Image

ഓപ്പറേഷന്‍ താമര പൊളിഞ്ഞു; എം എല്‍ എമാരെ വിലയ്‌ക്കു വാങ്ങാനുള്ള പദ്ധതി പൊളിഞ്ഞതോടെ നിരാശനായി യെദ്യൂരപ്പ

Published on 17 January, 2019
ഓപ്പറേഷന്‍ താമര പൊളിഞ്ഞു; എം എല്‍ എമാരെ വിലയ്‌ക്കു വാങ്ങാനുള്ള പദ്ധതി പൊളിഞ്ഞതോടെ നിരാശനായി യെദ്യൂരപ്പ

ബംഗളൂരു: ഓപ്പറേഷന്‍ താമര തകര്‍ന്നടിഞ്ഞു. എം എല്‍ എമാരെ വിലയ്‌ക്കു വാങ്ങാനുള്ള പദ്ധതി പൊളിഞ്ഞതോടെ നിരാശനായി യെദ്യൂരപ്പ ഹരിയാനയിലെ റിസോട്ടില്‍ നിന്നും തിരിച്ചെത്തി.

എംഎല്‍എമാരെ വശത്താക്കി കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ - ദള്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബി ജെ പിയുടെ നീക്കമാണ്‌ പൊളിഞ്ഞത്‌.

ബിജെപി കര്‍ണാടക അധ്യക്ഷന്‍ യെദ്യൂരപ്പ ഹരിയാന റിസോര്‍ട്ടില്‍ നിന്നു ബംഗളൂരുവിലേക്കു മടങ്ങിയതിന്‌ പിന്നാലെ അവിടെ പാര്‍പ്പിച്ചിട്ടുള്ള മറ്റു ബിജെപി എംഎല്‍എമാരും രണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചെത്തും.

അതിനിടെ മുംബൈയിലെ റിനൈസന്‍സ്‌ ഹോട്ടലില്‍ തങ്ങുന്ന അഞ്ചു കോണ്‍ഗ്രസ്‌ വിമതര്‍ക്കു നേതൃത്വം നല്‍കുന്ന രമേഷ്‌ ജാര്‍ക്കിഹോളിയെ മുഖ്യമന്ത്രി കുമാരസ്വാമി നേരിട്ടു വിളിച്ചു മന്ത്രി സ്ഥാനം വാഗ്‌ദാനം ചെയ്‌തെന്നാണു വിവരം.

ജാര്‍ക്കിഹോളിക്കൊപ്പമുള്ള ശ്രീമന്ത്‌ പാട്ടില്‍, മഹേഷ്‌ കുമത്തല്ലി, ബി.നാഗേന്ദ്ര, ഉമേഷ്‌ ജാദവ്‌ തുടങ്ങിയവര്‍ വ്യാഴാഴ്‌ച പുലര്‍ച്ചെ ബംഗളൂരുവില്‍ മടങ്ങിയെത്തുമെന്ന്‌ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു. മറ്റൊരു വിമതന്‍ ഭീമ നായക്‌ ബുധനാഴ്‌ച സ്വദേശത്തേക്ക്‌ തിരിച്ചെത്തി.

സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച സ്വതന്ത്ര എംഎല്‍എ നാഗേഷിനു ബോര്‍ഡ്‌ ചെയര്‍മാന്‍ സ്ഥാനം നല്‍കും.

വിമതരെ അനുനയിപ്പിക്കാന്‍ അഞ്ചു കോണ്‍ഗ്രസ്‌ മന്ത്രിമാര്‍ സ്ഥാനത്യാഗത്തിനും തയാറായതായി ഡി.കെ സുരേഷ്‌ എംപി പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ ഡി.കെ ശിവകുമാര്‍, കെ.ജെ ജോര്‍ജ്‌, പ്രിയങ്ക്‌ ഖര്‍ഗെ, കൃഷ്‌ണ ബൈരെ ഗൗഡ, സമീര്‍ അഹമ്മദ്‌ ഖാന്‍ എന്നിവരാണു രാജിക്ക്‌ ഒരുങ്ങിയതെങ്കിലും ഇവരെ ഒഴിവാക്കാന്‍ ഇടയില്ല.

ജയമാല, പുട്ടരംഗ ഷെട്ടി, യു.ടി ഖാദര്‍, ആര്‍.വി ദേശ്‌പാണ്ഡെ തുടങ്ങിയവരെ ഒഴിവാക്കാനാകും കൂടുതല്‍ സാധ്യത. വെള്ളിയാഴ്‌ച ചേരുന്ന കോണ്‍ഗ്രസ്‌ നിയമസഭാ കക്ഷി യോഗത്തില്‍ ഇതുസംബന്ധിച്ച്‌ തീരുമാനമുണ്ടാകും.

കോണ്‍ഗ്രസിലെയും ദളിലെയും എംഎല്‍എമാരെ വലയിലാക്കാന്‍ 60 കോടി രൂപ വീതമാണു ബിജെപി വാഗ്‌ദാനം ചെയ്‌തതെന്നാണ്‌ സൂചന.

എംഎല്‍എമാര്‍ തങ്ങിയതായി പറയപ്പെടുന്ന മുംബൈയിലെ പവയ്‌ റിനൈസന്‍സ്‌ നക്ഷത്ര ഹോട്ടലിനു മുന്നില്‍ കഴിഞ്ഞദിവസവും രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള മാധ്യമസംഘം തമ്‌ബടിച്ചു.

കഴിഞ്ഞദിവസം രാവിലെ മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ പ്രവേശനാനുമതി നിഷേധിച്ചു. പോലീസുകാരുടെ സംഘവും കവാടത്തിലുണ്ടായിരുന്നു.


ഏതു വിധേനയേയും സര്‍ക്കാരിനെ നിലനിര്‍ത്തുക എന്ന ഹൈക്കമാന്‍ഡ്‌ നിര്‍ദേശവുമായി കര്‍ണാടകയിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അണിയറ നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു.

വേണുഗോപാലിനു പുറമേ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും മന്ത്രി ഡി.കെ. ശിവകുമാറും ബംഗളൂരു, മുംബൈ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ക്കു നേതൃത്വം നല്‍കി.

മുതിര്‍ന്ന നേതാവ്‌ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഡല്‍ഹിയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. വിദേശത്തുള്ള പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാര്യങ്ങള്‍ സസൂക്ഷ്‌മം നിരീക്ഷിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക