Image

മേഘാലയ ഖനിയപകടം: അടിത്തട്ടില്‍ നിന്ന്‌ അസ്ഥികൂടങ്ങള്‍ കണ്ടെത്തി

Published on 18 January, 2019
മേഘാലയ ഖനിയപകടം: അടിത്തട്ടില്‍ നിന്ന്‌ അസ്ഥികൂടങ്ങള്‍ കണ്ടെത്തി
മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നതിനിടെ ഖനിയില്‍ നിന്ന്‌ അസ്ഥികൂടങ്ങള്‍ കണ്ടെത്തി.

പുറത്ത്‌ നിന്ന്‌ റിമോട്ട്‌ വഴി നിയന്ത്രിക്കുന്ന വാഹനം ഉപയോഗിച്ച്‌ നടത്തിയ പരിശോധനയിലാണ്‌ നേവിയുടെ മുങ്ങല്‍ വിദഗ്‌ധര്‍ അസ്ഥികൂടം കണ്ടെത്തിയത്‌. ഇത്‌ ഖനിയില്‍ കുടങ്ങിയ 15 പേരുടേതാണോ എന്ന്‌ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ മാസം 13നാണ്‌ കല്‍ക്കരി ഖനിയില്‍ 15 പേര്‍ കുടുങ്ങിയത്‌. ഖനിയുടെ തൊട്ടടുത്തുള്ള നദിയില്‍ വെള്ളപ്പൊക്കമുണ്ടായതോടെ 370 അടിയോളം താഴ്‌ചയുള്ള ഖനിയിലും വെള്ളം നിറയുകയായിരുന്നു.

അന്ന്‌ മുതല്‍ ആരംഭിച്ച തെരച്ചിലില്‍ ഇതുവരെ ഇവരെകുറിച്ച്‌ യാതൊരു വിവിരവും ലഭിച്ചിരുന്നില്ല.

അതേസമയം, അസ്ഥികൂടത്തിന്റെ ഡിഎന്‍എ പരിശോധ നടത്തി കുടുങ്ങിയവരുടേതാണോ എന്ന്‌ പരിശോധിക്കും. ഫോറന്‍സിക്‌ സംഘവും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്‌.

ഖനിയുടെ 160ഓളം അടി താഴ്‌ചയില്‍ നിന്നാണ്‌ യന്ത്രം അസ്ഥികൂടം കണ്ടെത്തിയത്‌.

വെള്ളത്തിനടിയിലുള്ള വസ്‌തുക്കള്‍ കണ്ടെത്താന്‍ നാവികസേനയിലെ ഡൈവര്‍മാര്‍ ഉപയോഗിക്കുന്ന അണ്ടര്‍ വാട്ടര്‍ റിമോട്ട്‌ലി ഓപറേറ്റഡ്‌ വെഹിക്കിള്‍ ഉപയോഗിച്ചു നടത്തിയ തെരച്ചിലിലാണ്‌ ഖനിയുടെ ആഴമേറിയ ഭാഗത്തു നിന്ന്‌ തൊഴിലാളിയുടേതെന്ന്‌ സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തിയത്‌.

32 ദിവസങ്ങള്‍ക്ക്‌ ശേഷമാണ്‌ തെരച്ചിലില്‍ എന്തെങ്കിലും വികസനമുണ്ടാകുന്നത്‌. 2018 ഡിസംബര്‍ 13നാണ്‌ ഈസ്റ്റ്‌ ജയന്തിയ ഹില്‍സ്‌ ജില്ലയിലെ അനധികൃത ഖനനത്തിനിറങ്ങിയ 15 തൊഴിലാളികള്‍ ഖനിയില്‍ അകപ്പെട്ടത്‌.

ഇന്ത്യന്‍ നാവികസേനയും ദേശീയ ദുരന്ത പ്രതികരണസേനയും സംയുക്തമായാണ്‌ തെരച്ചില്‍ നടത്തുന്നത്‌. ഒഡീഷ ഫയര്‍ സര്‍വീസ്‌, കോള്‍ ഇന്ത്യ, പ്രൈവറ്റ്‌ പമ്പ്‌ കമ്പനിയായ കിര്‍ലോസ്‌കര്‍ തുടങ്ങിയവരാണ്‌ രക്ഷാപ്രവര്‍ത്തനത്തിന്‌ സഹായിച്ചത്‌ .

കൂടാതെ നാഷണല്‍ ജോഗ്രഫിക്കല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹൈട്രോളജി തുടങ്ങിയ വിഭാഗങ്ങളുടെയും സഹായം സര്‍ക്കാര്‍ ഉറപ്പു വരുത്തിയിരുന്നു.

ഖനിയില്‍ കാണാതായവരില്‍ മൂന്നു പേര്‍ മാത്രമാണ്‌ മേഘാലയക്കാര്‍. 10 പേര്‍ അസം സ്വദേശികളാണ്‌. 2014ല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ മേഘാലയയില്‍ കല്‍ക്കരി ഖനനം നിരോധിച്ചിരുന്നു. അനധികൃത ഖനനമാണ്‌ ഇവിടെ നടന്നിരുന്നത്‌.

ഇടിഞ്ഞു വീണ ഖനിയിലേക്ക്‌ സമീപത്തെ നദിയില്‍ നിന്ന്‌ വെള്ളം കുത്തി ഒഴുകുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക