Image

മോദിയുടെ പ്രസ്താവന കോടതിയലക്ഷ്യം; സീതാറാം യെച്ചൂരി

Published on 17 January, 2019
മോദിയുടെ പ്രസ്താവന കോടതിയലക്ഷ്യം; സീതാറാം യെച്ചൂരി

ശബരിമല യുവതീപ്രവേശനത്തില്‍ കേരള സര്‍ക്കാരിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമാണ്. ഇതിനെതിരെ കോടതി സ്വമേധയാ നടപടി സ്വീകരിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

ശബരിമല വിഷയത്തില്‍ സിപിഎമ്മും സംസ്ഥാന സര്‍ക്കാരും സ്വീകരിച്ച നിലപാട് ലജ്ജാകരമാണെന്ന് കേരളത്തിലെത്തിയ മോദി പറഞ്ഞിരുന്നു. കൊല്ലം പീരങ്കിമൈതാനത്തെ എന്‍ഡിഎ മഹാസമ്മേളനത്തിലായിരുന്നു മോദിയുടെ പ്രസ്താവന. ഇതിന് പിന്നാലെയാണ് മോദിക്കെതിരെ യെച്ചൂരി രംഗത്തെത്തിയത്.

"നിയമമാണ് നടപ്പാക്കേണ്ടത്. അല്ലാതെ ആള്‍ക്കൂട്ട നിയമം അല്ല. ഭരണഘടനയും നിയമവും ഉയര്‍ത്തിപ്പിടിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് പ്രധാനമന്ത്രിയുടെ കസേരയിലിരിക്കുന്ന ഒരാള്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത് അപമാനകരമാണ്." - യെച്ചൂരി ട്വീറ്റ് ചെയ്തു.

കേരളത്തിന്‍റെ ആദ്ധ്യാത്മികതയുടെയും ചരിത്രത്തിന്‍റെയും അടയാളമാണ് ശബരിമല. അവിടെ യുവതീപ്രവേശനവിഷയത്തില്‍ എല്‍ഡിഎഫ് എടുത്ത നിലപാട് ഏറ്റവും മോശം നിലപാടായി ചരിത്രം രേഖപ്പെടുത്തും. ഇന്ത്യയുടെ സംസ്കാരത്തെയും ആദ്ധ്യാത്മികതയെയും ബഹുമാനിക്കുന്നവരല്ല എല്‍ഡിഎഫുകാര്‍. അവര്‍ പക്ഷേ, ശബരിമല വിഷയത്തില്‍ ഇത്ര മോശം നിലപാടെടുക്കുമെന്ന് കരുതിയിരുന്നില്ലെന്നും മോദി പറഞ്ഞിരുന്നു.

കോണ്‍ഗ്രസിനാകട്ടെ ഈ വിഷയത്തില്‍ ഇതുവരെ ഒരു നിലപാടില്ല. പാര്‍ലമെന്‍റില്‍ ഒരു നിലപാടെടുക്കുന്ന കോണ്‍ഗ്രസ് കേരളത്തിലെ പത്തനംതിട്ടയില്‍ മറ്റൊരു നിലപാടാണ് എടുക്കുന്നത്. നിങ്ങളുടെ ഇരട്ടത്താപ്പും ഓരോ ദിവസവുമെടുക്കുന്ന നിലപാടുകളും എല്ലാവര്‍ക്കുമറിയാമെന്നും മോദി പറഞ്ഞു.

ശബരിമല വിഷയത്തില്‍ ബിജെപിയുടെ നിലപാട് വളരെ കൃത്യമാണ്. അത് കേരളത്തിലെ വിശ്വാസികള്‍ക്കൊപ്പമാണ്. ശബരിമലയില്‍ ഭക്തരുടെ ഒപ്പം നിന്ന ഒരേയൊരു പാര്‍ട്ടി ബിജെപിയാണ്. അത് സൗകര്യത്തിനനുസരിച്ച്‌ മാറുന്നതല്ല, ഉറച്ചതാണെന്ന് കൊല്ലത്ത് പ്രസംഗിക്കവെ മോദി പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക