Image

മോഹങ്ങള്‍ (കവിത: ജയന്‍ വര്‍ഗീസ്)

Published on 18 January, 2019
മോഹങ്ങള്‍ (കവിത: ജയന്‍ വര്‍ഗീസ്)
മോഹങ്ങളേ, ശപ്ത മോഹങ്ങളേ
മോചനമുണ്ടോ നിങ്ങള്‍ക്കിനിയും
മോചനമുണ്ടോ? പറയൂ?

എന്നും നിങ്ങള്‍ക്കു സ്വാഗതമോതീ
യെന്റെയീ നെഞ്ചിന്‍ കൂടാരം,
എന്നും നിങ്ങളെ തഴുകിയുണര്‍ത്തീ
യെന്നാത്മാവിന്‍ സംഗീതം!

എന്റെയീ ജീവിത വള്ളിക്കുടിലില്‍
എന്‍മന നിളയുടെ കരയില്‍,
എന്തിനു നിങ്ങള്‍ വിരുന്നിനു വന്നൂ
യെന്നോട് പോലും പറയാതെ?

ഈ പര്‍ണ്ണ ശാലയി,ലീറക്കുഴല്‍ വിളി
കാതോര്‍ത്തു നിന്നൊരെന്‍ ദാഹം,
രോമഹര്‍ഷങ്ങളെ പെറ്റു വളര്‍ത്തുന്ന
ഭാവ ഗീതങ്ങളായ് മാറി!

മുക്തമാ, മെന്‍മന ത്വത്തിലുടക്കുമീ
തപ്ത മണല്‍ത്തരിക്കൂട്ടം
മൊത്തിച്ചുവപ്പിച്ചു നിങ്ങളൊരു പിടി
മുത്താക്കി മാറ്റിയെടുത്തു!

എന്നുമാ, സാന്ത്വനപ്പുഞ്ചിരിപ്പാല്‍പ്പത
യെന്റെയീ മണ്‍കുടില്‍ച്ചുറ്റില്‍,
വന്നായിരുന്നെങ്കില്‍, നിന്നായിരുന്നെങ്കി
ലെന്നുഞാന്‍ കോരിത്തരിക്കെ,

കാലം, മഹാനായ ശില്പിതന്‍ ചുറ്റിക
ത്താളം മുഴങ്ങുന്നു ദൂരെ!
കൊത്തുളി ത്തുന്പിലുയിര്‍ക്കൊള്ളു മെത്രയോ
ചിത്ര ശലഭങ്ങള്‍ വീണ്ടും?

ഇന്നലെ തീര്‍ത്തതാ, ണായിരം ശില്പങ്ങ
ളിന്നതു പോരാഞ്ഞു വീണ്ടും,
തട്ടിയുടക്കുന്നു, ചാലിച്ചു ചേര്‍ക്കുന്നു,
ചിത്ര മെഴുതുമീ ശില്പി!

മോഹങ്ങളേ, ശപ്ത മോഹങ്ങളേ,
മോചനമുണ്ടോ, നിങ്ങള്‍ക്കിനിയും
മോചനമുണ്ടോ പറയൂ?
Join WhatsApp News
വിദ്യാധരൻ 2019-01-18 23:18:53
കടൽപ്പുറത്തെ പൊടിമണ്ണടിച്ചു-
ക്കൂട്ടുന്നു തട്ടി കളയുന്നിതൊപ്പം 
സനാതനം മാരുതനീശ്വരന്റെ 
സർഗ്ഗാക്രമം കണ്ടു കുറിയ്ക്കയാമോ ? (കണ്ണുനീർത്തുള്ളി -നാലപ്പാട്ട് )

"മോഹങ്ങൾ അവസാന നിമിഷംവരെ 
മനുഷ്യ ബന്ധങ്ങൾ ചുടൽവരെ " (സിനിമാഗാനത്തിന്റെ വരികൾ )

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക