങ്ങളും ഇതിനിടെ ഉണ്ടായി.

പിന്നീട് മോര്‍ട്ടന്‍ ഗ്രോവ് പോലിസ് ഡിപ്പാര്‍ട്മെന്റില്‍ കമ്യൂണിറ്റി സര്‍വീസ് ഓഫിസറായി നിയമിക്കപ്പെട്ടു. തുടര്‍ന്ന് 2018 ഓഗസ്റ്റിലാണ് ഡു പേജ് കൗണ്ടിയിലെ കരോള്‍ സ്ട്രീം പോലിസ് ഡിപ്പാര്‍ട്മെന്റില്‍ ഓഫിസറായി നിയമിക്കപ്പെട്ടത്. ഗ്ലെന്‍ എല്ലിനിലെ ലോ എന്‍ഫോഴ്സ്മെന്റ് അക്കാഡമിയില്‍ പതിനാലാഴ്ച അറ്റന്‍ഡ് ചെയ്തു.

പാഷനേറ്റ് എന്ന് തോന്നുന്നതും തങ്ങള്‍ക്ക് സന്തോഷം നല്‍കുന്നതുമായ പ്രൊഫഷന്‍ സ്വീകരിക്കുക എന്നതാണ് യുവജനങ്ങള്‍ക്ക് നല്‍കാനുള്ള സന്ദേശമെന്ന് ജോവിന പറയുന്നു. പണം ഉണ്ടാക്കുന്നത് മാത്രമല്ല ജീവിതം, സന്തോഷകരവും സൗകര്യപ്രദവുമായ ഒരു ജീവിതശൈലി സ്വീകരിക്കുന്നതുമാണ്. സ്വപ്നങ്ങള്‍ നേടിയെടുക്കുന്നതാണ് ലോകത്ത് ഏറ്റവും നല്ല ഫീലിംഗ്.

നിയമനിര്‍വഹണരംഗമായതിനാല്‍ വളരെ വെല്ലുവിളി നിറഞ്ഞ ജോലിയാണ് പോലിസ് ഓഫിസറുടേത്. സമൂഹത്തെ സംരക്ഷിക്കുന്നതിനും സേവിക്കുന്നതിനുമായി അവര്‍ സ്വന്തം ജീവിതത്തെ അപകടത്തിലാക്കുന്നു. കഠിനാധ്വാനം, സമര്‍പ്പണം, ട്രെയിനിംഗ് ഇവയൊക്കെ ഈ പ്രൊഫഷനെ സംബന്ധിച്ച് പ്രധാനമാണ്. ഇഷ്ടതൊഴിലിനെ വരിച്ച സന്തോഷവുമായി ജോവിന പറയുന്നു.

കോട്ടയം ജില്ലയിലെ പുന്നത്തറ സ്വദേശിയായ ജൊവീന, മുംബൈയില്‍ ജനിച്ച് നാലു വയസ്സുള്ളപ്പോഴാണ് മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയില്‍ കുടിയേറിയത്. ജോവി, ജോബി എന്നിവര്‍ സഹോദരങ്ങളാണ്.
ജോസ് കല്ലിടുക്കില്‍ 
ജൊവീന ജോയി ഇല്ലിനോയിയിലെ പ്രഥമ മലയാളി വനിതാ പോലീസ് ഓഫീസര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക