Image

ലോകം ചുറ്റുന്നയാള്‍ കിടപ്പിലായ വിജേഷിനെ കാണുന്നില്ലേ! കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കെതിരെ കോടതി

Published on 18 January, 2019
ലോകം ചുറ്റുന്നയാള്‍ കിടപ്പിലായ വിജേഷിനെ കാണുന്നില്ലേ! കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കെതിരെ കോടതി

വ്യവസായ പ്രമുഖന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ ഉടമസ്ഥതയിലുളള അമ്യൂസ്‌മെന്റ് പാര്‍ക്കായ വീഗാലാന്‍ഡില്‍ (വണ്ടര്‍ലാ) വീണ് പരിക്കേറ്റ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി വാക്കാല്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. വിജേഷിന് മതിയായ നഷ്ടപരിഹാരം ചിറ്റിലപ്പള്ളി നല്‍കിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

2002ലാണ് വീഗാലാന്‍ഡില്‍ വെച്ച്‌ വിജേഷിന് അപകടമുണ്ടായത്. നട്ടെല്ലിന് പരിക്കേറ്റ വിജേഷ് വര്‍ഷങ്ങളായി കിടപ്പിലാണ്. ഈ സംഭവം തനിക്ക് നാണക്കേടുണ്ടാക്കിയെന്നും 1 ലക്ഷം രൂപ വിജേഷിന് നഷ്ടപരിഹാരമായി നല്‍കാം എന്നുമാണ് ചിറ്റിലപ്പളളി കോടതിയെ അറിയിച്ചത്.ഇതോടെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചിറ്റിലപ്പള്ളിയെ രൂക്ഷമായി വിമര്‍ശിച്ചത്.

ലോകം മുഴുവന്‍ ചുറ്റിക്കറങ്ങുന്ന ചിറ്റിലപ്പള്ളിയെ പോലെയുളള ഒരാള്‍ക്ക്, സ്വന്തം കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത വിജേഷിന്റെ സ്ഥിതി മനസ്സിലാകുന്നില്ലേ എന്ന് കോടതി ആരാഞ്ഞു. ചിറ്റിലപ്പള്ളിയെ പോലുളളവരുടെ ഭാഗത്ത് നിന്നും ഇത്തരം കാര്യങ്ങളുണ്ടാകുന്നത് ഞെട്ടലുണ്ടാക്കുന്നുവെന്നും കോടതി പറഞ്ഞു.

മനുഷ്യത്വം കൊണ്ട് നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ കൊണ്ടേ കാര്യമുള്ളൂ എന്നും പ്രശസ്തിക്ക് വേണ്ടിയല്ല സാമൂഹ്യ സേവനം നടത്തേണ്ടത് എന്നും കോടതി വ്യക്തമാക്കി. ആളുകള്‍ക്ക് ചെറിയ സഹായങ്ങള്‍ നല്‍കി അത് പ്രചരിപ്പിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയാണോ എന്നും കോടതി ചോദിച്ചു. വിജേഷിന് അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്‍കുന്നില്ല എങ്കില്‍ ചിറ്റിലപ്പള്ളി കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കേണ്ടി വരുമെന്നും ഹൈക്കോടതി പറഞ്ഞു. ചിറ്റിലപ്പള്ളിയില്‍ നിന്നും 17.25 ലക്ഷം രൂപയാണ് വിജേഷ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

അപകടമുണ്ടായതിന് ശേഷം പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ വിജേഷിന് എഴുന്നേറ്റ് നടക്കാന്‍ സാധിക്കുമായിരുന്നു എന്നാണ് കൊച്ചി മെട്രോപൊളിറ്റന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. അപകടം നടന്ന ഉടനെ വിജേഷിനെ വാട്ടര്‍ തീം പാര്‍ക്ക് അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചില്ല എന്ന് ആരോപണമുണ്ട്. ആദ്യം 50000 രൂപ തന്ന വീഗാലാന്‍ഡ് അധികൃതര്‍ തുടര്‍ ചികിത്സയ്ക്ക് സഹായിച്ചില്ലെന്നും ചിറ്റിലപ്പള്ളിയെ പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും അദ്ദേഹം പ്രതികരിച്ചില്ലെന്നും വിജേഷ് പറയുന്നു.

തന്റെ അച്ഛനില്‍ നിന്നും വീഗാലാന്‍ഡ് അധികൃതര്‍ ബ്ലാക്ക് പേപ്പറില്‍ ഒപ്പിട്ട് വാങ്ങിയെന്നും വിജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. അബോധാവസ്ഥയില്‍ ആയിരുന്ന തന്റെ വിരലടയാളം അതേ കടലാസില്‍ രേഖപ്പെടുത്തിയെന്നും വിജേഷ് ആരോപിക്കുന്നു. മതിയായ നഷ്ടപരിഹാരം ലഭിക്കാതെ വന്നതോടെയാണ് വിജേഷ് കോടതിയെ സമീപിച്ചത്. ഇന്ത്യയിലെ വിവിധ ആശുപത്രികളിലായി ചികിത്സ നടത്തിയെങ്കിലും വിജേഷിന് എഴുന്നേറ്റ് നടക്കാനായില്ല.

വിജേഷിന്റെ ഹര്‍ജി കോടതിയില്‍ എത്തിയതോടെ കേസില്‍ നിന്നും പിന്മാറാന്‍ വീഗാലാന്‍ഡ് ഗ്രൂപ്പ് സമീപിച്ചതായും ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. കേസില്‍ നിന്നും പിന്മാറുന്നതിന് പകരം ഫോട്ടോസ്‌ററാറ്റ് മെഷീന്‍ വാങ്ങിത്തരാം എന്നാണ് വാഗ്ദാനം നടത്തിയത് എന്നും വിജേഷ് പറയുന്നു. അപകടത്തെ തുടര്‍ന്ന് വിജേഷിന്റെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠനം മുടങ്ങി. കുടുംബ സ്വത്ത് വിറ്റും സുഹൃത്തുക്കളുടെയും മറ്റും സഹായത്തോടെയാണ് വിജേഷ് ചികിത്സ തുടരുന്നത്.

തൃശ്ശൂരിലെ പറപ്പൂര്‍ സ്വദേശിയാണ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി. അദ്ദേഹം ടെലിക്സ് എന്ന കമ്ബനിയില്‍ സൂപ്പര്‍വൈസര്‍ ആയിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പടിപടിയായി വളര്‍ന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്റ്ററായി അദ്ദേഹം. വീഗാലാന്റ്, വണ്ടര്‍ലാ എന്നീ അ‌മ്യൂസ്മെന്റ് പാര്‍ക്കുകളും അദ്ദേഹം സ്ഥാപിച്ചു. നോക്കുകൂലിയുമായി ബന്ധപ്പെട്ട് കമ്ബനിയിലേയ്ക്ക് സാധനങ്ങള്‍ സ്വയം ഇറക്കിയും വൃക്ക ദാനം ചെയ്തും മുല്ലപെരിയാറുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചും കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി വ്യാപക മാധ്യമ ശ്രദ്ധ നേടിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക