Image

വകുപ്പ് മാറ്റത്തിന് പിന്നിലെ രഹസ്യം മുഖ്യമന്ത്രി വെളിപെടുത്തണം: സുരേന്ദ്രന്‍ പിള്ള

ഷിനോജ് കെ.ഷംസുദ്ദീന്‍ Published on 13 April, 2012
വകുപ്പ് മാറ്റത്തിന് പിന്നിലെ രഹസ്യം മുഖ്യമന്ത്രി വെളിപെടുത്തണം: സുരേന്ദ്രന്‍ പിള്ള
മസ്കത്ത്: ലീഗിന് അഞ്ചാംമന്ത്രിയെ നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകള്‍ മാറ്റിയതിന് പിന്നിലെ രഹസ്യ അജന്‍ഡ എന്താണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനങ്ങളോട് തുറന്നുപറയണമെന്ന് മുന്‍ മന്ത്രി വി. സുരേന്ദ്രന്‍പിള്ള.

മസ്കത്ത് കേരളോല്‍സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ കേരളാ കോണ്‍ഗ്രസ് (തോമസ്) വര്‍ക്കിങ് ചെയര്‍മാന്‍ കൂടിയായ അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോടു സംസാരിക്കുകയായിരുന്നു.

മുഖ്യമന്ത്രി എന്ന നിലയില്‍ മന്ത്രിമാരുടെ വകുപ്പ് മാറ്റുവാനും നിശ്ചയിക്കാനും അദ്ദേഹത്തിന് അധികാരമുണ്ട്. എന്നാല്‍, മാറ്റത്തിന്‍െറ കാരണം ജനങ്ങളെ ബോധിപ്പിക്കാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ട്. ഏല്‍പിച്ച വകുപ്പുകളില്‍ മന്ത്രിമാരുടെ പ്രകടനം മോശമായതുകൊണ്ടാണോ ഇത്തരമൊരു നടപടി എന്നറിയേണ്ടതുണ്ട്. ആരും കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അഞ്ചാം മന്ത്രിയുടെ പേരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്ന ലീഗോ, എന്‍.എസ്.എസോ ഇത്തരമൊരു ആവശ്യം ഉന്നയിച്ചതായി കേട്ടില്ല. കെ.പി.സി.സിയും ആവശ്യപ്പെട്ടിട്ടില്ല. പൊടുന്നനെയുണ്ടായ ഈ നടപടി നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.ഉമ്മന്‍ചാണ്ടിയുടെ ഇത്തരം നടപടികള്‍ നെയ്യാറ്റിന്‍കരയില്‍ എല്‍.ഡി.എഫിന്‍െറ സാധ്യതകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണെന്നും സുരേന്ദ്രന്‍പിള്ള പറഞ്ഞു. ആര്യാടന്‍ മുഹമ്മദ്, വി.എം. സുധീരന്‍, ടി.എന്‍. പ്രതാപന്‍ എന്നിവര്‍ക്ക് പിന്നാലെ അടുത്തദിവസങ്ങളില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്ത് വരും. എല്‍.ഡി.എഫ് വിട്ടുവന്ന മഞ്ഞളാംകുഴി അലിയെ മന്ത്രിയാക്കുന്നതിലൂടെ മോശം കീഴ്വഴക്കതിന് യു.ഡി.എഫ് തുടക്കം കുറിച്ചിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു കഴിഞ്ഞു.

മുഖ്യമന്ത്രി വാക്കുപാലിച്ചില്ല എന്നതിനാല്‍ ശെല്‍വരാജിനെ നെയ്യാറ്റിന്‍കരയിയില്‍ പരാജയപ്പെടുത്താന്‍ അദ്ദേഹത്തിന്‍െറ സമുദായസംഘടനയായ വി.എസ്.ഡി.പി. തന്നെ പരസ്യമായി രംഗത്തിറങ്ങിയത് നാം കണ്ടു. ജനങ്ങളെ അസ്വസ്ഥമാക്കുന്ന ഇത്തരം നടപടികളുമായി യു.ഡി.എഫ് സര്‍ക്കാറിന് അധികകാലം മുന്നോട്ടുപോകാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗള്‍ഫില്‍ യു.എ.ഇയില്‍ കേരളാ ഓവര്‍സീസ് കോണ്‍ഗ്രസ് എന്ന പേരില്‍ കേരളാ കോണ്‍ഗ്രസിന്‍െറ പ്രവാസി സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. മസ്കത്തിലും സംഘടനയുടെ യൂനിറ്റ് താമസിയാതെ നിലവില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വകുപ്പ് മാറ്റത്തിന് പിന്നിലെ രഹസ്യം മുഖ്യമന്ത്രി വെളിപെടുത്തണം: സുരേന്ദ്രന്‍ പിള്ള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക