Image

ജന്മനാടിനെ തൊട്ടറിഞ്ഞ അനുഭവങ്ങളുമായി ഡോ. ജോര്‍ജ് തോമസ് സര്‍ഗവേദിയില്‍ (പി. ടി. പൗലോസ്)

Published on 19 January, 2019
ജന്മനാടിനെ തൊട്ടറിഞ്ഞ അനുഭവങ്ങളുമായി ഡോ. ജോര്‍ജ് തോമസ് സര്‍ഗവേദിയില്‍ (പി. ടി. പൗലോസ്)
ഡോഃ ജോര്‍ജ് തോമസ് എന്ന കനേഡിയന്‍ മലയാളിയെ വരവേറ്റുകൊണ്ട് ന്യുയോര്‍ക്ക് സര്‍ഗവേദി പുതിയൊരദ്ധ്യായത്തിന് തുടക്കമിട്ടു. 2019 ജനുവരി 13 ഞായര്‍ 6 മണിക്ക് എല്‍മോണ്ടിലെ കേരളാ സെന്ററില്‍ കൂടിയ യോഗത്തില്‍ തമ്പി തലപ്പിള്ളില്‍ അദ്ധ്യക്ഷനായി . പ്രളയാനന്തര കേരളത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസസന്ദേശവുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതിന് ജനങ്ങളെ ബോധവല്‍ക്കരിക്കുവാന്‍ ലക്ഷ്യമിട്ട് കേരളം മൊത്തമായി ഓടിയ പ്രഥമ വ്യക്തി എന്ന ബഹുമതിക്കുടമയായ ഡോഃ ജോര്‍ജ് തോമസിനെ അഭിനന്ദിക്കുന്നു എന്ന് തമ്പി തലപ്പിള്ളില്‍ തന്റെ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. അദ്ദേഹം കവിയും സര്‍ഗവേദി ഭാരവാഹിയുമായ രാജു തോമസിന്റെയും പ്രശസ്ത കവയിത്രിയും എഴുത്തുകാരിയുമായ എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്റെയും സഹോദരന്‍ ആണെന്നുള്ളതും സന്തോഷത്തോടെ അധ്യക്ഷന്‍ എടുത്തുപറഞ്ഞു. രാജു തോമസ് അതിഥിയെ സദസ്സിന് പരിചയപ്പെടുത്തി.

പത്തുവര്‍ഷം മുന്‍പ് പ്ലാസ്റ്റിക് നിരോധന സന്ദേശവുമായി കേരളം മൊത്തമായി ഓടിയിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ഒരു മാത്തമാറ്റിക്‌സ് പ്രൊഫസര്‍ കൂടിയായ ഡോഃ ജോര്‍ജ് തോമസ് തന്റെ 72 മത്തെ വയസ്സില്‍ 28 ദിവസം നീണ്ടുനിന്ന തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള 650 കിലോ മീറ്റര്‍ ഓട്ടത്തെക്കുറിച്ചു സംസാരിച്ചുതുടങ്ങിയത്. അനൗണ്‍സ്‌മെന്റ് വാഹനം ഉല്‍പ്പടെ 6 ക്രൂ മെംബേര്‍സ് ഉള്ള തന്റെ ടീമിന്റെ ചെലവ് സ്വന്തമായി വഹിക്കുന്നതുകൊണ്ടും ഇതില്‍ നിന്നുള്ള സാമ്പത്തികനേട്ടം ഗവര്‍മെന്‍റിനാണ് എന്നുള്ളതുകൊണ്ടും ഓട്ടത്തിന് സര്‍ക്കാര്‍ തലത്തില്‍നിന്നും എതിര്‍പ്പൊന്നും ഉണ്ടായില്ല. ഓട്ടത്തിന്റെ ലക്ഷ്യം പ്രധാനമായും രണ്ടായിരുന്നു.

1 . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുക.

2 . മാത്തമാറ്റിക്‌സിന്റെ നിലവാരം ഉയര്‍ത്തുക, പ്രതിഭകളെ കണ്ടെത്തുക.

ഓട്ടത്തിന്റെ ഇടവേളകളില്‍ കുട്ടികള്‍ക്ക് മാത്ത്‌സ് ക്ലാസ്സ് എടുക്കുന്നതിനുള്ള സൗകര്യങ്ങള്‍ സമീപമുള്ള സ്കൂള്‍ കോളേജുകളില്‍ സര്‍ക്കാര്‍ ഒരുക്കി.

2018 നവംബര്‍ 7 രാവിലെ എട്ടര മണി. ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസിന്‍റെ പോര്‍ട്ടിക്കോയില്‍ വച്ച് തന്നെ പൊന്നാട അണിയിച്ചു ഫ്‌ലാഗ് ഓഫ് ചെയ്തു. NH 66 ലൂടെ ലക്ഷ്യത്തിലേക്കുള്ള കുതിപ്പാരംഭിച്ചു. ശബരിമല സംഘര്‍ഷങ്ങളും റോഡിന്‍റെ അശാസ്ത്രീയ നിര്‍മ്മാണ രീതികളും മുന്നറിയിപ്പില്ലാതെ ഹര്‍ത്താലുകളും ചില തടസ്സങ്ങള്‍ ആയെങ്കിലും തുടര്‍ന്നുള്ള 28 ദിവസ്സങ്ങള്‍ ആത്മവിശ്വാസത്തിന്‍റെ ദിനങ്ങളായിരുന്നു. ഓട്ടത്തിനിടയിലെ ഇടവേളകളില്‍ നര്‍മ്മസംഭാഷണങ്ങളും മധുര പലഹാരങ്ങളും കരിക്കിന്‍ വെള്ളവും ഒക്കെയായി സാംസ്കാരിക കേരളത്തില്‍നിന്നും ഊഷ്മളമായ സ്വീകരണങ്ങളാണ് കിട്ടിയത്. പുണ്ണ്യഭൂമിയായ വര്‍ക്കലയും കാഴ്ചകളുടെ നാടായ കൊല്ലവും താണ്ടി അഷ്ടമുടിക്കായലിന്റെ ഓളവും താളവും ആസ്വദിച്ച് ഓട്ടം തുടര്‍ന്നു . തോട്ടപ്പള്ളി പാലവും കടന്ന് ആലപ്പുഴ തിരുവമ്പാടിയിലെ കടല്‍ക്കാറ്റുംകൊണ്ട് ഇടപ്പള്ളിയിലെത്തി . കുസാറ്റിലും ആലുവ യു. സി. കോളേജിലും മാത്ത്‌സ് ക്ലാസ്സ് എടുത്ത് ഹൈവേയില്‍ കയറിയപ്പോള്‍ കലണ്ടറില്‍ തിയതി നവംബര്‍ 17 ആയി. തൃശൂര്‍ പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനം. പിന്നെ ഗുരുവായൂര്‍, പൊന്നാനി വഴി നെല്‍പ്പാടങ്ങളുടെയും തെങ്ങിന്‍തോപ്പുകളുടെയും ഇടയിലുള്ള ഹൈവേയിലൂടെ കുറ്റിപ്പുറം ലക്ഷ്യമാക്കി ഓട്ടം തുടര്‍ന്നു . ആയുര്‍വേദത്തിന്റെ നാടായ കോട്ടക്കലും കഴിഞ്ഞ് പ്രകൃതിയും സംസ്കാരവും വാണിജ്യവും സംഗമിക്കുന്ന കോഴിക്കോട്ടെത്തി. നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ മാത്ത്‌സ് ക്ലാസ്സ് എടുത്ത് കാപ്പാട് ബീച്ചിലെത്തിയപ്പോള്‍ നവംബര്‍ 25 .

തുടര്‍ച്ചയായുള്ള ഓട്ടം ശരീരക്ഷീണമുണ്ടാക്കിയെങ്കിലും ആത്മവിശ്വാസം കൈവിട്ടില്ല. അന്നവിടെ തങ്ങി പിറ്റേദിവസം രാവിലെ 7 മണിക്ക് ഓട്ടമാരംഭിച്ചു. പിന്നെ വടകര, കൊയിലാണ്ടി, തലശ്ശേരി. ബ്രണ്ണന്‍ കോളേജില്‍ ബി. എസ്സി. ഫൈനല്‍ സ്റ്റുഡന്റ്‌സിനു ഒരു മാത്ത്‌സ് ലെക്ചര്‍. കണ്ണൂരെത്തി പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനം. പിന്നെ തളിപ്പറമ്പ്, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍ഗോഡ് പിന്നിട്ട് ഡിസംബര്‍ 4 ന് ഫിനിഷിങ് പോയന്റായ കര്‍ണാടകയിലെ തലപ്പാടിയിലെത്തി ഓട്ടം പൂര്‍ത്തിയാക്കി.

ഇന്ന് കേരളത്തില്‍ സര്‍ക്കാരിന്റെ ശ്രദ്ധ അടിയന്തിരമായി പതിയേണ്ടതും നിയമനടപടികള്‍ ഉണ്ടാകേണ്ടതുമായുള്ള കാര്യങ്ങള്‍ ഡോഃ ജോര്‍ജ് തോമസ് അടിവരയിട്ട് പറഞ്ഞു. അവയിതാ

1 . പരിസ്ഥിതിക്ക് ഹാനീകരമായ ഒരു നിര്‍മ്മാണവും അനുവദിക്കരുത്.

2 . റോഡില്‍ വാഹനങ്ങളുടെ സ്പീഡ് നിയമം കൊണ്ട് നിയന്ത്രിക്കണം.

3 . കാന്‍സര്‍ രോഗം വിളിച്ചുവരുത്തുന്ന ആസ്ബസ്‌റ്റോസ് ഷീറ്റുകളുടെ ഉപയോഗം ഇല്ലാതാക്കണം . വില്‍പ്പന നിയമം കൊണ്ട് തടയണം.

4 . വിദ്യാലയങ്ങളില്‍ നല്ല കളിസ്ഥലങ്ങള്‍ ഉണ്ടായിരിക്കണം.

5 .സ്കൂളുകള്‍ എയര്‍കണ്ടീഷന്‍ഡ് അല്ലെങ്കില്‍ പിശ്ചാത്യരീതിയിലുളള യൂണിഫോം കുട്ടികള്‍ ഉപയോഗിക്കരുത്.

6 . കുപ്പ വെളിയില്‍ കത്തിക്കുന്നത് നിര്‍ത്തലാക്കുക. കുപ്പ കത്തിക്കുന്നതിന് ലൈസന്‍സ് ഉണ്ടായിരിക്കണം.

7 . പ്ലാസ്റ്റിക് ഫ്‌ളക്‌സ് ബോര്‍ഡ് പബ്ലിസിറ്റി നിയമംകൊണ്ട് നിര്‍ത്തലാക്കണം.

8 .ബാര്‍ബര്‍ ഷോപ്പുകളില്‍ അണുവിമുക്തമായ ഉപകരണങ്ങള്‍ ഉപയോഗിക്കുക. അല്ലാത്തത് നിയമം കൊണ്ട് തടയുക.

9 .കുടിക്കുവാനുള്ള സ്‌ട്രോ ടിഷ്യൂ/പേപ്പര്‍ കൊണ്ട് പൊതിഞ് ഫാക്ടറിയില്‍നിന്ന് വിതരണം ചെയ്യുക.

10 .റെസ്‌റ്റോറന്റുകളില്‍ പാത്രങ്ങള്‍ അണുവിമുക്തമായി ഉപയോഗിക്കണം. ഓരോ പാത്രവും
ചുരുങ്ങിയ പക്ഷം ചൂടുവെള്ളത്തിലെങ്കിലും ഉപയോഗശേഷം കഴുകുക.

11 .മാലിന്യങ്ങള്‍ മൂന്നുദിവസം കൂടുമ്പോള്‍ റീസൈക്ലിങ്ങിന് തരം തിരിച്ച് എടുത്തു മാറ്റുവാനുള്ള നിയമം ഉണ്ടാക്കുക.

12 . ഓട നിര്‍മ്മാണരീതികള്‍ ശാസ്ത്രീയമാക്കുക.

13 . പൊതുസ്ഥലങ്ങളില്‍ ശൗച്യാലയങ്ങള്‍ പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് 24 മണിക്കൂറും ശുചിയായി പ്രവര്‍ത്തിക്കുന്ന രീതിയില്‍ ലഭ്യമാക്കുക.

14 . ശുദ്ധമായ കുടിവെള്ളം എല്ലായിടത്തും തടസ്സം കൂടാതെ വിതരണം ചെയ്യുവാനുള്ള സംവിധാനമുണ്ടാക്കുക.

ഗവര്‍മെന്‍റ് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുത്താല്‍ ഇത് നിസ്സാരമായി സാധിക്കും എന്ന ആത്മവിശ്വാസത്തോടെ ഡോഃ ജോര്‍ജ് തോമസ് പറഞ്ഞുനിറുത്തി.

അസൗകര്യങ്ങള്‍ മൂലം സന്നഹിതനാകാതിരുന്ന ഡോഃ നന്ദകുമാര്‍ ചാണയിലിന്റെ ഒരു സന്ദേശം വായിച്ചശേഷം, അദ്ധ്യക്ഷനും അതിഥിക്കും സദസ്സിനും പി. ടി. പൗലോസ് നന്ദി പറഞ്ഞതോടെ ഒരു സര്‍ഗ്ഗസായാഹ്നത്തിനുകൂടി തിരശീല വീണു.
ജന്മനാടിനെ തൊട്ടറിഞ്ഞ അനുഭവങ്ങളുമായി ഡോ. ജോര്‍ജ് തോമസ് സര്‍ഗവേദിയില്‍ (പി. ടി. പൗലോസ്)ജന്മനാടിനെ തൊട്ടറിഞ്ഞ അനുഭവങ്ങളുമായി ഡോ. ജോര്‍ജ് തോമസ് സര്‍ഗവേദിയില്‍ (പി. ടി. പൗലോസ്)ജന്മനാടിനെ തൊട്ടറിഞ്ഞ അനുഭവങ്ങളുമായി ഡോ. ജോര്‍ജ് തോമസ് സര്‍ഗവേദിയില്‍ (പി. ടി. പൗലോസ്)ജന്മനാടിനെ തൊട്ടറിഞ്ഞ അനുഭവങ്ങളുമായി ഡോ. ജോര്‍ജ് തോമസ് സര്‍ഗവേദിയില്‍ (പി. ടി. പൗലോസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക